Image

2ജി: കനിമൊഴിയുടെ ജാമ്യാപേക്ഷ തള്ളി

Published on 03 November, 2011
2ജി: കനിമൊഴിയുടെ ജാമ്യാപേക്ഷ തള്ളി
ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം കേസില്‍ ഡി.എം.കെ. എം.പി കനിമൊഴിയുടെ ജാമ്യാപേക്ഷ ഡല്‍ഹിയിലെ പ്രത്യേക കോടതി തള്ളി. കേസിന്റെ വിചാരണ നവംബര്‍ 11ന് തുടങ്ങുമെന്നും പ്രത്യേക കോടതി ജഡ്ജി ഒ.പി സൈനി പറഞ്ഞു.

ഒരുവാചകത്തില്‍ ജഡ്ജി ജാമ്യാപേക്ഷയുടെ കാര്യം പറഞ്ഞത് ആശയക്കുഴപ്പത്തിനും ഇടയാക്കി. ജാമ്യാപേക്ഷ മാറ്റിവെച്ചതായാണ് ആദ്യം വാര്‍ത്തകള്‍ വന്നത്. എന്നാല്‍ അഭിഭാഷകരാണ് ജാമ്യം നിഷേധിച്ചതായി അറിയിച്ചത്.

കനിമൊഴിയുള്‍പ്പെടെ എട്ടുപേരുടെ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് പരിഗണിച്ചത്. ഇവരില്‍ കനിമൊഴി, ശരത് കുമാര്‍, ആസിഫ് ബല്‍വ, രാജീവ് അഗര്‍വാള്‍, കരിം മോറാനി എന്നീ അഞ്ച് പേര്‍ക്ക് ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും സിബിഐ നേരത്തെ പ്രത്യേക കോടതിയെ അറിയിച്ചിരുന്നു.

അഴിമതി നിരോധന നിയമപ്രകാരമായിരുന്നു കനിമൊഴിക്കെതിരെ കുറ്റപത്രം നല്‍കിയത്. സിബിഐ രണ്ടാമത് നല്‍കിയ കുറ്റപത്രത്തിലാണ് കനിമൊഴിയെ പ്രതിയായി ചേര്‍ത്തത്. സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് ഡി. ബി.റിയല്‍റ്റി എന്ന സ്ഥാപനത്തില്‍ നിന്ന് കലൈഞ്ജര്‍ ടി. വി.ക്ക് 200 കോടി രൂപ കൈമാറിയെന്ന കേസില്‍ അറസ്റ്റിലായ കനിമൊഴി മെയ് 20 മുതല്‍ തിഹാര്‍ ജയിലിലാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക