Image

തൂവശ്ശേരിക്കുന്ന്- (കഥ : മാലിനി)

മാലിനി Published on 31 January, 2014
തൂവശ്ശേരിക്കുന്ന്- (കഥ : മാലിനി)
വൃദ്ധമാതാവിന്റെ കൈപിടിച്ച് തൂവശ്ശേരിക്കുന്നു കയറുമ്പോള്‍ അവിടുത്തെ ഓരോ തരിമണ്ണും ഞാന്‍ തിരിച്ചറിഞ്ഞു.
പൊടിമണ്ണു നിറഞ്ഞ നാട്ടുവഴിയുടെ മുഖം മാറിയിരുന്നു. അതിന്റെ നെഞ്ചിലെ കുഴിയില്‍ തളം കെട്ടിനിന്ന വെള്ളത്തിന് കാവി നിറം. അതെന്റെ അമ്മയുടെ കണ്ണീരെന്നും ഞാന്‍ തിരിച്ചറിഞ്ഞു.
അവയൊക്കെയും എന്നെയും തിരിച്ചറിഞ്ഞിരുന്നു. മുപ്പതാണ്ടുകളുടെ പഴക്കമില്ലാതെ.
വഴിയോരച്ചെടികള്‍ “നീ വന്നുവല്ലോ,” എന്നു സന്തോഷം പറഞ്ഞു.
ആ പരിചയങ്ങള്‍ക്കിടയിലൂടെ ഞാനും അമ്മയും നിശ്ശബ്ദം നടന്നു.
അപ്പോഴൊക്കെയും എന്റെ കാല്‍ക്കീഴില്‍ അവ പൊള്ളലിന്റെ തിണര്‍പ്പുകളായി.
ഞങ്ങളുടെ നിശ്ശബ്ദതയില്‍ ഓര്‍മ്മിക്കാന്‍ മടിച്ചിട്ടും മറക്കാന്‍ കൂട്ടാക്കാത്ത ഒത്തിരി ഒത്തിരി ഓര്‍മ്മകള്‍ ഞങ്ങളോട് സ്‌നേഹിച്ച്, കലഹിച്ച് കുശലം പറഞ്ഞു. അവ ഒന്നിനോടൊന്ന് ക്ഷേമം പറഞ്ഞു. സൗഹൃദം പറഞ്ഞു. ബന്ധങ്ങള്‍ പുതുക്കി. മൂടിക്കിടന്നവയെ വെളിപ്പെടുത്തി.
ഓര്‍മ്മകള്‍, ഓര്‍മ്മകള്‍ മാത്രമല്ലാതായി. അവ ജീവനുള്ള സത്യങ്ങളായി. ഞാനും അമ്മയും ആ സത്യത്തിന്റെ കത്തുന്ന ആത്മാവുകളായി. നോവുന്ന മനുഷ്യരായി.
ഞങ്ങള്‍ വേറിട്ട രണ്ടു മനുഷ്യര്‍ ആയിരുന്നു. രണ്ടു മനസ്സുകളും ചിന്തകളും ആയിരുന്നു. എങ്കിലും ഒരു സത്യം ഞങ്ങള്‍ ഒരുമിച്ചറിഞ്ഞു.
“കാലം വേദനകളും മുറിവുകളും എത്രയൊക്കെ മായ്ച്ചാലും ഓര്‍മ്മകളുടെ ഇളക്കത്തില്‍ കാലത്തിന്റെ പൊടി മുറിവുകളില്‍ നിന്നു മാറിപ്പോകും.
അുറിവ് ചോരപൊടിഞ്ഞ് അങ്ങനെ തന്നെയുണ്ടാകും. ചിലപ്പോഴത് അഴുകി, വൃണമായി ഭീകരമായിരിക്കും.”
ഓര്‍മ്മകള്‍ തിരകള്‍ പോലെയാണ്.
ചിലപ്പോഴവ ശാന്തമായിരിക്കും, നിശ്ശബ്ദമായിരിക്കും. ചിലപ്പോള്‍ അലറി വിളിക്കും. കഥകള്‍ പറയും. വര്‍ഷങ്ങള്‍ക്ക് പിന്നിലേയ്ക്കവ കൂപ്പുകുത്തി എല്ലാം ഇളക്കി മറിക്കും. പലതും കരയ്‌ക്കെറിയും.
ഓര്‍മ്മകളുടെ ഇളകി മറിച്ചിലില്‍, ഈ തൂവശ്ശേരിക്കുന്നിന്റെ പൊടു പടര്‍ന്നു വഴികളില്‍ ഹൃദയം പറിഞ്ഞു പോകുന്ന വേദനയില്‍ ശ്വാസം കിട്ടാതെ ഞാനോടി നടന്നത് ഓര്‍മ്മകള്‍ മാത്രമായവശേഷിച്ചില്ല.
അത് വീണ്ടും അനുഭവിക്കുകയായിരുന്നു.
ജീവിതത്തെ ഞാനേറ്റവും വെറുത്തത് ഈ വഴികളിലാണ്.
എന്റച്ഛനെ ഞാനേറ്റവും വെറുത്തതും ഈ വഴികളിലാണ്. എന്റനുജത്തിയുടെ ചുമന്നു പട്ടുപോലുള്ള മുഖം നിറം മാറി വികൃതമായതും ഇവിടെയാണ്.
അവള്‍ കിടന്നിരുന്ന കുഞ്ഞു പെട്ടിയെ ചുറ്റി ഈച്ചകള്‍ മൂളി നടന്നതും ഇതുവഴിയാണ്. എന്റച്ഛന്‍ ഞങ്ങളൊടൊത്തുണ്ടായിരുന്നെങ്കിലെന്ന് ഞാനേറ്റവും ആഗ്രഹിച്ചതും കണ്ണീരോടെ പ്രാര്‍ത്ഥിച്ചതും ഈ വഴികളിലൂടെയാണ്.
അന്നേരമൊക്കെയും എന്റെ ശ്വാസോച്ഛാസത്തിന് മുറിവിന്റെ വേദനയുണ്ടായിരുന്നു. ശ്വാസത്തിന് ശ്വസിക്കാന്‍ കഴിയാത്തവിധം കനമുണ്ടായിരുന്നു. എന്റെ വിയര്‍പ്പു പൊടിഞ്ഞത് പൊള്ളികുമിളകളായി നീറിപ്പരന്നു.
ഓടു മേഞ്ഞ, മര അഴികളുള്ള ചെറിയ ശവപ്പെട്ടിയില്‍ അഞ്ചുവയസ്സുകാരി എന്റനുജത്തി.
അവള്‍ അന്ത്യവിശ്രമത്തിനു സ്ഥലവും കാത്തു കിടന്നു. ചുറ്റും കൂടി നിന്ന അയല്‍ക്കാരൊക്കെ ഒന്നൊന്നായി ഒഴിഞ്ഞു പോയി. അവസാനം അമ്മയും ഞാനും വൃദ്ധ പുരോഹിതനും മാത്രമായി.
അകത്ത് ഞങ്ങള്‍ മാത്രം. പുറത്ത് ജനക്കൂട്ടം.
ആ ജഡം ആ സെമിത്തേരിയില്‍ സംസ്‌ക്കരിക്കാതിരിക്കാന്‍ ശ്രദ്ധയോടെ കാവല്‍നില്‍ക്കുന്നവര്‍.
മനുഷ്യരുടെ കരുതലും സ്‌നേഹവും അവിടെ നശിച്ചിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങള്‍ ഇവിടെ വന്നിറങ്ങുമ്പോള്‍ ഞങ്ങളെ സ്വീകരിച്ച അതേ അയല്‍ക്കാര്‍ ഇന്നു പുറത്തു കാവല്‍ നില്‍ക്കുന്നു ആയുധങ്ങളുമായി, എന്റനുജത്തിക്കു വേണ്ടുന്ന ആറടി മണ്ണുനിഷേധിച്ചുകൊണ്ട്.
തറവാട്ടിലെ പെണ്‍കുട്ടികളുടെ വിവാഹം ഓരോന്നായി മുടങ്ങിയപ്പോള്‍, അച്ഛന്‍ ഒരു പാലായനത്തിനൊരുങ്ങി. അങ്ങനെ ഞങ്ങള്‍ വണ്ടിയില്‍ വന്നു വഴി തിരക്കിയത് ഗോപികാ പുരം എന്ന നാല്‍ക്കവലയില്‍ ആയിരുന്നു.
തദ്ദേശികളായ ഹിന്ദുക്കളും, മുസ്ലീമുകളും കോട്ടയത്തു നിന്നു കുടിയേറി പാര്‍ത്ത ചുരുക്കം ചില ക്രിസ്ത്യാനികളും ആയിരുന്നു അവിടുത്തെ നിവാസികള്‍.
യാതൊരു സന്ദേഹവും സംശയവും കൂടാതെ ഗോപികാപുരംകാര്‍ ഞങ്ങളെ സ്വീകരിച്ചു. ആ ഗോപികാപുരം കാര്‍ തന്നെ ഇന്ന് ആയുധങ്ങളും എതിര്‍പ്പുമായി പുറത്തു നില്‍ക്കുന്നു.
നാടം കളിച്ചു നടന്ന നസ്രാണി ഒരു നമ്പൂതിരിപ്പെണ്ണിനെ കട്ടുകൊണ്ടുപോയ കഥ പരന്നതോടെ ഹിന്ദുസമൂഹത്തില്‍ ഞങ്ങള്‍ അന്യരായി. പള്ളി വിലക്കുകള്‍ മറി കടന്ന് മതം മാറിക്കെട്ടിയ കഥയറിഞ്ഞ് ക്രിസ്ത്യാനികളും ഞങ്ങളില്‍ നിന്നകന്നു.
ഹിന്ദുക്കള്‍ പാര്‍ക്കുന്ന ആ കുന്നിന്‍ പുറത്ത് നാലഞ്ചു വര്‍ഷം മുമ്പം മാത്രം രൂപപ്പെട്ട ആ ഇടവകയിലെ ആ സെമിത്തേരിയില്‍ ഇതിനു മുമ്പൊരു ശവവും ഇടം കാത്തു കിടന്നിരുന്നില്ല. അവരെയൊക്കെ മുപ്പതു മൈല്‍ അകലെയുള്ള ഫൊറോനപ്പള്ളിയുടെ കുടുംബക്കല്ലറ സ്വീകരിച്ചു.
ഗോപികാപുരത്തെ മരിയാപുരം ആക്കുവാനുള്ള ക്രിസ്ത്യാനികളുടെ ശ്രമത്തോടെ പുതിയ പള്ളിയെയും സെമിത്തേരിയെയും ഹിന്ദുക്കള്‍ സംശയിച്ചു. അവരുടെ വീടുകളോട് അടുത്ത് സെമിത്തേരിയുണ്ടാക്കി ശവങ്ങള്‍ കുഴിച്ചിടുന്നതിനെ അവര്‍ ശക്തമായി എതിര്‍ത്തു.
ഇവിടെ, ഈ വിജനമായ സെമിത്തേരിയുടെ ആറടിമണ്ണില്‍, എന്റനുജത്തിക്കു വേണ്ടുന്ന ഇടത്തിനായി ഞാനെല്ലാവരോടും യാചിച്ചു, കരഞ്ഞു കാലുപിടിച്ചു.
ഒക്കെയ്ക്കും ഒടുവില്‍ നിസ്സഹായനായ എന്റെ തളര്‍ന്നു ദയനീയമായ നോട്ടം ആ പുരോഹിതനില്‍ പറ്റി നിന്നു.
വാര്‍ദ്ധക്യം തളര്‍ത്തിയതെങ്കിലും ശാന്തമായൊരു നിശ്ചയ ദാര്‍ഢ്യത്തോടെ അച്ചന്‍ പറഞ്ഞു.
“മകനേ, നമുക്ക് നിന്റെ പുരയിടത്തില്‍ ഇവളെ അടക്കാം.”
അമ്മയോട് ഒന്നും ചോദിക്കണമായിരുന്നില്ല. ചോദ്യോത്തരങ്ങള്‍ക്കോ, അഭിപ്രായത്തിനോ അതീതമായിരുന്നു അമ്മയുടെ അവസ്ഥ.
കൂട്ടത്തില്‍ നിന്നു മാറി നിന്നെങ്കിലും ഇനിയും പിരിഞ്ഞു പോകാതിരുന്ന നാലഞ്ചാളുകള്‍ മുന്നോട്ടു വന്ന് പെട്ടിയെടുത്ത് പള്ളിക്ക് പുറത്തിറങ്ങി. അപ്പോഴേക്കും നേരം വൈകിയിരുന്നു.
ഈച്ചകള്‍ മൂളി പെട്ടിക്കു ചുറ്റും പറന്നു. വല്ലാത്തൊരു അസഹ്യത അവിടെ നിറഞ്ഞു. വീണ്ടും ഞങ്ങള്‍ തൂവശ്ശേരിക്കുന്നു കയറിയിറങ്ങി. ഞങ്ങളുടെ വീട്ടുമുറ്റത്ത്, എന്റനുജത്തിക്ക് വിശ്രമ സ്ഥലമൊരുക്കി.
പ്രാര്‍ത്ഥനകള്‍ നടത്തി.
കുറ്റബോധത്തോടെ ഞാനറിഞ്ഞു, അന്നേരമൊക്കെയും സങ്കടത്തേക്കാളേറെ ആശ്വാസമായിരുന്നു ഞാന്‍ അനുഭവിച്ചത്.
വേണമെങ്കില്‍ ആ പുരോഹിതനും ഞങ്ങളെ ഉപേക്ഷിച്ചു പോകാമായിരുന്നു.
എങ്കിലും അതു ചെയ്തില്ല.
എല്ലാം കഴിഞ്ഞ് ഇരുട്ടത്ത് വീടിറങ്ങുമ്പോള്‍ അച്ഛന്‍ എന്നെ ചേര്‍ത്തുനിറുത്തിപ്പറഞ്ഞു.
“സാരല്ല. സങ്കടപ്പെടണ്ട. അവള്‍ ഒരു കൊച്ചു മാലാഖയായി സ്വര്‍ഗ്ഗത്തിലുണ്ട്. പക്ഷേ അമ്മയെ നന്നായി നോക്കണം.”
ഞാന്‍ തലകുലുക്കി സമ്മതിച്ചു.
ആ കുഴിമാടത്തിനു മുന്നില്‍ വിശ്വാസത്തോടെ ഞാന്‍ കാത്തിരുന്നു. ഒരു കുഞ്ഞു മാലാഖയായി അവള്‍ ആ മണ്‍കൂനക്കു മുകളില്‍ ഉയിര്‍ത്തു വരുന്നതും കാത്ത്.
പതിയെ പ്പതിയെ ഒരു പതിനാലു വയസ്സുകാരന്റെ നിസ്സഹായതയെ ഞാന്‍ മാറ്റി നിറുത്തി. ജീവിക്കണം. അമ്മയെ രക്ഷിക്കണം. ഞാന്‍ നിശ്ചയിച്ചു.
അതിനാദ്യമായി ഞാന്‍ ചെയ്തത് അച്ഛനെ ഞങ്ങളുടെ ജീവിതത്തില്‍ നിന്നും അടര്‍ത്തി മാറ്റുകയായിരുന്നു.
അമ്മയും ഞാനും പിന്നെ എപ്പോഴെങ്കിലും ഉയിര്‍ത്തു വരുമെന്നു ഞാന്‍ കാത്തിരുന്ന എന്റനുജത്തിയും മാത്രമായി മനസ്സില്‍.
അച്ഛനെ ഞാന്‍ പാടേ മറന്നു.
മറന്നതല്ല.
ഓര്‍മ്മിക്കാതിരുന്നു.
ഇനിയങ്ങോട്ടു ജീവിയ്ക്കാന്‍ എന്നെ ഞാന്‍ ഞാനല്ലാത്ത വിധം പ്രാപ്തനാക്കി.
ഒരു ദിവസം അച്ഛന്‍ വീട്ടില്‍ വന്നു കയറും വരെ.
അച്ഛന്‍ കരഞ്ഞു.
അന്നേരം എനിയ്ക്കാ കണ്ണീരിനോടു വെറുപ്പായിരുന്നു. അപ്പഴേക്കും കണ്ണീരിനെയും സങ്കടത്തെയും ഞാന്‍ അതിജീവിച്ചിരുന്നു.
ഞാനമ്മയില്‍ അന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ധൈര്യത്തോടെ, അമ്മ അച്ഛനെ താങ്ങി മാറോടു ചേര്‍ത്ത് കണ്ണീരു തുടച്ച് പറഞ്ഞുകൊണ്ടിരുന്നു.
“അരുത്- കരയരുത്. സാരല്ല. സാരല്ല.”
അച്ഛനെ ആശ്വസിപ്പിക്കുന്ന അമ്മ. അന്നാദ്യമായി ഞാനമ്മയെ വെറുത്തു.
ഞാന്‍ കാറിക്കരഞ്ഞുകൊണ്ട്, ശ്വാസം കിട്ടാതെ കിതച്ച് ഓടിത്തളര്‍ന്ന മനസ്സും ശരീരവുമായി തൂവശ്ശേരിക്കുന്ന പലതവണ കയറിയിറങ്ങി- അച്ഛനെത്തിരക്കി.
അന്നേരമൊക്കെയും അമ്മ അര്‍ദ്ധ ബോധാവസ്ഥയില്‍, നിസ്സംഗയായി മകള്‍ക്കു കാവലിരുന്നു.
ഒരിക്കലും എന്നെ ചേര്‍ത്തു പിടിച്ചു പറഞ്ഞില്ല 'സാരല്ല' എന്ന്.
പേ പിടിച്ച നായെപ്പോലെ ഞാന്‍ ഓടി അലഞ്ഞ ആ നിസ്സഹായാവസ്ഥയില്‍ ആരെങ്കിലും സ്‌നേഹത്തോടെ ഒന്നു തലോടിയിരുന്നെങ്കില്‍, 'സാരല്ല' എന്നു പറഞ്ഞിരുന്നെങ്കില്‍…
ഇല്ല. ആരും അതു പറഞ്ഞില്ല.
മകളുടെ രോഗാവസ്ഥയില്‍ ഞങ്ങളെ തനിച്ചാക്കി ദേശാടനത്തിനു പോയ അച്ഛനെ ഞാന്‍ വെറുത്തു.
അച്ഛനോട് എന്റെ മനസ് ക്ഷമിച്ചില്ല.
അച്ഛനോട് ക്ഷമിച്ചതിന് അമ്മയോടും എന്റെ മനസ് ക്ഷമിച്ചില്ല.
എന്റെ മനസ്സിന്റെ പകയറിഞ്ഞ്, എന്നെ ചേര്‍ത്തു പിടിച്ച് അമ്മ പറഞ്ഞു.
“മോനേ, അച്ഛന് ഇതേ പറ്റൂ. ഇങ്ങനെയൊക്കെ ആകാനേ പറ്റൂ”
സ്വയം സൃഷ്ടമായ ഒരു സങ്കല്പ ലോകത്ത് അച്ഛന്റെ യാത്രകളെയും തിരോധാനത്തെയും അമ്മ ന്യായീകരിച്ചു. എങ്കിലും തീവ്രമായി ആഗ്രഹിച്ചിരുന്നു അച്ഛന്റെ തിരിച്ചു വരവിനായി.
അച്ഛന്റെ യാത്രകളെക്കുറിച്ച് അമ്മ പറഞ്ഞു.
“അച്ഛന്‍ ,ഷെയര്‍ വില്ക്കാന്‍ പോയതാണ്”  എന്താണീ ഷെയര്‍ എന്നു ഞാനറിഞ്ഞിരുന്നില്ല. ഒരു കുശലാന്വേഷണത്തിനെന്നവണ്ണം അച്ഛനെ തിരക്കുന്ന നാട്ടുകാരോടു ഞാന്‍ പറഞ്ഞു.
“അച്ഛന്‍ ഷെയര്‍ വില്ക്കാന്‍ പോയതാണ്.”
അവരുടെ പരിഹാസച്ചിരിയെക്കുറിച്ചു ഞാന്‍ സങ്കടപ്പെട്ടപ്പോള്‍ അമ്മ ആശ്വസിപ്പിച്ചു.
“അച്ഛന്‍ ജോലി ചെയ്തിരുന്ന പത്രത്തിന്റെ കുറെ ഷെയര്‍ അച്ഛനുണ്ട്. അതു വിറ്റ് പണമാക്കാന്‍ പോയിരിക്കയാണ്.”
അച്ഛന് പത്രത്തില്‍ നല്ല ജോലി ഉണ്ടായിരുന്നെന്നും, അച്ഛന്റെ ധിക്കാരം കൊണ്ട് പത്രക്കാര്‍ അച്ഛനെ പിരിച്ചുവിട്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
അവിടെയും അമ്മ അച്ഛനെ ന്യായീകരിച്ചു.
“അച്ഛനു കളവു പറയാന്‍ ആകാത്തതുകൊണ്ടാണ് പത്രത്തിലെ ജോലി പോയത്.”
അച്ഛന്റെ ആദര്‍ശത്തിന്റെ വരുതിയില്‍ നില്‍ക്കാതെ എന്റെ ബാല്യം പരിഹസിക്കപ്പെട്ടു. ഒരു സങ്കര സംസ്‌കാരത്തില്‍ വളരുന്നതിന്റെ ആധി ചെറുപ്രായത്തില്‍ത്തന്നെ ഞാനറിഞ്ഞു.
“ഇവനു ജാതിയില്ലെടാ” എന്നെന്നെ ചൂണ്ടി കൂട്ടുകാര്‍ കളിയാക്കി.
പൊളിയറിയാതെ, ഉള്ളിലെ ചിരിയറിയാതെ അച്ഛന്‍ അമ്മയോടു പറഞ്ഞതു ഞാനേറ്റു പറഞ്ഞു.
“ഞാന്‍ മനുഷ്യ ജാതിയാ.”
അതുകേട്ട് അമര്‍ത്തിയും ആര്‍ത്തും അവര്‍ ചിരിച്ചു. ഞങ്ങള്‍ തനിച്ചാകുന്ന ദിവസങ്ങളില്‍ അച്ഛനെ തിരക്കുന്ന എന്നോടും അനുജത്തിയോടും “അച്ഛനെപ്പോഴെങ്കിലും വരട്ടെ” എന്നു പറഞ്ഞപ്പൊഴും ആ വരവിനായി അമ്മ പ്രാര്‍ത്ഥിച്ചിരുന്നു.
കരിയില അനക്കങ്ങളില്‍ അച്ഛന്റെ കാലൊച്ചകള്‍ക്കു കാതോര്‍ത്തിരുന്നു.
ഇടമുറിയാത്ത മഴയൊച്ചയില്‍ അച്ഛനെപ്പൊതിയുന്ന മഴയുടെ വിള്ളലുകളില്‍ അമ്മ അച്ഛനെ പ്രതീക്ഷിച്ചിരുന്നു.
എല്ലാ കുറവുകള്‍ക്കും പോരായ്മകള്‍ക്കും മേലെ അമ്മ അച്ഛനെ സ്‌നേഹിച്ചു. അതിലേറെ അച്ഛന്റെ സ്‌നേഹത്തെ അംഗീകരിക്കുകയായിരുന്നു അമ്മ.
താനുപേക്ഷിച്ചു പോന്ന ബന്ധങ്ങളും ജീവിതവും അമ്മ കണ്ടില്ലന്നു നടിച്ചു. പാദങ്ങളോട് നൃത്തച്ചുവടുകള്‍ മറക്കാന്‍ പറഞ്ഞു. എങ്കിലും ഒരു മറയുടെ മറവില്‍ ദുഃഖത്തിന്റെയും നഷ്ടത്തിന്റെയും നിഴലുകള്‍ അമ്മയ്ക്ക് കാണാമായിരുന്നു.
കാല്‍ച്ചിലങ്കകളുടെ വിങ്ങിപ്പൊട്ടല്‍ കേള്‍ക്കാമായിരുന്നു.
വൃന്ദാവന രാധയായ അമ്മക്ക് കൃഷ്ണന്റെ കറുപ്പിനെ ചെറുക്കാനായില്ല. ബന്ധങ്ങളെല്ലാം വേണ്ടെന്നു വച്ച് അമ്മ അച്ഛന്റെ സ്‌നേഹത്തെ സ്വീകരിച്ചു. കൂടെ ഇറങ്ങിപ്പോന്നു.
അതേ തീവ്രതയോടെ, സ്‌നേഹത്തോടെ ഇന്ന് മകളുടെ മരണത്തിനു മുന്നിലും അമ്മ അച്ഛനോടു ക്ഷമിക്കുന്നു.
സ്‌നേഹിക്കുന്നു.
അംഗീകരിക്കുന്നു.
കുഴിമാടത്തിനു മുകളിലെ പച്ചകെടാത്ത മണ്ണ്. അതിന്മേല്‍ അമ്മയുടെ കണ്ണീരിന്റെ നനവ് ആ ഇളകിയ മണ്ണിലെവിടെയോ ഒരു മാലാഖയുടെ ചിറകു വിരിയുന്നത് കാത്ത ഞാന്‍.
ആ മണ്ണിനു മുകളില്‍ അച്ഛന്റെ കണ്ണീരു കട്ട പിടിച്ചപ്പോള്‍
അമ്മയുടെ ആശ്വാസവാക്കുകള്‍
“സാരല്ല, സാരല്ല.”
എനിയ്ക്കതിനായില്ല. ക്ഷമിക്കാന്‍ കഴിഞ്ഞില്ല. വല്ലാത്തൊരു പക മനസ് നിറഞ്ഞു.
എങ്ങോട്ടാണു പോകുന്നതെന്നറിഞ്ഞില്ല.
ആരോടും ഒന്നും പറഞ്ഞില്ല.
ഗോപികാപുരത്തു നിന്ന് ബസ്.
ഷൊര്‍ണ്ണൂരു നിന്ന് ട്രെയിന്‍.
ജീവിതത്തിന്റെ അനിശ്ചിതത്ത്വത്തിലേക്ക്
അശാന്തിയിലേക്ക് ഞാനിറങ്ങി.
അനാഥനായി. അഭയാര്‍ത്ഥിയായി.
രോഗിയായി. വിശന്നു.
പാലായനങ്ങളില്‍, ദേശാടനങ്ങളില്‍ അമ്മയുടെ വാക്കുകള്‍ ഞാനറിഞ്ഞു.
“അച്ഛനിങ്ങനെ ആകാനേ കഴിയൂ.”
അച്ഛനോടെനിക്കു വെറുപ്പായിരുന്നോ?
അല്ല, വെറുപ്പായിരുന്നില്ല.
നിസ്സഹായാവസ്ഥയിലെ, തീവ്രസ്‌നേഹത്തോടുള്ള പരിഭവം. ഉപേക്ഷിക്കപ്പെട്ടതിന്റെ സങ്കടം. ഒറ്റപ്പെടല്‍ സഹിക്കാനാകാതെ ഒരു ഉള്‍വലിയല്‍.
ബന്ധങ്ങളില്‍ വിള്ളലുകള്‍ വീണപ്പോള്‍ കരയാനേ കഴിഞ്ഞുള്ളൂ.
നീണ്ട കാലയളവില്‍ പിന്നെന്തേ തിരിഞ്ഞു നോക്കിയില്ല?
അതും അച്ഛനോടുള്ള സമാനതകൊണ്ട്.
തോല്‍വി സമ്മതിക്കാനുള്ള മടി.
പിഴവു പറ്റി എന്നു ക്ഷമ ചോദിക്കാനുള്ള സങ്കോചം. സര്‍വ്വോപരി നിസ്സാഹായമായ തലക്കനം.
അതുകൊണ്ടുതന്നെ ഒന്നും ഓര്‍മ്മിക്കാതിരിക്കാന്‍ ശ്രമിച്ചു.
എങ്കിലും ഞാന്‍ അച്ഛന്റെ തനിപ്പകര്‍പ്പാകുകയായിരുന്നു.
അനാഥമായ അശാന്തമായ നീണ്ട മുപ്പത് വര്‍ഷങ്ങളുടെ തര്‍ക്കം വേണ്ടിവന്നു ഒരു തിരിച്ചു വരവിന്.
 അനിശ്ചിതത്ത്വത്തിന്റെ പരപ്പിന് ഒരക്കര ഉണ്ടാകുമെന്ന് അമ്മ വിശ്വസിച്ചു.
മകളുടെ മരണം, അച്ഛന്റെ നിസ്സംഗത, മകന്റെ ഒളിച്ചോട്ടം- അമ്മയുടെ വിശ്വാസം വിദൂരമായി.
എങ്കിലും മകന്റെ വരവ് അമ്മ കാത്തിരുന്നു. ഓരോ ദിവസവും “അവന്‍ നാളെ വരും” എന്നുറപ്പു പറഞ്ഞു. അതുകൊണ്ടുതന്നെയാണ്. പരിഭവമില്ലാതെ, പിണങ്ങാതെ, കണ്ണുകള്‍ നിറഞ്ഞ്, മെലിഞ്ഞ കൈകളും ദേഹവും വിറച്ച്
“മോനേ, നീ വരുമെന്ന് എനിക്കറിയാമായിരുന്നു.”
എന്നമ്മയ്ക്ക് പറയാനായത്.
ഇരിപ്പു മുറിയില്‍ നിറയെ വിശുദ്ധന്മാരുടെയും ദേവന്മാരുടെയും ചിത്രങ്ങള്‍.
ഓര്‍മ്മകളില്‍ ആ പടങ്ങള്‍ ഒരിക്കലും അവിടെ ഉണ്ടായിരുന്നില്ല.
“വയസ്സാകുമ്പോള്‍, നിസ്സഹായരാകുമ്പോള്‍ നമുക്കു മുന്നിലെ ദൈവങ്ങളുടെ എണ്ണം കൂടുന്നു. എന്റെ സംശയത്തിനു മറുപടി.
ചിത്രങ്ങള്‍ക്കൊപ്പം, പൂമാലയിട്ട അച്ഛന്റെ പടത്തിനു ചുവടെ നിന്നമ്മ പറഞ്ഞു.
“മോനേ, നീ അച്ഛനെ നോക്കിയതേയുള്ളൂ.. കണ്ടിരുന്നില്ല.
അതിനു പകരംകൂടി അച്ഛന്‍ നിന്നെ അറിഞ്ഞിരുന്നു. നീ വരുമെന്നും അച്ഛന്‍ അറിഞ്ഞിരുന്നു.”
തൂവശ്ശേരിക്കുന്നു കയറുമ്പോള്‍ അമ്മ പറയുകയായിരുന്നു.
ഒരു യുദ്ധത്തിന്റെ കഥ.
ഒരു കുടുംബക്കല്ലറയുടെ കഥ.
ഒരു കുഴിമാന്തലിന്റെ നോവുന്ന കഥ.
ഉയിര്‍പ്പിന്റെ കഥ.
ഒരു പുനര്‍ സംസ്‌ക്കാരത്തിന്റെ കഥ.
കഥകള്‍ പറഞ്ഞു തൂവശ്ശേരിക്കുന്നു കയറിയിറങ്ങുമ്പോള്‍, വഴിയോരച്ചില്ലകളിലും പൂക്കളിലും,
വീട്ടുമുറ്റത്ത് എന്റെ മിഴികള്‍ നിറയിച്ച നന്ത്യാര്‍വട്ടപ്പൂക്കളിലും നിറയെ മാലാഖമാര്‍ ചിറകു വിരിച്ച്  എന്ന തലോടി പറയുകയായിരുന്നു.
“സാരല്ല, സാരല്ല.”
“നീ വന്നുവല്ലോ-”


തൂവശ്ശേരിക്കുന്ന്- (കഥ : മാലിനി)
Join WhatsApp News
Drtantony@aol.com 2014-02-05 09:53:15
Malini's story is ver touching and gives us a message that forgiveness is the route for peace of mind and strength to go on in life. I congratulate malini for her stories.
Ammini chechi
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക