Image

തരൂരിനെതിരേ ആം ആദ്‌മിയുടെ അജിത്‌; നിറസാന്നിധ്യമായി പി.കെ.വിയുടെ മകളും (കുര്യന്‍ പാമ്പാടി)

Published on 23 February, 2014
തരൂരിനെതിരേ ആം ആദ്‌മിയുടെ അജിത്‌; നിറസാന്നിധ്യമായി പി.കെ.വിയുടെ മകളും (കുര്യന്‍ പാമ്പാടി)
തിരുവനന്തപുരം ലോക്‌സഭാ മണ്‌ഡലം കൗതുകകരമായ ഒരു ചതുഷ്‌കോണ മത്സരത്തിലേക്കു നീങ്ങുകയാണ്‌. ഇപ്പോഴത്തെ എംപിയും കേന്ദ്ര മാനവശേഷി വിഭവ മന്ത്രിയുമായി ശശി തരൂരിനെതിരേ ബി.ജെ.പിയുടെ തലമൂത്ത നേതാവും മുന്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രിയുമായ ഒ. രാജഗോപാല്‍ മത്സരിക്കും. ഏറ്റവും ഒടുവില്‍ വരുന്നത്‌, സി.പി.ഐ.ക്കുവേണ്ടി മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍നായരുടെ മകള്‍ ശാരദ മോഹനനും ആം ആദ്‌മിയുടെ പേരില്‍ അജിത്‌ ജോയിയുമാണ്‌.

കേരളത്തിലെ എല്ലാ മണ്‌ഡലങ്ങളും ഒരിക്കല്‍ക്കൂടി ഇടതു-വലതു ശക്തികള്‍ തമ്മിലുള്ള ആജന്മ പോരാട്ടമായി മാറുമെങ്കിലും തിരുവനന്തപുരത്തിനു പല പ്രത്യേകതകളുമുണ്ട്‌. നെഹ്‌റുവിനു പ്രിയപ്പെട്ട പ്രതിരോധമന്ത്രി ആയിരുന്ന കേരളത്തിന്റെ എക്കാലത്തെയും അഭിമാനം വി.കെ. കൃഷ്‌ണമേനോനെ ജയിപ്പിച്ച മണ്‌ഡലമാണത്‌. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ പാര്‍ലമെന്റിലേക്ക്‌ അയച്ചതും തിരുവനന്തപുരം തന്നെ. കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ എ. ചാള്‍സിനെ മൂന്നു തവണ ജയിപ്പിച്ചതും, പി.കെ.വിയെ തെരഞ്ഞെടുത്തയച്ചതും അവിടത്തുകാര്‍ തന്നെ.

തിരുവനന്തപുരം ലോക്‌സഭാ മണ്‌ഡലത്തില്‍ തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്‌, നേമം, കോവളം, നെയ്യാറ്റിന്‍കര, പാറശാല എന്നീ ഏഴ്‌ അസംബ്ലി മണ്‌ഡലങ്ങളാണുള്ളത്‌. മിക്കപ്പോഴും ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ ഒരു പ്രതിഫലനം ആയിരിക്കുകയില്ല നിയമസഭാ മണ്‌ഡലങ്ങളില്‍. അതുപോലെതന്നെ മറിച്ചും.

തിരു-കൊച്ചി ആയിരുന്ന കാലഘട്ടത്തില്‍ സ്വതന്ത്രയായി മത്സരിച്ച ആനി മസ്‌ക്രീനെ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുത്തയച്ചുകൊണ്ടായിരുന്നു ദേശീയ രാഷ്‌ട്രീയത്തിലേക്കുള്ള തിരുവനന്തപുരത്തിന്റെ രംഗപ്രവേശം. കേരള സംസ്ഥാനം രൂപീകൃതമായശേഷം ജയിച്ചവര്‍ ഇവരാണ്‌: 1957: ഈശ്വരയ്യര്‍-സ്വ. (പട്ടം താണുപിള്ളയെ തോല്‌പിച്ചു), 1962: പി.എസ്‌. നടരാജപിള്ള-സ്വ., 1967: പി. വിശ്വംഭരന്‍-എസ്‌എസ്‌പി, 1971: വി.കെ. കൃഷ്‌ണമേനോന്‍-കോണ്‍., 1977: എം.എന്‍. ഗോവിന്ദന്‍നായര്‍- സിപിഐ, 1980: എ. നീലലോഹിതദാസന്‍-കോണ്‍.(ഐ).

നാടാര്‍ വിഭാഗം എക്കാലവും തിരുവനന്തപുരം മണ്‌ഡലത്തിലെ നിര്‍ണായക ശക്തിയായിരുന്നിട്ടുണ്ട്‌. അതുകൊണ്ടാണ്‌ 1984, 1989, 1991 തെരഞ്ഞെടുപ്പുകളില്‍ എ. ചാള്‍സ്‌ (കോണ്‍.) തന്നെ അവിടെനിന്നു വിജയിച്ചത്‌. 1996: കെ.വി. സുരേന്ദ്രനാഥ്‌-സി.പി.ഐ, 1998: കെ. കരുണാകരന്‍-കോണ്‍., 1999: വി.എസ്‌. ശിവകുമാര്‍-കോണ്‍., 2004: പി.കെ. വാസുദേവന്‍നായര്‍-സിപിഐ, 2005: പന്ന്യന്‍ രവീന്ദ്രന്‍- സിപിഐ, 2009: ശശി തരൂര്‍-കോണ്‍.

ഏറ്റവുമൊടുവില്‍ നടന്ന മൂന്നു തെരഞ്ഞെടുപ്പുകളുടെ ഫലം ഒന്നോടിച്ചുനോക്കാം. 1998ല്‍ കെ. കരുണാകരന്‍ 15,398 വോട്ടിന്റെ ഭൂരിപക്ഷത്തിന്‌ കെ.വി. സുരേന്ദ്രനാഥിനെ(സി.പി.ഐ) തോല്‌പിച്ചു. ബിജെപിയുടെ കേരളവര്‍മ്മ രാജ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 1999ല്‍ വി.എസ്‌. ശിവകുമാര്‍ (കോണ്‍.) കണിയാപുരം രാമചന്ദ്രനെ (സിപിഐ) 14,485 വോട്ടിന്റെ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തി. ബിജെപിയുടെ ഒ. രാജഗോപാല്‍, ആകെ പോള്‍ ചെയ്‌ത 7,57,497 വോട്ടില്‍ 20 ശതമാനം (1,58,221) കരസ്ഥമാക്കിയെങ്കിലും മൂന്നാം സ്ഥാനംകൊണ്ടു തൃപ്‌തിപ്പെടേണ്ടിവന്നു.

ഏറ്റവുമൊടുവില്‍ 2009ലെ തെരഞ്ഞെടുപ്പില്‍ ശശി തരൂരും സിപിഐയിലെ പി. രാമചന്ദ്രന്‍നായരും തമ്മിലായിരുന്നു ശക്തമായ പോരാട്ടം. പക്ഷേ, തരൂര്‍ 3,26,725 വോട്ട്‌ (44 ശതമാനം) നേടി; 99998 വോട്ടിന്റെ ഭൂരിപക്ഷം. പി. രാമചന്ദ്രന്‍നായര്‍ക്കു ലഭിച്ചതാകട്ടെ 2,26,727 വോട്ട്‌. ബിജെപിയുടെ പി.കെ. കൃഷ്‌ണദാസിന്‌ 84094 വോട്ടു മാത്രം.

രണ്ടു കേന്ദ്രമന്ത്രിമാര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്ന നിലയില്‍ തിരുവനന്തപുരത്തിന്‌ ഇത്തവണ പ്രാധാന്യമേറുകയാണ്‌. മാനവശേഷി മന്ത്രിയെന്ന നിലയില്‍ ഡോ. തരൂരിന്റെ പ്രകടനം മോശമല്ല. പക്ഷേ, ഐപിഎല്‍ ക്രിക്കറ്റില്‍ പത്‌നി സുനന്ദയ്‌ക്ക്‌ ?സ്വെറ്റ്‌ ഇക്വിറ്റി നേടിക്കൊടുക്കാന്‍ തരൂര്‍ കാണിച്ച വ്യഗ്രത അദ്ദേഹത്തെ വേട്ടയാടും. സുനന്ദയുടെ മരണത്തില്‍ കളങ്കരഹിതനായി നില്‍ക്കുകയാണെങ്കിലും, ഡയാനയുടെ മരണം ചാള്‍സ്‌ രാജകുമാരനെ ഇന്നും വേട്ടയാടുന്നതുപോലെ സുനന്ദയുടെ മരണം സ്‌ത്രീഹൃദയങ്ങളില്‍ ചിന്താക്കുഴപ്പമുണ്ടാക്കുമെന്നു മൂന്നു തരം.

കേരളം കണ്ട ഏറ്റം മികച്ച മലയാളി മന്ത്രിമാരില്‍ ഒരാളാണ്‌ മുന്‍ റെയില്‍വേ സഹമന്ത്രി ഒ. രാജഗോപാല്‍. മന്ത്രിയായത്‌ കേരളത്തിനു പുറത്തുനിന്നു ജയിച്ചതുകൊണ്ടാണെങ്കിലും. 1992ലും 2004ലും മധ്യപ്രദേശില്‍നിന്നാണ്‌ അദ്ദേഹം രാജ്യസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.

തിരുവനന്തപുരത്തു മത്സരിക്കുമ്പോള്‍ വി.എസ്‌. ശിവകുമാറിനെതിരേ 228052 (30 ശതമാനം) വോട്ട്‌ ബിജെപിക്കു നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 2011ല്‍ നേമത്തുനിന്നു നിയമസഭയിലേക്കു മത്സരിച്ചപ്പോള്‍ വെറും 6400 വോട്ടിനാണു തോറ്റത്‌. 2012ല്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ചെങ്കിലും ജയിക്കാനായില്ല. അഭിഭാഷകനാണ്‌. പ്രശസ്‌ത ചലച്ചിത്ര സംവിധായകന്‍ ശ്യാമപ്രസാദ്‌ മകന്‍.

മത്സരരംഗത്തു കടന്നുവന്ന രണ്ടു നവാഗതരില്‍ ശാരദ മോഹനു (55) വലിയൊരു പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരിയെന്ന അവകാശവാദമുണ്ട്‌. കേരളത്തിന്റെ മുഖ്യമന്ത്രിയും നാലു തവണ ലോക്‌സഭാംഗവുമായിരുന്ന പി.കെ. വാസുദേവന്‍നായരുടെ മകളാണ്‌. തിരുവനന്തപുരത്താണു പഠിച്ചു വളര്‍ന്നതെങ്കിലും (അമ്മയുടെ സഹോദരീഭര്‍ത്താവ്‌ പി.ജി. ഗോവിന്ദപ്പിള്ളയുടെ വീട്ടില്‍) ഓള്‍സെയിന്‍സ്‌ കോളേജില്‍നിന്ന്‌ ചരിത്രത്തില്‍ ബിരുദമെടുത്തു. ബിസിനസുകാരനായ മോഹനന്റെ ഭാര്യയെന്ന നിലയില്‍ ബാംഗളൂരില്‍ കഴിയുമ്പോള്‍ അധ്യാപികയായിരുന്നു.

അമ്മ ലക്ഷ്‌മിക്കുട്ടിയമ്മയ്‌ക്ക്‌ ആരോഗ്യപ്രശ്‌നങ്ങളുണ്ടായപ്പോള്‍ അവരെ നോക്കാന്‍വേണ്ടി അഞ്ചുവര്‍ഷം മുമ്പ്‌ നാട്ടില്‍ മടങ്ങിയെത്തി. അതോടെ അച്ഛനെപ്പോലെ പൊതുരംഗത്തു പ്രവര്‍ത്തിക്കാനാരംഭിച്ചു. ഇപ്പോള്‍ സിപിഐയുടെ സാംസ്‌കാരിക സംഘടനയായ വനിതാ കലാസാഹിതിയുടെ സംസ്ഥാന പ്രസിഡന്റാണ്‌. എന്‍.ഇ. ബലറാമിന്റെ മകള്‍ ഗീത നസീറാണ്‌ സെക്രട്ടറി. ശാരദ ഒരുവിധം നന്നായി പ്രസംഗിക്കും. രണ്ടു പെണ്‍മക്കളുണ്ട്‌. ഒരാള്‍ അമേരിക്കയിലും ഒരാള്‍ ബാംഗളൂരിലും.

തിരുവനന്തപുരത്ത്‌ മാര്‍ ഈവാനിയോസില്‍ പഠിച്ചു വളര്‍ന്ന അജിത്‌ ജോയിയെ അധികമാര്‍ക്കും പരിചയമില്ലെങ്കിലും ബീഹാര്‍ കേഡറില്‍ ഐപിഎസുകാരനായിരുന്നു. ആ നിലയ്‌ക്ക്‌ ഡെപ്യൂട്ടേഷനില്‍ കുറേക്കാലം കേരളത്തില്‍ വന്ന്‌ സേവനം ചെയ്‌തിട്ടുണ്ട്‌. വിജിലന്‍സ്‌ എസ്‌പിയെന്ന നിലയില്‍ ബീഹാര്‍ ചീഫ്‌ സെക്രട്ടറിക്കും ഡിഐജിക്കുമെതിരേ അഴിമതിയാരോപണം വന്നപ്പോള്‍ അന്വേഷണച്ചുമതല അജിതിനായിരുന്നു. വളരെയധികം സമ്മര്‍ദങ്ങള്‍ വന്നു. അതില്‍ മനംമടുത്തിരിക്കുമ്പോള്‍ കാലു മാറ്റിച്ചവിട്ടണമെന്നു തോന്നി.

തിരുവനന്തപുരത്ത്‌ ലോ കോളേജില്‍നിന്നു നേടിയ എല്‍എല്‍ബി ബിരുദം സഹായത്തിനെത്തി. സര്‍വീസിലിരിക്കുമ്പോള്‍ ഹാര്‍വാര്‍ഡ്‌ ലോ സ്‌കൂളില്‍ പോയി എല്‍എല്‍എം നേടി. കേരള ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കുറേനാള്‍ പ്രാക്‌ടീസ്‌ ചെയ്‌തു. കല്‍ക്കട്ടയിലെ ലോ വാഴസിറ്റിയില്‍ കുറച്ചുകാലം അധ്യാപകനായിരുന്നു. മുസൂറിയിലെ അക്കാഡമിയില്‍ പരിശീലനം നടത്തിയത്‌ ആം ആദ്‌മി പാര്‍ട്ടി നേതാവ്‌ അരവിന്ദ്‌ കേജരിവാളിനൊപ്പമായിരുന്നു. ആ സൗഹൃദം ഇന്നും കാത്തുസൂക്ഷിക്കുന്നു. അങ്ങനെയാണ്‌ ആം ആദ്‌മി പാര്‍ട്ടി ടിക്കറ്റില്‍ തിരുവനന്തപുരത്തു മത്സരിക്കാന്‍ ഇടയാകുന്നത്‌.

ഐപിഎസില്‍നിന്നു രാജിവച്ചശേഷം ഐക്യരാഷ്‌ട്രസഭയുടെ ഒരു ഉന്നത ഉദ്യോഗത്തില്‍ നിയമിതനായി; ആറ്‌ ദക്ഷിണേഷ്യന്‍ രാഷ്‌ട്രങ്ങളുടെ ചുമതലയില്‍. ഇന്തോനേഷ്യയിലും കെനിയയിലും സേവനം ചെയ്‌തശേഷം ഇന്ത്യയിലെ കണ്‍ട്രി മാനേജറായി. അവിടെനിന്നാണ്‌ തിരുവനന്തപുരത്തേക്കു വന്നത്‌. താമസം പേരൂര്‍ക്കടയില്‍. ഭാര്യ: മിന്റു. നാലു വയസുള്ള പുത്രനും ഒരു വയസുള്ള പുത്രിയും. എല്ലാറ്റിനുമൊടുവില്‍ ചിങ്ങവനം ആസ്ഥാനമായ ക്‌നാനായ സമുദായത്തില്‍ ജനിച്ചു. തിരുവനന്തപുരത്ത്‌ ക്‌നാനായക്കാര്‍ വളരെക്കുറവ്‌. പക്ഷേ, ആദര്‍ശധീരരായ ഒരുപാട്‌ ആം ആദ്‌മി വോളണ്ടിയര്‍മാര്‍ അവിടെ സഹായത്തിനുണ്ട്‌.
തരൂരിനെതിരേ ആം ആദ്‌മിയുടെ അജിത്‌; നിറസാന്നിധ്യമായി പി.കെ.വിയുടെ മകളും (കുര്യന്‍ പാമ്പാടി)
ശശി തരൂര്‍ വിവാദ നായികയുമായി.
തരൂരിനെതിരേ ആം ആദ്‌മിയുടെ അജിത്‌; നിറസാന്നിധ്യമായി പി.കെ.വിയുടെ മകളും (കുര്യന്‍ പാമ്പാടി)
ഒ. രാജഗോപാല്‍
തരൂരിനെതിരേ ആം ആദ്‌മിയുടെ അജിത്‌; നിറസാന്നിധ്യമായി പി.കെ.വിയുടെ മകളും (കുര്യന്‍ പാമ്പാടി)
ശാരദ മോഹന്‍
തരൂരിനെതിരേ ആം ആദ്‌മിയുടെ അജിത്‌; നിറസാന്നിധ്യമായി പി.കെ.വിയുടെ മകളും (കുര്യന്‍ പാമ്പാടി)
അജിത്‌ ജോയി
തരൂരിനെതിരേ ആം ആദ്‌മിയുടെ അജിത്‌; നിറസാന്നിധ്യമായി പി.കെ.വിയുടെ മകളും (കുര്യന്‍ പാമ്പാടി)
തിരുവനന്തപുരം ലോക്‌സഭാ മണ്‌ഡലം.
Join WhatsApp News
Aniyankunju 2014-02-23 13:40:50
In 1971 Elections, V.K. Krishna Menon was CPM's independent candidate who defeated D. Damodaran Potty by 25000 votes. Potty was supported by Congress, CPI, Kerala Congress, Muslim League, RSP etc.(the then UDF).
vaikom madhu 2014-03-16 23:35:11

Commendable story. Lot of new informations brighten it up.

The map, I feel, needed to have some corrections.

The map of the constituency is, ostensibly drawn from Tamil Nadu sources. They follow a pattern of spellings way far different from ours.
Kanyakumari becomes Kanniakumari. Malayaees write Balaramapuram not as shown in the map. Vizinjam is twisted unrecognisably as Villinjam. Kazhakkoottam is mauled into Kazakuttam.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക