Image

സൗമ്യവധം: ഗോവിന്ദച്ചാമിയ്ക്ക് വധശിക്ഷ

Published on 11 November, 2011
സൗമ്യവധം: ഗോവിന്ദച്ചാമിയ്ക്ക് വധശിക്ഷ
തൃശ്ശൂര്‍: സൗമ്യ കൊലക്കേസില്‍ തമിഴ്‌നാട് കടലൂര്‍ ജില്ലയിലെ സമത്വപുരം, വിരുദാചലം സ്വദേശി ഗോവിന്ദച്ചാമിക്ക് വധശിക്ഷ. തൃശ്ശൂര്‍ അതിവേഗ കോടതി ജഡ്ജി രവീന്ദ്രബാബുവാണ് വിധി പ്രസ്താവിച്ചത്. പ്രതി ജീവിച്ചിരിക്കുന്നത് സമൂഹത്തിലെ സ്ത്രീകള്‍ക്ക് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ വിധിയാണിതെന്ന് കോടതി കണ്ടെത്തി. വധശിക്ഷയ്ക്ക് പുറമെ ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൊലപാതകം, ബലാത്സംഗം, വനിതാ കമ്പാര്‍ട്ടുമെന്റില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷ. പ്രതി മുമ്പും ശിക്ഷിക്കപ്പെട്ടിരുന്നുവെന്ന് കോടതി കണ്ടെത്തി.

2011 ഫിബ്രവരി ഒന്നിന് എറണാകുളം ഷൊറണൂര്‍ പാസഞ്ചറിലെ യാത്രക്കാരിയായിരുന്ന മഞ്ഞക്കാട് സ്വദേശിനി സൗമ്യയെ തീവണ്ടിയിലെ വനിതാ കമ്പാര്‍ട്ടുമെന്റില്‍വച്ച് ആക്രമിച്ച് പുറത്തേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി എന്നതാണ് കേസ്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫിബ്രവരി ആറിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍വെച്ചാണ് മരിക്കുന്നത്.

ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും മുന്‍നിര്‍ത്തിയാണ് വിചാരണ നടന്നത്. ഏകപ്രതി മാത്രമുള്ള കേസില്‍ 82 സാക്ഷികളെ പ്രതിഭാഗം വിസ്തരിച്ചു. തെളിവിലേക്കായി 43 കൂട്ടം തൊണ്ടിമുതലുകളും 101 രേഖകളും സമര്‍പ്പിക്കപ്പെട്ടു. നാലായിരത്തിലധികം വരുന്ന സാക്ഷിമൊഴികള്‍ ജഡ്ജി നേരിട്ട് സ്വന്തം കൈപ്പടയില്‍ എഴുതിയെടുത്തതും വിസ്താരത്തിന്റെ ദൈര്‍ഘ്യവും സൗമ്യ കേസിനെ സമാനതകളില്ലാത്ത കേസാക്കി മാറ്റി. 1000 പേജുള്ള കുറ്റപത്രം മൂന്ന് വാള്യങ്ങളായി സിഡിയിലാക്കിയാണ് പോലീസ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ക്ക് നല്കിയത്.

പതിനൊന്നുദിവസംകൊണ്ട് അവസാനിക്കുമെന്നു കരുതി തുടങ്ങിയ വിചാരണ തീരാന്‍ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ അഞ്ചുമാസം വേണ്ടിവന്നു. സമാനതകളില്ലാത്ത കുറ്റമാണ് പ്രതി ചെയ്തതെന്നും പരമാവധി ശിക്ഷതന്നെ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ദൃക്‌സാക്ഷിയില്ലെന്നും മെഡിക്കല്‍ തെളിവുകള്‍ ശക്തമല്ലെന്നും ചൂണ്ടിക്കാട്ടി പ്രതിഭാഗം ഗോവിന്ദച്ചാമിയെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടു.

സമാന കേസുകള്‍ ഏറ്റെടുക്കുന്ന അഭിഭാഷകരാരും പ്രതിക്കുവേണ്ടി ഹാജരാകാന്‍ തയ്യാറാകാതെ വന്നപ്പോള്‍ മുംബൈയില്‍ പ്രാക്ടീസ് ചെയ്യുന്ന ബി.എ. ആളൂരാന്‍ എന്ന അഭിഭാഷകന്‍ ഗോവിന്ദച്ചാമിയുടെ വക്കാലത്ത് ഏറ്റെടുക്കുകയായിരുന്നു. വിചാരണവേളയില്‍ പ്രതിക്കെതിരെ കോടതിവളപ്പില്‍ പോലുമുണ്ടായ പ്രതിഷേധങ്ങളും പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച് ഡോക്ടര്‍മാര്‍ വിഭിന്ന അഭിപ്രായം പ്രകടിപ്പിച്ചതുമെല്ലാം സൗമ്യ കേസിനെ വാര്‍ത്തകളില്‍ നിലനിര്‍ത്തി. കേസിന്റെ ഗൗരവവും പ്രതിക്കെതിരെ ഉണ്ടായേക്കാവുന്ന ആക്രമണവും മുമ്പില്‍ക്കണ്ട് തിങ്കളാഴ്ച കോടതിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക