Image

പിള്ളയുടെ മോചനം: ഹര്‍ജി ഒന്‍പതിന് പരിഗണിക്കും

Published on 11 November, 2011
പിള്ളയുടെ മോചനം: ഹര്‍ജി ഒന്‍പതിന് പരിഗണിക്കും
ന്യൂഡല്‍ഹി: ഇടമലയാര്‍ കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കെ മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണ പിള്ളയെ മോചിപ്പിച്ച നടപടി ചോദ്യം ചെയ്ത് വി.എസ്. അച്യുതാനന്ദന്‍ സമര്‍പ്പിച്ച അപേക്ഷ ഡിസംബര്‍ ഒന്‍പതിന് സുപ്രീം കോടതി പരിഗണിക്കും. അപേക്ഷ അടിയന്തരമായി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസ് പി. സദാശിവം, ബി.എസ്. ചൗഹാന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. നടപടി തെറ്റായാലും ശരിയായാലും പിള്ളയെ സര്‍ക്കാര്‍ മോചിപ്പിച്ചു കഴിഞ്ഞു, മറ്റുകാര്യങ്ങള്‍ ഡിസംബര്‍ ഒന്‍പതിന് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

പിള്ളയെ മോചിപ്പിച്ച നടപടിക്കെതിരെ നിയമവിദ്യാര്‍ഥി മഹേഷ് മോഹന്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയും ഡിസംബര്‍ ഒന്‍പതിന് പരിഗണിക്കും. പിള്ളയെ ശിക്ഷിച്ച സുപ്രീം കോടതി ഉത്തരവു നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് വി.എസ്. അപേക്ഷ നല്‍കിയത്. നിയമവിരുദ്ധമായി അനുവദിച്ച പരോളും സ്വകാര്യ ആസ്പത്രിയിലെ താമസവും ശിക്ഷയുടെ ഭാഗമായി കണക്കാക്കില്ലെന്ന് സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്നും അഡ്വ. ആര്‍. സതീഷ് മുഖേന സമര്‍പ്പിച്ച അപേക്ഷയില്‍ വി.എസ്. അച്യുതാനന്ദന്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിയമവിദ്യാര്‍ഥിയായ മഹേഷ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, ജയില്‍ ഡി.ജി.പി. അലക്‌സാണ്ടര്‍ ജേക്കബ്, ജയില്‍ സൂപ്രണ്ട്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആര്‍. ബാലകൃഷ്ണപിള്ള, പിള്ളയുടെ മകനും വനം മന്ത്രിയുമായ കെ.ബി. ഗണേഷ്‌കുമാര്‍ തുടങ്ങിയവരെ ശിക്ഷിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക