Image

വൈകി വന്ന വിവേകം- റോയ് എം.കൊച്ചി

റോയ് എം.കൊച്ചി Published on 05 April, 2014
വൈകി വന്ന വിവേകം- റോയ് എം.കൊച്ചി
നീണ്ടപോരാട്ടങ്ങള്‍ക്കൊടുവില്‍, ഭാര്യയുടെ ജീവന്റെ വിലകൊണ്ട് പ്രൊഫസര്‍ ടി.ജെ.ജോസഫിന് ജോലിതിരിച്ചുകിട്ടി. കരയണമോ ചിരിക്കണമോ എന്നറിയാന്‍ വയ്യാത്ത മാനസികാവസ്ഥയിലായിപ്പോയി ജോസഫ് സാര്‍. ഇണയും തുണയുമായിരുന്ന ഭാര്യ സലോമിയുടെ ബലിദാനമാണ് ജോലിയിലേയ്ക്കുള്ള പുനഃപ്രവേശനം എന്ന തിരിച്ചറിവ് അദ്ദേഹത്തെ കണ്ണീര്‍ക്കടലിലാഴ്ത്തി.

കേവലം ഒരു കൈക്കുറ്റപ്പാടില്‍ സ്വജീവിതം ഹോമിക്കേണ്ടിവന്ന വ്യക്തിയാണ് പ്രൊഫസര്‍ ടി.ജെ. ജോസഫ്. 2010 മാര്‍ച്ച് മാസത്തിലായിരുന്നു അദ്ദേഹത്തിനു സംഭവിച്ച കൈപ്പിഴ. അറിഞ്ഞോ അറിയാതെയോ സംഭവിച്ചതെറ്റിനെ മതതീവ്രവാദികള്‍ മതനിന്ദയാക്കിമാറ്റി. അതിനുപകരം പ്രൊഫസര്‍ നല്‍കേണ്ടി വന്നത് തന്റെ വലതുകൈപ്പത്തി. ജൂലായ് നാലിന് ഭാര്യയുടെയും അമ്മയുടെയും കണ്‍മുന്നില്‍വച്ച് മതഭ്രാന്തന്മാര്‍ അദ്ദേഹത്തെ മാരകമായി വെട്ടിമുറിപ്പെടുത്തി. മൃതപ്രാണനായികിടന്നിരുന്ന പ്രൊഫസര്‍ക്ക് സെപ്തംബര്‍ ഒന്നിന് അടുത്തപ്രഹരം കോളേജ് അധികൃതര്‍ നല്‍കി. ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ശയായവലംബിയായ ജോസഫ്‌സാറും കുടുംബവും അന്നു മുതല്‍ നീതിക്കായുള്ള പോരാട്ടത്തിലായിരുന്നു. ഒടുവില്‍ 2013 നവംബര്‍ മൂന്നിന് തൊടുപുഴ മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. തുടര്‍ന്നുള്ള മാസങ്ങളില്‍ പ്രൊഫസറും കുടുംബവും അരമനകളുടെയും അധികാരികളുടെയും മുന്നില്‍ യാചിക്കുകയായിരുന്നു- നീതിയ്ക്കുവേണ്ടി. 'മുട്ടുവിന് തുറക്കപ്പെടും' എന്ന തിരുലിഖിതം പ്രോഘോഷിക്കുന്നവരാരും വാതില്‍ തുറന്നു കൊടുത്തില്ല. വീണവനെ ചവിട്ടിമെതിയ്ക്കാനാണല്ലോ ഏവര്‍ക്കും താലപര്യം. പട്ടിണിയുടെയും പരിവട്ടത്തിന്റെയും നാളുകളില്‍ റേഷനരിയുടെ മണവും മധുരവും അവര്‍ക്കു ഹൃദ്യമായി. കഷ്ടതയുടെ നാളുകളില്‍ തന്റെ കുടുംബത്തെ സംരക്ഷിക്കുവാന്‍ തൊഴിലുറപ്പു പദ്ധതിയില്‍ പണിക്കുപോകുവാന്‍ പോലും സമൃദ്ധിയില്‍ കഴിഞ്ഞിരുന്ന ആ കുടുംബിനി മാനസികമായി തയ്യാറെടുത്തു.

നീതിയ്ക്കായുള്ള തങ്ങളുടെ നിലവിളി ബധിര കര്‍ണ്ണങ്ങളിലാണ് പതിച്ചതെന്ന തിരിച്ചറിവില്‍ ആ സാധ്വി പോരാട്ടം ഒരു മുഴം തുണിയില്‍ അവസാനിപ്പിച്ചു. മലയാളിയുടെ നീതിബോധത്തെ മുറിപ്പെടുത്തിയ സംഭവം ഇവിടെ നില്‍ക്കട്ടെ.

വൈകിയാണെങ്കിലും കോതമംഗലം രൂപത പ്രൊഫര്‍ ടി.ജെ.ജോസഫിനെ ജോലിയില്‍ തിരിച്ചെടുക്കുകയും മാന്യമായി വിരമിക്കാന്‍ അവസരം നല്‍കുകയും ചെയ്തു. നല്ല കാര്യം. തിരിച്ചെടുത്തപ്പോഴും വീണ്ടും അദ്ദേഹം ക്ലാസ്സ് മുറികളില്‍ എത്തരുതെന്ന് ചില ദുഷ്ടബുദ്ധികള്‍ ലക്ഷ്യമിട്ടിരുന്നു. അതിനുവേണ്ടിയായിരുന്നല്ലോ അദ്ധ്യയന വര്‍ഷത്തിലെ അവസാന ദിവസങ്ങളില്‍ അദ്ദേഹത്തിനു പുനര്‍ നിയമനം നല്‍കിയത്.

പ്രൊഫസര്‍ ജോസഫിനെ തിരിച്ചെടുക്കുവാന്‍ സഭാധികാരികള്‍ പറഞ്ഞ ന്യായമാണ് ഇവിടെ വിഷയം. 'മാനുഷിക പരിഗണന' സലോമിയുടെ ജീവന്‍ ഹോമിക്കുന്നതുവരെ ഈ മാനുഷിക പരിഗണന എവിടെയായിരുന്നു? അപ്പോള്‍, സലോമിയുടെ ജീവന്റെ വിലയാണീ മാനുഷിക പരിഗണന. സഭ ജനരോഷത്തെ ഭയക്കുന്നു എന്നു സാരം. ക്രൈസതവയുടെ മുഖമുദ്രതന്നെ മാനുഷികതയാണല്ലോ. മനുഷ്യനായി അവതരിച്ച ദൈവപുത്രിന്റെ സ്‌നേഹത്തെ വര്‍ണ്ണിച്ചാല്‍ മാത്രം പോരാ. അതു നടപ്പിലാക്കാന്‍ കൂടി ക്രിസ്തു ശിഷ്യര്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. താന്‍ തെറ്റുകാരനാണെന്നു പരസ്യമായി മാപ്പപേക്ഷിച്ച പ്രൊഫസര്‍ക്ക് മാപ്പു നല്‍കി നീതി നിര്‍വഹണം നടത്തുവാന്‍ സഭാധികാരികള്‍ തുനിഞ്ഞതില്ല. സലോമിയുടെ മരണം തങ്ങളുടെ സിംഹാസനങ്ങള്‍ക്ക് ഇളക്കം തട്ടും എന്ന ബോധ്യത്തിലാവണം പ്രൊഫസര്‍ക്ക് മാന്യമായ വിരമിക്കല്‍ നല്‍കുവാന്‍ തീരുമാനമായത്. തെറ്റ്  മാനുഷികമാണ്, ക്ഷമിക്കുക എന്നത് ദൈവികവും മഹാനായ അലക്‌സാണ്ടര്‍ പോപ്പിന്റെ വാക്കുകള്‍ ഇവിടെ  ഓര്‍ത്തുപോകുന്നു. അനുതപിച്ച പാപിയുടെ കൂടെയും തന്റെ ഇല്ലായ്മയില്‍ പോലും ഉള്ളത് ദൈവത്തിനു സമര്‍പ്പിച്ചവന്റെയും കൂടെയായിരുന്നു ക്രിസ്തു. സാന്ദര്‍ഭികമായി സംഭവിച്ച ഒരു തെറ്റ് പരസ്യമായി ഏറ്റു പറഞ്ഞ് പശ്ചാത്തപിച്ച, അതിലുപരി മതതീവ്രവാദികളുടെ അതിക്രൂരമായ അക്രമത്തിനിരയായ ഒരു സാധു മനുഷ്യനോട് കരുണയാകാമായിരുന്നു, അല്പം കൂടി നേരത്തെ. എങ്കില്‍ ഒരു ജീവന്‍ പൊലിയില്ലായിരുന്നു. പലപ്പോഴും തോന്നിയിട്ടുള്ള വന്യമായ ഒരു സാദൃശ്യമാണിവിടെ ഓര്‍മ്മവരിക. കത്തോലിക്കാസഭയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും. രണ്ടു വ്യത്യസ്ത ധ്രുവങ്ങളിലാണെങ്കിലും സാദൃശ്യങ്ങളുമേറെ. രണ്ടുപേരും നീതിക്കായി പോരാടുന്നവര്‍. കമ്മ്യൂണിസ്റ്റുകളാവട്ടെ, ക്രിസ്തുവിനെ ആദ്യത്തെ വിപ്ലവകാരിയുമായി കാണുന്നു. രണ്ടുള്ളവന്‍ ഒന്ന് ഇല്ലാത്തവനുകൊടുക്കാന്‍ പഠിപ്പിച്ച കമ്മ്യൂണിസ്റ്റ് രണ്ടുകൂട്ടരും ഏകാധിഷ്ഠിതമായ വ്യവസ്ഥയില്‍ ചരിക്കുന്നവര്‍. അവിടെ തിരുവായ്‌ക്കെതിര്‍വായില്ല. എതിര്‍ക്കുന്നവനും തെറ്റുചൂണ്ടികാട്ടുന്നവനും പുറത്ത്. എതിര്‍ക്കുന്നവനെ ഒറ്റപ്പെടുത്തുകയും ക്രൂശിക്കുകയും ചെയ്യുക എന്നത് അന്നും ഇന്നും തുടരുന്ന പ്രക്രിയ. സാക്ഷ്യം അവിടെ തീര്‍ന്നുയ വൈജാത്യങ്ങളാണേറെയും. മതം മനുഷ്യനെ മയക്കുന്ന കറുപ്പാ(ലഹരി)ണെന്ന് മാക്‌സ് തിരിച്ചറിഞ്ഞു. അതിനാല്‍ അദ്ദേഹം മതത്തെ എതിര്‍ത്തു. സ്‌നേഹമാണ് മനുഷ്യമതം എന്നു യേശു തിരിച്ചറിഞ്ഞു. സ്‌നേഹിതനായി സ്വജീവന്‍ പോലും അദ്ദേഹം ബലികഴിച്ചു.

കമ്മ്യൂണിസ്റ്റുകള്‍ ആദ്യം എന്തിനെയും കഠിനമായി എതിര്‍ക്കും. പത്തോ ഇരുപതോ വര്‍ഷം കഴിഞ്ഞ് അവര്‍ അതിനെ പുനഃപരിശോധിക്കും, തോളിലേറ്റും. എത്രയെത്ര ഉദാഹരണങ്ങള്‍ നമുക്കുമുന്നിലുണ്ട്. എന്നാല്‍, സഭാധികാരികള്‍ തെറ്റു സംഭവിച്ചാല്‍ തിരുത്താന്‍ ഒരുക്കമായിരുന്നില്ല. തങ്ങള്‍ ചെയ്യുന്നതെന്തും ശരിയാണെന്നായിരുന്നു അവരുടെ ധാരണ. എന്നാല്‍ സഭയിലെ പുതുചിന്തയാല്‍ അടുത്ത കാലത്തായി അതിനുമാറ്റം വന്നത് നല്ലതാണ്.

ഒരു പ്രസ്ഥാനത്തെയോ, വ്യക്തിയെയോ അധിക്ഷേപിക്കുകയല്ല ഉദ്ദേശ്യം. സദ്ഗുണരും, ശ്രേഷ്ഠരും മാനുഷികമൂല്യങ്ങള്‍ മുറുകെ പിടിക്കുന്നവരുമായ എത്രയോ ഉന്നതര്‍ ഇവരിലുണ്ട്. എങ്കിലും, ഏതാനും ചില പുഴുക്കുത്തലുകള്‍ നന്മയാകെതന്നെ നശിപ്പിക്കുന്നു. സഭ നീരുറവപോലെ ശുഭ്രം. അതിനെ തങ്ങളുടെ ഹിതമനുസരിച്ച് നിറഭേദം വരുത്തുന്ന അല്പബുദ്ധികളാണ് സഭയുടെ ശാപം. ശ്രേഷ്ഠരായ സഭാധികാരികളെ തങ്ങളുടെ നിലനില്പിനായ് ഒറ്റുകൊടുക്കുന്ന യൂദാസുമാര്‍ ഇന്നും സഭയില്‍ വിഹരിക്കുന്നു. അധികാരവും പണവും ഉപയോഗിച്ച് സഭകളെയും പ്രസ്ഥാനങ്ങളെയും നിയന്ത്രിക്കുന്നു. സഭാധികാരികള്‍ ചിലരെങ്കിലും അറിഞ്ഞും അറിയാതെയും ഇവര്‍ക്കും വശംവദരാവുന്നു. സ്‌നേഹധാരയായ് ഒഴുകും ഹൃദയത്തിനായ് പ്രാര്‍ത്ഥിച്ചാല്‍ മാത്രം പോരാ, പ്രവൃത്തിയിലൂടെ അതുകാട്ടുകയും വേണം. ആഢംബര മെത്രാനായ ജര്‍മ്മനിയിലെ ഫ്രാന്‍സിസ് പീറ്ററിനെപോലെ ലൗകിക നേട്ടങ്ങള്‍ക്കും പേരിനും പ്രശസ്തിക്കും പിന്നാലെ പായുമ്പോള്‍ ഒരു ചോദ്യം ഹൃദയത്തില്‍ മുഴങ്ങട്ടെ. ലോകം മുഴുവന്‍ നേടിയാലും നിന്റെ ആത്മാവു നശിച്ചാല്‍ എന്തു ഫലം.

ഒരു ഫ്രാന്‍സിസ് തന്റെ ധനാര്‍ത്തി കൊണ്ടും ആഢംബര ഭ്രമംകൊണ്ടും ലോകത്തിനുമുന്നില്‍ അപഹാസ്യനാവുമ്പോള്‍, ഇതാ മറ്റൊരു ഫ്രാന്‍സിസ് സൂര്യതേജസ്സോടെ തിളങ്ങുന്നു. വര്‍ത്തമാന കാലത്ത് വാക്കും പ്രവര്‍ത്തിയുംകൊണ്ട് ഇത്രമാത്രം ആദരിക്കപ്പെട്ട മറ്റൊരു വ്യക്തിത്വമില്ല. ഇക്കഴിഞ്ഞ മാര്‍ച്ച് 29ന് തന്റെ പ്രഭാഷത്തില്‍, മാര്‍പ്പ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു. മെത്രാന്മാരും വൈദികരും ഡീക്കന്മാരും സ്‌നേഹത്തോടെ വേണം കര്‍ത്താവിന്റെ അജഗണങ്ങളെ പോറ്റേണ്ടത്. സ്‌നേഹപൂര്‍വ്വം ചെയ്യാനാവുന്നില്ലെങ്കില്‍ അതുകൊണ്ടു യാതൊരു പ്രയോജനവുമില്ല. പരസ്യമായി ഒരു വൈദികന്റെ മുന്നില്‍ മുട്ടുകുത്തി കുമ്പസാരിക്കുകയും പാരമ്പര്യങ്ങളെ ഉല്ലംഘിക്കുകയും ചെയ്യുന്ന ഫ്രാന്‍സിസ് പാപ്പായിലാണ് സഭയുടെ പ്രതീക്ഷ. എത്രപേര്‍ ഈ പാതപിന്തുടരുമോ ആവോ?


വൈകി വന്ന വിവേകം- റോയ് എം.കൊച്ചി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക