Image

വിശുദ്ധ മാര്‍പാപ്പമാര്‍: സഭക്ക് ആധുനിക മുഖം നല്‍കിയവര്‍

Published on 28 April, 2014
വിശുദ്ധ മാര്‍പാപ്പമാര്‍: സഭക്ക് ആധുനിക മുഖം നല്‍കിയവര്‍
വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയുടെ ചരിത്രത്തില്‍, ധീരമായ ഒട്ടേറെ തിരുത്തലുകളെടുത്ത മാര്‍പാപ്പമാരായാണ് വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട ജോണ്‍ 23ാമനും ജോണ്‍പോള്‍ രണ്ടാമനും സ്മരിക്കപ്പെടുന്നത്.

1958 മുതല്‍ 1963 വരെ ചുരുങ്ങിയ അഞ്ചുവര്‍ഷം മാത്രമാണ് മാര്‍പാപ്പ സ്ഥാനത്തിരുന്നതെങ്കിലും രണ്ടാം വത്തിക്കാന്‍ സുന്നഹദോസ് വിളിച്ചതടക്കം നിര്‍ണായക നടപടികളിലൂടെ സഭയെ ആധുനികവത്കരിക്കുന്നതില്‍ ജോണ്‍ 23ാമന്‍ ധീരമായ നടപടികളെടുത്തു. ഇറ്റലിയിലൂടെ തുറന്ന ട്രെയിനില്‍ സഞ്ചരിച്ച് സാധാരണക്കാരിലേക്കിറങ്ങിച്ചെന്ന് വിശ്വാസികളുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയയാളായിരുന്നു അദ്ദേഹം. മാര്‍പാപ്പമാര്‍ ധരിച്ചിരുന്ന മൂന്ന് ശിഖരങ്ങളുള്ള കിരീടം ധരിക്കാതിരുന്ന അദ്ദേഹം അത് വിറ്റ് ലാറ്റിനമേരിക്കയിലെ പാവങ്ങളെ സഹായിക്കാന്‍ നിര്‍ദേശിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ആണവായുധ ശേഖരത്തിനെതിരെയും അദ്ദേഹം ശബ്ദമുയര്‍ത്തി. എല്ലാ മതങ്ങളും ഒരേ ദൈവത്തിലേക്കുള്ള വിവിധ വഴികളാണെന്ന നിലപാട് പരസ്യമായി പ്രഖ്യാപിച്ചത് അദ്ദേഹം വിളിച്ച രണ്ടാം സുന്നഹദോസായിരുന്നു.

വിശുദ്ധ പദവിയിലേക്കെത്താന്‍ രണ്ട് അദ്ഭുതങ്ങള്‍ വേണമെന്ന നാമകരണ നടപടി ഇദ്ദേഹത്തിനായി ഭേദഗതി ചെയ്യാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തയാറാവുകയായിരുന്നു. ലോകയുദ്ധകാലത്ത് ഇറ്റാലിയന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച ജോണ്‍ 23ാമന്‍െറ ജനനം 1881 ലായിരുന്നു. ആഞ്ജലോ ജൂസപ്പേ റൊങ്കാളി എന്നായിരുന്നു ആദ്യ പേര്. 1958 ഒക്ടോബര്‍ 28ന് പാപ്പയായ അദ്ദേഹം 1963 ജൂണ്‍ മൂന്നിന് മരിച്ചു.

പോളണ്ടുകാരനായ ജോണ്‍ പോള്‍ രണ്ടാമന്‍ അവിടെ ക്രാക്കോവില്‍ ആര്‍ച് ബിഷപ്പായിരുന്ന ശേഷമാണ് മാര്‍പാപ്പ സ്ഥാനത്തെത്തിയത്. ഗര്‍ഭച്ഛിദ്രത്തിനും ദയാവധത്തിനുമെതിരെ ശക്തമായ നിലപാടുകളായിരുന്നു സ്വീകരിച്ചിരുന്നത്. കുരിശുയുദ്ധമുള്‍പ്പെടെ സഭയുടെ തെറ്റുകള്‍ക്ക് മാപ്പുപറഞ്ഞത് അദ്ദേഹത്തെ മറ്റു പാപ്പമാരില്‍നിന്ന് വ്യത്യസ്തനാക്കി. 26 വര്‍ഷവും അഞ്ച് മാസവും പത്രോസിന്‍െറ സിംഹാസനത്തില്‍ ഇരുന്ന അദ്ദേഹം ഏറ്റവും കൂടുതല്‍ കാലം സഭയെ നയിച്ച പാപ്പമാരില്‍ മൂന്നാംസ്ഥാനക്കാരനാണ്. 1920 മേയ് 18നാണ് ജനിച്ചത്. 132 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. 1986 ഫെബ്രുവരിയില്‍ കേരളവും സന്ദര്‍ശിച്ചു. 2005 ഏപ്രില്‍ രണ്ടിനായിരുന്നു മരണം. സഭയുടെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട വ്യക്തികൂടിയാണ് അദ്ദേഹം.
വിശുദ്ധ മാര്‍പാപ്പമാര്‍: സഭക്ക് ആധുനിക മുഖം നല്‍കിയവര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക