Image

യേശുവിന് സാക്ഷ്യംവഹിക്കുക എന്നതാണ് ക്രൈസ്തവ ധര്‍മ്മം: ഷാജി വൈക്കത്തുപറമ്പില്‍

ഫാ.സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ Published on 30 April, 2014
 യേശുവിന് സാക്ഷ്യംവഹിക്കുക എന്നതാണ് ക്രൈസ്തവ ധര്‍മ്മം: ഷാജി വൈക്കത്തുപറമ്പില്‍
കാഞ്ഞിരപ്പള്ളി: യേശുവിന് സാക്ഷ്യം വഹിക്കുക എന്നതാണ് ക്രൈസ്തവ വിശ്വാസിയുടെ ധര്‍മ്മമെന്ന് പ്രമുഖ വചനപ്രഘോഷകനും ജീവജ്വാല എഡിറ്ററുമായ ഷാജി വൈക്കത്തുപറമ്പില്‍ സൂചിപ്പിച്ചു.  കാഞ്ഞിരപ്പള്ളി പഴയപള്ളി അങ്കണത്തില്‍ നടന്ന രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്റെ സമാപന ദിവസമായ ഇന്നലെ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.  

    യേശുവിനെ സ്വജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുന്ന വ്യക്തികള്‍ ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.  ഒരാള്‍ മറ്റൊരാള്‍ക്കു മുമ്പില്‍ താഴാന്‍ തയ്യാറാകുമ്പോള്‍ പാരാജയപ്പെടുകയല്ല മറിച്ച് കാലിത്തൊഴുത്തില്‍ പിറന്ന എളിമയുടെ പ്രതീകമായ ഉണ്ണിയേശുവിനെ സാക്ഷ്യപ്പെടുത്തുകയാണ് ചെയ്യുന്നത്.  ഗത്സമേനില്‍, പ്രതിസന്ധികള്‍ക്കും ദുഃഖങ്ങള്‍ക്കും നടുവില്‍ നിശബ്ദനായ യേശുവിനെ നമ്മുടെ ജീവിതത്തില്‍ പ്രതിഫലിപ്പിക്കാന്‍ ധാരാളം അവസരങ്ങള്‍ നമുക്ക് ലഭിക്കാറുണ്ട്.  ഇത്തരം സന്ദര്‍ഭങ്ങളില്‍ ദൈവത്തെ പഴിക്കുന്നതിനു പകരം സഹനങ്ങളെ യേശുവിനേപ്പോലെ സന്തോഷത്തോടെ ഏറ്റെടുക്കാന്‍ നമുക്കാകണം. ദാരിദ്ര്യത്തെ ആഘോഷമാക്കി മാറ്റിയ ക്രിസ്തു നമ്മുടെ ജീവിതത്തിനു പുറത്താണോ എന്ന് ഒരു പുനര്‍വിചിന്തനം നടത്തേണ്ടത് ആവശ്യമാണ്.  മരിച്ച ക്രിസ്തുവിനെ ജീവിതത്തില്‍ പ്രതിഫലിപ്പിക്കുവാന്‍ ഓരോ വിശ്വാസിക്കുമാകണം.  അവനോടൊപ്പം മരിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ നാം പാഴാക്കരുത്.  ഉത്ഥാനത്തിലൂടെ പാപത്തെ പരാജയപ്പെടുത്തുവാന്‍ ക്രിസ്തുവിന് സാധിച്ചു.  ഒരേ സമയം രാജാവും പുരോഹിതനും പ്രവാചകനുമായിക്കൊണ്ടാണ് ക്രിസ്തു നമുക്ക് ദൈവത്തെ സാക്ഷ്യപ്പെടുത്തിയത്.  ദുഃഖം, ദുരിതം, കഷ്ടപ്പാട് എന്നിവയില്‍ തളരാതെ ആവേശത്തോടെ ജീവിതബലിയര്‍പ്പിക്കുമ്പോള്‍ പുരോഹിതനായ കര്‍ത്താവിനെയും തെറ്റിനെ തിരുത്തുകയും മനുഷ്യനെ ദൈവത്തിലേയ്ക്ക് നോക്കാന്‍ പഠിപ്പിക്കുകയും ചെയ്യുമ്പോള്‍ പ്രവാചകനായ ക്രിസ്തുവിനേയുമാണ്  നാം സാക്ഷ്യപ്പെടുത്തുന്നതെന്നും ഷാജി വൈക്കത്തുപറമ്പില്‍ പറഞ്ഞു.
   
   

ഫാ.സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍
പി.ആര്‍.ഓ., കാഞ്ഞിരപ്പള്ളി രൂപത

 യേശുവിന് സാക്ഷ്യംവഹിക്കുക എന്നതാണ് ക്രൈസ്തവ ധര്‍മ്മം: ഷാജി വൈക്കത്തുപറമ്പില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക