Image

സീറോ മലബാര്‍ ദേശീയ കണ്‍വെന്‍ഷന്‍ 2012 ജൂലൈയില്‍, ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 23 November, 2011
സീറോ മലബാര്‍ ദേശീയ കണ്‍വെന്‍ഷന്‍ 2012 ജൂലൈയില്‍, ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
അറ്റ്‌ലാന്റാ: 2012 ജൂലൈ 26 മുതല്‍ 29 വരെ അറ്റ്‌ലാന്റയില്‍ വെച്ച്‌ നടത്തപ്പെടുന്ന സീറോ മലബാര്‍ ദേശീയ കണ്‍വെന്‍ഷന്റെ പ്രാരംഭ നടപടികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നതായി കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഏബ്രഹാം ആഗസ്‌തി അറിയിച്ചു. കണ്‍വെന്‍ഷന്റെ നടത്തിപ്പിനായി വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ളവരെ ഉള്‍പ്പെടുത്തി 151 അംഗങ്ങളുള്ള വിപുലമായ കണ്‍വെന്‍ഷന്‍ കമ്മിറ്റിയും, 51 അംഗ കോര്‍ കമ്മിറ്റിയും, 27 അംഗ സ്റ്റിയറിംഗ്‌ കമ്മിറ്റിയും, മറ്റ്‌ നിരവധി ഉപസമിതികളും രൂപീകരിച്ചുകഴിഞ്ഞു. നവംബര്‍ അവസാനത്തോടെ എല്ലാ കമ്മിറ്റികളും പ്രവര്‍ത്തനസജ്ജമാകും. കണ്‍വെന്‍ഷന്‍ കമ്മിറ്റികളുടെ ഔഗ്യോഗിക പ്രഖ്യാപനവും പ്രവര്‍ത്തനോദ്‌ഘാടനവും ഷിക്കാഗോ കത്തീഡ്രല്‍ ഇടവക വികാരിയും കണ്‍വെന്‍ഷന്‍ രൂപതാതല കേന്ദ്ര കമ്മിറ്റി അംഗവുമായ റവ.ഫാ. ജോയി ആലപ്പാട്ട്‌ നവംബര്‍ 27-ന്‌ നിര്‍വഹിക്കും. അന്നേദിവസം കണ്‍വെന്‍ഷന്‍ ലോഗോയുടെ പ്രകാശനവും വെബ്‌സൈറ്റ്‌ ഉദ്‌ഘാടനവും കണ്‍വെന്‍ഷന്‍ തീംസോംങ്‌ അവതരണവും രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫും നടക്കും. കണ്‍വെന്‍ഷനുബന്ധപ്പെട്ട നാളിതുവരേയുള്ള പ്രവര്‍ത്തന പുരോഗതികള്‍ തികച്ചും സംതൃപ്‌തി നല്‍കുന്നതായും കണ്‍വെന്‍ഷന്‍ സെന്ററും ഹോട്ടലുമായുള്ള ധാരണാഉടമ്പടി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നും ആഗസ്‌തി അറിയിച്ചു.

നന്നെ ചെറുപ്പം മുതല്‍ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തനം തുടങ്ങിയ ശ്രീ എം.വി. ആഗസ്‌തി പാലാ സെന്റ്‌ തോമസ്‌ കോളജില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കോളജ്‌ യൂണിയന്‍ നേതൃത്വത്തിലും, തുടര്‍ന്ന്‌ രാഷ്‌ട്രീയ രംഗത്തും സജീവമായി. വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തോടൊപ്പം ഡി.സി.എല്‍, ഡി.വൈ.എല്‍, സി.വൈ.എം തുടങ്ങിയ സംഘടനകളുടെ യൂണീറ്റ്‌, ജില്ലാ, സംസ്ഥാന നേതൃത്വങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു. കേരള സംസ്ഥാന സഹകരണ എംപ്ലോയീസ്‌ യൂണിയന്‍ താലൂക്ക്‌ ജില്ലാ കമ്മിറ്റികളിലൂടെ ട്രേഡ്‌ യൂണിയന്‍ രംഗത്തും മികച്ച പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്‌. കേരള സര്‍വ്വകലാശാലയില്‍ നിന്നും കൊമേഴ്‌സില്‍ ബിരുദവും, മധുര കാമരാജ്‌ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദപഠനവും പൂര്‍ത്തിയാക്കി. ഉപരിപഠനാര്‍ത്ഥം അമേരിക്കയിലെത്തി. ന്യൂയോര്‍ക്കിലുള്ള അഡല്‍ഫി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷനില്‍ ബിരുദവും, ഡീവ്‌റൈ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കി. 1996 മുതല്‍ കൊക്കക്കോള കമ്പനിയുടെ അറ്റ്‌ലാന്റയിലുള്ള വേള്‍ഡ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ ഫൈനാന്‍സ്‌ ഓഫീസില്‍ ജോലിചെയ്‌തുവരുന്നു.

അറ്റ്‌ലാന്റാ മലയാളി സമൂഹത്തില്‍ വിവിധ മേഖലകളില്‍ ചിരപരിചിതനായ ശ്രീ ആഗസ്‌തി നിരവധി തവണ ഗ്രെയിറ്റര്‍ അറ്റ്‌ലാന്റാ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌, സെക്രട്ടറി, ട്രഷറര്‍, കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച്‌ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്‌. വര്‍ഷങ്ങളായി അറ്റ്‌ലാന്റയില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന എക്യൂമെനിക്കല്‍ കൂട്ടായ്‌മയുടെ ആദ്യ സെക്രട്ടറിയും, ആരംഭകാലം മുതലുള്ള പ്രവര്‍ത്തകനുമാണ്‌. അറ്റാലാന്റയിലെ കേരള കാത്തലിക്‌ അസോസിയേഷന്‍ പ്രസിഡന്റ്‌, സെക്രട്ടറി, ട്രഷറര്‍ തുടങ്ങിയ പദവികളിലും അഭിമാനകരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവെച്ചിട്ടുണ്ട്‌. കാത്തലിക്‌ അസോസിയേഷനില്‍ നിന്നും, സീറോ മലബാര്‍ മിഷനിലേക്കും, സെന്റ്‌ അല്‍ഫോന്‍സാ ഇടവകയിലേക്കുമുള്ള വളര്‍ച്ചയില്‍ ദേവാലയ നിര്‍മ്മാണമുള്‍പ്പടെ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്‌. ഷിക്കാഗോ രൂപതയുടെ കീഴിലുള്ള നിരവധി ഇടവകകളില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന സെന്റ്‌ അല്‍ഫോന്‍സാ ദേവാലയത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും ഇടവകയുടെ ആരംഭം മുതല്‍ പാരീഷ്‌ കൗണ്‍സില്‍ അംഗവും, 2008 മുതല്‍ പാരീഷ്‌ കൗണ്‍സില്‍ പ്രസിഡന്റുമായി പ്രശംസനീയമായ രീതിയില്‍ നേതൃത്വം നല്‍കിവരുന്നു. ഫൊക്കാനയുടെ റീജിയണല്‍ നാഷണല്‍ നേതൃത്വങ്ങളിലും, കണ്‍വെന്‍ഷന്‍ കമ്മിറ്റികളിലും, നാഷണല്‍ ജോയിന്റ്‌ ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അറിയപ്പെടുന്ന ഒരു വാഗ്‌മിയും, മികച്ച സംഘാടകനും, മിതഭാഷിയും, വടക്കേ അമേരിക്കന്‍ മലയാളി സമൂഹത്തിലെ മുന്‍നിര സാമൂഹിക പ്രവര്‍ത്തകനുമായ ഏബ്രഹാം ആഗസ്‌തിയുടെ പ്രവര്‍ത്തന പരിചയവും, അനുഭവസമ്പത്തും, നേതൃപാടവവും സീറോ മലബാര്‍ ദേശീയ കണ്‍വെന്‍ഷന്‌ ഒരു മുതല്‍ക്കൂട്ടിയിരിക്കുമെന്നത്‌ നിസ്‌തര്‍ക്കമാണ്‌.
സീറോ മലബാര്‍ ദേശീയ കണ്‍വെന്‍ഷന്‍ 2012 ജൂലൈയില്‍, ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക