Image

സംഘടനകളും പ്രവര്‍ത്തനവും തെരഞ്ഞെടുപ്പുകളും- എ.സി. ജോര്‍ജ്

എ.സി. ജോര്‍ജ് Published on 25 June, 2014
സംഘടനകളും പ്രവര്‍ത്തനവും തെരഞ്ഞെടുപ്പുകളും- എ.സി. ജോര്‍ജ്
അമേരിക്കയിലെ വിവിധ മലയാളി ദേശീയ സംഘടനകളുടെ കണ്‍വന്‍ഷന്‍ പൂക്കാല വസന്തമാണല്ലൊ സംജാതമായിരിക്കുന്നത്. മിക്ക പ്രസ്ഥാനങ്ങളുടേയും കണ്‍വെന്‍ഷനോടനുബന്ധിച്ചു തന്നെ സംഘടനകളുടെ അടുത്ത പ്രവര്‍ത്തക സമിതിയേയും, സാരഥികളേയും തെരഞ്ഞെടുക്കും. അമേരിക്കയിലെ പ്രബലമായ രണ്ടു സെക്കുലര്‍ ദേശീയ പ്രസ്ഥാനങ്ങളായ ഫോമ-ഫൊക്കാന കണ്‍വെന്‍ഷനുകളും തെരഞ്ഞെടുപ്പുകളും അടുത്ത രണ്ടാഴ്ചകളിലായി യഥാക്രമം ഫിലാഡല്‍ഫിയായിലും ചിക്കാഗോയിലും അരങ്ങേറുകയാണ് സംഘടനയേയും പൊതുജനത്തേയും സേവിക്കാന്‍ തല്‍പ്പരരായ സേവകര്‍ അരയും തലയും മുറുക്കി തെരഞ്ഞെടുപ്പ് ഗോദയിലെത്തിക്കഴിഞ്ഞു. ഇപ്പോള്‍. ഇലക്ഷന്‍ പ്രചാരണ ബ്ലോക്ക്തല  പാര്‍ട്ടികളും, ഡിബേറ്റുകളും, മീറ്റ് ദ കാന്‍ഡിഡേറ്റ് രംഗങ്ങളും അരങ്ങുതകര്‍ക്കുന്ന സമയമാണല്ലൊ.

അമേരിക്കയിലെ വിവിധ സംഘടനകളില്‍ അധികവും രൂപീകൃതമായിരിക്കുന്നത് നോണ്‍ പൊളിറ്റിക്കല്‍, നോണ്‍ പ്രോഫിറ്റ് സ്റ്റാറ്റസില്‍ അതായത് 501-c-3 എന്ന നിയമത്തിന്റെ ക്ലോസിലാണ്. അതിന് വ്യക്തമായ രൂപരേഖകളുണ്ട്. ഭരണഘടനകള്‍ക്ക് പൊതു രൂപഭാവങ്ങളുണ്ട്. ആനിലയില്‍ വേണം ഇതെല്ലാം അമേരിക്കയില്‍ പ്രവര്‍ത്തിക്കാന്‍. പ്രവര്‍ത്തനങ്ങളിലൊ പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പുകളിലൊ യാതൊരുവിധ ചട്ട ലംഘനങ്ങളും പാടില്ലായെന്നതാണ് വിവക്ഷ. ഇവിടെ ചട്ട ലംഘനങ്ങള്‍ ഉണ്‍ടെന്നല്ലാ സൂചന. സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കി ഒരു സമവായത്തോടെയുള്ള തെരഞ്ഞെടുപ്പാണ് ഏറ്റവും അഭികാമ്യം എന്നതില്‍ തര്‍ക്കമില്ല. അഥവാ തെരഞ്ഞെടുപ്പ് നേരിടേണ്ടി വന്നാല്‍ അത് യാതൊരുവിധ സൗഹാര്‍ദ്ദങ്ങള്‍ക്കും കോട്ടം തട്ടാത്ത വിധം തികച്ചും നിയമപരവും നിഷ്പക്ഷവും, കാര്യക്ഷമതയുള്ളതും, മതങ്ങളുടെയൊ സ്ഥാപിത താല്‍പ്പര്യക്കാരുടെയൊ അവിഹിതങ്ങളായ കൈകടത്തലുകളും, ഡിക്‌റ്റേഷനുകളും ഒഴിവാക്കിയുള്ളതും ആകണം. ഇന്ത്യയിലെ ലോകസഭാ ഇലക്ഷന്റെ അലയടികള്‍ ഇങ്ങു യുഎസിലും എത്തുകയുണ്ടായല്ലൊ. നമ്മുടെ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ക്ക് രാഷ്ട്രീയ സ്വഭാവമില്ലെങ്കിലും പറയാന്‍ മാത്രം അത്ര അഴിമതിയൊന്നും ഇല്ലെങ്കില്‍ തന്നെയും ചില നിഷ്‌ക്രിയതയും തെറ്റായ പ്രവര്‍ത്തന രീതികളുമില്ലേയെന്ന്് ചിന്തിക്കേണ്ടിയിരിക്കുന്നു.

കേരള രാഷ്ട്രീയത്തിലെ പയറ്റിതെളിഞ്ഞതൊ കലങ്ങിയതൊ ആയ യംഗ് ടര്‍ക്കികളുടെയൊ തുര്‍ക്കികളുടെയൊ അല്ലെങ്കില്‍ മൂത്തതിന്റെയൊ ഇളയതിന്റെയൊ ഒരു പ്രവര്‍ത്തനമല്ല ഇവിടെ യുഎസില്‍ പ്രായോഗികവും നിയമപരവും. 501-c-3യിലുള്ള സംഘടനകള്‍ക്ക് രാഷ്ട്രീയം പാടില്ല. കുത്തിതിരുപ്പും കുതികാല്‍വെട്ടും കാലുമാറ്റവും ചാക്കിട്ടുപിടുത്തവും ഇവിടെ ഒട്ടും പ്രശംസനീയമല്ല. യൂത്തിനും വനിതകള്‍ക്കും കൂടുതല്‍ പ്രാധാന്യം കൊടുക്കണമെന്ന ശബ്ദം പലപ്പോഴും മുഴങ്ങാറുണ്ട്. അവര്‍ക്കായി ചിലസംഘടനകളിലെ ഭരണഘടനയില്‍ സംവരണം പോലുമുണ്ട്. പിന്നെ യൂത്തോ, വനിതയോ ഇലക്ഷനില്‍ നിന്നാല്‍ എതിര്‍പ്പുകള്‍ അധികം നേരിടേണ്ടി വരുന്നില്ല. ചില അവസരങ്ങളില്‍ അവര്‍ വോട്ടുകള്‍ തൂത്തുവാരാറുമുണ്ട്. പക്ഷെ തെരഞ്ഞെടുപ്പിനു ശേഷം ഇത്തരം യൂത്തുകളെയൊ വനിതകളെയൊ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിനു തന്നെ കണ്ടില്ലെന്നും വരാം. ഇതേ ഗതികേട് ചില മുതിര്‍ന്ന അംഗങ്ങളില്‍ നിന്നുമുണ്ടാകാറുണ്ടെന്നുമുള്ള വസ്തുത മറച്ചുവെക്കുന്നില്ല. അതുപോലെ യൂത്തുകളെയും വനിതകളെയും മുഖവിലക്കെടുക്കാത്ത ചില മൂപ്പന്മാരായ പല്ലുകൊഴിഞ്ഞ സിംഹങ്ങളെയും കാണാറുണ്ട്. അവര്‍ വെറും വഴിമുടക്കികളായി അധികാരത്തിന്റെ സിംഹാസനങ്ങളില്‍ ആരോ പിടിച്ചു കെട്ടിയ മാതിരി അല്ലെങ്കില്‍ ആസനങ്ങളില്‍ ഗ്ലൂ പുരട്ടി ഒട്ടിച്ച മാതിരി കടല്‍കിഴവന്മാരുടെ മാതിരി കുത്തിയിരിക്കും. അവരുടെ കാര്യം പറഞ്ഞാല്‍ 'നായ ഒട്ടു പുല്ലു തിന്നുകയുമില്ല പശുക്കളെ കൊണ്ട് തീറ്റിക്കുകയുമില്ല' എന്ന പോലെയാണ്.

എന്നാല്‍, എല്ലാവരുമല്ലകേട്ടൊ,  ചില യൂത്തുകളുടെ കാര്യം പറഞ്ഞാല്‍ അതിലും കടയാണു്. കഴുത്തില്‍ ഷാളും തൂക്കി സുതാര്യമായ മല്‍മല്‍ ഖദറും ധരിച്ച് അതിവേഗം ബഹുദൂരം പ്രസിഡന്റ് എന്ന അത്യുന്നത അധികാര കസേരയിലേക്ക് കിതച്ചുകൊണ്ട് ഒറ്റ ഓട്ടമാണ്. അധികാര സിംഹാസനം ഉടന്‍ കിട്ടിയേ തീരൂ. അതിന് ഏത് തന്ത്രവും മിനയാന്‍ മടിയില്ല. എട്ടും പൊട്ടും തിരിയാത്ത ഇത്തരക്കാര്‍ കുറച്ചു കൂടി സംഘടനകളുടെ താഴെത്തട്ടിലെ ശ്രേണികളില്‍ പ്രവര്‍ത്തിച്ച ശേഷം വേണം സംഘടനകളുടെ പരമോന്നത പദവികളെ ലക്ഷ്യമാക്കി തട്ടി കൂട്ടു ഇലക്ഷന്‍ പാനലും അജണ്‍ടയും മാനിഫെസ്റ്റോയുമായി എടുത്തു ചാടാന്‍. മറ്റു ചിലര്‍ക്കാണെങ്കില്‍ പ്രവര്‍ത്തിക്കാന്‍ ഒട്ടു നേരവുമില്ലതാനും. എന്നാലും അധികാരം കൈവിടാനൊരു മടി. ഇപ്പോഴത്തെ പ്രവര്‍ത്തക സമിതിയുടെ ചില ആളുകളുടെ തന്ത്രങ്ങളും കുതന്ത്രങ്ങളും പ്രത്യക്ഷവും, പരോക്ഷവുമായ സപ്പോര്‍ട്ടുകളും ജാതിയും മതവും വര്‍ഗ്ഗവും ഇറക്കുമതി ചെയ്ത് ഇലക്ഷന്‍ സംവിധാനത്തെ തന്നെ നിയമ ജനാധിപത്യ വിരുദ്ധമായി അവരോധിച്ച് വേണ്ടി വന്നാല്‍ ഇലക്ഷന്‍ ഫലം തന്നെ സ്വാധീനിക്കാനുള്ള അവിശുദ്ധമായ യത്‌നങ്ങളും കണ്ടില്ലെന്നു നടിയ്ക്കാന്‍ ആവുന്നില്ല.

അമേരിക്കയിലെ മിക്ക സാമൂഹ്യസംഘടനകളും ഫൊക്കാനാ-ഫോമാ ദേശീയ അംബ്രല്ലാ ഓര്‍ഗനൈസേഷനുകളില്‍ അംഗങ്ങളാണ്. എന്നാല്‍ ഈ ദേശീയ ഓര്‍ഗനൈസേഷനുകള്‍ ഒരു തരത്തിലും ലോക്കല്‍ സംഘടനകളുടെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകളില്‍ അവിഹിതമായി ഇടപെടുന്നതും അംഗങ്ങളെ പങ്കുവെക്കുന്നതും ഒട്ടും ആരോഗ്യപരമല്ലാ, അഭികാമ്യമല്ല. ദേശീയ പ്രസ്ഥാനങ്ങളുടെയൊ ലോക്കല്‍ പ്രസ്ഥാനങ്ങളിലെയൊ ചില മുന്‍ സ്ഥാനപതികള്‍ 'എക്‌സ്‌കള്‍' സ്ഥിരം അധികാരികളും നേതാക്കളുമായി ചമയരുത്. അവര്‍ വേദിയിലും വീഥിയിലും എപ്പോഴും ക്ഷണിതാക്കളും ഭദ്രദീപം കൊളുത്തുന്നവരും സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നവരും നയിക്കുന്നവരുമാകരുത്. അത് ജനാധിപത്യമല്ലാ. അവരുടെ ആസനത്തിലെ ഗ്ലൂ കഴുകി കളയേണ്ട സമയമായിരിക്കുന്നു. അവരെപ്പറ്റി ചിലരെങ്കിലും പാടി തുടങ്ങി 'പാണ്ടന്‍നായുടെ പല്ലിനുശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ലായെന്ന്.' ഇവിടെ ഒത്തിരി ചാണക്യതന്ത്രം മിനയേണ്ട കാര്യമില്ല. ഇവിടെ കിംഗ് മേക്കറന്മാര്‍ക്ക് യാതൊരുവിധ സ്വാധീനവും കൊടുക്കാന്‍ അവസരമൊരുക്കരുത്. എന്നാല്‍ അസ്സോസിയേഷന്‍ പ്രവര്‍ത്തകര്‍ ഫൊക്കാനയിലൊ ഫോമയിലൊ സംബന്ധിക്കുന്നതും പ്രവര്‍ത്തിക്കുന്നതും പ്രോല്‍സാഹിപ്പിക്കുകയുമാകാം.

വേറെ ചില അധികാര മോഹികളൊ ചുമ്മാ സ്ഥാനമോഹികളോ, സേവന കുതുകികളോ, ദാഹികളോ സംഘടനയിലെ ഏതെങ്കിലും ഇലക്റ്റഡൊ നോമിനേറ്റഡൊ ആയ പദവികളില്‍ എങ്ങനെയെങ്കിലും കയറി വരും. പിന്നെ അവിടെ തന്നെ വാവല്‍ പോലെ കടിച്ചു തൂങ്ങും. പിന്നെ അവിടെ കടിയൊ പിടിയൊ വിട്ടാല്‍ പിന്നെ മറ്റൊരു സ്ഥാന ചില്ലയിലേക്ക് കുരങ്ങുമാതിരി എടുത്തു ചാടി പിടിക്കും. വേണ്ടി വന്നാല്‍ ചില ചേഷ്ടകളും കാണിക്കും. എന്നിട്ടു പറയുന്നതോ താനൊരു അധികാര മോഹിയല്ലെന്ന്. ജനം നിര്‍ബന്ധിച്ച് സ്ഥാനാര്‍ത്ഥിയാക്കിയിട്ടും മാറിക്കൊടുക്കുകയാണെന്ന് - കൊടുത്തതാണെന്ന്. ഒരിക്കല്‍ സെക്രട്ടറി, പ്രസിഡന്റ്, ചെയര്‍മാന്‍ ഒക്കെ ആയ ആള്‍ക്കാര്‍ വീണ്ടും പിടിവിടാതെ വല്ല കണ്‍വെന്‍ഷന്‍ ചെയര്‍മാനൊ, കണ്‍വീനറൊ, കോ ഓര്‍ഡിനേറ്ററോ, കമ്മീഷനറൊ, ട്രസ്റ്റിയൊ, അഡൈ്വസര്‍ ഒക്കെ ആയി സ്ഥിരം അധികാര കസേരയില്‍ അല്ലെങ്കില്‍ അധികാര ആസനത്തില്‍ അല്പം ഗ്ലൂ പുരട്ടി കുത്തിയിരിക്കും. കാരണം താനെവിടെ പോയാലും തന്റെ കൂടെ കസേരയും ഇങ്ങുപോരണം. എന്നിട്ടു പറയുന്നതോ അധികാരവും പദവിയും ഒന്നുമില്ല. പുതിയവര്‍ക്കും യൂത്തുകള്‍ക്കും വനിതകള്‍ക്കുമായി മാറിക്കൊടുത്ത് ത്യാഗത്തിന്റെ മാതൃക കാട്ടുകയാണെന്ന്. കാലങ്ങളായി വിടാതെ അലങ്കരിക്കുന്ന വിവിധ നോമിനേറ്റഡ് പദവികള്‍ ഒന്നുമല്ല പോലും. എന്തൊരു വിരോധാഭാസം. എന്തു ചെയ്യാം നാട്ടിലായാലും വിദേശത്തായാലും തങ്ങള്‍ ഉന്നതങ്ങളില്‍ ഇല്ലെങ്കില്‍ ഇവിടെല്ലാം പ്രളയം എന്നാണ് ഇക്കൂട്ടര്‍ ചിന്തിക്കുന്നത്. ഇതെല്ലാം നല്ല തമാശ.. മുട്ടന്‍ തമാശ. പ്രിയപ്പെട്ട ചിരിഅരങ്ങുകാരെ ഈവക ചിരിയുടെ വിഷയങ്ങളും മൊഴിമുത്തുകളും ഇച്ചിരി ഉപ്പും പുളിയും മധുരവും തേനും വയമ്പും ചേര്‍ത്ത് വിനോദ ചിരിവേദികളില്‍ ഒന്നവതരിപ്പിക്കണെ. വിതരണം ചെയ്യണെ.. പാവപ്പെട്ട.. പ്രിയപ്പെട്ട പൊതുജനം ഒരല്പം കുടുകുടാ ചിരിയിലൂടെ ഒന്ന് ഉറക്കെ ചിന്തിക്കട്ടെ. പിന്നെ ചിരി ആരോഗ്യത്തിനും സൗന്ദര്യത്തിനും കൈകണ്ട ഔഷധവുമാണല്ലൊ. മാളോരെ... ഒരു തരത്തിലും ഗ്രൂപ്പിസമൊ കമ്മ്യൂണലിസമൊ നമ്മുടെ സാമൂഹ്യ പ്രസ്ഥാനങ്ങളിലെ ഇലക്ഷനുകളില്‍ പ്രതിഫലിക്കാന്‍ പാടില്ല. വിവിധ മതപുരോഹിതരുടെ കെകടത്തലുകള്‍ നമ്മുടെ സാമൂഹ്യ സംഘടനാ രംഗങ്ങളെ വിഭാഗീയത സൃഷ്ടിച്ച് മലീമസമാക്കരുത്. കഴിഞ്ഞകാല ചില കണ്‍വെന്‍ഷനുകളില്‍ ഇത്തരം കടന്നുകയറ്റങ്ങള്‍ വളരെ വ്യക്തമായി അനുഭവവേദ്യമായിട്ടില്ലേയെന്നു ചിന്തിക്കുക. നമ്മുടെ സെക്കുലര്‍ സംഘടനകള്‍ അതിന്റെ ഉദ്ദേശശുദ്ധി അപ്രകാരം തന്നെ നിലനിര്‍ത്തണം.

അമേരിക്കയിലെ 501-c-3 ക്ലോസിലുള്ള സംഘടനകളില്‍ അപ്രമാധിപത്യമില്ല. ജനാധിപത്യം മാത്രം. മറ്റുള്ളവര്‍ക്കും പ്രവര്‍ത്തിക്കാനും സേവിക്കാനും ഒരവസരം കൊടുക്കുക. അവരും വന്നൊന്ന് സേവിക്കട്ടെ. പിന്നെ അവസരം വരുമ്പോള്‍ ആയുസ്സുണ്ടെങ്കില്‍ ജനാധിപത്യ പ്രക്രിയയിലൂടെ തിരിച്ചെത്തി പഴമകാര്‍ക്ക് വീണ്ടും സേവിക്കാമല്ലൊ. ഇടയ്‌ക്കൊക്കെ ഒന്ന് പിന്‍ബഞ്ചില്‍ ഇരുന്ന് സേവിക്കുന്നതും ന്യായമല്ലെ? പിന്നെ സാമൂഹ്യ സംഘടനകളെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന മെമ്പറന്മാര്‍ മനഃസാക്ഷിക്കനുസരിച്ച് നീതിയുക്തമായി യാതൊരുവിധ പൊള്ളയായ വാഗ്ദാനങ്ങളിലും ഉള്‍പ്പെടാത്ത സത്യസന്ധമായി നീതിയുക്തമായി ഓരോ വോട്ടും രേഖപ്പെടുത്തുക. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടുകള്‍ തേടുന്നവര്‍ അവരവരുടെ തസ്തികയില്‍ പ്രവര്‍ത്തിക്കാന്‍ യോഗ്യത നേടുന്നു. അത്രമാത്രം. അവിടെ ജയവും തോര്‍വിയുമില്ല. തത്വത്തില്‍ ജയിച്ചവരും തോറ്റവരും ഒറ്റക്കെട്ട്. ഒരുമയോടെ മുന്നോട്ട് പ്രവര്‍ത്തിക്കണം. അവിടെ സൗഹാര്‍ദ്ദങ്ങള്‍ക്ക് യാതൊരുവിധ ഉലച്ചിലും തട്ടാന്‍ പാടില്ല. കേരള രാഷ്ട്രീയമല്ല ഇവിടെ മാതൃക.

ഇവിടെ ഏതൊരു സംഘടനയിലും ഒരു ഇലക്ഷന്‍ വരികയാണെങ്കില്‍ ഓരോ സ്ഥാനാര്‍ത്ഥിക്കും തുല്യ പരിഗണനയും നീതിയും ലഭ്യമാകണം. അതായത് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടേഴ്‌സ് ലിസ്റ്റ് എല്ലാ വിവരങ്ങളോടും കൂടി ലഭ്യമാകണം. പോളിംഗ് പ്രൊസീജര്‍, ബാലറ്റ് പ്രൊസീജര്‍, വോട്ടെണ്ണല്‍, ഫലപ്രഖ്യാപന രീതികള്‍ വളരെ സുതാര്യമായ രീതിയില്‍ വ്യക്തമാക്കി കൊടുക്കണം. ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ ഭരണഘടനാപരമായി തെരഞ്ഞെടുക്കപ്പെട്ടവരും യാതൊരുവിധ ഉരുണ്ടുകളിയും അവരുടെ ഭാഗത്തുനിന്ന് ആര്‍ക്കും അനുകൂലമായൊ പ്രതികൂലമായൊ പാടില്ലാ താനും. അമേരിക്കന്‍ മലയാളി സംഘടനകളുടെ കൂടുതലായ ഒരു ഇലക്ഷന്‍ സമയമായതിനാല്‍ പൊതുവായ ചില സംഘടനാ തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ വളരെ ലഘുവായി ഇവിടെ പ്രതിപാദിച്ചുവെന്നു മാത്രം. ഇതിലെ പോസിറ്റീവ് വശം മാത്രം ശ്രദ്ധിച്ചാല്‍ മതി. എഴുതിയതില്‍ കാര്യമുണ്ടൊ എന്ന് ചിന്തിക്കുക. ഇതിലെ പരാമര്‍ശനങ്ങള്‍ പൊതുവായി എടുക്കുക. യുക്തിയോടെ സത്യസന്ധമായി സ്വീകരിക്കുക. അമേരിക്കന്‍ മലയാളികളുടെ സാമൂഹ്യ-സാംസ്‌ക്കാരിക മണ്ഡലങ്ങള്‍ ഉണരണം വികസിക്കണം അത്രമാത്രം.
സംഘടനകളും പ്രവര്‍ത്തനവും തെരഞ്ഞെടുപ്പുകളും- എ.സി. ജോര്‍ജ്
Join WhatsApp News
ശ്വാവേട്ട്ൻ 2014-06-25 08:03:39
എത്ര നാളായി ചേട്ടാ ശ്രമിക്കുന്നു. നേരെയാകണ്ടേ? കല്ല്‌ കയറ്റി വച്ച് നോക്കി. കുഴല് ഇട്ടു നോക്കി. എന്നിട്ടും സംഗതി പഴയതുപോലെ തന്നെ
വർക്കി ഉതുപ്പ് 2014-06-25 17:05:01
നാട്ടിൽ ചിക്കൻ ഗുനിയ പടർന്നു പിടിച്ചിരിക്കുന്നതുപോലെയാണ് അമേരിക്കയിൽ ഇലക്ഷൻ ജ്വരം ബാധിച്ചിരിക്കുന്നത്. ഈ പോക്കുപോയാൽ കുറെ കുടുംബങ്ങൾ നശിക്കും എന്നതിന് സംശയം ഇല്ല. ഈ മലയാളിയിൽ ഇതല്ലാതെ വാർത്തകൾ ഒന്നും ഇല്ല. എന്റെ മലയാറ്റൂർ മുത്തപ്പാ ഇത് എന്താ ഞാൻ ഈ കാണുന്നത്?
Thomas T Oommen 2014-06-25 20:01:10
Thanks dear A.C George for this rather thought-provoking article.  Your efforts organizing and conducting the debates are commendable. Wish you all the best.
Thomas T Oommen
Chairman
FOMAA Political Forum 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക