Image

ഹ്യൂസ്റ്റനില്‍ നിന്ന് കപ്പല്‍ കയറിയ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി.

എ.സി. ജോര്‍ജ് Published on 06 July, 2014
ഹ്യൂസ്റ്റനില്‍ നിന്ന് കപ്പല്‍ കയറിയ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി.
ഹ്യൂസ്റ്റന്‍: സിംഗപ്പൂര്‍ എം.എസ്.ഐ. ഷിപ്പിംഗ് കമ്പനിയില്‍ ജോലിക്കു ചേര്‍ന്ന മറൈന്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ ആറ്റിങ്ങല്‍ സ്വദേശി ശരത് പ്രഭാസുധന്‍ എന്ന മലയാളി യുവാവ് കപ്പലില്‍ സൗത്ത് കൊറിയായില്‍ നിന്ന് യാത്രതിരിച്ച് അമേരിക്കയിലെ ഹ്യൂസ്റ്റന്‍ തുറമുഖത്തെത്തി. 20 ദിവസങ്ങളോളം കപ്പലിനകത്തു തന്നെ ഹ്യൂസ്റ്റനില്‍ തങ്ങിയ ശരത് മടക്കയാത്രയില്‍ കപ്പലിലൊ മറ്റെവിടെയൊ വെച്ച് ദുരൂഹസാഹചര്യത്തില്‍ അപകടപ്പെടുകയൊ കാണാതാകുകയൊ ആണുണ്ടായതെന്ന് കപ്പലധികൃതര്‍ പറയുന്നു. എന്നാല്‍ കേരളത്തിലെ ആറ്റിങ്ങലിലുള്ള ശരത്തിന്റെ വീട്ടുകാര്‍ക്ക് മറ്റ് പല സംശയങ്ങളുമുണ്ട്.

സൗത്ത് കൊറിയയില്‍ നിന്ന് ഹ്യൂസ്റ്റനിലെത്തി കെമിക്കല്‍സ് കയറ്റിക്കൊണ്ടുപോകുന്ന കപ്പലായിരുന്നു അത്. കപ്പല്‍ ജോലിക്കാരായി മുപ്പതംഗ സ്റ്റാഫാണുണ്ടായിരുന്നത്. 25 കൊറിയക്കാരും 4 ഫിലിപ്പയിന്‍കാരും ഏക മലയാളിയായി ശരതും ആയിരുന്നു കപ്പലിലുണ്ടായിരുന്നത്. അതില്‍ ശരത്തിനെ മാത്രമാണ് മടക്കയാത്രക്കിടെ കാണാതായത്. മറൈന്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശരത് കപ്പലിലെ എഞ്ചിനീയര്‍ ട്രെയിനിയായി കന്നിയാത്രയിലാണ് അതായത് മടക്കയാത്രയില്‍ ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷനായത്.

കപ്പലില്‍ നിയമന ഓര്‍ഡര്‍ കിട്ടിയ ശരത് ദല്‍ഹിയില്‍ നിന്ന് പ്ലെയിന്‍ വഴി ഹോംഗോങ്ങില്‍ എത്തി നിര്‍ദ്ദിഷ്ട കപ്പലില്‍ ഹ്യൂസ്റ്റനിലേക്ക് പുറപ്പെട്ടു. കപ്പലില്‍ തന്നെ ഓരോ ജോലിക്കാര്‍ക്കും താമസിക്കാനായി പ്രത്യേക മുറികളുണ്ടായിരുന്നു. ഹ്യൂസ്റ്റന്‍ തുറമുഖത്ത് എത്തിയശേഷം ഹ്യൂസ്റ്റന്‍ നഗരം ചുറ്റിക്കാണാനും ഷോപ്പിംഗിനുമായിട്ടും മറ്റും മടക്കയാത്ര വരെ ചെലവഴിച്ച വിശേഷങ്ങള്‍ ആറ്റിങ്ങലിലുള്ള കുടുംബക്കാരുമായി പങ്കുവെച്ച വിവരങ്ങള്‍ ശരത്തിന്റെ പിതാവ് പ്രഭാസുധന്‍ ഹ്യൂസ്റ്റനിലെ മലയാളി അസ്സോസിയേഷന്‍ പ്രവര്‍ത്തകരായ ജോയി സാമുവലിനേയും മറിയാമ്മ തോമസിനേയും ഗോപകുമാറിനേയും ഫോണ്‍ വഴി അറിയിച്ചതായി ഇവര്‍ പറഞ്ഞു. ഹ്യൂസ്റ്റനില്‍ നിന്ന് മടക്കയാത്രയ്ക്കായി ശരത് കപ്പലില്‍ കയറിയെന്നും യാത്രക്കിടയില്‍ അന്നു തന്നെ കടലില്‍ വീണ് മരിച്ചിരിക്കുമെന്ന ഒരു റിപ്പോര്‍ട്ടു മാത്രമാണ് കപ്പല്‍ അധികാരികള്‍ ശരത്തിന്റെ മാതാപിതാക്കളെ പിന്നീട്  അറിയിച്ചത്. എന്നാല്‍ ഹ്യൂസ്റ്റനിലെ ഹാരിസ് കൗണ്ടി മെന്റല്‍ ഹോസ്പിറ്റലില്‍ നിന്ന് തിരുവനന്തപുരത്ത് ആറ്റിങ്ങലിലുള്ള ശരത് പ്രഭാസുധന്റെ ടെലിഫോണ്‍ നമ്പറിലേക്ക് ഒരു കോള്‍ വന്നത് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇട നല്‍കുകയാണ്. അപകടത്തിലൊ മറ്റൊ സുബോധം നഷ്ടപ്പെട്ട് തങ്ങളുടെ പ്രിയപുത്രന്‍ ഹ്യൂസ്റ്റനിലെ മെന്റല്‍ ഹോസ്പിറ്റലിലുണ്ടായിരിക്കുമൊ എന്ന സംശയമാണ് കേരളത്തിലെ മാതാപിതാക്കള്‍ക്ക്. ആ വിവരം അന്വേഷിച്ച് കണ്ടുപിടിക്കാനൊ സഹായിക്കാനൊ ഇവിടെ യു.എസില്‍ ആരുമില്ലാത്ത ഒരവസ്ഥയിലാണ് ഇവിടത്തെ മാധ്യമങ്ങളുടേയും സാമൂഹ്യപ്രവര്‍ത്തകരുടേയും സഹായം ആറ്റിങ്ങലിലുള്ള അവരുടെ കുടുംബം അപേക്ഷിച്ചിരിക്കുന്നത്. മുന്‍സൂചിപ്പിച്ച സാമൂഹ്യപ്രവര്‍ത്തകര്‍ ഹ്യൂസ്റ്റനിലെ മെന്റല്‍ ഹോസ്പിറ്റലിനെ സമീപിച്ചെങ്കിലും ഒരു വിവരവും ലഭ്യമായിട്ടില്ല. തിരികെ പലവട്ടം വിളിച്ചെങ്കിലും ഹ്യൂസ്റ്റനിലെ ഹോസ്പിറ്റര്‍ ഒരു വിവരവും തരുന്നുമില്ല.

ശരത് കപ്പലില്‍ നിന്ന് കടലില്‍ വീണ് മരിച്ചൊ അതൊ സുബോധം നഷ്ടപ്പെട്ട് ഹ്യൂസ്റ്റനില്‍ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടൊ എന്നതാണ് ആ കുടുംബത്തെ അലട്ടുന്ന ഏറ്റവും ദുഃഖകരമായ സത്യം. പ്രഭാസുതന്‍-ശ്രീലത ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്. മൂത്ത മകള്‍ വിവാഹമോചിതയായി 5 വയസ്സുള്ള ഒരു കുട്ടിയുമായി കുടുംബത്തിലേക്ക് തിരിച്ചുപോന്നു. പ്രഭാസുതന്‍-ശ്രീലതമാരുടെ രണ്ടാമത്തെ സന്താനമാണ് 25 വയസ്സുകാരനായ കാണാതായ ശരത്. മകന്റെ മറൈന്‍ എന്‍ജിനീയറിംഗ് പഠനത്തിനായി 10 ലക്ഷത്തോളം രൂപയാണ് ബാങ്കില്‍ നിന്ന് കടമെടുത്തത്. വാടക വീട്ടില്‍ കഴിയുന്ന ഈ കുടുംബം ബാങ്കില്‍ നിന്ന് ജപ്തിനോട്ടീസുകള്‍ കൈപ്പറ്റിക്കൊണ്ടിരിക്കുകയാണ്. ദുരൂഹ സാഹചര്യത്തില്‍ കാണാതായ മകന്റെ വിവരമെന്തായാലും സത്യമന്വേഷിച്ചറിയാനും കടാശ്വാസത്തിനായും നാട്ടിലെ മന്ത്രിമാരെ സമീപിച്ചിട്ടും ഇതുവരെ ഒരു ഗുണവും ഉണ്ടായിട്ടില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. ഏതു സാഹചര്യത്തിലായാലും നഷ്ടപ്പെട്ട ആ ഏകമകനായിരുന്നു ആ കുടുംബത്തിന്റെ ഏക പ്രതീക്ഷ. കപ്പലില്‍ ഒരു ജോലിയില്‍ പ്രവേശിച്ച ഉടനെതന്നെ മകനെ ഇപ്രകാരം ദുരൂഹസാഹചര്യത്തില്‍ കാണാതായതില്‍ മനംനൊന്ത് കഴിയുകയാണീ കുടുംബം. മകന്റെ തിരോധാനത്തെപ്പറ്റി എന്തെങ്കിലും വിവരങ്ങള്‍ ആര്‍ക്കെങ്കിലും കിട്ടിയാല്‍ ഹ്യൂസ്റ്റനിലെ ജോയി. എന്‍. സാമുവല്‍ : 832-606-5697, മറിയാമ്മ തോമസ് : 281-701-3226, ഗോപകുമാര്‍ : 832-641-3685 എന്നീ നമ്പരുകളിലൊ അല്ലെങ്കില്‍ നേരിട്ട് ശരത്തിന്റെ പിതാവിനെ ആറ്റിങ്ങലില്‍ 011 91 9446391596 ലൊ വിളിച്ചറിയിക്കുക.



ഹ്യൂസ്റ്റനില്‍ നിന്ന് കപ്പല്‍ കയറിയ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി.
Shart in Walmart store.
ഹ്യൂസ്റ്റനില്‍ നിന്ന് കപ്പല്‍ കയറിയ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി.
Shart with his coworkers.
ഹ്യൂസ്റ്റനില്‍ നിന്ന് കപ്പല്‍ കയറിയ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി.
Shart near Houston-Pasadena taxi.
ഹ്യൂസ്റ്റനില്‍ നിന്ന് കപ്പല്‍ കയറിയ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി.
Shart outside of Walmart store.
Join WhatsApp News
Action Now 2014-07-07 08:18:50
ദുരൂഹതകളുടെ പുറത്തു ദുരുഹതകൾ സൃഷ്ടിക്കുന്നതാണ് ഈ വാർത്ത. എന്തുകൊണ്ട് ഇവടെ പെരുകൊടുത്തിരിക്കുന്നവർക്ക് ഇന്ത്യൻ കൌണ്‍സിലെറ്റിൽ സമീപ്ചു സഹായം അഭ്യർഥിച്ചുകൂടാ? അവരിൽകൂടി ഹാരിസ് കൌണ്ടി മെന്റൽ ഹോസ്പിറ്റലിൽ ഈ പേരിൽ ഒരാൾ അഡമിറ്റ് ചെയ്യേതിട്ടുണ്ടോ എന്ന് അറിയാൻ കഴിയും. ദയവു ചെയ്യുത് അവിടെ ജോലി ചെയ്യുന്ന നുര്സുമാര് വഴി കണ്ടുപിടിക്കാൻ ശ്രമിക്കരുത്. അങ്ങനെ ആരെങ്കിലും ചെയ്യതാൽ അവരുടെ കഞ്ഞികുടി മുട്ടും. അതുകൊണ്ട് മലയാളിയുടെ പിൻവാതിലിൽ കൂടിയുള്ള പരിപാടി നടത്തരുത്. ഇങ്ങനെ കേരളത്തിൽ നിന്ന് വന്ന പല സിനിമാക്കാരും മുങ്ങുകയും ഒടുവിൽ പൊങ്ങുകയും ചെയ്യാറുണ്ട്. ഫോമാക്കാരും ഫോക്കാനക്കാരും തിരക്കിലായതുകൊണ്ട് അവരെ നോക്കണ്ട. അവർ മന്ത്രിമാരുമായി ഉന്നതതല ചര്ച്ചകളും സമ്മേളനങ്ങളുംനടത്തികൊണ്ടിരിക്കുകയായ്രിക്കും? പിന്നെ ജുസ്റ്റിസു ഫോർ ആളിനെ വിളിച്ചു പറഞ്ഞേക്ക്? എന്തായാലും എല്ലാം നമയിൽ കലാശിക്കാൻ ജഗധീശ്വര്ൻ സഹായിക്കട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക