Image

കഥയിലൂടെ ഈശ്വരനിലേക്ക്‌ (ഡോ. ഡി. ബാബു പോള്‍)

Published on 09 July, 2014
കഥയിലൂടെ ഈശ്വരനിലേക്ക്‌ (ഡോ. ഡി. ബാബു പോള്‍)
മഹാഭാരതം, രാമായണം, ഭാഗവതം എന്നിവയാണല്ലോ? ഭാരതീയരായ നമ്മുടെ ക്‌ളാസിക്കുകള്‍ എന്ന്‌ വിവരിക്കാവുന്ന കൃതിത്രയം. ഇവയില്‍ മഹാഭാരതവും ഭാഗവതവും വ്യാസവിരചിതമായി ഗണിക്കപ്പെടുന്നു. വ്യാസന്‍ ആദ്യം മഹാഭാരതമാണ്‌ എഴുതിയത്‌. എന്നാല്‍, ആ രചന അദ്ദേഹത്തിന്‌ വേണ്ടത്ര സന്തോഷം നല്‍കിയില്ല. ഈ അസന്തുഷ്ടിയുടെ കാര്യം നാരദനുമായി പങ്കുവെച്ചപ്പോള്‍ ഭക്തിമാര്‍ഗത്തെ തീര്‍ത്തും അവഗണിച്ച്‌ കര്‍മമാര്‍ഗത്തില്‍ ഊന്നിയാണ്‌ മഹാഭാരതം രചിച്ചത്‌ എന്നും നാരായണനെ സ്‌തുതിച്ചുകൊണ്ട്‌ ഒരു രചന നിര്‍വഹിക്കാതെ വ്യാസന്‍െറ അസന്തുഷ്ടി അസ്‌തമിക്കയില്ല എന്നും നാരദ മഹര്‍ഷി ഉപദേശിച്ചു. ഈ ഉപദേശമനുസരിച്ച്‌ നിര്‍മിതമായതാണ്‌ ഭാഗവതം. അതുകൊണ്ടാണ്‌ ഭാഗവതം കേവലം ഭക്തിയോഗത്തെക്കുറിച്ചുള്ള കൃതിയാണ്‌ എന്ന ധാരണ പരന്നിട്ടുള്ളതും അത്‌ അസ്ഥാനത്താണ്‌ എന്ന്‌ പറയേണ്ടതില്ലാത്തതും.

അതേസമയം, ഇത്‌ കേവലം ഭക്തിമാര്‍ഗം മാത്രമല്ല അന്വേഷിക്കുന്നതും കാണിച്ചുതരുന്നതും. സൂക്ഷ്‌മമായി പരിശോധിച്ചാല്‍ ഭക്തിജ്ഞാനകര്‍മ യോഗങ്ങളുടെ ഒരു ത്രിവേണീ സംഗമമാണ്‌ ഭാഗവതം എന്ന്‌ കാണാന്‍ കഴിയും എന്നാണ്‌ വിദ്വല്‍മതം.

അതായത്‌ ആസക്തി, ഭയം, ക്രോധം ഇവയില്‍നിന്ന്‌ മുക്തമായ കര്‍മയോഗിയും സദാ ആത്മചിന്തനത്തില്‍ മുഴുകി എന്നെത്തേടി എന്നില്‍ ലയിക്കുന്ന ഭക്തനും നിരന്തരമായ ജ്ഞാനനിഷ്‌ഠകൊണ്ട്‌ അന്ത$കരണശുദ്ധി നേടുന്ന ജ്ഞാനയോഗിയും എന്നെ പ്രാപിക്കാന്‍ യോഗ്യനാകുന്നു എന്ന്‌ ശ്രീകൃഷ്‌ണന്‍ ഭഗവദ്‌ഗീതയില്‍ (അധ്യായം 4, ശ്‌ളോകം 10) പറയുന്നുണ്ട്‌.

ഭാഗവതപുരാണത്തില്‍ പത്ത്‌ വിഭാഗങ്ങളാണുള്ളത്‌. സര്‍ഗം, വിസര്‍ഗം, ഉല്‍ക്കര്‍ഷം, പോഷണം, മന്വന്തരം, ഊതി, ഈശകഥ, നിരോധം, മുക്തി, ആശ്രയം എന്ന്‌ അറിവുള്ളവര്‍ പറഞ്ഞുതരുന്നു. ആദിയും അന്തവും ഇല്ലാത്തതും വാക്കുകളില്‍ വിവരിക്കാനാവാത്തതും എന്നാണ്‌ ആശ്രയത്തെ വിശേഷിപ്പിച്ചു കാണുന്നത്‌. എല്ലാ അനുഷ്‌ഠാനങ്ങളുടെയും യോഗങ്ങളുടെയും തപസ്സുകളുടെയും ലക്ഷ്യം ആശ്രയം എന്ന ഈ സനാതനാവസ്ഥയെ പ്രാപിക്കുക എന്നതാണ്‌. വാക്കുകളും ബിംബകല്‍പനകളും പ്രതിഭിന്നമായാലും ഈശ്വരോന്മുഖമായ മതങ്ങള്‍ എല്ലാം പഠിപ്പിക്കുന്നതും ഇതുതന്നെ.

ഭക്തിയുടെ ഒമ്പത്‌ പടവുകള്‍ സുവിദിതമാണ്‌. ഭാഗവതം സപ്‌തമ സ്‌കന്ധത്തില്‍ പ്രഹ്‌ളാദനാണ്‌ ഇത്‌ പറയുന്നത്‌ എന്നത്‌ അത്രതന്നെ സുവിദിതമാണെന്ന്‌ തോന്നുന്നില്ല. പ്രഹ്‌ളാദന്‍ നവലക്ഷണങ്ങള്‍ വിവരിക്കുന്നത്‌ ശ്രവണം, കീര്‍ത്തനം, വിഷ്‌ണോ:സ്‌മരണം, പാദസേവനം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നിങ്ങനെയാണ്‌ എന്ന്‌ നമുക്കറിയാം. വിഷ്‌ണോ: എന്ന പദം വൈദിക ഹിന്ദുമത സൂചകമാണ്‌ എന്നത്‌ ശരിതന്നെ. ഭാഗവതം ആ മതത്തിന്‍െറ വൈദികകൃതിയാണല്‌ളോ. എന്നാല്‍, ഈശ്വരന്‍ എന്ന്‌ ധരിച്ചാല്‍ ഈ സോപാനം മതാതീതമാണ്‌ എന്ന്‌ ഗ്രഹിക്കാന്‍ കഴിയും. ഇവയില്‍ ശ്രവണവും സ്‌മരണവും ഭാഗവതവുമായി ബന്ധപ്പെടുത്താം. പുരുഷോത്തമ ലീലാകഥാരസനിഷേവണം എന്ന്‌ ഏതോ ഭാഗവതശ്‌ളോകത്തില്‍ കാണുന്നത്‌ ദു:ഖമഗ്‌നനായ മനുഷ്യന്‌ സംസാരസാഗരം തരണംചെയ്യാനുള്ള യാനപാത്രമായി ഭാഗവതകഥാഖ്യാനത്തെ കല്‍പിക്കുന്നതിനാലാണ്‌. മേല്‍പത്തൂരും ഇത്‌ പറയുന്നുണ്ട്‌. ത്വദ്‌ഭക്തിസ്‌തുകഥാരസാമൃതഝരീ നിര്‍മര്‍ജനേന സ്വയം സിദ്ധ്യാന്തി എന്നാണ്‌ നാരായണീയത്തില്‍ വായിക്കുന്നത്‌. കഥാരസപ്രവാഹത്തില്‍ ആമഗ്‌നനാവുന്നയാളില്‍ ഭഗവദ്‌ ഭക്തി സ്വാഭാവികമായി ജനിക്കുന്നു എന്നര്‍ഥം. ഈ കഥക്ക്‌ മതം വേണ്ട. ആചാര്യനും മൗലവിക്കും ഉപദേശിക്കും പ്രയോഗിക്കാവുന്ന ആയുധമാണ്‌ അത്‌. മേല്‍പത്തൂര്‍ പറയുന്നതുതന്നെയാണ്‌ ഭാഗവതകുശലരായ എല്ലാ മഹാത്മാക്കളും പറയുന്നതും. നിഗമകല്‍പതരോര്‍ഗളിതം എന്ന്‌ തുടങ്ങുന്ന പ്രശസ്‌തമായ ആ ശ്‌ളോകത്തില്‍ നാം കാണുന്നത്‌ രസികന്മാരും ഭാവുകന്മാരും ഭാഗവതകഥാമൃതം വീണ്ടും വീണ്ടും പാനംചെയ്യാനുള്ള ആഹ്വാനമാണല്‌ളോ.

ഭാഗവതകഥാമൃതം പാനംചെയ്യാനാണ്‌ ആഹ്വാനം. ആരാണ്‌ കഥയെ അമൃതമാക്കുക? അത്‌ ദൈവകൃപകൊണ്ട്‌ മാത്രം സംലബ്ധമാകുന്ന ഒരു സിദ്ധിയാണ്‌. ഭാഗ്യസ്‌മരണാര്‍ഹനായ മള്ളിയൂര്‍ തിരുമേനിയെ ഭാഗവതഹംസം എന്ന്‌ കീര്‍ത്തിപ്പെടുത്തിയത്‌ ഈ സിദ്ധിയാണ്‌. അതിന്‌ പാരായണജന്യമായ പാണ്ഡിത്യം പോരാ. ആ പാണ്ഡിത്യം വിദ്വല്‍സഹജമായ വാക്‌ചാതുരിയോടുകൂടി പ്രകാശിപ്പിക്കാനുള്ള കഴിവ്‌ ആ പാണ്ഡിത്യത്തോട്‌ ചേര്‍ന്നുനിന്നാലും പോരാ. അതിന്‌ ദൈവകൃപതന്നെ ഒപ്പം ഉണ്ടാകണം. വ്യാസന്‍ ആവിഷ്‌കരിച്ചതിനെ രസനിഷ്യന്ദിയാക്കി സജ്ജനങ്ങള്‍ക്ക്‌ ലഭ്യമാക്കാന്‍ ശുകമഹര്‍ഷിക്ക്‌ കഴിഞ്ഞതിന്‍െറ രഹസ്യവും മറ്റൊന്നല്ല.

ശുകന്‍ െ്രെകസ്‌തവ വേദശാസ്‌ത്രത്തില്‍ സൃഷ്ടിയുടെ സമഗ്രത എന്ന്‌ വിവരിക്കപ്പെടുന്നതിന്‍െറ ആള്‍രൂപമാണ്‌ എന്നതും ഇവിടെ പ്രസ്‌താവ്യമാണ്‌. സര്‍വദൂത ഹൃദയന്‍ എന്നാണല്‌ളോ ശുകനെക്കുറിച്ച്‌ പറഞ്ഞുവരുന്നത്‌. കൗമാരത്തില്‍തന്നെ സന്യാസം വരിക്കാന്‍ ഇറങ്ങിയ വ്യക്തിയാണ്‌ ശുകന്‍.

ശുകന്‍െറ ആ യാത്ര പിതാവിന്‌ അസാമാന്യമായ വിരഹദു$ഖം സമ്മാനിച്ചു. ആ പിതാവ്‌വ്യാസമഹര്‍ഷിമകനെ ഉറക്കെ വിളിച്ചു. വിരഹകാതരമായ സ്വരത്തില്‍ വ്യാസന്‍ `പുത്രാ' എന്ന്‌ വിളിച്ചപ്പോള്‍ കാട്ടിലെ മരങ്ങളാണ്‌ വിളികേട്ടത്‌. ശുകനും വൃക്ഷങ്ങളും പ്രതിഭിന്നങ്ങളല്ല. അവ ഒന്നായിരിക്കുന്നു. ഈ പ്രപഞ്ചൈക്യഭാവന ഭാരതീയ രചനകളിലല്ലാതെ ഇത്ര ഭംഗിയായി ആവിഷ്‌കരിക്കപ്പെട്ടിട്ടില്ല എന്ന്‌ ലീലാവതി ടീച്ചര്‍ നിരീക്ഷിച്ചിട്ടുള്ളതും ഇവിടെ ഓര്‍മിക്കാവുന്നതാണ്‌.

മനുഷ്യന്‍െറയും പ്രകൃതിയുടെയും ഹൃദയങ്ങള്‍ ഒന്നാവുമ്പോഴാണ്‌ ഈശ്വരാഭിമുഖ്യം അര്‍ഥപൂര്‍ണമായ ഫലപ്രാപ്‌തിയില്‍ എത്തുന്നത്‌. ആ അവസ്ഥ സാക്ഷാത്‌കരിക്കാന്‍ കഴിയുമ്പോഴാണ്‌ ശുകമഹര്‍ഷിയെപ്പോലെ വേദകല്‍പതരുവില്‍ വിരിഞ്ഞ ഫലം എന്ന്‌ വിശേഷിപ്പിക്കുന്ന ഭാഗവതം രസനിഷ്യന്ദിയായി മാറ്റാന്‍ സാധിക്കുന്നത്‌. ഇത്‌ സുകരമോ ക്ഷിപ്രസാധ്യമോ അല്ല. എങ്കിലും അതാവണം ഭാഗവതപ്രവാചകരുടെ ലക്ഷ്യം.

പുരാണകഥകള്‍ ഒരു വ്യക്തിയുടെ രചനയല്ല. അത്‌ തലമുറകളിലൂടെ ഒരു സമൂഹം പറഞ്ഞു പഴകിയ കഥകളാണ്‌. അവ അടുക്കും ചിട്ടയും ഉണ്ടാക്കി അവതരിപ്പിക്കാന്‍ കഴിയണമെങ്കില്‍ സര്‍വദൂതഹൃദയത്വവും കൂടിയേ കഴിയൂ. നിയതി തെരഞ്ഞെടുത്ത ഉപാധി എന്നതാണ്‌ ഇവിടെ വ്യക്തിയുടെ പ്രാധാന്യം. യുഗാന്തരങ്ങളിലൂടെ പരിണമിച്ച അനന്തമര്‍ത്ത്യ സംസ്‌കൃതിയുടെ സത്തയാണ്‌ പുരാണകഥകള്‍. അവ 21ാം നൂറ്റാണ്ടിലെ മനസ്സിന്‌ ഇണങ്ങുംവണ്ണം പുനരാഖ്യാനം ചെയ്യുകയാണ്‌ പ്രഭാഷകധര്‍മം. പുനരാഖ്യാനമല്ലാതെ പുനര്‍നിര്‍മിതി പാടുള്ളതല്ല, ഏത്‌ മതത്തിലായാലും.

ഭാഗവതം ഭാരതീയ പാരമ്പര്യത്തിലെ അനര്‍ഘ നിധിയാണ്‌. അത്‌ നമ്മുടെ കുഞ്ഞുങ്ങള്‍ അറിഞ്ഞിരിക്കേണ്ട കഥകളാണ്‌. അവയില്‍ അന്തര്‍ഭവിച്ചിരിക്കുന്ന സര്‍വജന സ്വീകാര്യമായ സാരാംശങ്ങള്‍ കഥക്കൊപ്പം പറഞ്ഞുകൊടുക്കണം എന്നുമാത്രം. ഭാഗവതം ഒരു മതസാഹിത്യമായി മാത്രം കാണേണ്ടതില്ല. അങ്ങനെ കാണുന്നവര്‍ അങ്ങനെ കണ്ടുകൊള്ളട്ടെ. അമ്പുകള്‍കൊണ്ട്‌ വനത്തിന്‌ പന്തലിടുന്നു എന്ന്‌ ഖാണ്ഡവദാഹത്തില്‍ പറയുന്നത്‌ അവിശ്വസനീയമാണ്‌ എന്ന്‌ തര്‍ക്കിക്കാനല്ല, അതില്‍നിന്ന്‌ ഗുണപാഠം ഉള്‍ക്കൊള്ളാനാണ്‌ ഭാഗവത പഠിതാക്കള്‍ ശ്രദ്ധിക്കേണ്ടത്‌. കുചേലന്‍െറ അവില്‍ എത്രയോ ക്രിസ്‌തീയ മതപ്രഭാഷണങ്ങളില്‍ ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്‌! ഭാഗവതം എന്‍െറ മതഗ്രന്ഥമല്ല. എന്നാല്‍, അത്‌ എന്‍െറ സാംസ്‌കാരിക പൈതൃകത്തിന്‍െറ അനുപേക്ഷണീയമായ അംശമാണ്‌.

(ഒരു ഭാഗവതസപ്‌താഹയജ്ഞത്തിലെ ഉദ്‌ഘാടന പ്രസംഗം: സംക്ഷിപ്‌തരൂപം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക