Image

മുല്ലപ്പെരിയാര്‍ -സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത ജനങ്ങള്‍ക്കു ബോധ്യപ്പെടണം: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍

Published on 26 November, 2011
മുല്ലപ്പെരിയാര്‍ -സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത ജനങ്ങള്‍ക്കു ബോധ്യപ്പെടണം: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍

കൊച്ചി: ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ ഡാമിന്റെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കി രാഷ്ട്രീയ നാടകം നടത്താതെ പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതാക്കളുടെയും ആത്മാര്‍ത്ഥതയും അടിയന്തര നടപടികളും ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍.

വര്‍ഷങ്ങളായി ഒരു ജനത മുഴുവന്‍ ഭയപ്പാടിന്റെ മുള്‍മുനയിലാണ്. നിരവധി പഠനസംഘങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും മുല്ലപ്പെരിയാര്‍ സന്ദര്‍ശനവിവരണങ്ങളും പഠനറിപ്പോര്‍ട്ടുകളും കേന്ദ്ര കേരള സര്‍ക്കാരുകളുടെ മുമ്പില്‍ സമര്‍പ്പിക്കപ്പെട്ടതാണ്. ഒട്ടനവധി ബഹുജനസമരങ്ങളില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുക മാത്രമല്ല ഇപ്പോഴും ജീവനുവേണ്ടിയുള്ള പോരാട്ടം തുടരുകയുമാണ്. ഫലപ്രദമായ നടപടികള്‍ എടുക്കാതെ നിസംഗത കാട്ടിയവര്‍ ഇപ്പോള്‍ നടത്തുന്ന രോഷപ്രകടനവും നിവേദനം സമര്‍പ്പിക്കലും രാഷ്ട്രീയ നാടകത്തിനപ്പുറം എങ്ങനെ മുഖവിലയ്‌ക്കെടുക്കാനാകുമെന്ന് അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വിസി സെബാസ്റ്റ്യന്‍ ചോദിച്ചു.

ശക്തമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കു തയ്യാറാകാതെ വര്‍ഷങ്ങളായി കേട്ടുതഴമ്പിച്ച പല്ലവികള്‍ക്കപ്പുറം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലുകളും ഇച്ഛാശക്തിയും ഇക്കാര്യത്തില്‍ പ്രകടമാകണം. കേന്ദ്രവും കേരളവും ഇപ്പോള്‍ ഭരിക്കുന്നത് കോണ്‍ഗ്രസ് മുന്നണിയാണ്. കേന്ദ്രമന്ത്രിസഭയിലെ പ്രമുഖര്‍ കേരളനേതാക്കളുമാണ്. ഇത്രയും ഗൗരവമേറിയ പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയെക്കാണുവാന്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ വിട്ടുനിന്നത് ദുരൂഹതയേറുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെയും നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെയും നിവേദകസംഘത്തോടുള്ള അഭിപ്രായപ്രകടനങ്ങളിലെ വൈരുദ്ധ്യവും കേന്ദ്രസര്‍ക്കാരിന്റെ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിലുള്ള ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്.
പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിരന്തരമായി ഭൂമികുലുക്കങ്ങള്‍ ഉണ്ടാകുകയും റിക്ടര്‍ സ്‌കെയില്‍ ഉയരാന്‍ സാധ്യത ചൂണ്ടിക്കാട്ടുകയും ചെയ്യുമ്പോള്‍ അധികാരത്തിലിരിക്കുന്നവര്‍ നടത്തുന്ന വികാരപ്രകടനങ്ങള്‍ ജനങ്ങളെ കൂടുതല്‍ ഭയപ്പെടുത്തുകയേ ഉള്ളൂ. ഈ അതിഭീകരാവസ്ഥയില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പുനരധിവാസ ക്രമീകരണങ്ങളെക്കുറിച്ച് അതീവഗൗരവമായി ചിന്തിക്കാതെ ലാഘവത്തോടെയുള്ള സമീപനം ഭരണസംവിധാനത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്തുന്നു. ആന്ധ്രയിലെയും, തമിഴ്‌നാട്ടിലെയും ജനനേതാക്കളെപ്പോലെ ജനകീയ പ്രശനങ്ങളുടെ വികാരം ഉള്‍ക്കൊള്ളുന്നവരാണ് കേരളത്തിലെ മന്ത്രിമാരും എംപിമാരും എംഎല്‍എമാരുമെങ്കില്‍ ഒറ്റക്കെട്ടായി സ്ഥാനങ്ങള്‍ രാജിവെച്ച് ജനങ്ങള്‍ക്കുവേണ്ടി വാദിക്കുവാന്‍ തയ്യാറാകണമെന്ന് വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

ഷൈജു ചാക്കോ
ഓഫീസ് സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക