Image

ജര്‍മ്മനി! പക്ഷേ ജയിപ്പിച്ചത്‌ അയ്യായിരം സാറാമ്മ, ശോശാമ്മ, ചിന്നമ്മമാര്‍ (കുര്യന്‍ പാമ്പാടി)

Published on 14 July, 2014
ജര്‍മ്മനി! പക്ഷേ ജയിപ്പിച്ചത്‌ അയ്യായിരം സാറാമ്മ, ശോശാമ്മ, ചിന്നമ്മമാര്‍ (കുര്യന്‍ പാമ്പാടി)
ബ്രസീലില്‍ ജര്‍മ്മനിയെ ജയിപ്പിച്ച കലാശകൊട്ട്‌ നടക്കുന്നതിന്‌ തൊട്ടുമുമ്പ്‌ കോട്ടയം നാഗമ്പടം മൈതാനിയില്‍ മറ്റൊരു ഫുട്‌ബോള്‍ തകര്‍ത്തുവാരുകയായിരുന്നു. ജര്‍മ്മനിയുടെയും അര്‍ജന്റീനയുടെയും ജേഴ്‌സിയിട്ട കുറെ ചെറുപ്പക്കാര്‍ എവിടെനിന്നോ സംഘടിപ്പിച്ച ബ്രസൂക്കയുമായി പരക്കംപാഞ്ഞു. ഉള്ളത്‌ പറയണമല്ലോ. അവരില്‍ പലര്‍ക്കും ബ്രസീലില്‍ കളിച്ച താരങ്ങളുടെ മുഖമുണ്ടായിരുന്നു!

പ്രവചനത്തില്‍ വരവണ്ണം പാലിച്ചത്‌ ഫുട്‌ബോള്‍ ഇതിഹാസമായ ഹിഗ്വിറ്റയെക്കുറിച്ച്‌ അതേ പേരില്‍ കഥയെഴുതിയ എന്‍.എസ്‌ മാധവനാണ്‌ അദ്ദേഹം പറഞ്ഞത്‌ ആകാശം ഇടിഞ്ഞുവീണാലും ഇത്‌ ജര്‍മ്മനിയുടെ ദിവസമാണെന്നാണ്‌. ഫുട്‌ബോളിന്റെ അലകും പിടിയും നന്നായറിയാവുന്ന എഴുത്തുകാരുടെ ഈ പെരുന്തച്ചകഴിഞ്ഞ ലോകകപ്പില്‍ നടത്തിയ പ്രവചനങ്ങള്‍എല്ലാം തന്നെ അച്ചട്ടായി.

ഇവരാരും പറയാത്ത, കാണാത്ത, ഓര്‍മ്മിക്കാത്ത ഒരു രഹസ്യം പറയാം. റിയോഡി ജനിറോ (ഷെനിറോ എന്നും ചിലര്‍ പറഞ്ഞുകേട്ടു) യില്‍ ജര്‍മ്മനിയെ ജയിപ്പിച്ചതിന്‌ പിന്നില്‍ മലയാളികളായ ആയിരക്കണക്കിന്‌ പെണ്‍മണികള്‍ ഉണ്ട്‌-സാറാമ്മ, ശോശാമ്മ, ചിന്നമ്മ, പൊന്നമ്മ, അന്നമ്മ എന്നിങ്ങനെ കുറെ `അമ്മ'മാര്‍.

രണ്ടാം ലോകമഹായുദ്ധത്തില്‍ തകര്‍ന്ന്‌ തരിപ്പണമായ ജര്‍മ്മനിയുടെ മുറിപ്പാടുകള്‍ കഴുകികെട്ടാന്‍ പോയത്‌ ഒന്നും രണ്ടുമല്ല അയ്യായിരം മലയാളി നഴ്‌സുമാര്‍. ജര്‍മ്മനിയുടെ നടുവൊടിച്ച അമേരിക്ക തന്നെ അവരുടെ പുനരുദ്ധാരണത്തിന്‌ കൈ അയച്ചു സഹായിച്ചു. ജര്‍മ്മനിയിലെ കത്തോലിക്കാ ബിഷപ്പുമാരാണ്‌ ആദ്യംകൊല്ലം ബിഷപ്പിന്‌ കത്തെഴുതിയത്‌. കുറെ പെണ്‍കുട്ടികളെ ഉടനെ അയച്ചുതരൂ. ഞങ്ങള്‍ അവരെ പഠിപ്പിച്ച്‌ നഴ്‌സുമാര്‍ ആക്കിക്കൊള്ളാം. അതിന്റെ ചുവടുപിടിച്ച്‌ എറണാകുളം, തൃശൂര്‍ രൂപതകള്‍ക്കും എസ്‌.ഒ.എസ്‌ പോയി.

മലയാളി നഴ്‌സുമാര്‍ , ബോണ്‍, മ്യൂണിക്‌, ഡ്യൂസല്‍ ഡോര്‍ഫ്‌ തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളില്‍ നിരന്നു. ``ഭാഷയായിരുന്നു ഏറ്റവും വലിയ കടമ്പ. അതുകഴിഞ്ഞപ്പോള്‍ അവിടുത്തെ കഠിനമായ തണുപ്പും ജോലിയുടെ കാഠിന്യവും പ്രശ്‌നമായി. രോഗികളുടെ ടോയ്‌ലറ്റ്‌ വൃത്തിയാക്കുന്നത്‌ ഉള്‍പ്പെടെയുള്ള പണി നാണക്കേടായി തോന്നി. പക്ഷേ ജര്‍മ്മന്‍ പെണ്ണുങ്ങളും അതുതന്നെ ചെയ്യുന്നത്‌ കണ്ടപ്പോള്‍ ആശ്വാസമായി. എന്നാല്‍ ആദ്യത്തെ ശമ്പളം നാട്ടില്‍ അമ്മച്ചിക്കും അച്ചായനും അയച്ചുകൊടുത്തപ്പോള്‍ ഉണ്ടായ ചാരിതാര്‍ത്ഥ്യംഅപാരമായിരുന്നു.''

കൊളോണിലെ നഴ്‌സുമാര്‍ തിരുവനന്തപുരത്ത്‌ നിന്നെത്തിയ ഡോക്യൂമെന്ററി സംവിധായക ഷൈനി ജേക്കബ്‌ ബഞ്ചമിനോടു പറഞ്ഞു. ഷൈനി ഹാര്‍വെസ്റ്റ്‌കമ്മ്യൂണിക്കേഷന്റെ ബാനറില്‍ നിര്‍മ്മിച്ച 75 മിനിറ്റ്‌ നീണ്ട `ട്രാന്‍സ്‌ലേറ്റഡ്‌ ലൈവ്‌സ്‌ ' എന്ന മനോഹരമായ ചിത്രത്തിനുവേണ്ടിയുള്ള അഭിമുഖത്തിലാണ്‌ അവര്‍ ഈ അനുഭവങ്ങളെല്ലാം നിരത്തിയത്‌. പ്രശസ്‌ത കഥാകാരന്‍ പോള്‍ സക്കറിയ തിരക്കഥയെഴുതിയ ഈ ചിത്രത്തിന്‌ ശബ്‌ദം നല്‌കിയതാകട്ടെ പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകനായ ശശികുമാറും, ഇംഗ്ലീഷും മലയാളവും ജര്‍മ്മനുമെല്ലാം ഇടകലര്‍ന്ന നറേഷനിലൂടെ 1960-70 കാലഘട്ടത്തില്‍ നടന്ന, ഒരുപക്ഷേ ലോകത്തിലെ ഏറ്റവും വലിയ സംഘടിത കുടിയേറ്റത്തെപ്പറ്റി ഷൈനി വിവരിക്കുന്നു.

അന്ന്‌ മലയാളി നഴ്‌സുമാര്‍ പരിചരിച്ച്‌ ജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ടുവന്ന ജര്‍മ്മന്‍കാരുടെ സന്തതി പരമ്പരയില്‍, മൂന്നാം തലമുറയില്‍പ്പെട്ടവരാണ്‌ ബ്രസീലില്‍ ചുണക്കുട്ടികളായി കളിച്ച്‌ വേള്‍ഡ്‌ കപ്പ്‌ നേടിയത്‌. ചാന്‍സലര്‍ ആഞ്‌ജലാമര്‍ക്കലിനെയും പ്രസിഡന്റ്‌ വ്‌ളാഡിമിര്‍പുട്ടിനെയും പ്രസിഡിന്റ്‌ ദീനാ റൂസഫിനെയും സാക്ഷി നിര്‍ത്തി മുക്കാല്‍ ലക്ഷം കാണികള്‍ക്കും ശതകോടി ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും മുമ്പാകെ വേള്‍ഡ്‌ കപ്പ്‌ കളിച്ച്‌ ജയിക്കാന്‍ അവരുടെ പിന്നില്‍ പ്രവര്‍ത്തിച്ച മലയാളികളെ ആരോര്‍ക്കുന്നു!

ബ്രിക്‌സ്‌ ഉച്ചകോടിക്കു ബ്രസീലില്‍ എത്തിയിട്ടും വേള്‍ഡ്‌ കപ്പ്‌ കാണാത്ത ഒരേയൊരു രാഷ്‌ട്രീയ നേതാവുണ്ട്‌. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി. മോഡി കളി കാണേണ്ടണ്ടാതിയിരുന്നു എന്നും അത്‌ നഷ്‌ടസ്വപ്‌നമായ ഇന്ത്യന്‍ ഫുട്‌ബോളിനെ വീണ്ടെടുക്കുവാന്‍ സഹായിക്കുമെന്നും ടൈംസ്‌ ഓഫ്‌ ഇന്ത്യയില്‍ ഒരു ലേഖകന്‍ എഴുതികണ്ടു. പക്ഷേ മോഡി പോകുംവഴി ബര്‍ലിനില്‍ ഇറങ്ങി അത്താഴം കഴിച്ചശേഷമാണ്‌ ബ്രസീലിലേക്ക്‌ പോയത്‌. കല്‍ക്കട്ടയിലെ മോഹന്‍ ബഗാനും ഈസ്റ്റ്‌ ബംഗാളും താരങ്ങളായ പി.കെ ബാനര്‍ജിയും ചുനി ഗോസ്വാമിയും ബയ്‌ചുങ്‌ബൂട്ടിയയും ഐ.എം. വിജയനും പോലുള്ള താരങ്ങളും അരങ്ങുതകര്‍ത്ത ഇന്ത്യ ലോകകപ്പ്‌ ഫുട്‌ബോള്‍ ഇന്ന്‌ 154-ാംറാങ്കിലാണ്‌. അത്‌ മാറ്റിയെടുക്കണമെങ്കില്‍ മോഡിയെപ്പോലെ വീറും ചൂരുമുള്ള നേതാക്കള്‍ ഫുട്‌ബോള്‍ കണ്ടേ മതിയാകൂ. കേരളത്തില്‍ പ്രതീക്ഷയ്‌ക്ക്‌ വകയുണ്ട്‌. സച്ചിന്‍ തന്നെ കേരള ഫുട്‌ബോളിന്റെ സ്‌പോണ്‍സര്‍ ആവുകയാണല്ലോ.

ജര്‍മ്മനിയുടെ തോമസ്‌ മുള്ളറും ടോണി ക്രൂസും എറിക്‌ ഡെറും ഫിലിപ്പ്‌ ലാമും (ക്യാപ്‌റ്റന്‍) ക്രിസ്റ്റോഫ്‌ ക്രാമറും മരിയോ ഗോട്‌സെയും (ഏക ഗോളടിച്ച ആള്‍) എല്ലാം കേരളത്തിലുമുണ്ട്‌. തോമസും ടോണിയും എറിക്കും ഫിലിപ്പും ക്രിസ്റ്റഫറും മരിയയുമായി. ഇറാഖില്‍ നിന്നും ജീവനുംകൊണ്ട്‌ ഓടിപ്പോന്ന നഴ്‌സുമാരില്‍ ഒരാളായ മരീനയുടെ പാലായ്‌ക്കടുത്തുള്ള ഭവനത്തില്‍ ഈ ലേഖകന്‍ എത്തിയപ്പോള്‍ കൗമാരപ്രായത്തിലുള്ള ഒരു പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിയെ കണ്ടുമുട്ടി. മരീനയുടെ ഏക ആങ്ങളയുടെ മകന്‍. പേര്‌ ബ്ലെയര്‍ ജോ എബി!

കുറെ നാള്‍ മുമ്പ്‌ ചങ്ങനാശ്ശേരിയിലുള്ള മോസ്‌കോ എന്ന സ്ഥലത്ത്‌ റഷ്യന്‍ പേരുകള്‍ ഉള്ളവരുടെ ഒരു സംഗമം തിരുവനന്തപുരത്തെ റഷ്യന്‍ സാംസ്‌കാരിക കേന്ദ്രം സംഘടിപ്പിക്കുയുണ്ടായി. കേരളത്തിന്റെ നാനാ ദിക്കുകളില്‍നിന്നും അവിടെ വന്നെത്തിയ സ്‌ത്രീപുരുഷന്മാരുടെ കൂട്ടത്തില്‍ അലക്‌സാണ്ടര്‍ പുഷ്‌കിന്‍, തോമസ്‌ സ്റ്റാലിന്‍, മാത്യു ടോള്‍സ്റ്റോയ്‌ തുടങ്ങി യവരുണ്ടായിരുന്നു. തന്മൂലം വേള്‍ഡ്‌ കപ്പ്‌ ജയിച്ച താരങ്ങളുടെ പേര്‌ ഇനിയും ജനിക്കാന്‍പോകുന്ന പലര്‍ക്കും വീഴാന്‍ സാധ്യതയുണ്ട്‌.

മലയാളത്തിനു ആദ്യത്തെ നിഘണ്ടു സമ്മാനിച്ച ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്‌ തലശ്ശേരി ഇല്ലിക്കുന്നില്‍ അന്ത്യവിശ്രമം കൊള്ളുകയാണ്‌. ജര്‍മ്മനിയില്‍ നിന്നെത്തിയ ബാസല്‍ മിഷന്‍ കേരളീയര്‍ക്ക്‌ സുവിശേഷവും ഒപ്പം പുരമേയാനുള്ള ഓടും തന്നു. കോട്ടയത്തെ സി.എസ്‌.ഐ ഇന്‍ഡസ്‌ട്രിയല്‍ സ്‌കൂളില്‍ ജര്‍മ്മന്‍കാര്‍ മലയാളികളെ ആശാരിപ്പണി പഠിപ്പിക്കുന്നു. കുമളിക്കുപോകുംവഴി ഒരു വീട്ടില്‍ കണ്ടു. രണ്ടാം ലോകമഹായുദ്ധകാലത്തെ സീമന്‍സ്‌ കമ്പനിവക ഒരു ഫ്രിഡ്‌ജ്‌ ഇന്നും മണ്ണെണ്ണകൊണ്ട്‌ പ്രവര്‍ത്തിക്കുന്നു.

ജര്‍മ്മനിയിലെ നഴ്‌സുമാരില്‍ ഒട്ടനേകം പേര്‍ അമേരിക്കയിലേക്കും കാനഡയിലേക്കും കുടിയേറിയ കഥ പിന്നീടുണ്ടായി. അവരവിടെ മക്കളും കൊച്ചുമക്കളുമായി കഴിയുമ്പോള്‍ അവശേഷിച്ച മലയാളി നഴ്‌സുമാരില്‍ ചിലരെങ്കിലും ജര്‍മ്മന്‍കാരെ വിവാഹം കഴിച്ച്‌ മക്കളും കൊച്ചുമക്കളുമായി കഴിയുന്നു. ആ മക്കളില്‍ പലരും ഡോക്‌ടര്‍മാരായി, എഞ്ചിനീയര്‍മാരായി ഡോക്‌ടറേറ്റ്‌ എടുത്ത്‌ യൂണിവേഴ്‌സിറ്റികളില്‍ അധ്യാപകരായി. പക്ഷേ അവരില്‍ പലര്‍ക്കും അമ്മമാരുടെ മലയാളി പശ്ചാത്തലം ഓര്‍മ്മയുണ്ടാവില്ല. അതിനു പരിഹാരം ഷൈനി ജേക്കബ്‌ ബഞ്ചമിനെപ്പോലുള്ളവര്‍ ഇത്തരം മനോഹരമായ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയാണ്‌.

ജര്‍മ്മനിയില്‍നിന്ന്‌ അമേരിക്കയിലേക്ക്‌ ട്രാന്‍സ്‌ മൈഗ്രേഷന്‍ നടത്തിയ മലയാളി നഴ്‌സുമാരെപ്പറ്റി പുതിയൊരു ചിത്രം നിര്‍മ്മിക്കാന്‍ ഷൈനിക്ക്‌ ആഗ്രഹമുണ്ട്‌. അതിന്‌ ചിത്രം നിര്‍മ്മിച്ച ജര്‍മ്മന്‍മലയാളി മാത്യു ജോസഫിനെപ്പോലെ ഒരു അമേരിക്കന്‍ മലയാളി തയ്യാറുണ്ടെങ്കില്‍ ഇതാ ഇ-മെയില്‍ വിലാസം: shinyrishi@gmail.com.
ജര്‍മ്മനി! പക്ഷേ ജയിപ്പിച്ചത്‌ അയ്യായിരം സാറാമ്മ, ശോശാമ്മ, ചിന്നമ്മമാര്‍ (കുര്യന്‍ പാമ്പാടി)
കോട്ടയം നാഗമ്പടം മൈതാനത്ത് വേള്‍ഡ് കപ്പ് കളിച്ച ടീം (ചിത്രം: ഇ.വി. രാഗേഷ്, മാതൃഭൂമി).
ജര്‍മ്മനി! പക്ഷേ ജയിപ്പിച്ചത്‌ അയ്യായിരം സാറാമ്മ, ശോശാമ്മ, ചിന്നമ്മമാര്‍ (കുര്യന്‍ പാമ്പാടി)
പ്രവചനത്തില്‍ ജയിച്ചു: എന്‍.എസ് മാധവന്‍
ജര്‍മ്മനി! പക്ഷേ ജയിപ്പിച്ചത്‌ അയ്യായിരം സാറാമ്മ, ശോശാമ്മ, ചിന്നമ്മമാര്‍ (കുര്യന്‍ പാമ്പാടി)
കൊളോണിലെ മലയാളി നഴ്‌സുമാരുടെ സംഗമം
ജര്‍മ്മനി! പക്ഷേ ജയിപ്പിച്ചത്‌ അയ്യായിരം സാറാമ്മ, ശോശാമ്മ, ചിന്നമ്മമാര്‍ (കുര്യന്‍ പാമ്പാടി)
മ്യൂണിക്കിലെ മലയാളി നഴ്‌സിനോടൊപ്പം
ജര്‍മ്മനി! പക്ഷേ ജയിപ്പിച്ചത്‌ അയ്യായിരം സാറാമ്മ, ശോശാമ്മ, ചിന്നമ്മമാര്‍ (കുര്യന്‍ പാമ്പാടി)
ബോണിലെ മലയാളി നഴ്‌സ്
ജര്‍മ്മനി! പക്ഷേ ജയിപ്പിച്ചത്‌ അയ്യായിരം സാറാമ്മ, ശോശാമ്മ, ചിന്നമ്മമാര്‍ (കുര്യന്‍ പാമ്പാടി)
ഷൈനി ജേക്കബ് ബഞ്ചമിന്റെ ഡോക്യുമെന്ററി
Join WhatsApp News
pappy 2014-07-18 22:12:45
ഇതു വായിച്ചപ്പോൾ എന്റെ സുഹൃത്ത് പള്ളത്തു കറിയാച്ചന്റെ കാര്യം ഓർത്തു. കറിയാച്ചന്റെ കസിൻ 'പയിലൊച്ചൻ' എന്റേയും സുഹൃത്തായി. കറിയാച്ചനെ കാണാൻ വരുമ്പോൾ ഞങ്ങൾ ഒന്നിച്ചു കൂടുകയും വർത്തമാനിക്കയും സമ്മേളിക്കയും ഒക്കെ പതിവായിരുന്നു. ആദ്യമൊക്കെ 'പൗലോസേ' എന്ന് വിളിച്ചപ്പോൾ കറിയാച്ചൻ  എന്നോടു പറഞ്ഞു, "എടാ പാപ്പി, അവനെ ഞങ്ങൾ പയിലോന്നാ വീട്ടിൽ വിളിക്കുന്നേയെങ്കിലും ചങ്ങനാശ്ശെരിൽ അവനെ 'പൗലോവ്' എന്നാ അറിയുന്നെ. പൗലോസേന്നു വിളിച്ചാൽ ഏതാണ്ട് കൊറവാ അവർക്ക്, അവന്റെ ബന്ധക്കാരെല്ലാം റഷ്യാക്കാരുമായി ബന്ധമുള്ളവരാന്നാ പറയുന്നേ, അതുകൊണ്ടവനെ അവരുടെയൊക്കെ മുൻപിൽ വെച്ചു 'പൗലോവ്' എന്നേ വിളിക്കാവൂ കേട്ടോ", എന്നു പറഞ്ഞു. "ഓക്കേടാ"ന്നു ഞാനും പറഞ്ഞു. പിന്നീട് ഞാൻ പയിലൊച്ചനെ 'പൗലോവ്' എന്നു വിളിക്കാൻ തുടങ്ങിയെങ്കിലും കറിയാച്ചാൻ പയിലോന്നും പയിലോച്ചാന്നും വിളിക്കുമ്പോൾ ഞാനും അങ്ങനെ തുടരുന്നതാണു നല്ലതെന്നു കരുതി ഞാനും പയിലോച്ചാന്നു വിളിച്ചു പോന്നു. ഞങ്ങൾ ഒരു കുടുംബം പോലെ അടുത്തു കഴിഞ്ഞിരുന്നു എന്നും ഓർക്കുക.
കഥ തീർന്നില്ല. പയിലോച്ചന്റെ മകള് ലിസി, ഒരു കൊച്ചു കുഞ്ഞായിരിക്കു മ്പോഴെ ഞാനറിയും. പൊക്കിയെടുത്തു തോളത്തു ഇട്ടു നടന്നിട്ടുണ്ട്. എന്റെ (സമപ്രായക്കാരൻ) മകനെക്കൊണ്ടേ നിന്നെ കെട്ടിക്കത്തുള്ളടി എന്നൊക്കെ കൊച്ചിലെ പറഞ്ഞു, സ്വന്തം മോളെപ്പോലെ കൊണ്ടു നടന്നതാ. അമേരിക്കയിൽ പോയി, നേഴ്സായിട്ടു. പിന്നെ ഒത്തിരി നാൾ കണ്ടിട്ടില്ല, കേട്ടില്ല. അടുത്ത കാലത്തു ന്യൂയോർക്കിൽ ഒരാശുപത്രിയിൽ ഒരു സുഹൃത്തിനെ കാണാൻ ചെന്നപ്പോൾ കൂളിംഗ് ഗ്ലാസ്സും വെച്ചു ഒരു മദാമ്മയും സായിപ്പും കുടയും ചൂടി എതിരേ നടന്നു വരുന്നു. മദാമ്മ എന്നെ ഒന്നു നോക്കിയിട്ട്, എന്റെ മുമ്പിലോട്ടു കേറി, "പാപ്പിച്ചായാ... അറിയ്യോ?", എന്നൊരു ചോദ്യം. മൂന്നു സെക്കണ്ട് ഞാൻ തരിച്ചു നിന്നു. എനിക്ക് മനസ്സിലായി അതെന്റെ ലിസിമോളാന്നു. കെട്ടിപ്പിടിച്ചു തലയിൽ ഉമ്മ കൊടുത്തു. അവൾ സായിപ്പിനെ നോക്കിപ്പറഞ്ഞു, "എന്റെ ഹസ്ബന്റാ, പേരു 'സുക്കറോവ്', റഷ്യനാ കേട്ടോ. ഞങ്ങൾ രണ്ടു പേരും ഇവിടാ വർക്ക് ചെയ്യുന്നേ". മിടുക്കനൊരു അമേരിക്കൻ പയ്യൻ, റഷ്യൻ ഒറിജിൻ പക്ഷെ ന്യൂയോർക്കിൽ ജനിച്ചു വളർന്ന പയ്യൻ. "ഹലോ" പറഞ്ഞു, വീട്ടിലോട്ടു വരാനും പറഞ്ഞു. മടങ്ങി വീട്ടിൽ വന്നു ഞാൻ ആലോചിച്ചു, 'എത്ര അത്ഭുതം! ലിസിമോളെ കണ്ടതും, അവൾ വീണ്ടും റഷ്യൻ കുടുംബം ആയി മാറിയതും! കറിയാച്ചാൻ പത്തു കൊല്ലം മുൻപ് മരിച്ചു പോയത്രെ. അവൾ അതു പറഞ്ഞതു എന്നെ ദുഖിപ്പിച്ചു. പക്ഷെ കാലത്തിന്റെ പോക്കും സംഭവവികാസങ്ങളും ഒന്നും മനസ്സിലാവുന്നില്ലലോ എന്നും തോന്നി.                                

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക