Image

സുഖ്‌റാമിന് ജാമ്യം ലഭിച്ചു

Published on 28 November, 2011
സുഖ്‌റാമിന് ജാമ്യം ലഭിച്ചു
ന്യൂഡല്‍ഹി: ടെലികോം അഴിമതിക്കേസില്‍ തടവില്‍ കഴിയുന്ന മുന്‍വാര്‍ത്താവിനിമയ മന്ത്രി സുഖ്‌റാമിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. അനുമതികൂടാതെ രാജ്യംവിട്ട് പോകരുതെന്നും പത്തുലക്ഷംരൂപ കെട്ടിവെയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പ്രായവും ശാരീരിക അവശതയും മാനിച്ചാണ് ജസ്റ്റിസ് സുരേഷ് കെയ്ത് അധ്യക്ഷനായ ബഞ്ച് സുഖ്‌റാമിന് ജാമ്യം അനുവദിച്ചത്. ദീര്‍ഘകാലമായി ഹൃദ്രോഗത്തിന് ചികിത്സതുടരുന്നകാര്യം കാണിച്ച് തീഹാര്‍ ജയില്‍ അധികൃതര്‍ നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതി പരിഗണിച്ചു.

1996ല്‍ പി.വി. നരസിംഹറാവുമന്ത്രിസഭയില്‍ ടെലികോം മന്ത്രിയായിരിക്കെ ഹരിയാണ ടെലികോം ലിമിറ്റഡ് എന്ന സ്വകാര്യകമ്പനിക്ക് വഴിവിട്ട് 30 കോടി രൂപയുടെ കരാര്‍ അനുവദിക്കുന്നതിന് മൂന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് സുഖ്‌റാമിനെ കോടതി അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചത്.

ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് നേതാവായ സുഖ്‌റാം, ഏഴ് തവണ നിയമസഭാംഗവും മൂന്ന് തവണ ലോക്‌സഭാംഗവുമായിട്ടുണ്ട്. അഴിമതിയാരോപണങ്ങളെത്തുടര്‍ന്ന് കോണ്‍ഗ്രസ്സില്‍ നിന്നു പുറത്തായ അദ്ദേഹം, ഹിമാചല്‍ വികാസ് കോണ്‍ഗ്രസ്സിന് രൂപം നല്‍കി. പിന്നീട് സംസ്ഥാനത്ത് ബി.ജെ. പി.യുടെ നേതൃത്വത്തിലുള്ള പ്രേം കുമാര്‍ ധുമാല്‍ സര്‍ക്കാറില്‍ മന്ത്രിയായെങ്കിലും അഴിമതിക്കേസില്‍ കുറ്റപത്രം ലഭിച്ചതിനെത്തുടര്‍ന്ന് രാജിവെക്കുകയായിരുന്നു.

സുഖ്‌റാമിനെതിരെയുള്ള മൂന്നാമത്തെ അഴിമതിക്കേസാണിത്. 2009ല്‍ സി.ബി.ഐ. അദ്ദേഹത്തിന്റെ വസതികളില്‍ നടത്തിയ റെയ്ഡില്‍ വരവില്‍ കവിഞ്ഞ് 4. 25 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. 2002ല്‍ മറ്റൊരു ടെലികോം അഴിമതിക്കേസില്‍ സുഖ്‌റാമിനെ മൂന്നുവര്‍ഷത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്. ഹൈദരാബാദിലെ അഡ്വാന്‍സ് റേഡിയോ മാസ്റ്റ്‌സ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായ രാമറാവുവിന് അനധികൃതമായി ആനുകൂല്യങ്ങള്‍ ചെയ്തുകൊടുത്ത് പൊതുഖജനാവിന് 1.66 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നതാണ് ഈ കേസ്. ഈ കേസിലും സുഖ്‌റാം ഇപ്പോള്‍ ജാമ്യത്തിലാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക