Image

കവിതയില്‍ തുളുമ്പിയ കവിത- അജിത് എന്‍ നായര്‍

അജിത് എന്‍ നായര്‍ Published on 28 August, 2014
കവിതയില്‍ തുളുമ്പിയ കവിത- അജിത് എന്‍ നായര്‍
പനിനീര്‍ പൂവിന് ഒരു നിഗൂഢതയുണ്ട്. എന്നാല്‍ പാരിജാതപ്പൂവിനോ ഒരു ലാളിത്യവും. സുഗന്ധം രണ്ടിന്റെയും അനിര്‍വചനീയവും. പാരിജാതപ്പൂവില്‍ ഒരു പനിനീര്‍ പൂവ്. അതാണ് ക്യാന്‍വീസ് എന്ന കവിത. ലളിതമനോഹരമായ ശൈലി, നിഗൂഢമായ അര്‍ത്ഥവ്യാപ്തിയില്‍. ഗീത രാജന്‍ എഴുതിയ ഒരു നല്ല കവിത.

ചിത്രകാരന്‍ തന്റെ ചിത്രം പൂര്‍ത്തീകരിച്ചു. വളരെ മനോഹരമായ ചിത്രം. അതില്‍ പറക്കാന്‍ വിതുമ്പുന്ന പക്ഷിയും തഴച്ചുവളരാന്‍ കൊതിക്കുന്ന വൃക്ഷവും ഒഴുകാതെ ഒഴുകുന്ന പുഴയും എല്ലാം ഉണ്ട്. വരച്ചു കഴിഞ്ഞപ്പോള്‍ ചിത്രകാരന് തന്റെ സൃഷ്ടിയില്‍ അഭിമാനം തോന്നി. അല്പം അഹങ്കാരവും. പൂര്‍ത്തിയായ തന്റെ ചിത്രം ചില്ലിട്ട കൂട്ടില്‍ വയ്ക്കുന്നതിനു മുമ്പ് അദ്ദേഹം അല്പവിരാമം എടുക്കുന്നു. ഒന്നു മയങ്ങിപ്പോയി.

പക്ഷി അറിയാതൊന്ന് ചിറകടിച്ചു നോക്കി. അല്പം ബുദ്ധിമുട്ടാണ്. ഒന്നുകൂടി ശ്രമിച്ചു. ചായം ഉണങ്ങിത്തുടങ്ങിയതിനാല്‍ പറക്കാന്‍ ബുദ്ധിമുട്ട്. ഒരു ചെറുകാറ്റ് വീശി. മരത്തിന്റെ ഇലകളുംചില്ലകളുമിളകി. അത്ഭുതം! പക്ഷിക്ക് പറക്കാന്‍ സാധിക്കുന്നു. പറന്നുയര്‍ന്ന് സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങളിലേക്ക് മായുന്നതിനുമുമ്പ് അവന്‍ തന്റെ ഇനിയും ഉറയ്ക്കാത്ത് ചുണ്ടുകള്‍ കൊണ്ട് വൃക്ഷത്തിനെയും പുഴയെയും സ്വതന്ത്രരാക്കുന്നു. പാരതന്ത്ര്യം അറിഞ്ഞവര്‍ക്കു  മാത്രമെ സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാവുകയുള്ളൂ. വൃക്ഷം പതുക്കെ ഇറങ്ങി പുഴ നല്‍കിയ ഈര്‍പ്പമുള്ള മണ്ണില്‍ തന്റെ വേരുകളെ ആഴത്തില്‍ ഇറക്കാന്‍ ശ്രമിക്കുന്നു. പുഴയോ തനിക്ക് ഒഴുകാന്‍  കിട്ടിയ  മധുരാനുഭവത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് താന്‍ എത്തിച്ചേരേണ്ട. തന്റേതു മാത്രമെന്നു കരുതുന്നു. സമുദ്രത്തിലേക്ക് ഒഴുകിപ്പോകുന്നു.

ചിത്രം വാങ്ങാന്‍ വന്ന ഞാന്‍ ചിത്രകാരനെ ഉണര്‍ത്തി. വിളറിവെളുത്ത ചിത്രകാരനും എന്തുചെയ്യണമെന്നറിയാതെ ഞാനും.

ജീവിതത്തിന്റെ നാലുതലങ്ങളിലേക്കാണ് നമ്മെ നിഗൂഢമായ് വലിച്ചുകൊണ്ടുപോകുന്നത്. ബാല്യകൗമാരയൗവ്വന അവസ്ഥയില്‍ പാറിപ്പറന്ന് ചിറകടിച്ച് രസിച്ച്, ഒന്നിനെപ്പറ്റിയും ചിന്തിക്കാതെ അലസരായി, സ്വതന്ത്രരായി ഇണകളെ തേടിയും കിട്ടുന്നതെല്ലാം കൊത്തിപ്പെറുക്കിയും പറന്നു നടക്കുന്ന പക്ഷികളെപ്പോലെ. പിന്നെ എപ്പോഴോ തിരിച്ചറിവിന്റെ വെളിച്ചം ദൂരെ കാണാന്‍ തുടങ്ങുമ്പോള്‍ സ്വന്തമസ്തിത്വത്തിനായി തായ്വേരുകള്‍ ഇറക്കുന്നു. വൃക്ഷത്തെപ്പോലെ. പിന്നെ താനാരാണ് എന്നുള്ള അന്വേഷണം തുടങ്ങുന്നു. അങ്ങനെ തേടി നടക്കുമ്പോള്‍ അിറയുന്നു താന്‍ ജീവാത്മാവാണെന്നും പരമാത്മാവില്‍ സ്വയം ലയിക്കുകയാണ് ലക്ഷ്യമെന്നും അപ്പോളതിനായുള്ള പ്രയാണമാരംഭിക്കുകയായി. പുഴയെപ്പോലെ.

ഇതിലൊന്നും പെടാതെ ചിലപ്പോള്‍ ഞാനോ നീയോ അജ്ഞാനത്തിന്റെ, അഹങ്കാരത്തിന്റെ മുള്ളുവേലിയില്‍ കുരുങ്ങി ജീവിതത്തിന്റെ ഇല്ലാത്ത നിറത്തെത്തേടി അലഞ്ഞുതിരിഞ്ഞ് വരകളില്ലാതെ വെറും വട്ടപ്പൂജ്യമായി മാറുന്നു.
http://www.emalayalee.com/varthaFull.php?newsId=76840


കവിതയില്‍ തുളുമ്പിയ കവിത- അജിത് എന്‍ നായര്‍
Join WhatsApp News
Ravi Nair 2014-08-31 18:26:54
പ്രിയ അജിത്‌,

ഗീതാ രാജന്റെ കവിത വളരെ നന്നായി.

പക്ഷെ എനിക്ക് അതിനെക്കാൾ ഇഷ്ടമായത് അജിത്തിന്റെ കവിതാ നിരൂപണമാണ്. ഒരു പക്ഷെ തന്റെ കവിതയ്ക്ക് കവി കാണാത്ത അർത്ഥ തലങ്ങൾ നിരൂപകൻ കണ്ടെത്തിയിരിക്കുന്നു.  പുഴയേയും  വൃക്ഷത്തേയും പക്ഷിയേയും ചിത്രകാരന്റെ മാനസികനിലയെ തന്നെയും ജീവിതത്തിന്റെ നാല് തലങ്ങളിലേക്ക് ഉപമിക്കാൻ തോന്നിയ ആ ഭാവന പ്രശംസനീയം.

വാക്കുകൾക്ക് അതീതമാണ് ഈ നിരൂപണം.

ഇനിയും എഴുതുക....

രവി ...
Geetha Rajan 2014-09-01 09:54:21
അനുവാചകന്റെ വായനയിൽ ..വിലയിരുത്തലിലുമാണ് ഒരു സൃഷ്ടിയുടെ പൂർണ്ണത!  മാധ്യമം വാരികയിലും തുടർന്ന് ഇ മലയാളിയിലും പ്രസിദ്ധികരിച്ച കാൻവാസ്  എന്ന കവിതയുടെ അർത്ഥപൂർണമായ ഈ വായന എന്നിലെ എഴുത്തുകാരിക്ക് കിട്ടുന്ന ഏറ്റവും വല്ല്യ അംഗീകരമായ് കരുതുന്നു...നന്ദി അജിത്‌....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക