Image

ഫേസ്‌ബുക്ക്‌ ആയിരത്തോളം പേരെ നിയമിക്കാനൊരുങ്ങുന്നു (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 03 December, 2011
ഫേസ്‌ബുക്ക്‌ ആയിരത്തോളം പേരെ നിയമിക്കാനൊരുങ്ങുന്നു (അങ്കിള്‍സാം വിശേഷങ്ങള്‍)
ന്യൂയോര്‍ക്ക്‌: പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റായ ഫേസ്‌ബുക്ക്‌ വന്‍തോതില്‍ നിയമനത്തിനൊരുങ്ങുന്നു. സാമ്പത്തിക രംഗത്ത്‌ അനിശ്ചിതത്ത്വം തുടരുന്നതിനിടയിലും അടുത്ത വര്‍ഷം ആയിരത്തിലധികം പുതിയ ജീവനക്കാരെ നിയമിക്കാന്‍ ഒരുങ്ങുകയാണ്‌ കമ്പനി. അമേരിക്കയിലെ എന്‍ജിനിയറിങ്‌ വിഭാഗത്തിലായിരിക്കും പുതിയ നിയമനങ്ങളെന്ന്‌ ഫേസ്‌ബുക്ക്‌ ചീഫ്‌ ഓപ്പറേറ്റിങ്‌ ഓഫീസര്‍ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ്‌ വ്യക്തമാക്കി.

പാലോ ആള്‍ട്ടോയിലെ ആസ്ഥാനത്തിലും സീറ്റിലിലെ വിഭാഗത്തിലും പുതിയ എന്‍ജിനിയര്‍മാരെ നിയമിക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്‌ട്‌. 80 കോടിയിലധികം അംഗങ്ങളുള്ള ഫേസ്‌ബുക്ക,്‌ ഇനീഷ്യല്‍ പബ്ലിക്ക്‌ ഓഫറിലൂടെ അടുത്ത വര്‍ഷം ഓഹരി വിപണിയിലിറങ്ങാന്‍ തയ്യാറെടുക്കുകയാണ്‌. 3000ത്തോളം ജീവനക്കാരാണ്‌ ഫേസ്‌ബുക്കില്‍ നിലവില്‍ ജോലി ചെയ്യുന്നത്‌. എന്നാല്‍, അടുത്ത കാലത്ത്‌ തന്നെ ജീവനക്കാരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുമെന്ന്‌ സാന്‍ഡ്‌ബെര്‍ഗ്‌ വ്യക്തമാക്കി കഴിഞ്ഞു.

നാറ്റോ ആക്രമണം: ഖേദം പ്രകടിപ്പിക്കില്ലെന്ന്‌ യുഎസ്‌

വാഷിംഗ്‌ടണ്‍: നാറ്റോ വ്യോമാക്രമണത്തില്‍ 24 പാക്ക്‌ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുഎസിലെ ഒബാമ ഭരണകൂടം ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തില്ല. പാക്കിസ്‌ഥാന്റെ പരമാധികാരത്തെ യുഎസ്‌ ആദരിക്കുന്നുവെന്നും എന്നാല്‍ സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ ഖേദപ്രകടനം നടത്തില്ലെന്നും സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്ടുമെന്റ്‌ വക്‌താവ്‌ മാര്‍ക്‌ ടോണര്‍ അറിയിച്ചു. സത്യാവസ്‌ഥ എന്താണെന്ന്‌ അന്വേഷണത്തിലൂടെ കണെ്‌ടത്താനാവും. പാക്കിസ്‌ഥാനുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കാന്‍ യുഎസ്‌ പ്രതിജ്‌ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്‌ച പുലര്‍ച്ചെയാണു പാക്ക്‌ സൈനിക പോസ്‌റ്റിനു നേരെ നാറ്റോയുടെ വ്യോമാക്രമണം ഉണ്‌ടായത്‌. ഇതേതുടര്‍ന്നു കൂടുതല്‍ വഷളായ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഒബാമ അനുശോചനം രേഖപ്പെടുത്തുമെന്നു അഭ്യൂഹങ്ങളുണ്‌ടായിരുന്നു.

നാറ്റോ ആക്രമണം: യുഎസ്‌ നയിക്കുന്ന അന്വേഷണത്തില്‍ പാക്കിസ്‌ഥാന്‍ പങ്കെടുക്കില്ല

വാഷിംഗ്‌ടണ്‍: നാറ്റോ വ്യോമാക്രമണത്തില്‍ 24 പാക്ക്‌ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുഎസ്‌ നേതൃത്വം നല്‍കുന്ന അന്വേഷണത്തില്‍ പാക്കിസ്‌ഥാന്‍ പങ്കെടുക്കില്ല. യുഎസ്‌ പ്രതിരോധമന്ത്രാലയം പെന്റഗണാണ്‌ ഇക്കാര്യം അറിയിച്ചത്‌. അന്വേഷണത്തില്‍ പങ്കാളിയാവാന്‍ പാക്കിസ്‌ഥാനെ ക്ഷണിച്ചുവെങ്കിലും അവര്‍ അതു നിരസിക്കുകയാണ്‌. അന്വേഷണത്തില്‍ പാക്കിസ്‌ഥാന്റെ പങ്കാളിത്തം സുപ്രധാനമാണെന്നു യുഎസ്‌ കരുതുന്നു. അതുകൊണ്‌ടു തന്നെ ആ രാജ്യത്തെ ഞങ്ങള്‍ അന്വേഷണത്തിലേക്കു സ്വാഗതം ചെയ്യുന്നു-പെന്റഗണ്‍ മാധ്യമ സെക്രട്ടറി ജോര്‍ജ്‌ ലിറ്റില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാക്കിസ്‌ഥാനുമായുള്ള ബന്ധം യുഎസിന്‌ പ്രധാനപ്പെട്ടതാണെന്നും ഭീകര്‍ക്കെതിരായ പോരാട്ടം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആ രാജ്യത്തിന്റെ സഹകരണം അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസ്‌ സെന്‍ട്രല്‍ കമാന്‍ഡിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന അന്വേഷണത്തില്‍ പങ്കാളികളാവാന്‍ അഫ്‌ഗാന്‍, പാക്ക്‌ സര്‍ക്കാരുകളെ യുഎസ്‌ ക്ഷണിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്‌ച പുലര്‍ച്ചെയാണു പാക്ക്‌ സൈനിക പോസ്‌റ്റിനു നേരെ നാറ്റോയുടെ ആക്രമണം നടന്നത്‌. സൈനികരാണെന്ന്‌ അറിഞ്ഞുതന്നെയാണ്‌ യുഎസ്‌ നേതൃത്വത്തിലുള്ള നാറ്റോ സൈന്യം ആക്രമണം നടത്തിയതെന്നു പാക്ക്‌ സൈന്യത്തിലെ ഉന്നതര്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.

തടവ്‌ ശിക്ഷയ്‌ക്കെതിരെ ഡോ.കോണ്‍റാഡ്‌ മുറെ അപ്പീല്‍ നല്‍കും

ലോസ്‌ഏയ്‌ഞ്ചല്‍സ്‌: പോപ്പ്‌ രാജാവ്‌ മൈക്കല്‍ ജാക്‌സന്റെ മരണത്തില്‍ നാലു വര്‍ഷത്തെ തടവിനു വിധിക്കപ്പെട്ട ജാക്‌സന്റെ സ്വകാര്യ ഡോക്‌ടര്‍ കൊണ്‍റാഡ്‌ മുറെ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കും. ഇക്കാര്യം ചൂണ്‌ടിക്കാട്ടി മുറെ ലൊസാഞ്ചല്‍സ്‌ കോടതിയില്‍ നോട്ടീസ്‌ ഫയല്‍ ചെയ്‌തു. അപ്പീല്‍ നല്‍കുന്നതിന്റെ ഭാഗമായി കേസുമായി ബന്ധപ്പെട്ട രേഖകള്‍ തനിക്കു കൈമാറണം എന്നാവശ്യപ്പെട്ടാണ്‌ മുറെ നോട്ടീസ്‌ ഫയല്‍ ചെയ്‌തത്‌. അതേസമയം, കോടതി വിധിക്കെതിരെ എന്തു വാദമാണ്‌ അപ്പീലില്‍ ഉന്നയിക്കുക എന്നു വ്യക്‌തമാക്കിയിട്ടില്ല.

ചൊവ്വാഴ്‌ചയാണ്‌ മുറെയ്‌ക്കെതിരെ കോടതി നാലു വര്‍ഷം തടവ്‌ ശിക്ഷ വിധിച്ചത്‌. പ്രോപോഫോള്‍ എന്ന മയക്കുമരുന്ന്‌ അമിതമായി ഉള്ളില്‍ ചെന്ന്‌ 2009 ജൂണ്‍ 25നായിരുന്നു ജാക്‌സന്റെ മരണം. മനഃപൂര്‍വമല്ലാത്ത നരഹത്യയാണു മുറേയ്‌ക്കെതിരായ കുറ്റം. ജാക്‌സനെ പരീക്ഷണവസ്‌തു പോലെയാണു മുറേ കണ്‌ടതെന്നു പറഞ്ഞ ജഡ്‌ജി, ഡോക്‌ടറുടെ മനസ്സാക്ഷിക്കുത്തില്ലെന്നു കുറ്റപ്പെടുത്തിയിരുന്നു.

ബില്ലി ഗ്രഹാമിന്‌ വീണ്‌ടും ന്യുമോണിയ

നോര്‍ത്ത്‌ കാരലീന: പ്രമുഖ യുഎസ്‌ സുവിശേഷകന്‍ ബില്ലി ഗ്രഹാമി(93)ന്‌ ഈ വര്‍ഷം രണ്‌ടാം വട്ടവും ന്യുമോണിയ. ആന്റിബയോട്ടിക്‌ ചികിത്സയോട്‌ അദ്ദേഹത്തിന്റെ ശരീരം പ്രതികരിക്കുന്നുണെ്‌ടന്ന്‌ അദ്ദേഹത്തെ ചികിത്സിക്കുന്ന നോര്‍ത്ത്‌ കാരലിന ആശുപത്രി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മേയിലും അദ്ദേഹത്തിന്‌ ന്യുമോണിയ ബാധിച്ചിരുന്നു. ലോകമാസകലം സുവിശേഷ പ്രസംഗം നടത്തിയിട്ടുള്ളയാളാണ്‌ ഗ്രഹാം. ഒട്ടേറെ മുന്‍ യുഎസ്‌ പ്രസിഡന്റുമാര്‍ക്കും അദ്ദേഹം ആത്മീയ ഉപദേശം നല്‍കിയിട്ടുണ്‌ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക