Image

സലിംകുമാര്‍ വിമര്‍ശിക്കപ്പെടുമ്പോള്‍...

Published on 03 December, 2011
സലിംകുമാര്‍ വിമര്‍ശിക്കപ്പെടുമ്പോള്‍...
ഇതുവരെ പൊതുവില്‍ അത്രത്തോളം ശ്രദ്ധിക്കപ്പെട്ട ഒരു വ്യക്തിയായിരുന്നില്ല ചലച്ചിത്രതാരം റീമാകല്ലുങ്കല്‍. ഒരു സിനിമാ നായിക എന്നതിനും അപ്പുറത്തേക്ക്‌ റീമാ കല്ലുങ്കലിന്‌ വലിയ പ്രസക്തിയുമുണ്ടായിരുന്നില്ല. ഋതു എന്ന ആദ്യ സിനിമക്കും അപ്പുറത്തേക്ക്‌ മികച്ച വേഷങ്ങളോ സിനിമകളോ ഈ നടിക്ക്‌ ലഭിച്ചിരുന്നുമില്ല. എന്നാലിപ്പോള്‍ റീമാ കല്ലുങ്കല്‍ കേരളീയ യുവത്വത്തിന്‌ ചര്‍ച്ചാ വിഷയമായിരിക്കുന്നു. അതും ട്വിറ്റര്‍ എന്ന സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റിലൂടെ നല്‍കിയ ഒരു സന്ദേശം കൊണ്ട്‌.

മുല്ലപ്പെരിയാര്‍ അണക്കെട്ടിനു മുമ്പില്‍ തളര്‍ന്നു നില്‍ക്കുന്ന 35 ലക്ഷത്തോളം വരുന്ന ജനതയുടെ ഭീതിയില്‍ കേരളം മുഴുവനും വിറങ്ങലിച്ചു നില്‍ക്കുമ്പോഴും, ഇങ്ങ്‌ കേരളത്തിലെ ഈ വിഷയം ദേശിയ മാധ്യമങ്ങള്‍ക്ക്‌ വലിയ വിഷമാകാന്‍ പോന്നതായിരുന്നില്ല. ഇതിനെതിരെ ദേശിയ മാധ്യമങ്ങളെ വിമര്‍ശിച്ച്‌ റീമാ കല്ലുങ്കല്‍ നല്‍കിയ ട്വീറ്റാണ്‌ ഒറ്റ ദിവസം കൊണ്ട്‌ റീമാ കല്ലുങ്കലിന്‌ ഇതുവരെ അഭിനയിച്ച സിനിമകള്‍ നല്‍കിയതിനേക്കാള്‍ ശ്രദ്ധ നേടികൊടുത്തത്‌.

"a song, a slap, a porn star...any thing and every thing gets more coverage than a disaster, lurking in the dark. well done national media''.

ഇതായിരുന്ന റീമാ കല്ലുങ്കല്‍ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ ട്വിറ്ററിലൂടെ നടത്തിയ പ്രതിഷേധ സന്ദേശം. തമിഴ്‌ നടന്‍ ധനുഷിന്റെ ഒരു ഗാനവും, പവാറിന്‌ കിട്ടിയ ഒരു അടിയും, ഒരു സെക്‌സ്‌ സിംബലിന്റെ റിയാലിറ്റിഷോ വാര്‍ത്തയും ദേശിയ മാധ്യമങ്ങളില്‍ മുന്‍നിരയില്‍ സ്ഥാനം പിടിക്കുമ്പോള്‍, 35 ലക്ഷം വരുന്ന ജനങ്ങളുടെ ജീവന്‍മരണ പോരാട്ടം ദേശിയ മാധ്യമങ്ങള്‍ മറന്നു കളയുന്നതിനെതിരെയാണ്‌ റീമാ കല്ലുങ്കല്‍ പ്രതികരിച്ചത്‌. ദേശിയ മാധ്യമങ്ങളിലടക്കം റീമക്ക്‌ നിരവധി സുഹൃത്തുക്കള്‍ ഉണ്ടായിരുന്നിട്ടു കൂടി, തമിഴ്‌നാട്ടിലും സിനിമകള്‍ ചെയ്യുന്ന ഒരു താരമായിട്ടു കൂടി റീമാ കല്ലുങ്കല്‍ കാണിച്ച പ്രതിഷേധ സ്വരം കേരളീയ സമൂഹത്തോട്‌ ആത്മാര്‍ഥത പുലര്‍ത്തുന്ന ഒരു മലയാളിയുടെ ശബ്‌ദമായി മാറുന്നു. ഇവിടെയാണ്‌ റീമാ കല്ലുങ്കല്‍ പ്രസക്തി നേടുന്നത്‌.


അതേ സമയം ചലച്ചിത്ര ദേശിയ അവാര്‍ഡ്‌ ജേതാവ്‌ സലിംകുമാര്‍ വിമര്‍ശിക്കപ്പെടുന്നതും ഇവിടെ തന്നൈ. മുല്ലപ്പെരിയാറില്‍ സമരത്തോട്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ കോഴിക്കോട്‌ സംഘടിപ്പിച്ച സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ ദാന ചടങ്ങില്‍ നിന്നും വിട്ടു നിന്ന സംവിധായകന്‍ രഞ്‌ജിത്തിനോടുള്ള സലിംകുമാറിന്റെ പ്രതികരണമാണ്‌ കേരള സമൂഹം വിമര്‍ശന ബുദ്ധിയോടെ കാണുന്നത്‌. ഇവിടെ സലിംകുമാര്‍ വിമര്‍ശിക്കപ്പെടേണ്ടത്‌ അവശ്യവുമാണ്‌.

മുല്ലപ്പെരിയാറില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ ആളിക്കത്തുമ്പോള്‍ തന്നെയാണ്‌ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ ദാന ചടങ്ങ്‌ കോഴിക്കോട്‌ സംഘടിപ്പിച്ചത്‌. പതിവിന്‌ വിരുദ്ധമായി ഇത്തവണ വളരെ ആഘോഷങ്ങളോടെയാണ്‌ ചലച്ചിത്ര അവാര്‍ഡ്‌ നിശ ചലച്ചിത്ര അക്കാദമിയും സര്‍ക്കാരും ചേര്‍ന്ന്‌ സംഘടിപ്പിച്ചത്‌. ചലച്ചിത്ര താരം മന്ത്രിയായതിന്റെ പരിഷ്‌കാരമാണ്‌ ഇതെന്ന്‌ മനസിലാക്കാവുന്നതേയുള്ളു. ഇങ്ങനെയൊരു ചലച്ചിത്ര അവാര്‍ഡ്‌ നിശ സംഘടിപ്പിക്കുന്നതില്‍ പൊതുവില്‍ അസ്വാഭാവികതകള്‍ ഇല്ലതാനും.

എന്നാല്‍ കേരളത്തിലെ നാല്‌ ജില്ലകള്‍ ഭീതിയുടെ മുള്‍ മുനയില്‍ നില്‍ക്കുമ്പോള്‍, ഒരു ജനകീയ വിഷയത്തില്‍ വലിയ ജനകീയ മുന്നേറ്റം രൂപപ്പെടുമ്പോള്‍, കേരളത്തിലെ ഒരു വലിയ സംഖ്യ ജനങ്ങള്‍ പ്രക്ഷോഭങ്ങളിലേക്ക്‌ നീങ്ങുമ്പോള്‍ ഇത്തരത്തിലൊരു അവാര്‍ഡ്‌ നിശ അല്‌പം മാറ്റിവെക്കാമായിരുന്നില്ലേ സ്വാഭാവികമായും തോന്നാം. മുല്ലപ്പെരിയാര്‍ ഒരു ജീവന്‍മരണ പോരാട്ടമായി നിന്നു കത്തുമ്പോള്‍ തീര്‍ച്ചയായും വലിയ ആഘോഷങ്ങള്‍ ഒഴിവാക്കാനുള്ള വിവേചന ബുദ്ധ ചലച്ചിത്ര അക്കാദമിയും സര്‍ക്കാരും കാണിക്കണമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. പക്ഷെ ഇതിനോട്‌ വളരെ വൈകാരികമായി തന്നെയാണ്‌ ചലച്ചിത്ര സംവിധായകന്‍ രഞ്‌ജിത്ത്‌ പ്രതികരിച്ചത്‌. മലയാളത്തിലെ ഏറ്റവും പ്രമുഖനായ എഴുത്തുകാരനും സംവിധായകനുമായ രഞ്‌ജിത്തിനായിരുന്ന ജനപ്രീയ സിനിമക്കുള്ള അവാര്‍ഡ്‌. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ്‌ സെയിന്റ്‌ എന്ന സിനിമയാണ്‌ രഞ്‌ജിത്തിനെ അവാര്‍ഡിന്‌ അര്‍ഹനാക്കിയത്‌. എന്നാല്‍ മുല്ലപ്പെരിയാര്‍ വിഷയം ഒരു വലിയ ജനകീയ പ്രശ്‌നമായി നില്‍ക്കുമ്പോള്‍ താന്‍ ആഘോഷ വേദിയിലെത്തി അവാര്‍ഡ്‌ വാങ്ങുന്നില്ലെന്നും, പിന്നീട്‌ അക്കാദമിയിലെത്തി അവാര്‍ഡ്‌ വാങ്ങുമെന്നും രഞ്‌ജിത്ത്‌ അറിയിച്ചു. എന്നാല്‍ ഇത്‌ അവാര്‍ഡ്‌ നിഷേധിക്കുകയല്ല എന്നതും രഞ്‌ജിത്ത്‌ പറഞ്ഞിരുന്നു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഭീതിയിലാഴ്‌ന്നു നില്‍ക്കുന്ന ജനങ്ങളോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഒരു ആഘോഷ വേദിയില്‍ താന്‍ പങ്കെടുക്കുന്നില്ല എന്നു മാത്രമാണ്‌ രഞ്‌ജിത്ത്‌ പറഞ്ഞത്‌.

എന്നാല്‍ രഞ്‌ജിത്തിന്റെ വാക്കുകള്‍ മികച്ച നടനുള്ള ദേശിയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ സലിംകുമാറിനെ ചൊടിപ്പിക്കുകയാണ്‌ ഉണ്ടായത്‌. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രഞ്‌ജിത്തിന്റെ പ്രതികരണം കാപട്യമാണെന്നും അത്തരക്കാരെ ഉരുളന്‍ കല്ലുകൊണ്ട്‌ എറിയണമെന്നുമാണ്‌ സലിംകുമാര്‍ പ്രതികരിച്ചത്‌. മുല്ലപ്പെരിയാറിലെ വിഷയത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും പ്രതികരിക്കാത്തവര്‍ ഇപ്പോള്‍ പ്രതികരിക്കുന്നത്‌ എന്തിനാണെന്നാണ്‌ സലിംകുമാര്‍ ചോദിക്കുന്നത്‌. വാസ്‌തവത്തില്‍ എന്തൊരു അബദ്ധ വിചാരമാണ്‌ സലിംകുമാര്‍ മുമ്പോട്ടു വെക്കുന്നത്‌.

മുല്ലപ്പെരിയാര്‍ എന്നും ഒരു ജനകീയ പ്രശ്‌നമായി നമ്മുടെ മുമ്പിലുണ്ടായിരുന്നപ്പോള്‍ ഇതിന്‌ ശ്രദ്ധ നേടികൊടുക്കേണ്ടതും ചര്‍ച്ചയാക്കേണ്ടതും പ്രതിരിക്കേണ്ടതും നമ്മുടെ രാഷ്‌ട്രീയക്കാര്‍, ഭരണകൂടം, മാധ്യമങ്ങള്‍ എന്നിവരൊക്കെയായിരുന്നു. അല്ലാതെ സിനിമക്കാര്‍, അല്ലെങ്കില്‍ പൊതുവില്‍ ഒരു കലാകാരന്‍ കടന്നു വന്ന്‌ പ്രതികരിക്കേണ്ട വിഷയമല്ല മുല്ലപ്പെരിയാര്‍. അങ്ങനെയൊരാള്‍ മുമ്പോട്ടു വന്നാല്‍ അത്‌ സ്വാഗതാര്‍ഹവുമാണ്‌. അതില്‍ കവിഞ്ഞ്‌ സിനിമക്കാര്‍ ഇതില്‍ മുമ്പെങ്ങും താത്‌പര്യം കാണിച്ചില്ലെങ്കില്‍ അതൊരു കുറ്റമായി കാണാന്‍ കഴിയില്ല. എന്നാല്‍ ഇപ്പോള്‍ അതായത്‌, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, മുല്ലപ്പെരിയാര്‍ കേരളത്തിലെമ്പാടും, പൊതുവില്‍ രാജ്യത്തെമ്പാടുമായി ശ്രദ്ധ നേടുമ്പോള്‍ സിനിമക്കാരും, കലാകാരന്‍മാരും പൊതുവില്‍ ഇത്‌ ശ്രദ്ധക്കുകയും പ്രതികരിക്കുകയും ചെയ്യും. അങ്ങനെ നോക്കുമ്പോള്‍ രഞ്‌ജിത്തിന്റെ പ്രതികരണം തികച്ചും സാന്ദര്‍ഭികവും സ്വാഗതാര്‍ഹവുമാണ്‌. ഇതിന്‌ മുമ്പു തന്നെ രഞ്‌ജിത്ത്‌ ഈ വിഷയത്തില്‍ പ്രതികരിക്കണമായിരുന്നു എന്ന്‌ പറയുന്നതില്‍ യാതൊരു കഴമ്പുമില്ല. ഇപ്പോള്‍ പ്രതികരിക്കാന്‍ കാണിച്ച രഞ്‌ജിത്തിന്റെ മാന്യതയെയാണ്‌ ബഹുമാനിക്കേണ്ടത്‌.

എന്നാല്‍ കേരളത്തിലെ സിനിമക്കാര്‍ തമിഴ്‌നാടിന്‌ നട്ടെല്ല്‌ പണയം വെച്ചവരാണെന്നും താനുള്‍പ്പടെയുള്ളവര്‍ക്ക്‌ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ അവകാശമില്ലെന്നുമാണ്‌ സലിംകുമാര്‍ പറയുന്നത്‌. മലയാള സിനിമ കോടമ്പാക്കത്തു നിന്നും, ചെന്നൈയില്‍ നിന്നും കുറ്റിപറിച്ച്‌ കേരളത്തില്‍ സെറ്റിലായ വിവരം ഇനിയും സലിംകുമാറിന്‌ അറിയില്ലെന്നുണ്ടോ. തമിഴന്റെ സഹായം ഇല്ലാതെ തന്നെ സിനിമ ചെയ്യാനുള്ള എല്ലാ സാഹചര്യങ്ങളും ഇന്ന്‌ കേരളത്തിലുണ്ട്‌. സത്യത്തില്‍ മലയാള സിനിമക്ക്‌ തമിഴ്‌നാട്ടില്‍ നിന്നും ഇന്ന്‌ ഒന്നും ലഭിക്കാനില്ല. കേരളത്തിലെ സിനിമകളുടെ ഒരു മാര്‍ക്കറ്റുമല്ല തമിഴ്‌നാട്‌. എന്നാല്‍ തമിഴ്‌സിനിമക്ക്‌ കേരളം വലിയ മാര്‍ക്കറ്റാണ്‌. അങ്ങനെ നോക്കുമ്പോള്‍ തമിഴ്‌ സിനിമക്ക്‌ കേരളം കൊണ്ടാണ്‌ ഏറ്റവും ഗുണമുള്ളത്‌.

അങ്ങനെ നോക്കുമ്പോള്‍ സലിംകുമാര്‍ ആരോപിക്കുന്ന മലയാള സിനിമക്കാരുടെ തമിഴ്‌ വിധേയത്വത്തില്‍ യാതൊരു കഴമ്പുമില്ല. പ്രത്യേകിച്ചും നമ്മുടെ സാങ്കേതിക പ്രവര്‍ത്തകര്‍ തമിഴ്‌ സിനിമയില്‍ നിന്ന്‌ യാതൊരു സഹായവും വാങ്ങാറുമില്ല. അപ്പോള്‍ പിന്നെ സലിംകുമാറിന്റെ പ്രതികരണത്തിനു പിന്നിലെ കാരണമെന്താണ്‌. ആദ്യമായി അക്കാദമിക്‌ തലത്തില്‍ സലിംകുമാര്‍ ശ്രദ്ധിക്കപ്പെട്ട വര്‍ഷമാണ്‌ കടന്നു പോയത്‌. താന്‍ ശ്രദ്ധ നേടിയ ഒരു അവാര്‍ഡ്‌ നിശയില്‍ മികച്ച നടനുള്ള അവാര്‍ഡ്‌ ഏറ്റുവാങ്ങുമ്പോഴുള്ള സമയത്തെങ്കിലും ഒരു മലയാളി എന്ന നിലയില്‍ മുല്ലപ്പെരിയാറിലെ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ രണ്ടുവാക്ക്‌ സലിംകുമാറിന്‌ സംസാരിക്കാമായിരുന്നു. സലിംകുമാര്‍ അത്‌ ചെയ്‌തില്ല എന്നു മാത്രമല്ല , പ്രതികരിക്കാന്‍ തയാറായ രഞ്‌ജിത്തിനെ യാതൊരു സാധ്യതയുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച്‌ വിമര്‍ശിക്കുകയും ചെയ്‌തു. മുല്ലപ്പെരിയാര്‍ വിഷയം, താന്‍ ശ്രദ്ധാ കേന്ദ്രമാകുന്ന ഒരു അവാര്‍ഡ്‌ നിശയുടെ നിറപ്പകിട്ട്‌ ഇല്ലാതാക്കുമെന്നായിരുന്നോ സലിംകുമാര്‍ കരുതിയത്‌. അങ്ങനെയെങ്കില്‍ ഇവിടെ വിമര്‍ശിക്കപ്പെടേണ്ടതും വിചാരണ ചെയ്യപ്പെടേണ്ടതും സലിംകുമാര്‍ തന്നെയാണ്‌.


സലിംകുമാറിനെപ്പോലുള്ളവര്‍, ദേശിയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരു ചലച്ചിത്ര പ്രവര്‍ത്തകന്‍ ഇങ്ങനെ നെഗറ്റീവ്‌ ചിന്തകളുമായി മാധ്യമത്തില്‍ നിറയുമ്പോളാണ്‌ റിമാ കല്ലുങ്കല്‍ എന്ന സാധാരണ ചലച്ചിത്ര നടി തന്റെ വികാര പ്രകടനത്തിലൂടെ ശ്രദ്ധ നേടിയത്‌. എന്തുകൊണ്ടും സലിംകുമാര്‍ നേടിയ പുരസ്‌കാരങ്ങളെക്കാള്‍ വിലയുണ്ട്‌ റിമാ കല്ലുങ്കലിന്റെ പ്രതിഷേധത്തിന്‌.

ഒരു ജനകീയ വിഷയത്തില്‍ ഒരു ചലച്ചിത്രതാരം പ്രതികരിക്കണമെന്ന്‌ ആര്‍ക്കും നിര്‍ബന്ധമില്ല. ഒരു സാമൂഹിക ജീവിയെന്ന നിലയില്‍ ഒരു വിഷയത്തില്‍ അഭിപ്രായ പ്രകടനം നടത്തണോ സമരം ചെയ്യണോ എന്നതൊക്കെ സെലിബ്രിറ്റിക്കു തീരുമാനിക്കും. തീരുമാനം എന്താണെങ്കിലും അത്‌ അവളുടെ അല്ലെങ്കില്‍ അവന്റെ വ്യക്തിപരമായ കാര്യം മാത്രമാണ്‌. എന്നാല്‍ ഒരു സെലിബ്രിറ്റി തന്റെ വ്യക്തിയെന്ന നിലയിലുള്ള കടമയെക്കുറിച്ച്‌ ബോധവാനായിരിക്കുകയും തനിക്കുള്ള ജനകീയത കൂടി ഉപയോഗിച്ച്‌ ഒരു ജനകീയ പ്രശ്‌നത്തില്‍ പ്രതകരിക്കുകയും ചെയ്‌താല്‍ എന്തുകൊണ്ടും അതിനെ പ്രോല്‍സാഹപ്പിക്കേണ്ടതുണ്ട്‌.

ഇന്ന്‌ റീമാ കല്ലുങ്കലിനെ കേരളീയ ഫേസ്‌ബുക്ക്‌ യുവത്വം പ്രോല്‍സാഹിപ്പിക്കുന്നതും ഇതുകൊണ്ടു തന്നെ. കാരണം അവര്‍ രഞ്‌ജിത്തിനെ പോലെ തന്നെ കേരളത്തിന്റെ മൊത്തം വികാരത്തിനും ഒപ്പം നിന്നു. മലയാളത്തിലെ നമ്മുടെ നായികമാരില്‍ നിന്നും ഇത്തരത്തിലൊരു ശബ്‌ദം ഇത്‌ ആദ്യമാണെന്ന്‌ തന്നെ പറയാം. തങ്ങളെ സ്വകാര്യമായി ബാധിക്കുന്ന എന്തെങ്കിലും പ്രശ്‌നത്തിലല്ലാതെ നമ്മുടെ നായികമാര്‍ എന്തെങ്കിലും രണ്ടുവാക്ക്‌ പറഞ്ഞു കേട്ടിട്ടില്ല ഇതുവരെ. വെറും താരത്തിളക്കത്തിനും ഗ്ലാമറിനും വേണ്ടിയുള്ള പരക്കം പാച്ചിലില്‍ തങ്ങളിലെ വ്യക്തിയെന്ന തന്നെ മറന്നു പോകുന്നവരാണ്‌ ചലച്ചിത്ര താരങ്ങളില്‍ മിക്കവരും. ചാനലുകാര്‍ വിളിച്ചാല്‍ പത്ത്‌ പേര്‍ കാണുമല്ലോ എന്നോര്‍ത്ത്‌ മാത്രം വോട്ട്‌ ചെയ്യാനെത്തുന്ന നായികമാര്‍ പോലും നമുക്കിടയിലുണ്ട്‌. അത്രത്തോളം സാമൂഹിക അവബോധം കുറഞ്ഞ ഒരു വിഭാഗത്തിനിടയില്‍ നിന്നാണ്‌ റിമാകലുങ്കലിന്റെയും രഞ്‌ജിത്തിന്റെയുമൊക്കെ പ്രതികരണം ഉണ്ടാകുന്നത്‌.

എന്നാല്‍ സിനിമക്കുള്ളില്‍ മാത്രമല്ല സിനിമക്കു പുറത്തും ശബ്‌ദമുയര്‍ത്തുന്ന താരങ്ങളും നമുക്കുണ്ട്‌. നടന്‍ സുരേഷ്‌ ഗോപിയും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ശക്തമായി പ്രതികരിച്ചിരുന്നു. മുല്ലപ്പെരിയാറില്‍ നിരാഹാരമിരിക്കാന്‍ താന്‍ തയാറാണെന്ന്‌ വരെ സുരേഷ്‌ ഗോപി പറഞ്ഞു. സുരേഷ്‌ ഗോപി പറയുന്നത്‌ വെറും വാക്കായി കാണേണ്ട കാര്യമില്ല. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേരളത്തില്‍ ഉപവാസമിരുന്ന നടന്‍ തന്നെയാണ്‌ സുരേഷ്‌ഗോപി. ഒരു കലാകാരന്റെ ജനകീയത സമൂഹത്തിന്‌ ഉപയോഗിക്കപ്പെടുന്നത്‌ സുരേഷ്‌ഗോപിയെപ്പോലുള്ളവരുടെ പ്രതികരണങ്ങളില്‍ നിന്നാണ്‌. ഇന്നും മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ തീവ്രത മനസിലാക്കാത്ത മലയാളികള്‍ നമുക്കിടയില്‍ തന്നെ ശേഷിക്കുമ്പോള്‍ സുരേഷ്‌ഗോപിയെപ്പോലുള്ളവര്‍ വഴികാട്ടികളാകുക തന്നെ ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക