Image

ഹിന്ദുരാഷ്ട്ര ശില്‍പശാലയില്‍ ഇന്ത്യ: മതേതരത്വം കേവലം മരീചികയായി

Published on 03 December, 2014
ഹിന്ദുരാഷ്ട്ര ശില്‍പശാലയില്‍ ഇന്ത്യ: മതേതരത്വം കേവലം മരീചികയായി
http://www.madhyamam.com/news/326661/141203

അടുത്ത അഞ്ചു വര്‍ഷത്തിനകം രാജ്യത്ത് സ്വയംസേവകരുടെ സംഖ്യ ഒരു കോടിയിലത്തെിക്കുക എന്ന ലക്ഷ്യസാക്ഷാത്കാരത്തിന് സര്‍ക്കാറിന്‍െറ നിര്‍ലോഭ സഹകരണത്തോടെ രാപകല്‍ പണിയെടുക്കുകയാണ് രാഷ്ട്രീയ സ്വയംസേവക് സംഘ് അഥവാ ആര്‍.എസ്.എസ്. 2014 ജൂലൈവരെ 39,000 ശാഖകളുണ്ടായിരുന്നത് ഇപ്പോള്‍ 42,000 ശാഖകളായി വികസിച്ചിരിക്കുന്നു.
ശാഖ ഒന്നില്‍ 100 പേര്‍ വീതം ലക്ഷം ശാഖകളാവുമ്പോള്‍ കോടി തികയും എന്നാണ് കണക്കുകൂട്ടല്‍. ബി.ജെ.പി കേന്ദ്രഭരണം പിടിച്ചെടുക്കുന്നതിനു മുമ്പ് ഡല്‍ഹിയില്‍ പ്രതിമാസം 200 എന്ന തോതില്‍ മാത്രമായിരുന്നു ശാഖയില്‍ ചേരാനുള്ള അപേക്ഷകളെങ്കില്‍ ഇപ്പോഴത് 5000 ആയി ഉയര്‍ന്നിട്ടുണ്ടെന്നാണ് പ്രാന്ത് പ്രചാരക് പ്രമുഖ് രാജീവ് തുളിയുടെ വെളിപ്പെടുത്തല്‍. അധികാരത്തിലായാലും ഇല്ളെങ്കിലും നിലവിലെ അംഗസംഖ്യ ഇരട്ടിക്കുകയാണ് സംഘത്തിന്‍െറ ഉന്നം എന്നും അദ്ദേഹം പറയുന്നു. ഐ.ടി മേഖലയിലെ എന്‍ജിനീയര്‍മാര്‍, പ്രഫഷനലുകള്‍ എന്നിവരെ ആര്‍.എസ്.എസ് പ്രത്യേകം ലക്ഷ്യമിടുന്നു.
‘ഞങ്ങളുടെ അന്തിമലക്ഷ്യം ഹിന്ദു രാഷ്ട്രമാണ്. ചില സമുദായങ്ങളെ പ്രീണിപ്പിക്കുന്ന നയം അവസാനിപ്പിക്കുകതന്നെ ചെയ്യും’ എന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ആര്‍.എസ്.എസിന്‍െറ ന്യൂനപക്ഷ വിഭാഗമായ മുസ്ലിം രാഷ്ട്രീയ മഞ്ച് മേധാവി വിരാഗ് പാച്ച്പോര്‍ പറയുന്നത്. ‘ആര്‍.എസ്.എസിന് ഒരു ഭരണകൂടം ആവശ്യമില്ല. സംസ്ഥാപനത്തിന്‍െറ നൂറ്റാണ്ട് പൂര്‍ത്തിയാവുന്ന 2025ല്‍ രാജ്യത്തിന്‍െറ ഭാഗധേയം നിര്‍ണയിക്കുന്നവിധം ആര്‍.എസ്.എസിന്‍െറ ആദര്‍ശം സ്വാധീനം നേടിക്കഴിഞ്ഞിരിക്കും’ എന്നാണ് സംഘം നിയോഗിച്ച ബി.ജെ.പിയുടെ ജനറല്‍ സെക്രട്ടറി പി. മുരളീധര്‍ റാവുവിന്‍െറ പ്രഖ്യാപനം. (ദ ഹിന്ദു, 2014 നവംബര്‍ 30).

800 സംവത്സരങ്ങളോളം വൈദേശികാധിപത്യത്തില്‍ കഴിയേണ്ടിവന്ന ഭാരത ഭൂമിയെ ഹിന്ദുക്കളുടേതും ഹിന്ദു രാഷ്ട്രവുമാക്കി മാറ്റാന്‍ ചരിത്രത്തില്‍ ആദ്യമായി ലഭിച്ച സുവര്‍ണാവസരം വേണ്ടവിധം ഉപയോഗിച്ചില്ളെങ്കില്‍ ഇനിയൊരിക്കലും സാധിക്കുകയില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ആര്‍.എസ്.എസ് അതിസൂക്ഷ്മമായ ആസൂത്രണത്തിലൂടെ മുന്നോട്ടു നീങ്ങുന്നത്. അറബികളും അഫ്ഗാനികളും പേര്‍ഷ്യക്കാരും ഇംഗ്ളീഷുകാരും തുടര്‍ച്ചയായി ഭരിച്ച ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ടും ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാനോ മാറാനോ കഴിയാതെ പോയത് സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിനെ തട്ടിമാറ്റി ജവഹര്‍ലാല്‍ നെഹ്റു ഭരണത്തിന്‍െറ തലപ്പത്തുവന്നതുകൊണ്ടാണെന്ന് സംഘ്പരിവാര്‍ ഹിന്ദു സമൂഹത്തെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു.
നെഹ്റുവിനു ശേഷവും രാജ്യത്തിന് നെഹ്റു കുടുംബത്തില്‍നിന്ന് മോചനം ലഭിച്ചില്ല. അദ്ദേഹത്തിന്‍െറ പുത്രിയും പുത്രിയുടെ പുത്രനും പുത്രഭാര്യയുമാണ് പിന്നീട് വന്നത്. ഒടുവില്‍ പ്രധാനമന്ത്രിയായ സര്‍ദാര്‍ജി ഇറ്റലിക്കാരി സോണിയയുടെ വെറും ബിനാമി മാത്രമായിരുന്നു! അങ്ങനെ മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ഇന്ത്യയെ മതേതരരാജ്യമാക്കി കൊണ്ടുനടന്നു. ന്യൂനപക്ഷ പ്രീണനമായിരുന്നു പിന്നിട്ട 67 വര്‍ഷവും. ഇപ്പോള്‍ കപട മതേതരവാദികളുടെ പിടിയില്‍നിന്ന് ഭാരതമാതാവിന് മോചനമായിരിക്കുന്നു. ചരിത്രത്തിലാദ്യമായി പ്രതിബദ്ധതയുള്ള ഒരു സ്വയം സേവകന്‍ പ്രധാനമന്ത്രി പദത്തിലേറിയിരിക്കുന്നു. കോണ്‍ഗ്രസാവട്ടെ ഇനിയൊരു തിരിച്ചുവരവ് അസാധ്യമാവുന്നേടത്തോളം തളര്‍ന്നും തകര്‍ന്നും കഴിഞ്ഞു. മുഖ്യശത്രു കമ്യൂണിസ്റ്റുകാരും തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്നു.
അവരുടെ ശക്തികേന്ദ്രങ്ങളായിരുന്ന പശ്ചിമബംഗാളിലും കേരളത്തിലും അണികള്‍ സംഘത്തിലേക്കൊഴുകുകയാണ്. ബംഗാളില്‍ ബി.ജെ.പിയുടെ വോട്ട് വിഹിതം ആറു ശതമാനത്തില്‍നിന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 16 ശതമാനത്തിലേക്കാണ് കുതിച്ചുകയറിയത്. 2013 മാര്‍ച്ചില്‍ സൗത്ത് ബംഗാളില്‍ മാത്രം 820 ശാഖകളായിരുന്നു ആര്‍.എസ്.എസിനുണ്ടായിരുന്നതെങ്കില്‍ 1090 ആണ് ഇപ്പോഴത്തെ സംഖ്യ. ഈ മാസാദ്യം കൊല്‍ക്കത്തയില്‍ 150 യൂനിവേഴ്സിറ്റി, കോളജ് സ്കൂള്‍ അധ്യാപകരുടെ ഒരു ശില്‍പശാല ആര്‍.എസ്.എസ് സംഘടിപ്പിച്ചു. ബംഗ്ളാദേശ് അതിര്‍ത്തി കേന്ദ്രീകരിച്ച് നുഴഞ്ഞുകയറ്റക്കാരുടെ പ്രശ്നം കത്തിയാളിപ്പടര്‍ത്താനാണ് സംഘത്തിന്‍െറ ശ്രമം.

മുഖ്യമന്ത്രി മമത ബാനര്‍ജി തീര്‍ത്തും പരിഭ്രാന്തിയിലാണ്. സി.പി. എമ്മുമായി കൈകോര്‍ക്കുന്നതിനെക്കുറിച്ചുപോലും അവര്‍ ആലോചിക്കുന്നു. കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച 125ാം നെഹ്റു ജന്മദിനാഘോഷത്തില്‍ തൃണമൂല്‍ നേതാവ് പങ്കെടുത്തിരുന്നു. കൊല്‍ക്കത്തയില്‍ വന്‍ ബി.ജെ.പി റാലിയെ അഭിമുഖീകരിക്കെ രാജ്നാഥ് സിങ് മമതയും തൃണമൂലുമില്ലാത്ത ബംഗാളാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചത് സ്വാഭാവികമായും മമതയില്‍ ആശങ്ക പടര്‍ത്തും. കേരളത്തിലും ആര്‍.എസ്.എസിന്‍െറയും ബി.ജെ.പിയുടെയും വളര്‍ച്ച സി.പി.എമ്മിനെയാണ് കൂടുതല്‍ ആശങ്കാകുലരാക്കുന്നത് -ഇതൊക്കെയും ആര്‍.എസ്.എസ് ക്യാമ്പില്‍നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകളുടെ രത്നച്ചുരുക്കമാണ്.
ഇനിയുമൊരു ഭാഗത്ത് മോദി സര്‍ക്കാര്‍ പ്രധാനപ്പെട്ട എല്ലാ മന്ത്രാലയങ്ങളിലും ആര്‍.എസ്.എസ് പ്രതിബദ്ധരായുള്ളവരത്തെന്നെ കുത്തിനിറക്കാനുള്ള നിതാന്തജാഗ്രതയിലാണ്. വിശിഷ്യാ, വിദ്യാഭ്യാസവും പ്രതിരോധവുമാണ് സംഘ്പരിവാര്‍ കൂടുതല്‍ കേന്ദ്രീകരിക്കാന്‍ ജാഗരൂകമാവുന്നത്.

സ്മൃതി ഇറാനി എന്ന കളിപ്പാവയെ മാനവിക വിഭവശേഷി മന്ത്രാലയത്തിന്‍െറ തലപ്പത്തിരുത്തി പാഠ്യപദ്ധതിയാകെ കാവിവത്കരിക്കാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. സംസ്കൃതം നിര്‍ബന്ധ പാഠ്യവിഷയമാക്കാനുള്ള നീക്കത്തില്‍നിന്ന്, പ്രതിഷേധത്തെ തുടര്‍ന്ന് തല്‍ക്കാലം പിന്‍വാങ്ങിയെങ്കിലും താമസിയാതെ വീണ്ടും അത് നടപ്പാക്കും. സയന്‍സ് വിഷയങ്ങളടക്കം പുരാണങ്ങളുടെയും ഐതിഹ്യങ്ങളുടെയും മൂശയില്‍ ഉടച്ചുവാര്‍ക്കുകയാണ് പരിപാടി. സരസ്വതി ശിശുമന്ദിറിലൂടെയാണ് വിദ്യാഭ്യാസത്തിന്‍െറ പുനസ്സംവിധാനം. നേരത്തേ ആരംഭിച്ച ചരിത്രത്തിന്‍െറ കാവിവത്കരണം സമഗ്രവും ഊര്‍ജിതവുമാക്കാനുള്ള യത്നവും ആരംഭിച്ചുകഴിഞ്ഞു. പ്രസാര്‍ ഭാരതിയുടെ പുതിയ മേധാവി സൂര്യപ്രകാശ് ആര്‍.എസ്.എസിന്‍െറ വളര്‍ത്തുപുത്രനാണ്.

ആര്‍.എസ്.എസിന്‍െറ സ്ഥാപക ദിനമായ വിജയദശമി നാളില്‍ സംഘ്ചാലക് മോഹന്‍ ഭാഗവത് സ്വയം സേവകരോട് ചെയ്ത പ്രസംഗം മുഴുവനുമായി ഒൗദ്യോഗിക ചാനലായ ദൂരദര്‍ശനില്‍ തത്സമയ സംപ്രേഷണം ചെയ്താണ് തുടക്കം. യുവാവായിരുന്നപ്പോള്‍ സംഘ്ചാലക് ആയിരുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീകറിനത്തെന്നെ പ്രതിരോധമന്ത്രിയായി അവരോധിച്ചത്, സൈന്യത്തെയാകെ തീവ്ര ഹിന്ദുത്വഛായയില്‍ മുക്കിയെടുക്കാനുള്ള ലക്ഷ്യത്തോടെയാണ്. ഒരുവേള കേന്ദ്രഭരണം കൈവിടേണ്ടി വന്നാല്‍ പോലും ഫലത്തില്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമായിത്തന്നെ അവശേഷിക്കാന്‍ പാകത്തിലാണ് എല്ലാ ആസൂത്രണങ്ങളും. ‘ഇന്ത്യ ഇപ്പോള്‍ തന്നെ ഹിന്ദുരാഷ്ട്രമായി മാറിക്കഴിഞ്ഞു’ എന്ന് വി.എച്ച്.പിയുടെ അശോക് സിംഗാള്‍ പ്രഖ്യാപിച്ചത് വെറുതെയല്ല.

സാങ്കേതികമായി ഇപ്പോഴതിനുള്ള തടസ്സം സെക്കുലര്‍ ഭരണഘടനയാണ്. മതന്യൂനപക്ഷങ്ങള്‍ക്ക് മതസ്വാതന്ത്ര്യവും വിദ്യാഭ്യാസ പരിരക്ഷയും എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യാവകാശങ്ങളും അനുവദിക്കുന്ന നിലവിലെ ഭരണഘടന അതേപടി നിലനിര്‍ത്തി പൂര്‍ണ ഹിന്ദുവത്കരണത്തിന് പ്രയാസങ്ങളുണ്ട്. അതിനാല്‍, ഭരണഘടനാ ഭേദഗതി അനുപേക്ഷ്യമാണ്. ഇപ്പോഴതിന് ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ബി.ജെ. പിക്ക് പാര്‍ലമെന്‍റിലില്ല. പക്ഷേ, സംസ്ഥാനങ്ങള്‍ ഒന്നൊന്നായി ബി.ജെ.പിയുടെ പിടിയിലേക്ക് വരുന്ന പ്രക്രിയ ആരംഭിച്ചതിനാല്‍ ഏറെ വൈകാതെ രാജ്യസഭയിലും മേധാവിത്വം നേടാനാവും. ഏക സിവില്‍കോഡും കശ്മീരിന് പ്രത്യേക പദവി ഉറപ്പുവരുത്തുന്ന 370ാം വകുപ്പിന്‍െറ നിഷ്കാസനവും അതിനു മുമ്പുതന്നെ സാധ്യമാവുമോ എന്നാണ് പരിശോധിക്കുന്നത്. ഇല്ളെങ്കില്‍ അല്‍പം വൈകിയാണെങ്കിലും സമൂല ഭേദഗതിയുടെ കൂട്ടത്തില്‍ അതും ഉള്‍പ്പെടുത്തും.

ഈ വിഷയങ്ങളിലൊക്കെ ഇസ്രായേലാണ് സംഘ്പരിവാറിന് മാതൃക. യഹൂദ വംശീയതയില്‍ അടിയുറച്ച സയണിസ്റ്റ് രാഷ്ട്രം മുസ്ലിംകളും ക്രൈസ്തവരുമായ അറബ് ന്യൂനപക്ഷത്തെ രാഷ്ട്രജീവിതത്തിന്‍െറ മുഖ്യധാരയില്‍നിന്നകറ്റുന്നതില്‍ വിജയിച്ചു. ഇസ്രായേല്‍ ഇപ്പോള്‍ നിയമപരമായിത്തന്നെ അവരെ രണ്ടാംകിട പൗരന്മാരാക്കാനും അറബി ഭാഷയുടെ അംഗീകാരം എടുത്തുകളയാനുമുള്ള നിയമനിര്‍മാണവുമായി മുന്നോട്ടുപോവുകയാണ്. അമേരിക്കയിലും യൂറോപ്യന്‍ യൂനിയനിലും ഇസ്രായേലില്‍ തന്നെയും എതിര്‍പ്പുകള്‍ ഉയരുന്നുണ്ടെങ്കിലും പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു അത് സാരമാക്കുന്നില്ല. നിരോധിത ആന്‍റി സെമിറ്റിസത്തിന്‍െറ മറവില്‍ സയണിസം എങ്ങനെ ഫലപ്രദമായി നടപ്പാക്കാമെന്ന് ഇസ്രായേല്‍ പഠിച്ചിട്ടുണ്ടെന്നതാണ് കാരണം. ഇന്ത്യയിലും സമ്പൂര്‍ണ ഹിന്ദുത്വവത്കരണത്തിനെതിരെ മതേതര പാര്‍ട്ടികളില്‍നിന്നും മതന്യൂനപക്ഷങ്ങളില്‍നിന്നും ദുര്‍ബലമായ എതിര്‍ശബ്ദങ്ങള്‍ ഉയര്‍ന്നാലും അമേരിക്കയുടെയും ഇസ്രായേലിന്‍െറയും -എണ്ണ രാജാക്കന്മാരുടെപോലും- സഹകരണത്തോടെ അതിനെ മറികടക്കാനാവുമെന്ന് സംഘ്പരിവാര്‍ കരുതുന്നു.
രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അവരുടെ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയാണ് രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. മതേതരത്വം കേവലം മരീചികയായി കലാശിച്ചുകൊണ്ടിരിക്കെ, സമുദായത്തിനകത്തുതന്നെ ഫാഷിസത്തെ ചെറുക്കുന്നതില്‍ സമവായമില്ലാത്തതും ദിശാബോധത്തിന്‍െറ അഭാവവുമാണ് പ്രതിസന്ധിയുടെ മര്‍മം. ഈ നിസ്സഹായത ശരിക്കും മനസ്സിലാക്കിയ ഹിന്ദുത്വ പ്രസ്ഥാനം തന്ത്രപരമായ നീക്കങ്ങളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. പ്രലോഭനങ്ങളിലൂടെയും പ്രീണനങ്ങളിലൂടെയും ഒരു വിഭാഗത്തെ വശത്താക്കാന്‍ പ്രയാസമില്ളെന്ന് അവരിതിനകം മനസ്സിലാക്കിക്കഴിഞ്ഞു. സാമുദായിക രാഷ്ട്രീയക്കാരെ വര്‍ഗീയ ധ്രുവീകരണത്തിലൂടെയും നേരിടുക എളുപ്പമാണ്. സാഹചര്യം എത്ര പ്രതികൂലമായാലും ആദര്‍ശത്തെയും സാംസ്കാരിക തനിമയെയും മുറുകെ പിടിക്കാന്‍ ശാഠ്യംപിടിക്കുന്ന മൂന്നാമത്തെ വിഭാഗത്തെ ഭീഷണിക്ക് വഴങ്ങുന്നില്ളെങ്കില്‍ തീവ്രവാദവും ഭീകരതയും ആരോപിച്ച് അടിച്ചമര്‍ത്താനാകും ശ്രമം.

മീഡിയ പിന്തുണ ഉറപ്പാണെന്നിരിക്കെ ഇത് ദുഷ്കരമല്ല. പ്രത്യക്ഷത്തില്‍ ഇതാണ് വര്‍ത്തമാനകാല ഇന്ത്യയുടെ ചിത്രം. എന്നാല്‍, എല്ലാ കണക്കുകൂട്ടലുകളും എല്ലായ്പോഴും ശരിയാവണമെന്നില്ല. അപ്രതീക്ഷിത തിരിച്ചടികളും പരാജയങ്ങളും ബാഹ്യമായ കണക്കുകൂട്ടലുകള്‍ക്കപ്പുറത്താണ്. ആഭ്യന്തര വൈരുധ്യങ്ങള്‍ക്കു പുറമെ ആഗോള കോര്‍പറേറ്റ് ലോബിയോടുള്ള മോദി സര്‍ക്കാറിന്‍െറ സമ്പൂര്‍ണ വിധേയത്വവും വന്‍ അഴിമതിയും ജനരോഷം ക്ഷണിച്ചുവരുത്തും. സാമ്രാജ്യശക്തികളുടെ പൂര്‍ണ സംരക്ഷണത്തില്‍, ചെറിയ രാജ്യമായ ഇസ്രായേലിന് മികച്ച സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ സാധിക്കുന്നത്, വൈവിധ്യങ്ങളുടെ കലവറയായ 120 കോടി ജനങ്ങളുടെ രാജ്യത്തിന് സാമ്പത്തിക സുസ്ഥിതിയുടെ അടുത്തൊന്നുമത്തൊതെ പകര്‍ത്താന്‍ കഴിയുന്നതിന് പരിധിയും പരിമിതിയുമുണ്ട്. മോദിയെ അധികാരത്തിലത്തെിച്ച തെരഞ്ഞെടുപ്പില്‍,

അനേകായിരം കോടി ഒഴുക്കി തികഞ്ഞ മുന്നൊരുക്കത്തോടെ സര്‍വതന്ത്രങ്ങളും പയറ്റിയിട്ടും സംഘ്പരിവാറിന് ലഭിച്ചത് 32 ശതമാനം വോട്ടാണെന്നതും ഒരു ചൂണ്ടുപലകയാണ്. ഇതൊക്കെ സാധ്യതകളാണെങ്കിലും കടുത്ത പരീക്ഷണത്തിന്‍െറ നാളുകളാണ് സ്വന്തത്തെ വില്‍ക്കാന്‍ തയാറില്ലാത്തവരെ കാത്തിരിക്കുന്നതെന്ന് തിരിച്ചറിയുന്നതാണ് യാഥാര്‍ഥ്യബോധം.
Join WhatsApp News
Indian 2014-12-03 23:07:31
Muslims want RSS to change and India to remain secular. Why cannot they themselves change? They bring all that is ugly back to society like purdah. Kerala Muslim women lived without purdah for ages. Then why now? They support moral policing and condone the growth of jihadi mentality in the name of fear of RSS.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക