Image

അജിത് സിങ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Published on 18 December, 2011
അജിത് സിങ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി: രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജിത് സിങ് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അജിത് സിങിന് സത്യവാചകം ചൊല്ലിക്കൊടുത്തു. വ്യോമയാന വകുപ്പ് ആണ് അജിത് സിങിന് ലഭിക്കുക. നിലവില്‍ വ്യോമയാന വകുപ്പ് കൈകാര്യം ചെയ്യുന്നത് വയലാര്‍ രവിയാണ്.

അഞ്ച് എം.പിമാരുള്ള ആര്‍.എല്‍.ഡിയുടെ പ്രവേശനത്തോടെ യു.പി.എ അംഗങ്ങളുടെ എണ്ണം 277 ആയി.

പടിഞ്ഞാറന്‍ യു.പിയിലെ ജാട്ട് സമുദായക്കാര്‍ക്കിടയില്‍ നിര്‍ണായകസ്വാധീനമുള്ള നേതാവാണ് അജിത് സിങ്. ജാട്ടുകള്‍ക്ക് പുറമെ മുസ്‌ലിം വോട്ടുകളും ആകര്‍ഷിക്കാന്‍ അജിത് സിങ്ങുമായുള്ള സഖ്യം പ്രയോജനപ്പെടുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ബി.ജെ.പിയുടെയും സമാജ്‌വാദി പാര്‍ട്ടിയുടെയും കോട്ടയില്‍ വിള്ളലുണ്ടാക്കാനും പാര്‍ട്ടി ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് അജിത് സിങിന്റെ പാര്‍ട്ടിയെ യു.പി.എയില്‍ ഉള്‍പ്പെടുത്തിയത്.

2007ലെ യു.പി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ലഭിച്ചത് കേവലം 21 സീറ്റാണ്. 403 നിയമസഭാമണ്ഡലങ്ങളുള്ള യു.പി.യില്‍ തിരഞ്ഞെടുപ്പു നേട്ടമുണ്ടാക്കണമെങ്കില്‍ അജിത് സിങ്ങിനെപ്പോലുള്ള ഒരാളുടെ സഹായം അനിവാര്യമാണെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍.എല്‍.ഡിയെ ഒപ്പം കൂട്ടിയ ബി.ജെ.പി, എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ആരുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് മുതലെടുത്തു. ബി.ജെ.പിക്ക് യു.പിയില്‍ 98 എം.എല്‍.എമാരുണ്ട്. മായാവതിയുടെ ബി.എസ്.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന് അജിത്‌സിങ് നേരത്തേ പരസ്യമായി പ്രഖ്യാപിച്ചതും കോണ്‍ഗ്രസ്സിന് സഹായകമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക