Image

'ജീവന്റെ സംരക്ഷണം-ക്യാന്‍സറിനെതിരെ പോരാട്ടം': ലോകസഭാ സ്പീക്കര്‍ ശ്രീമതി മീരാ കുമാര്‍ മുഖ്യാതിഥി

Published on 21 December, 2011
'ജീവന്റെ സംരക്ഷണം-ക്യാന്‍സറിനെതിരെ പോരാട്ടം': ലോകസഭാ സ്പീക്കര്‍ ശ്രീമതി മീരാ കുമാര്‍ മുഖ്യാതിഥി
'ജീവന്റെ സംരക്ഷണം-ക്യാന്‍സറിനെതിരെ പോരാട്ടം'

ഇന്റര്‍നാഷണല്‍ ചാവറ കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും കമ്യൂണിറ്റി ലിവിംഗ്
പ്രൊജക്ടിന്റെയും ശിലാസ്ഥാപനം തിരുവനന്തപുരത്ത് ഡിസംബര്‍ 27ന്


ലോകസഭാ സ്പീക്കര്‍ ശ്രീമതി മീരാ കുമാര്‍ മുഖ്യാതിഥി

തിരുവനന്തപുരം: തിരുവനന്തപുരത്തിനടുത്ത് നെടുമങ്ങാട് സീറോ മലബാര്‍ സഭ അല്മായ സംരംഭമായ കുര്യാക്കോസ് ഏലിയാസ് ട്രസ്റ്റ് അത്യന്താധുനികവും ആഗോള നിലവാരമുള്ളതുമായ കാന്‍സര്‍ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടും, ഹോസ്പിറ്റലും, പാലിയേറ്റീവ് കെയര്‍ സെന്ററും, പാപ്പനംകോട് കമ്യൂണിറ്റി ലിവിംഗ് പ്രൊജക്ടും, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും ആരംഭിക്കുന്നുവെന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ഇന്റര്‍നാഷണല്‍ ചാവറ കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് മെഡിക്കല്‍ബോര്‍ഡ് ഡയറക്ടറും വിദഗ്ദ്ധ ഓങ്കോളജിസ്റ്റുമായ പ്രെഫ.ഡോ. സി.എസ്.മധു, കുര്യാക്കോസ് ഏലിയാസ് ട്രസ്റ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി കെ.എ.എബ്രാഹം, തിരുവനന്തപുരം ലൂര്‍ദ് മാതാ കെയര്‍ ഡയറക്ടര്‍ ഫാ.സോണി മുണ്ടുനടയ്ക്കല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പ്രസ്താവിച്ചു.

ഡിസംബര്‍ 27ന് തിരുവന്തപുരം പാപ്പനംകോട് ശ്രീചിത്രതിരുനാള്‍ എഞ്ചിനീയറിംഗ് കോളജിന് എതിര്‍വശമുള്ള എമ്മാനുവല്‍ നഗറില്‍ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന പന്തലില്‍ നെടുമങ്ങാട് കാന്‍സര്‍ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട്, ഹോസ്പിറ്റല്‍, പാലിയേറ്റീവ് കെയര്‍ സെന്റര്‍, പാപ്പനംകോട് കമ്യൂണിറ്റി ലിവിംഗ് പ്രൊജക്ട് എന്നിവയുടെ ശിലാസ്ഥാപനകര്‍മ്മം നടക്കും. ഉച്ചകഴിഞ്ഞ് 1.30ന് കാന്‍സര്‍ ബോധവല്‍ക്കരണ സെമിനാറോടെ ചടങ്ങുകള്‍ ആരംഭിക്കും. പ്രമുഖ ഓങ്കോളജിസ്റ്റും കോട്ടയം മെഡിക്കല്‍ കോളജിലെ ഓങ്കോളജി മുന്‍ തലവനുമായ പ്രെഫ.ഡോ.സി.എസ്.മധു ഉള്‍പ്പെടെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം കാന്‍സര്‍ ബോധവല്‍ക്കരണ സെമിനാറിന് നേതൃത്വം നല്‍കും.
 
2.30ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ലോകസഭാ സ്പീക്കര്‍ ശ്രീമതി മീരാകുമാര്‍ ശിലാസ്ഥാപനം നടത്തുന്നതാണ്. സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ചെയര്‍മാനും കെ.ഇ.ട്രസ്റ്റ് പേട്രനുമായ കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ ആമുഖപ്രഭാഷണം നടത്തും.
2012 മെയ് മാസം തിരുവന്തപുരത്ത് വച്ച് നടക്കുന്ന 'ഓങ്കോളജി 2012' അന്തര്‍ദ്ദേശീയ സമ്മേളനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് നടത്തുന്നതാണ്.
സാമ്പത്തിക ക്ലേശമനുഭവിക്കുന്ന കാന്‍സര്‍രോഗികളായവരുടെ മക്കളുടെ വിദ്യാഭ്യാസ സഹായപദ്ധതിയും കാന്‍സര്‍ രോഗികളായ കുട്ടികളെ ദത്തെടുക്കുന്നതുമായ 'ഹെല്‍ത്തി ചൈല്‍ഡ് വെല്‍ത്തി നേഷന്‍-ആരോഗ്യമുള്ള കുട്ടി സമ്പന്ന രാഷ്ട്രം' പദ്ധതി ധനകാര്യ മന്ത്രി കെ.എം.മാണി പ്രഖ്യാപിക്കും. വിവിധ രൂപതകള്‍, ഇടവകകള്‍, അല്മായ പ്രസ്ഥാനങ്ങള്‍, യുവജന വനിതാ സംഘടനകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, കുടുംബക്കൂട്ടായ്മകള്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള ബോധവല്‍ക്കരണ പരിപാടിയായ കാന്‍സറിനെതിരെ പോരാട്ടം' വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിക്കും. ഐസിസിആര്‍ഐ പ്രസിദ്ധീകരണമായ 'കാന്‍സര്‍ കെയര്‍' മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ പ്രകാശനം ചെയ്യും. പാര്‍പ്പിടസമുച്ചയമായ 'കമ്യൂണിറ്റി ലിവിംഗ്' പ്രൊജക്ടിന് മുന്‍ കേന്ദ്ര മന്ത്രി പ്രെഫ.പി.ജെ.കുര്യന്‍ തുടക്കം കുറിക്കും.

സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മോറന്‍ മോര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ, തിരുവനന്തപുരം അതിരൂപത ആര്‍ച്ച്ബിഷപ് മോസ്റ്റ് റവ.ഡോ.എം.സൂസാ പാക്യം എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. കെപിസിസി പ്രസിഡന്റ് ശ്രീ രമേശ് ചെന്നിത്തല, എംപിമാരായ ഡോ.ശശി തരൂര്‍, ശ്രീ ആന്റോ ആന്റണി, എംഎല്‍എമാരായ ശ്രീ എം.എ. ബേബി, ശ്രീ.വി.ശിവന്‍കുട്ടി, ശ്രീ കൊലിയക്കോട് കൃഷ്ണന്‍ നായര്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ശ്രീമതി കെ.ചന്ദ്രിക, തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീമതി ഒ.ബീന, ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാള്‍ വെരി.റവ.ഡോ.ജോണ്‍ വി.തടത്തില്‍, സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍, കെ.ഇ.ട്രസ്റ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി കെ.എ.എബ്രഹാം എന്നിവര്‍ സംസാരിക്കും.

ഡിസംബര്‍ 25ന് ക്രിസ്മസ് ദിനത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി ശില ആശീര്‍വാദം സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നിര്‍വ്വഹിക്കുന്നതാണ്. ജീവനെതിരെ വലിയവെല്ലുവിളികള്‍ ഉയര്‍ത്തി വ്യാപിച്ചുകൊണ്ടിരിക്കുന്ന കാന്‍സറിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നില്ലെങ്കില്‍ വലിയ ദുരന്തങ്ങള്‍ ഭാവിയില്‍ ഏറ്റുവാങ്ങേണ്ടി വരും. ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ഏവരേയും കോര്‍ത്തിണക്കി, ബോധവല്‍ക്കരണ പദ്ധതികളും ലോകോത്തര ചികിത്സാസൗകര്യങ്ങളും എല്ലാവരാലും ഉപേക്ഷിക്കപ്പെടുന്ന കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമേകി പാലിയേറ്റീവ് കെയര്‍ സെന്ററുകളുമാണ് അടിയന്തര നടപടികളും ബോധവല്‍ക്കരണ പദ്ധതികളുമാണ് കുര്യാക്കോസ് ഏലിയാസ് ട്രസ്റ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് എക്‌സിക്യൂട്ടീവ് സെക്രട്ടറി കെ.എ.എബ്രാഹം സൂചിപ്പിച്ചു.


കെ.എ.എബ്രാഹം
എക്‌സിക്യൂട്ടീവ് സെക്രട്ടറി
'ജീവന്റെ സംരക്ഷണം-ക്യാന്‍സറിനെതിരെ പോരാട്ടം': ലോകസഭാ സ്പീക്കര്‍ ശ്രീമതി മീരാ കുമാര്‍ മുഖ്യാതിഥി
'കാന്‍സറിനെതിരെ പോരാട്ടം' സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ നടപ്പിലാക്കുന്ന ഇന്റര്‍നാഷണല്‍ ചാവറ കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, കമ്യൂണിറ്റി ലിവിംഗ് പ്രോജക്ട് തുടങ്ങി വിവിധ പദ്ധതികളെക്കുറിച്ച് തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ വിശദീകരിക്കുന്നു. ഇന്റര്‍നാഷണല്‍ ചാവറ കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് മെഡിക്കല്‍ബോര്‍ഡ് ഡയറക്ടറും വിദഗ്ദ്ധ ഓങ്കോളജിസ്റ്റുമായ പ്രെഫ.ഡോ. സി.എസ്.മധു, കുര്യാക്കോസ് ഏലിയാസ് ട്രസ്റ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി കെ.എ.എബ്രാഹം, തിരുവനന്തപുരം ലൂര്‍ദ് മാതാ കെയര്‍ ഡയറക്ടര്‍ ഫാ.സോണി മുണ്ടുനടയ്ക്കല്‍ എന്നിവര്‍ സമീപം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക