Image

കോഴക്കഥകളും കൊതുകു നിവാരണവും(വാല്‍ക്കണ്ണാടി- കോരസണ്‍)

കോരസണ്‍ Published on 28 January, 2015
കോഴക്കഥകളും കൊതുകു നിവാരണവും(വാല്‍ക്കണ്ണാടി- കോരസണ്‍)
ബാര്‍ കോഴകഥകളില്‍ മുങ്ങി കേരളം തരിച്ചിരിക്കുന്നു എന്ന ഒരു തെറ്റിദ്ധാരണ മലയാള മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കയാണ്. കേരളത്തിന്റെ എക്കാലത്തേയും നിതാന്ത്യ മഹിമ ധനകാര്യമന്ത്രി ശ്രീ.കെ.എം. മാണി സാര്‍ മദ്യ ലോബിയുടെ കരാളഹസ്തങ്ങളില്‍ ഞെരിഞ്ഞമരുകയാണ്. ഇതിലും എത്രയോ വലിയ കോളിളക്കങ്ങളില്‍ ക്കൂടി ആത്മശുദ്ധി വരുത്തിയ ചരിത്രമാണ് കേരള കോണ്‍ഗ്രസിന്റെയും മാണി കോണ്‍ഗ്രസിന്റെയും! എന്നാല്‍ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ 80 ദിവസം കഴിഞ്ഞിട്ടും കത്തി നില്‍ക്കുന്നതിനാല്‍ തീയില്ലാത്ത പുകയെപ്പറ്റിയുള്ള അനിശ്ചിതത്വം ആശങ്ക ഉണര്‍ത്തുന്നു. കേരള മദ്യനയത്തെപ്പറ്റിയുള്ള രാഷ്ട്രീയ നിലപാടുകളും മാര്‍ഗ്ഗം കളികളും കുറെയൊക്കെ നിസ്സംഗതയോടെ നോക്കിക്കാണുകയായിരുന്നു ജനങ്ങള്‍. കേരളീയരുടെ വീര്യം കുറപ്പിക്കാന്‍ കരുതിക്കൂട്ടിയ സുധീര നിലപാടുകള്‍ മണിയില്ലാതെ കാലിയായ മാണിയുടെ ഖജനാവും, ഇലക്കും വെള്ളത്തിനും നികുതി ചുമത്തണമെന്ന നിലയില്‍ ഭരണചക്രത്തിന്റെ പുതിയ കണ്ടെത്തലുകളും സര്‍വ്വവീര്യവും കെടുപ്പിച്ചു കളഞ്ഞു. ഈക്കഴിഞ്ഞ രണ്ടുമാസ കാലങ്ങളിലെ മണ്ഡലകാല വൃതശുദ്ധിയുടെ പരിണിത ഫലമാവാം കേരളീയര്‍ക്ക് ആത്മവീര്യം വര്‍ദ്ധിച്ച് വരുന്നത്. ബി.ജെ.പി.യുടെ ബന്ദ് വന്‍ വിജയം! പ്രതിപക്ഷ ബന്ദ് ആസന്നമാകുന്നു. അതും തീര്‍ച്ചയായും വന്‍ വിജയം തന്നെ; സംശയം വേണ്ട. ബന്ദുകളെ മനസ്സില്‍ താലോലിച്ചുകൊണ്ടിരിക്കയാണ് കേരളം. ആരോപണങ്ങളെ പുശ്ചിച്ചു തള്ളുന്നുവെന്നും. സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുമെന്നും മാണിസാര്‍ പറയുന്നു, അദ്ദേഹം അതു തന്നെ പ്രവര്‍ത്തിക്കും എന്നും കരുതാം. സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞപ്പോള്‍ മുതല്‍ ഇടതുപക്ഷം ഒരേ ആവശ്യം മുഖ്യമന്ത്രിയോട് ഉന്നയിക്കുന്നു. രാജിവയ്ക്കുക- എന്തായാലും രാജിവയ്ക്കുക! അദ്ദേഹവും അതു പുശ്ചിച്ചു തള്ളിയതിനാല്‍ തല്‍ക്കാലം മറ്റ്-ആവശ്യങ്ങള്‍ ഉണര്‍ന്നു വരാത്തതിനാലും ബന്ദില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക ബന്ദേ നമഹ:

ന്യൂയോര്‍ക്കിലെ ആല്‍ബനി(തലസ്ഥാനം)യും അഴിമതിക്കഥകളില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്നു. ന്യൂയോര്‍ക്ക് സ്‌റ്റേറ്റിന്റെ മൂന്നാമത് പ്രധാനിയായ, നിയമസഭാ നേതാവും ഡമോക്രാറ്റിക് പാര്‍ട്ടിയുടെ 20 വര്‍ഷത്തിലധികമായി സമുന്നത സ്ഥാനിയുമായ ഷെല്‍ഡന്‍ സില്‍വര്‍നെ കഴിഞ്ഞ ദിവസം കൈയാമം വച്ച് ജയിലേക്കു കൊണ്ടുപോകുന്ന കാഴ്ച അക്ഷരാര്‍ത്ഥത്തില്‍ അമേരിക്കയെ ഞെട്ടിച്ചു. 70 വയസ്സുള്ള സര്‍വ്വഭാരണീയനായ രാഷ്ട്രീയ പ്രമുഖന്‍ 4 മില്യണ്‍ ഡോളറിലധികം കൈക്കൂലി കൈപ്പറ്റി എന്ന് ഇന്ത്യ വംശജനായ യു.എസ്. അറ്റോര്‍ണി പ്രീത് ബറാറ പറയുന്നു. 100 വര്‍ഷത്തിലധികം തടവുശിക്ഷ കിട്ടാന്‍ കാരണങ്ങളുള്ള പഴികളാണ് ബറാറ സില്‍വറില്‍ ചുമത്തിയിരിക്കുന്നത്. താന്‍ കുറ്റവിമുക്തനായി തിരിച്ചുവരുമെന്നു തന്നെയാണ് സില്‍വര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.

അധികാരവും സ്ഥാനമാനങ്ങളും തുടര്‍ച്ചയായി നിലനില്‍ക്കുമ്പോള്‍ രാഷ്ട്രീയമായാലും, മതത്തിലായാലും പ്രലോഭനങ്ങളില്‍ വീഴാതിരിക്കാന്‍ വലിയ പ്രയാസമാണ്. പ്രത്യേകിച്ചു പൊതു മുതല്‍ കൈകാര്യം ചെയ്യാനുള്ള അവകാശം കൈയ്യിലെത്തുമ്പോള്‍, തനിക്കുചുറ്റും ഒഴുകുന്ന കലക്കവെള്ളപ്പാച്ചിലില്‍ ഒറ്റക്കു നിലനില്‍ക്കാന്‍ നന്നെ പാടുപെടേണ്ടിവരും. ഒറ്റക്കു നിന്നു പൊരുതുവാനുള്ള ഇച്ഛാശക്തി ഇല്ല എന്നു മനസ്സിലായി വരുമ്പോഴേക്കും, അഴിമതി വ്യവസ്ഥിതിയുടെ അറിയാത്ത ഭാഗമായിത്തീര്‍ന്നിരിക്കും. എന്തായാലും വേഷം കെട്ടിയതിനാല്‍ ഭംഗിയായി ആടിത്തിമര്‍ക്കുകയാണ് ശരി, പിന്നെ ആട്ടത്തില്‍ കുലപതി ആകുക! കൂടുതല്‍ കൂടുതല്‍ അധികാരവും പദവികളും താനെ എത്തിചേരും.

ഫ്‌ളോറിഡായിലെ കീ വെസ്റ്റില്‍ ചില ബ്രിട്ടീഷ് ഗവേഷകര്‍ ജനിതക മാറ്റങ്ങള്‍ വരുത്തിയ കൊതുകുകളെ ഉപയോഗിച്ച് മാരകമായ ചിക്കന്‍ഗുനിയ വൈറസുകളെ ഉന്മൂലനം ചെയ്യാന്‍ പദ്ധതി ഇട്ടു. കൊതുകുകള്‍ പരത്തുന്ന രോഗങ്ങളെ ഇല്ലാതാക്കാനുള്ള എല്ലാ പദ്ധതികളും പരാജയപ്പെട്ടു തുടങ്ങിയപ്പോഴാണ് ഇത്തരം ഒരു ചിന്ത ഔദ്യോഗിക മേശകളില്‍ എത്തപ്പെട്ടത്. ജനിത മാറ്റങ്ങള്‍ വരുത്തിയ ആണ്‍ കൊതുകുകളെ വിട്ട് സാധാരണ പെണ്‍കൊതുകുകളുമായി ഇണചേര്‍ക്കുകയും അതിന്റെ പരമ്പര ഇല്ലാതാക്കുകയാണ് പദ്ധതി.

ഔദ്യോഗിക തലത്തിലുള്ള അഴിമതികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനമായി ഇടപെടുവാനുള്ള സംവിധാനം അമേരിക്കയില്‍ ഉണ്ടായതിനാലാണ് ഇന്ത്യന്‍ വംശജനായ പ്രീത് ബറാറ, പ്രതി എത്ര ഉന്നതനായാലും,  മടിയില്ലാതെ, ഭയമില്ലാതെ നടപടികള്‍ സ്വീകരിക്കാനായത്. അഴിമതി ജീവിതത്തിന്റെ ഭാഗമായ കേരളീയ സമൂഹം ഇത്തരം ജനിതക മാറ്റങ്ങള്‍ വരുത്തിയ ഇടപെടലുകള്‍ ആശയോടെ കാത്തിരിക്കയാണ്. പി.സി.ജോര്‍ജും, ബാലകൃഷ്ണപിള്ള തുടങ്ങിയ കൊതുകുകള്‍ക്ക് ജനിതക പരിണാമമുള്ള കൊതുകുകളുടെ ഇണചേരലായല്ല, ഭ്രാന്തവിലാപമായിട്ടാണ് സമൂഹം നോക്കുന്നത്. ഇനിയും ഒരു കൊതുകുനിവാരണത്തിനു ഉടുക്കുകൊട്ട് എന്ന് കേരളത്തിലുണ്ടാവുക?

കോഴക്കഥകളും കൊതുകു നിവാരണവും(വാല്‍ക്കണ്ണാടി- കോരസണ്‍)
Join WhatsApp News
Tharakan 2015-01-29 09:16:33

I’m glad that you published this article. India and United States are two oldest democracies. However, you see the separation of powers in it’s fullest form among the branches of Government only in the U.S. This is the reason Law Enforcement can go after Judiciary and Legislature in the U.S.  Nobody is going to stop them. We need to see this kind of enforcement in Kerala and other Indian States. Mr. Vincent M Paul, Director, (Vigilance and Anti- Corruption Bureau) can take sworn affidavit from Biju Ramesh and issue summons left and right, including Ramesh Chennithala. ഇതൊക്കെ ചെയ്യണമെങ്ങിൽ സെൻസ് ഉണ്ടാകണം , സെന്സിബിളിടി ഉണ്ടാകണം, സെന്സിടിവിട്ടി  ഉണ്ടാകണം. അതാവണം പോലീസ്.

c. george 2015-01-29 20:00:25
ഒരു സാധാരണ മലയാളിയുടെ വികാരം അതുപോലെ തന്നെ പകര്ത്തിയ ലേഖകനെ അഭിനന്ദിക്കുന്നു. പലരും തുറന്നു പറയാൻ മടിക്കുന്ന സത്യങ്ങൾ ഇത്രയും തന്മയത്വത്തോടെ അവതരിപ്പിച്ച ലേഖകൻ  ഇനിയും ഇത്തരം ലേഖനങ്ങൾ പ്രസിദ്ധീകരികാൻ അവസരം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.
Pappy 2015-01-30 12:39:37
അമേരിക്ക, അമേരിക്കൻ മണ്ണിൽ അഴിമതി ഇഷ്ടപ്പെടുന്നില്ല മറ്റെല്ലാവരെയും പോലെ. എന്നു പറഞ്ഞാൽ മറ്റു 'പക്കാവട' രാജ്യങ്ങളും സാധാരണക്കാർക്ക് അഴിമതി ഇല്ലാത്ത ഒരു നാടു വേണമെന്നു തന്നാ ആഗ്രഹിക്കുന്നത്. അതു ഒക്കാതെ വന്നത് മറ്റൊരു കാര്യം. ദൈവംതമ്പുരാൻ തന്നെ കൾപ്രിറ്റ്... എല്ലായിടത്തും കുറച്ചു തൻകാര്യക്കാർ ഉണ്ടായി. അടിപിടിയും തലവെട്ടും ഒത്തിരി നടത്തി. അവർ ഒരുപാടു സ്വത്തു സമാഹരിച്ചു. അവർ നാടു ഭരിച്ചു, പിന്നെ അയൽനാടുകൾ കയ്യേറി. അങ്ങനെ കൂടുതൽ ഉണ്ടാക്കി, അതെല്ലാം കൊണ്ടു പോയി ഒളിച്ചുവെച്ചു. പലരും എരന്തുപോയി ഈ കളിയിൽ, പല പല ജന്മങ്ങൾ. പിന്നീടല്ല്യോ സോഷ്യലിസവും സമഭാവന ഒക്കെ ഉണ്ടായത്. അപ്പോൾ കള്ളന്മാർ അവിടെ കയറിക്കൂടി. അങ്ങനെ വെട്ടിപ്പിടിത്തം ശാസ്ത്രീയമായും സൈനികമായും ബോംബു വെച്ചും റോക്കറ്റ് വെച്ചും ആകാശത്തിനു മുകളിൽ പൊങ്ങിപ്പറന്നും 'സ്പേസ്' ഗവേഷണങ്ങളിലൂടെയും ഒക്കെ വികസിച്ചു. ഇപ്പോൾ കണക്കെടുത്താൽ 'പക്കാവട'ക്കാരുടെ സ്വത്തുക്കൾ നല്ലൊരു ഭാഗം അമേരിക്കയിലാ പൂത്തി വെച്ചിരിക്കുന്നതെന്നും കാണാം.
യൂറോപ്പും അമേരിക്കയും ഇല്ലാതെ പക്കാവടക്കാർ ജീവിക്കില്ല. അതുപോലെ തിരിച്ചും. ഇനിയിപ്പം എല്ലാത്തിന്റെയും സൂത്രധാരകനായ ഒടേതമ്പുരാൻ നേരിട്ട് വരുംമെന്നല്യോ പറച്ചില്... നമുക്ക് പ്രാർത്ഥിക്കാം... എടാ, കുഞ്ഞൂട്ടിയെ ആ ഗ്ലാസും വെള്ളോം ഇങ്ങോട്ടെടുത്തെ...

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക