Image

അതിരപ്പിള്ളി, നീയെത്ര സുന്ദരി ! (പ്രകൃതിയുടെ നിഴലുകള്‍ തേടി 55:ജോര്‍ജ്‌ തുമ്പയില്‍)

Published on 31 January, 2015
അതിരപ്പിള്ളി, നീയെത്ര സുന്ദരി ! (പ്രകൃതിയുടെ നിഴലുകള്‍ തേടി 55:ജോര്‍ജ്‌ തുമ്പയില്‍)
കോട്ടയവും കൊച്ചിയും ആലപ്പുഴയും കടന്ന്‌ കേരളയാത്ര ഇപ്പോള്‍ തൃശൂര്‍ ജില്ലയിലേക്കു കടക്കുകയാണ്‌. തൃശൂരിലൂടെയുള്ള യാത്രയില്‍ ഏറ്റവും പ്രധാനപ്പെട്ട അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്ക്‌ എത്തിപ്പെടുന്നത്‌ വളരെ യാദൃശ്ചികമായിരുന്നു. മറ്റെല്ലാ യാത്രകളും മുന്‍കൂര്‍ പ്ലാന്‍ ചെയ്‌തതായിരുന്നുവെങ്കില്‍ ഇത്‌ അങ്ങനെയായിരുന്നില്ല. ഒട്ടും പ്ലാനും പദ്ധതിയുമില്ലാത്ത ഒരു യാത്ര. എന്തിന്‌, കൈയില്‍ വെയില്‍ കൊള്ളാതിരിക്കാന്‍ ഒരു തൊപ്പി പോലും കരുതാതിരുന്ന യാത്ര. അപ്രതീക്ഷിതമായിരുന്നതിനാല്‍ അത്രമേല്‍ സൗന്ദര്യവതിയായി ഇവിടം അനുഭവപ്പെട്ടു എന്നതാണ്‌ സത്യം.
ചാലക്കുടിയിലേക്കുള്ള ഒരു യാത്രയുടെ അവസാനം തിരിച്ചിറങ്ങുമ്പോഴാണ്‌ അതിരപ്പിള്ളി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്‌. ഞങ്ങളെത്തുമ്പോള്‍, കുളിരുന്ന കാഴ്‌ച്ചയും അവസാനിക്കാത്ത ഓര്‍മ്മയുമായി നിറഞ്ഞു നില്‍ക്കുകയായിരുന്നു വെള്ളച്ചാട്ടം. അതൊരു മഴക്കാല യാത്രയായിരുന്നു. മഴ പെയ്‌തു തുടങ്ങിയാല്‍ കേരളത്തില്‍ കാണേണ്ട ജലപാതമാണ്‌ അതിരപ്പിള്ളിയിലേത്‌. ഈ സുരസുന്ദര ദൃശ്യത്തിന്റെ ഗരിമയില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ വിളിക്കപ്പെടാത്ത അതിഥിയെ പോലെ മഴ പെയ്യാന്‍ തുടങ്ങി. കേരളത്തിലെ ഏറ്റവും വലിയ ഈ വെള്ളച്ചാട്ടം കാണാന്‍ ഓരോ അവധിക്കാലത്തും തയ്യാറെടുത്തിരുന്നുവെങ്കിലും ഒട്ടും തയ്യാറെടുപ്പില്ലാത്ത ഒരു യാത്ര വേണ്ടി വന്നു ഇവിടേക്ക്‌ എത്തിച്ചേരാന്‍.

കണ്ണുകളിലേക്ക്‌ ഒരു കള്ളച്ചിരിയെറിഞ്ഞ്‌, മുടിയഴിച്ചിട്ട്‌ മാടിവിളിക്കുന്ന അലസമദാലസയെ പോലെ അതിരപ്പിള്ളി വെള്ളച്ചാട്ടം സദാ ഇളകിയാടുന്ന തൂവെള്ളമുടിയിഴികള്‍ പോലെ തോന്നിച്ചു. എത്ര കണ്ടാലും കണ്ണുകള്‍ക്ക്‌ മതിവരാത്ത ചാലക്കുടി പുഴയിലെ വെള്ളച്ചാട്ടം എത്രയെത്ര സിനിമകളുടെ ലൊക്കേഷനായിട്ടുണ്ട്‌. ഇതിന്റെ ഗരിമ ഇപ്പോള്‍ ബോളിവുഡും കടന്ന്‌ ഹോളിവുഡ്‌ വരെയായിട്ടുണ്ട്‌. മഴമേഘങ്ങള്‍ക്ക്‌ കനം വെച്ച്‌ മാനം നോക്കി ആര്‍ത്തലച്ചു താഴേയ്‌ക്ക്‌ പതിക്കുന്ന തൂവെള്ള ജലകണങ്ങള്‍ കാണുമ്പോള്‍ മനസ്സ്‌ ഏതോ ലോകത്തേക്ക്‌ അറിയാതെ ഒഴുകി പോകുന്നു. തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിക്ക്‌ കിഴക്കായി അതിരപ്പിള്ളി പഞ്ചായത്തിലാണ്‌ ഈ വെള്ളച്ചാട്ടം. ഏതാണ്ട്‌ 24 മീ. ഉയരത്തില്‍ നിന്നും താഴേക്കുപതിക്കുന്ന ഈ ജലപാതം ചാലക്കുടിപ്പുഴയിലാണ്‌ ഉള്ളത്‌. ചാലക്കുടിക്ക്‌ 30 കിലോമീറ്റര്‍ കിഴക്കായും, തൃശ്ശൂരില്‍നിന്നും ഏകദേശം 32 കിലോമീറ്റര്‍ തെക്കു കിഴക്കായുമാണ്‌ ചാലക്കുടിപ്പുഴയിലുള്ള ഈ വെള്ളച്ചാട്ടം ചാലക്കുടി വാല്‍പ്പാറ റോഡിനരികിലാണ്‌ . വാഴച്ചാല്‍ വെള്ളച്ചാട്ടം 5 കിലോമീറ്റര്‍ അകലെ ഇതേ റോഡരുകില്‍ തന്നെയാണ്‌.

വനത്താല്‍ ചുറ്റപ്പെട്ടതും, ധാരാളം പക്ഷികളുടെ വാസസ്ഥലവുമായിരുന്നു ഒരുകാലത്ത്‌ ഇവിടം. ജില്ലാ വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്റെ വികസന പദ്ധതികളുടെ ഭാഗമായി വിനോദസഞ്ചാരികള്‍ കൂടുതലായി സന്ദര്‍ശിക്കാന്‍ തുടങ്ങിയതോടെ അവരുടെ ആവാസവ്യവസ്ഥയിലും കാര്യമായ മാറ്റമുണ്ട്‌. ആനമുടിയില്‍ നിന്ന്‌ ഷോളയാര്‍ വനത്തിലൂടെ കിലോമീറ്ററുകളോളം യാത്ര ചെയ്‌താണ്‌ ചാലക്കുടി പുഴ ഇവിടെ എത്തുന്നത്‌. മുന്‍പ്‌ ഇവിടെ വെള്ളച്ചാട്ടത്തിന്‌ മുകളില്‍ പുഴയില്‍ കുളിക്കാനും ഉല്ലസിക്കാനുമെല്ലാം യാതൊരു തടസ്സവുമില്ലായിരുന്നു. ഇപ്പോള്‍ ഇവിടെ കുളി നിരോധിച്ചിരിക്കുകയാണ്‌. വനംവകുപ്പ്‌ വടം കെട്ടിയിട്ടിട്ടുണ്ട്‌ അതിനപ്പുറത്തേക്ക്‌ പ്രവേശനമില്ല. സിനിമാ സ്റ്റില്ലു പോലെ വെള്ളച്ചാട്ടത്തിനരികിലായി ഒരു ഓലക്കുടിലുണ്ട്‌. ഫോറസ്റ്റ്‌ വാച്ചര്‍മാര്‍ക്ക്‌ സന്ദര്‍ശകരെ നിരീക്ഷിക്കാനുള്ള ഇടം. വെള്ളച്ചാട്ടം അടുത്തു കാണാന്‍ നിരോധിത മേഖലയിലേക്ക്‌ കാല്‍ വെച്ചതും വിസില്‍ മുഴങ്ങി. 'അങ്ങോട്ട്‌ പോകരുത്‌' വാച്ചറുടെ മുന്നറിയിപ്പ്‌. എണ്‍പതടി താഴ്‌ച്ചയിലേക്ക്‌ പതിക്കുന്ന അതിരപ്പിള്ളി മനസ്സില്‍ ഒരു നുള്ള്‌ പേടി തൂവും.

അതിരപ്പള്ളി ജലപാതത്തിന്‌ ഇരു പാര്‍ശ്വങ്ങളിലുമായി സ്ഥിതിചെയ്യുന്ന നിബിഢ വനങ്ങള്‍ അപൂര്‍വ ജൈവസമ്പത്തിന്റെ കലവറയാണ്‌. ഇരുള്‍, ഇലവ്‌, വെണ്‍തേക്ക്‌, മരുത്‌, വേങ്ങ, കാഞ്ഞിരം, മരോട്ടി, തേക്ക്‌, വീട്ടി തുടങ്ങിയ വാണിജ്യപ്രാധാന്യമുള്ള നിരവധി വൃക്ഷങ്ങള്‍ ഇവിടെ വളരുന്നു. വേഴാമ്പല്‍, വാനമ്പാടി, കൃഷ്‌ണപ്പരുന്ത്‌, മാടത്ത, കാട്ടിലക്കിളി, ശരപക്ഷി തുടങ്ങിയ നിരവധി പക്ഷികളുടെയും ആന, കാട്ടുപോത്ത്‌, വെരുക്‌, കടുവ, കരിങ്കുരങ്ങ്‌, സിംഹവാലന്‍ കുരങ്ങ്‌, കുട്ടിതേവാങ്ക്‌ തുടങ്ങിയ ജന്തുക്കളുടെയും വിവിധയിനം ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ്‌ ഈ വനപ്രദേശം. കാടര്‍, മലയര്‍, തുടങ്ങിയ ആദിവാസിവിഭാഗങ്ങള്‍ ഇവിടത്തെ വനങ്ങളില്‍ നിവസിക്കുന്നു.

അതിരപ്പിള്ളിയിലെത്തുന്നവര്‍ മുകളില്‍ നിന്നുള്ള കാഴ്‌ച്ച കണ്ട്‌ തിരിച്ചു പോവുകയാണ്‌ പതിവ്‌. ഈ ജലപാതത്തിന്റെ സൗന്ദര്യം ഒരിക്കലും മായാതെ മനസ്സില്‍ നിറയണമെങ്കില്‍ പതനസ്ഥാനത്തേക്ക്‌ പോകണം. കാട്ടിന്‌ നടുവിലൂടെ കുത്തനെയുള്ള ഇറക്കമാണ്‌. കരിങ്കല്ലു പാകിയ വഴിയിലൂടെ താഴെയെത്തുമ്പോള്‍ വെള്ളച്ചാട്ടത്തിന്റെ ഹുങ്കാരത്തിന്‌ അഹങ്കാരം കൂടി. പരസ്‌പരം പറയുന്നതെന്താണെന്ന്‌ കൂടി മനസ്സിലാക്കാന്‍ സാധിക്കാത്തത്ര ശബ്ദത്തിലാണ്‌ വെള്ളം പതിക്കുന്നത്‌. ഇവിടെ ശരിക്കും അപകടമേഖലയാണ്‌. വെള്ളം പതിക്കുന്നതിന്‌ കുറച്ചിപ്പുറത്ത്‌ വടം കെട്ടിയിട്ടുണ്ട്‌. വനവകുപ്പിന്റെ വാച്ചര്‍മാരുമുണ്ടിവിടെ.

തിരിച്ച്‌ കയറാന്‍ തുടങ്ങുന്നതിനു മുന്‍പ്‌ പതനസ്ഥാനത്ത്‌ നിന്നപ്പോള്‍, പാറക്കൂട്ടങ്ങളില്‍ തട്ടിചിതറിയ ജലകണങ്ങള്‍ വീണ്‌. നല്ലൊരു മഴ നനഞ്ഞത്‌ പോലെയായി. വെള്ളിമുടികളുള്ള സുന്ദരിയെ ആവോളം മനസ്സില്‍ നിറച്ചു, ഇനി മടങ്ങാം.

(തുടരും)

ഗവി യാത്ര സൂക്ഷിക്കുക

ഇടുക്കി പത്തനംതിട്ട ജില്ലകളിലായി പടര്‍ന്നു കിടക്കുന്ന ദുരൂഹതയുടെ ഗന്ധമുള്ള കാനനസുന്ദരിയായ ഗവിയിലേക്ക്‌ ട്രക്കിങ്ങിനു പുറപ്പെടും മുന്‍പ്‌ സൂക്ഷിക്കുക. ട്രക്കിംഗിനിടെ ആനയുടെ ചവിട്ടേറ്റ്‌ ഗുജറാത്തി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ സുരക്ഷ അനിവാര്യം. ഈ പംക്തിയില്‍ 16,17,18 എപ്പിസോഡുകളിലായി ഗവി യാത്രയെക്കുറിച്ച്‌ എഴുതിയിരുന്നു. വനം വകുപ്പിന്റെ കീഴിലുളള കേരള വനം വികസന കോര്‍പറേഷന്റെ പാക്കേജ്‌ ടൂറിസത്തിന്റെ ഭാഗമായുളള കാനനയാത്രയില്‍ ആവശ്യമായ മുന്‍ കരുതലുകള്‍ യാത്രക്കാര്‍ സ്വീകരിക്കണമെന്ന്‌ അന്ന്‌ എഴുതിയിരുന്നത്‌ ഓര്‍മ്മിക്കുമല്ലോ.

സംഭവത്തെ തുടര്‍ന്ന്‌ ഗവിയിലെ ട്രക്കിംഗ്‌ നിര്‍ത്തിവെച്ചു. 'ഓര്‍ഡിനറി' എന്ന മലയാള സിനിമ പുറത്തിറങ്ങിയതോടെ ഗവി വനമേഖലയിലേക്ക്‌ സന്ദര്‍ശകരുടെ പ്രവാഹമാണ്‌. ഇതിന്‌ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വനംവകുപ്പ്‌ ശ്രമിച്ചെങ്കിലും എതിര്‍പ്പുമൂലം സാധ്യമായില്ല. ഗവിയിലെ പ്രത്യേക ആവാസവ്യവസ്ഥയ്‌ക്ക്‌ കോട്ടംതട്ടാത്ത വിധം വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനാണ്‌ അധികൃതര്‍ ശ്രമിച്ചത്‌. എന്നാല്‍ താങ്ങാന്‍കഴിയുന്നതിലും കൂടുതല്‍ വാഹനങ്ങളും ആളുകളുമാണ്‌ ഇവിടേക്ക്‌ എത്തിക്കൊണ്ടിരുന്നത്‌. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലാണ്‌ ഗവി. ശ്രീലങ്കന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിച്ച വനം വികസന കോര്‍പ്പറേഷന്റെ ഏലത്തോട്ടം നഷ്ടത്തിലായതിനെ തുടര്‍ന്നാണ്‌ ഇവിടെ ഇക്കോ ടൂറിസം പരിപാടികള്‍ തുടങ്ങിയത്‌. ഓണ്‍ലൈന്‍ വഴിയാണ്‌ പാക്കേജ്‌ ടൂറിസത്തിനുള്ള രജിസ്‌ട്രേഷന്‍. വിദേശികളും കേരളത്തിനു പുറത്തുനിന്നുള്ളവരുമായി നിരവധിയാളുകളാണ്‌ എത്തുന്നത്‌. താമസസൗകര്യം, ഹട്ടുകള്‍, ട്രക്കിംഗ്‌, ബോട്ടിംഗ്‌, കാനനസവാരി എന്നിവയാണ്‌ പാക്കേജിലുള്ളത്‌്‌. ട്രക്കിംഗിന്‌ ഗൈഡുകളുടെ സഹായത്തോടെയാണ്‌ സഞ്ചാരികളെ അയ്‌ക്കുന്നത്‌. ഗവി ആനകള്‍ കൂടുതലായുള്ള സ്ഥലമാണ്‌. കടുവ, പുലി തുടങ്ങിയ മൃഗങ്ങളുടെയും സാന്നിധ്യം ഈ മേഖലയില്‍ കണ്ടെത്തിയിട്ടുണ്ട്‌. കാട്ടുപോത്ത്‌ അടക്കമുള്ള മൃഗങ്ങളും സഞ്ചാരപഥത്തിലേക്കു കടന്നുവരാറുണ്ട്‌. വനമേഖലയിലൂടെ മാത്രം ആങ്ങമൂഴിയില്‍ നിന്ന്‌ 70 കിലോമീറ്റര്‍ സഞ്ചരിക്കാമെന്നതാണ്‌ ഗവി ടൂറിസത്തിന്റെ പ്രത്യേകത. വാഹനത്തിലുള്ള യാത്രയില്‍ പലപ്പോഴും കാട്ടാനകളും മറ്റു മൃഗങ്ങളും മുമ്പില്‍ പെടാറുള്ളതാണ്‌. സഞ്ചാരികളുടെ വാഹനങ്ങള്‍ ഇത്തരത്തില്‍ പലപ്പോഴും ആനകള്‍ ആക്രമിക്കാറുണ്ട്‌.

റാന്നി വൈല്‍ഡ്‌ ലൈഫ്‌ ഡിവിഷനിലെ ഗൂഡ്രിക്കല്‍ റേഞ്ച്‌ വഴിയും വള്ളക്കടവ്‌ റേഞ്ച്‌ വഴിയും ഗവിയിലെത്തിച്ചേരാം. ഗൂഡ്രിക്കല്‍ റേഞ്ചിലെ ആങ്ങമുഴി വഴി 100 കിലോമീറ്റര്‍ സഞ്ചരിച്ച്‌വേണം ഇവിടെ എത്താന്‍. ഗവിയിലേക്കു പ്രവേശിക്കണമെങ്കില്‍ കെഎഫ്‌ഡിസി യുടെ ഇക്കോ ടൂറിസം പരിപാടിയിലെ നിശ്ചിത ഫീസ്‌ അടയ്‌ക്കേണ്ടതുണ്ട്‌. ഇതിനു പുറമെ വള്ളക്കടവ്‌ ചെക്ക്‌ പോസ്റ്റില്‍ പ്രവേശനഫീസും നല്‍കണം.

അഞ്ചോളം ചെക്ക്‌ പോസ്റ്റുകള്‍ തരണം ചെയ്‌തുവേണം ഗവിയിലെത്തിച്ചേരാന്‍. കൂടാതെ വൈദ്യുതി ബോര്‍ഡിന്റെ മൂന്നു ചെക്ക്‌പോസ്റ്റുകളുമുണ്ട്‌. കെ എസ്‌ ഇ ബി യുടെ ശബരിഗിരി പദ്ധതിയുടെ നാല്‌ അണക്കെട്ടുകള്‍ പിന്നിട്ടുവേണം ഗവിയിലെത്തിച്ചേരാന്‍. മൂഴിയാര്‍, കക്കി, ആനത്തോട്‌, കൊച്ചുപമ്പ അണക്കെട്ടുകളാണിത്‌. ഇവിടങ്ങളില്‍ വൈദ്യുതി ബോര്‍ഡ്‌ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌.

കാട്ടാനകളുടെ ആക്രമണം ഗവിയില്‍ പുതിയകാര്യമല്ല. വേനല്‍ക്കാലമായതോടെ കാട്ടാനക്കൂട്ടം റോഡിലേക്ക്‌ ഇറങ്ങുന്നതും പതിവാണ്‌. പകല്‍ചൂടില്‍ നിന്നും രക്ഷപെടാനും വെള്ളം തേടിയുള്ള യാത്രയ്‌ക്കുമിടയില്‍ വന്യമൃഗങ്ങള്‍ സന്ദര്‍ശകരുടെ മുന്നില്‍പെടുന്നതും സാധാരണമാണ്‌.

അതിരപ്പിള്ളി, നീയെത്ര സുന്ദരി ! (പ്രകൃതിയുടെ നിഴലുകള്‍ തേടി 55:ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
വായനക്കാരൻ 2015-02-01 07:26:19
ശ്രീ തുമ്പയിലിന്റെ ഫോട്ടോഗ്രാഫുകളും ലേഖനങ്ങൾ പോലെതന്നെ സുന്ദരം. അഭിനന്ദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക