Image

വേദി കിട്ടിയില്ലെങ്കില്‍ ജയിലില്‍ നിരാഹാരം: ഹസാരെ

Published on 23 December, 2011
വേദി കിട്ടിയില്ലെങ്കില്‍ ജയിലില്‍ നിരാഹാരം: ഹസാരെ
റലെഗാവ് സിദ്ധി: ശക്തമായ ലോക്പാല്‍ ബില്ലിനുവേണ്ടി ഈ മാസം 27ന് നടത്തുന്ന ഉപവാസസമരത്തിന് വേദി അനുവദിച്ചില്ലെങ്കില്‍ ജയിലില്‍ നിരാഹാരസമരം നടത്തുമെന്ന് അന്ന ഹസാരെ മുന്നറിയിപ്പ് നല്‍കി. തന്റെ ഉപവാസസമരത്തിന് സര്‍ക്കാര്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് ജന്മനാട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അന്ന ഹസാരെ കുറ്റപ്പെടുത്തി.

ഡല്‍ഹിയില്‍ ആസ്ത് 16 മുതല്‍ ഉപവാസം നടത്താനിരുന്നപ്പോഴും അവര്‍ വേദി അനുവദിച്ചിരുന്നില്ല. അന്നും ജയലില്‍ പോകുമെന്ന് ഭീഷണി മുഴക്കിയപ്പോഴാണ് സര്‍ക്കാര്‍ അയഞ്ഞത്. മഹാരാഷ്ട്രയില്‍ വേദി ലഭിച്ചില്ലെങ്കിലും ഞങ്ങള്‍ ജയിലില്‍ പോകാന്‍ ഒരുക്കമാണ്-ഹസാരെ പറഞ്ഞു. ഡല്‍ഹിയിലെ കൊടുംതണുപ്പ് കാരണമാണ് ഉപവാസത്തിന്റെ വേദി മുംബൈയിലേയ്ക്ക് മാറ്റിയത്. എന്നാല്‍, മുംബൈയില്‍ എവിടെയായിരിക്കും ഉപവാസം നടത്തുകയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

അതിനിടെ ഉപവാസത്തിനായി ആസാദ് മൈതാനത്തിന്റെ ഒരു ഭാഗം വിട്ടുകൊടുക്കേണ്ടതില്ലെന്ന് സംസ്ഥാന കായികവകുപ്പ് തീരുമാനിച്ചു. ഉപവാസത്തിനായി പ്രത്യേകാനുമതി വാങ്ങിക്കാന്‍ മുംബൈ പോലീസ് ഹസാരേയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബാന്ദ്ര-കുര്‍ള കോംപ്ലക്‌സിലെ എം.എം.ആര്‍.ഡി.എ. ഗ്രൗണ്ട് ഉപയോഗിക്കുന്നതിനുള്ള വാടക കുറച്ചുതരണമെന്ന അന്ന സംഘത്തിന്റെ ആവശ്യത്തോട് മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനെ തുടര്‍ന്ന് അന്ന സംഘം കോടതിയെ സമീപിച്ചിരിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക