Image

മുല്ലപ്പെരിയാറിന് പാട്ടു കൊണ്ടൊരു പിന്തുണ

Published on 23 December, 2011
മുല്ലപ്പെരിയാറിന് പാട്ടു കൊണ്ടൊരു പിന്തുണ
കോഴിക്കോട്: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പലവിധം പ്രക്ഷോഭങ്ങള്‍ക്കും സാക്ഷിയാവുകയാണ് കേരളം. എന്നാല്‍, ഒരുകൂട്ടം സംഗീതാസ്വാദകര്‍ നവീനമായൊരു ആശയവുമായാണ് അണക്കെട്ട് പ്രശ്‌നത്തില്‍ പിന്തുണയുമായി രംഗത്തുവന്നിരിക്കുന്നത്.

അയല്‍ക്കാരായ രണ്ടു ജനത യുദ്ധമുഖത്തെന്നപോലെ നിലയുറപ്പിച്ചുകൊണ്ടരിക്കുന്ന ഒരു സാഹചര്യത്തില്‍ ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പേറുന്ന പാട്ടുകളുമായാണ് ഇവര്‍ സമരരംഗത്തിറങ്ങിയിരിക്കുന്നത്. ആറ് പാട്ടുകളാണ് ഇവര്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തയ്യാറാക്കിയ supportkerala.org എന്ന വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രഭാവര്‍മ, പി.മധുസൂദനന്‍, എ. സുഹൃത്ത്കുമാര്‍ എന്നിവരുടെ വരികള്‍ക്ക് വി.കെ.ശശിധരനാണ് ഈണം നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേജിലെ വിദ്യാര്‍ഥികളാണ് ഇതിന് സ്വരം നല്‍കിയത്.

ദുരന്തഭീതിയില്‍ ഒരു ജനത, ചരിത്രബോധം, ഉണര്‍ത്തുപാട്ട്, ഏകത്വം, വഴി, പറയുവാനെന്തുണ്ട് വേറെ തുടങ്ങിയ സംഘഗാനങ്ങള്‍ ഇതിനോടകം തന്നെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. സംഘര്‍ഷത്തിന്റെയല്ല, സമന്വയത്തിന്റെ പാതയാണ് പ്രശ്‌നപരിഹാരത്തിനായി ഈ പാട്ടുകള്‍ മുന്നോട്ടുവയ്ക്കുന്ന പരിഹാരമാര്‍ഗം. അതുകൊണ്ടുതന്നെ ഏറെ ശ്ലാഘിക്കപ്പെടുന്നതാണ് ഇവരുടെ ഈയുദ്യമം.

പാട്ടുകള്‍ വരികള്‍ വായിച്ച് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനുമുള്ള സൗകര്യവും ഈ സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക