Image

പുതുവര്‍ഷ ആഘോഷത്തിനിടെ ചുംബനം; മൂന്ന് യുഎസ് പൗരന്‍മാര്‍ക്ക് മര്‍ദ്ദനം(അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 02 January, 2012
പുതുവര്‍ഷ ആഘോഷത്തിനിടെ ചുംബനം; മൂന്ന് യുഎസ് പൗരന്‍മാര്‍ക്ക് മര്‍ദ്ദനം(അങ്കിള്‍സാം വിശേഷങ്ങള്‍)
തൂത്തുക്കുടി: പുതുവര്‍ഷ ആഘോഷത്തിനിടെ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ പ്രദേശവാസികളായ സ്ത്രീകളെ ചുംബിക്കാന്‍ ശ്രമിച്ച മൂന്ന് യുഎസ് പൗരന്‍മാരെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. കാലിഫോര്‍ണിയയില്‍ നിന്നെത്തിയ വിനോദസഞ്ചാരികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ക്കെതിരെ നാട്ടുകാര്‍ കല്ലേറ് നടത്തുകയും ചെയ്തു. ഇവരെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ച് അറിവില്ലാത്തതിനാലാണ് യുഎസ് പൗരന്‍മാര്‍ ഇത്തരത്തില്‍ പെരുമാറിയതെന്നാണ് പോലീസിന്റെ നിഗമനം. അറസ്റ്റിലായവരെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടില്ല.

ടൈറ്റാനിക്കില്‍ നിന്നു വീണ്‌ടെടുത്ത സാധനങ്ങള്‍ ലേലം ചെയ്യുന്നു

ന്യൂയോര്‍ക്ക്:ടൈറ്റാനിക് ദുരന്തത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചു കപ്പലില്‍നിന്നു വീണ്‌ടെടുത്ത സാധനങ്ങള്‍ ഏപ്രില്‍ ഒന്നിനു ലേലം ചെയ്യും. ന്യുയോര്‍ക്കിലെ ഗ്വേണ്‍സേയ്‌സ് ലേല സ്ഥാപനം ഇത്തരം അയ്യായിരത്തിലേറെ വസ്തുക്കള്‍ ഒന്നിച്ചാണു വില്‍പനയ്ക്കു വയ്ക്കുക. ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണു ടൈറ്റാനിക് കപ്പലപകടം. യുഎസിലേക്കുള്ള ആദ്യയാത്രയ്ക്കിടെ 1912 ഏപ്രില്‍ 15ന് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ യാത്രക്കപ്പല്‍ വന്‍ മഞ്ഞുകട്ടയില്‍ ഇടിച്ചുമുങ്ങി, യാത്രക്കാരും ജീവനക്കാരും അടക്കം 1500ല്‍ ഏറെ ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.

ആര്‍എംഎസ് ടൈറ്റാനിക് എന്ന കമ്പനി മുങ്ങല്‍വിദഗ്ധരെ ഉപയോഗിച്ചു കളിമണ്‍പാത്രങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയടക്കം കടലിനടിയിലെ കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്ന് ആയിരക്കണക്കിനു സാധനങ്ങള്‍ കണെ്ടടുത്തിരുന്നു. സുഗന്ധതൈലങ്ങള്‍ ഇപ്പോഴും ഉപയോഗയോഗ്യമാണ്. കമ്പനിക്കാണ് ഈ വസ്തുക്കളുടെ ഉടമസ്ഥാവകാശം എന്നു കോടതി വിധിച്ചിരുന്നു.

പ്രതിരോധ ധനവിനിയോഗബില്ലില്‍ ഒബാമ ഒപ്പുവച്ചു

വാഷിംഗ്ടണ്‍: പാകിസ്ഥാനുള്ള 110 കോടി ഡോളറിന്റെ സൈനിക ധനസഹായത്തില്‍ ഗണ്യമായ പങ്കു വെട്ടിക്കുറയ്ക്കാന്‍ ശിപാര്‍ശചെയ്യുന്ന 66,200 കോടി ഡോളറിന്റെ അമേരിക്കന്‍ പ്രതിരോധ ധനവിനിയോഗ ബില്ലില്‍ പ്രസിഡന്റ് ബറാക് ഒബാമ ഒപ്പുവച്ചു. സകുടുംബം വര്‍ഷാന്ത്യദിനങ്ങള്‍ ചെലവഴിക്കാന്‍ ഹവായിയില്‍ എത്തിയപ്പോഴാണ് അദ്ദേഹം ബില്ലില്‍ ഒപ്പുവച്ചത്. പാക്കിസ്ഥാന് അനുവദിച്ചിരുന്ന സായുധകലാപ വിരുദ്ധ ഫണ്ടിന്റെ അറുപതു ശതമാനത്തോളമാണു പുതിയ ബില്ലില്‍ വെട്ടിക്കുറച്ചിരിക്കുന്നത്.

ഭീകരതയ്‌ക്കെതിരേയുള്ള പോരാട്ടം ശക്തമാക്കുന്നതിനുള്ള നടപടികള്‍
പാകിസ്ഥാന്‍ ആവിഷ്കരിച്ചു തുടങ്ങിയിട്ടുണെ്ടന്ന അമേരിക്കന്‍ പ്രതിരോധ, വിദേശകാര്യ സെക്രട്ടറിമാരുടെ റിപ്പോര്‍ട്ട് മുഖവിലയ്‌ക്കെടുക്കാതെയാണ് ഒബാമ അവര്‍ക്കുള്ള സൈനിക സഹായം വെട്ടിക്കുറച്ചത്. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനികര്‍ക്കുനേരേ ആക്രമണം നടത്താന്‍ ഭീകരര്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ നിര്‍മിക്കുന്നത് പാക്കിസ്ഥാനിലെ അനധികൃത ഫാക്ടറികളിലാണെന്ന കണെ്ടത്തലാണ് സൈനിക സഹായം വെട്ടിക്കുറയ്ക്കാന്‍ ഒബാമയെ പ്രേരിപ്പിച്ചത്. ഈ നടപടി പാക്കിസ്ഥാനുമായുള്ള അമേരിക്കന്‍ ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ വീഴ്ത്തുമെന്നാണ് അനുമാനിക്കപ്പെടുന്നത്.

പ്രീ ടീന്‍ യുഎസ്എ മത്സരത്തില്‍ മലയാളി സെക്കന്‍ഡ് റണ്ണറപ്പ്

ഷിക്കാഗോ: പ്രി ടീന്‍ യുഎസ്എ സൗന്ദര്യമത്സരത്തില്‍ ഷിക്കാഗോയെ പ്രതിനിധീകരിച്ച മലയാളിയായ ഷാനാ വിരുതി കുളങ്ങര സെക്കന്‍ഡ് റണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ടു. ഡിസംബര്‍ രണ്ടാം വാരം ഒര്‍ലാന്‍ഡോയിസെ ഓറഞ്ച് കൗണ്ടി
യില്‍ നടന്ന മത്സരത്തില്‍ വിവിധ നഗരങ്ങളെ പ്രതിനിധീകരിച്ച് 65 ഓളം കൗമാര സുന്ദരികളാണ് പങ്കെടുത്തത്.

ആന്‍ഡ്ര്യു പാപ്പച്ചന്‍ മോണ്ട് വില്ലെ ടൗണ്‍ഷിപ്പ് പരിസ്ഥിതി കമ്മീഷണര്‍

ന്യൂജഴ്‌സി: ന്യൂജഴ്‌സിയിലെ ഏഷ്യന്‍ അമേരിക്കന്‍ ഹെറിറ്റേജ് കൗണ്‍സില്‍ ചെയര്‍മാന്‍ ആന്‍ഡ്ര്യു പാപ്പച്ചന്‍ മോണ്ട് വില്ലെ ടൗണ്‍ഷിപ്പിന്റെ പരിസ്ഥിതി കമ്മീഷണറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. രണ്ടുവര്‍ഷത്തേക്കാണ് കാലാവധി. സിറ്റി കൗണ്‍സില്‍ യോഗത്തില്‍ അദ്ദേഹം ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ന്യൂജഴ്‌സിയിലെ സ്റ്റീവന്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മാസ്റ്റര്‍ ബിരുദം നേടിയിട്ടുള്ള പാപ്പച്ചന്‍ ഇപ്പോള്‍ നെവാര്‍ക് വാട്ടര്‍ഷെഡ് കണ്‍സര്‍വേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പറേഷനില്‍ ഓപ്പറേഷന്‍സ് ഡയറക്ടറാണ്. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം.

ഇറാന്റെ ആണവപദ്ധതികള്‍ ആക്രമിക്കുമെന്ന് സാന്റോറം

വാഷിംഗ്ടണ്‍: താന്‍ യുഎസ് പ്രസിഡന്റായാല്‍ ഇറാന്റെ ആണവ പദ്ധതികള്‍ ആക്രമിക്കുമെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി മോഹികളില്‍ പ്രമുഖനായ റിക് സാന്റോറം. എന്‍ബിസി ടെലിവിഷന്‍ നെറ്റ്‌വര്‍ക്കിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആണവ പദ്ധതികള്‍ പരിശോധകര്‍ക്ക് മുമ്പാകെ തുറന്നില്ലെങ്കില്‍ വ്യോമാക്രമണം നടത്തുമെന്നാണ് സാന്റോറത്തിന്റെ മുന്നറിയിപ്പ്. തന്റെ കാലയളവില്‍ ഇറാന് ആണവായുധം ലഭിക്കില്ലെന്നും സാന്റോറം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക