Image

അയോദ്ധ്യയും സരയൂ നദിക്കരയും യുദ്ധത്തിന്റെ ആയുധപ്പുരയായ ആ ദിവസങ്ങള്‍-ഒരു ദൃക്‌സാക്ഷിയുടെ ഓര്‍മ്മക്കുറിപ്പ്(ഡല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 01 December, 2015
അയോദ്ധ്യയും സരയൂ നദിക്കരയും യുദ്ധത്തിന്റെ ആയുധപ്പുരയായ ആ ദിവസങ്ങള്‍-ഒരു ദൃക്‌സാക്ഷിയുടെ ഓര്‍മ്മക്കുറിപ്പ്(ഡല്‍ഹികത്ത് : പി.വി.തോമസ്)
അയോദ്ധ്യ. 1992 ഡിസംബര്‍ ആറ്. അന്ന് ഞാന്‍ അവിടെ ഉണ്ടായിരുന്നു. ഒരു പത്രലേഖകന്‍ എന്ന നിലയില്‍.

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഡിസംബര്‍ ആറിന് 23 വര്‍ഷം തികയുകയാണ്. സ്വാതന്ത്ര്യാനന്തര ഇന്‍ഡ്യയുടെ ചരിത്രത്തിലെ ഒരു വഴിത്തിരിവ് ആയിരുന്നു അത്. ആയിരത്തി തൊള്ളായിരത്തി അമ്പതുകളിലും അറുപതുകളിലും എഴുപതുകളിലും ഒട്ടേറെ ചരിത്രപ്രധാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും 1992 ഡിസംബറിലെ ബാബറി മസ്ജിദ് ഭേദനം തികച്ചും വ്യത്യസ്തമായ ഒരു സംഭവം ആയിരുന്നു ഇന്‍ഡ്യയുടെ റിപ്പബ്ലിക്കിന്റെ ചരിത്രത്തില്‍. ഒട്ടെറെ അനന്തര സംഭവങ്ങള്‍ക്ക് അത് തിരികൊളുത്തി. അതിലേക്ക് വഴിയെ വരാം.

ഇത് പോലെ തുടര്‍ ദുരന്തസംഭവങ്ങള്‍ക്ക് വഴിതെളിച്ച ഒന്നാണഅ 1984-ലെ ഓപ്പറേഷന്‍ ബ്ലസ്റ്റാര്‍. അത് ഇന്ദിര ഗാന്ധിയുടെ കൊലപാതകത്തിനും(1984 ഒക്ടോബര്‍ 31) തുടര്‍ന്ന് സിക്ക് വംശകലാപത്തിനും ഇടയാക്കി. നൂറു കണക്കിന് സിക്കുകാര്‍ ദല്‍ഹിയിലും ഇതരഭാഗങ്ങളിലും കൊലചെയ്യപ്പെട്ടു. അതൊക്കെ ഒരു വന്മരം വീഴുമ്പോള്‍ പുല്ലുകള്‍ ചതഞ്ഞരയുന്നതിന് തുല്യമാണെന്ന് വളരെ ലാഘവത്തോടെ അന്നത്തെ പ്രധാനമന്ത്രിയും ഇന്ദിരയുടെ മൂത്തമകനുമായ രാജീവ് ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിനെ ഇന്ന് 1984 നായാടുന്നു.

ബാബ് രി മസ്ജിദ് ഭേദനത്തെ തുടര്‍ന്ന് ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായി. അന്ന് പ്രധാനമന്ത്രി കോണ്‍ഗ്രസിന്റെ പി.വി.നരസിംഹറാവു ആയിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ബി.ജെ.പി.യുടെ കല്യാണ്‍ സിംങ്ങ് ആയിരുന്നു. ഇവക്ക് ബാബരി മസ്ജിദിന്റെ തകര്‍ച്ച തടയുവാന്‍ ആയില്ല. ബാബരി മസ്ജിദ് പൊളിച്ചതിന്റെ അനന്ദരസംഭവങ്ങള്‍ ആണ് മുംബൈ കലാപവും മുംബൈ സ്‌ഫോടനപരമ്പരയും ഗോദ്ര തീവണ്ടികൊലയും ഗുജറാത്ത് വംശഹത്യയും. ആയിരങ്ങള്‍ ഈ വര്‍ഗ്ഗീയ കലാപങ്ങളില്‍ കൊലചെയ്യപ്പെട്ടു. ഇന്‍ഡ്യയുടെ ചരിത്രം തിരുത്തിയെഴുതപ്പെട്ട രക്തരൂക്ഷിതമായ സംഭവങ്ങള്‍ ആയിരുന്നു ഇവ.

1992 ഡിസംര്‍ നാലിന് ഇന്‍ഡ്യന്‍ എയര്‍ ലൈന്‍സിന്റെ വിമാനമാര്‍ഗ്ഗം ഞാന്‍ ലക്ക്‌നൗവിലെത്തി. വിമാനത്താവളത്തില്‍ നിന്നും നേരേ പോയത് രാജ് ഭവനിലേക്കായിരുന്നു. ഗവര്‍ണ്ണര്‍ ബി.സത്യനാരായണ റെഡ്ഡിയുമായി കൂടിക്കാഴ്ച ഡല്‍ഹിയില്‍ വച്ച് തന്നെ ഏര്‍പ്പെടുത്തിയിരുന്നു. ഞാന്‍ അന്ന് ജോലി ചെയ്തിരുന്നത് ആന്ധ്രപ്രദേശിലെ പ്രമുഖ ദിനപത്രമായ ഈനാട്(തെലുങ്ക്)-ന്യൂസ് ടൈം(ഇംഗ്ലീഷ്) ശൃംഖലയില്‍ ആയിരുന്നു. ഗവര്‍ണ്ണറും ആന്ധ്ര പ്രദേശുകാരനായതിനാല്‍ അഭിമുഖം കിട്ടുന്നതിന് അധികം ബുദ്ധിമുട്ട് ഉണ്ടായില്ല.

രാജ്ഭവനില്‍ ഗവര്‍ണ്ണര്‍ എന്നെ കാത്തിരുന്നതുപോലെ ഉണ്ടായിരുന്നു. ചെന്നപാടെ എ.സി.സി. എന്നെ ഗവര്‍ണ്ണറുടെ അടുത്തേക്ക് ആനയിച്ചു. എന്നോടൊപ്പം എന്റെ സുഹൃത്തും മലയാള മനോരമ- ദ വീക്കിന്റെ ലേഖകന്‍ ആര്‍.പ്രസന്നനും ഉണ്ടായിരുന്നു. ഒപ്പം അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫര്‍ മുസ്തഫയും. രണ്ട് പേരും മലയാള മനോരമ-ദ വീക്കിന്റെ ദല്‍ഹി ബ്യൂറോയിലെ പത്രപ്രവര്‍ത്തകര്‍ ആയിരുന്നു.

ഗവര്‍ണ്ണര്‍ റെഡ്ഡി അസ്വസ്ഥന്‍ ആയി കാണപ്പെട്ടു. എന്താണ് ഡല്‍ഹിയില്‍ സംഭവിക്കുന്നത്? ഡല്‍ഹി എങ്ങനെയാണ് ആറാം തീയതിലെ സംഭവങ്ങളെ വീക്ഷിക്കുന്നത്? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ആയിരുന്നു അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും. ഞങ്ങള്‍ക്കാകട്ടെ അറിയുവാനുള്ളത് ബാബറി മസ്ജിദ് തകര്‍ക്കപ്പെടുമോ?  എന്ത് കരുതല്‍ നടപടികള്‍ ആണ് സ്വീകരിച്ചിട്ടുള്ളത്? എന്നീ കാര്യങ്ങള്‍ ആയിരുന്നു. ഡല്‍ഹി വിശേഷങ്ങള്‍ ഞങ്ങള്‍ പറഞ്ഞു. ബാബരി മസ്ജിദിനെക്കുറിച്ച് റെഡ്ഡിക്ക് ആകെ പറയുവാന്‍ ഉണ്ടായിരുന്നത് മസ്ജിദ് സംരക്ഷിക്കപ്പെടും. കാരണം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്ല്യാണ്‍സിംങ്ങ് സുപ്രീം കോടതിക്ക് ഇത് സംബന്ധിച്ച് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നായിരുന്നു. അദ്ദേഹം, നരസിംഹറാവുവിനെപ്പോലെ തന്നെ, ആ ഉറപ്പിന്റെ മറവില്‍ തടിതപ്പുകയായിരുന്നു.
രാജ് ഭവനില്‍ നിന്നും ഇറങ്ങിയ ഞങ്ങള്‍ നേരെ ഫയ്‌സാബാദിലേക്ക് തിരിച്ചും. ഫയസാബാദാണ് അയോദ്ധ്യ സ്ഥിതിചെയ്യുന്ന ജില്ലയുടെ ആസ്ഥാനം. യാത്ര ആരംഭിക്കുന്നതിന് മുമ്പ് ലക്‌നൗ പോസ്റ്റാഫീസില്‍ നിന്നും ഗവര്‍ണ്ണറുമായിട്ടുള്ള സംഭാഷണം ടെലക്‌സ് ചെയ്തു. അങ്ങനെ അയോദ്ധ്യയിലേക്കുള്ള സംഭവ ബഹുലമായ ആ യാത്ര ആരംഭിച്ചു.

ഫയിസാബാദ് സംഘര്‍ഘഭരിതം ആയിരുന്നു. എവിടെയും കരസേവകരുടെ തിക്കും തെരക്കും. അത് ചെറിയ ഒരു പട്ടണം ആണ്. അധികം ഹോട്ടലുകള്‍ ഇല്ല താമസിക്കുവാനായി. സാമാന്യം ഭേദപ്പെട്ട ഒരു ഹോട്ടല്‍ ആയിരുന്നു ഹോട്ടല്‍ തിരുപ്പതി. അത് ദേശീയ-വിദേശീയ മാധ്യമപ്രവര്‍ത്തകര്‍ കയ്യേറിയിരുന്നു. അവിടെ ബി.ബി.സി. കറസ്‌പോണ്ടന്റ് മാര്‍ക്ക് ടലിയെ ഞാന്‍ കണ്ടു. ഞങ്ങള്‍ തൊട്ടടുത്ത ഒരു ഹോട്ടലില്‍ ആണ് മുറിയെടുത്തത്. സാധനങ്ങള്‍ എല്ലാം മുറിയില്‍ വച്ചതിന് ശേഷം നഗരവും സംഭവങ്ങളും വീക്ഷിക്കുവാനായി ഇറങ്ങി പുറപ്പെട്ടു. ഓരോ ട്രെയിന്‍ ഫയിസാബാദില്‍ എത്തുമ്പോഴും സംഘം സംഘമായി കരസേവകര്‍ എത്തിക്കൊണ്ടിരുന്നു. അവരെക്കൊണ്ട് വഴികള്‍ നിറഞ്ഞു. കേരളത്തില്‍ നിന്നും മറ്റ് തെക്കെ ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവര്‍ ഉണ്ടായിരുന്നു. ഒപ്പം നരസിംഹറാവുവിന്റെ ജന്മഗ്രാമത്തില്‍ നിന്നും ഉള്ളവരും. ഒരു ഉത്സവത്തിന്റെ തെരക്കായിരുന്നു ഫയിസാബാദില്‍. കെട്ടും കിടക്കയുമായി കരസേവകര്‍ ഫയിസാബാദിനെ കീഴടക്കി. സംസാരിച്ചവരില്‍ എല്ലാവരും തന്നെ രാംമന്ദിര്‍ മുന്നേറ്റത്തില്‍ ഉത്സുകര്‍ ആയിരുന്നു. അവര്‍ ഡിസംബര്‍ ആറിലെ ശിലാന്യാസ പ്രക്രിയയിലേക്ക് ഉറ്റുനോക്കുകയായിരുന്നു. അവര്‍ എന്തിനും തയ്യാറായിരുന്നു. എന്ത് വില കൊടുത്തും അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയണം എന്നായിരുന്നു അവരുടെ ദൃഢനിശ്ചയം എന്ന് തോന്നി. ഞങ്ങള്‍ സരയു നദിയുടെ കരയില്‍ പോയി. അവിടെയും കരസേവകര്‍ നിറഞ്ഞിരുന്നു. സ്‌നാനവും പ്രാര്‍ത്ഥനയും എല്ലാം. സരയു നദിയില്‍ ആണ് ശ്രീരാമന്‍ തിരോധാനം ചെയ്തത്. അവിടെ ആ പുണ്യനദിയില്‍ മുങ്ങിക്കളിക്കുന്നത്, രാമഭക്തരായ കരസേവര്‍ക്ക് മോക്ഷതുല്യമാണ്. അവരുമായി ഇടപെട്ടും ഇടപഴകിയും സമയം ചില വഴിക്കുമ്പോള്‍ രാമജന്മഭൂമി മുന്നേറ്റത്തെക്കുറിച്ചും ലാല്‍ കിഷന്‍ അദ്വാനിയുടെ രാഷ്ട്രീയത്തെക്കുറിച്ചും അതിലെ ഹിന്ദുത്വയെക്കുറിച്ചും വെറുതെ ഓര്‍മ്മിച്ചുപോയി. സുഹൃത്തുക്കളുമായി സംസാരിച്ചു രാമഭക്തരായി സംവാദിച്ചു.

1528-ല്‍ ആണ് ബാബരുടെ മന്ത്രി ഈ മസ്ജിദ് പണിതത്. അത് ശ്രീമാമന്റെ ജന്മ സ്ഥലത്തുള്ള ക്ഷേത്രം ഇടിച്ചുനിരത്തിയിട്ടാണ് പടുത്തുയര്‍ത്തിയതെന്നാണ് സംഘപരിവാറിന്റെ വിശ്വാസം. അതിനാല്‍ മുസ്ലീം അധിനിവേശത്തിന്റെ ചിഹ്നമായ ബാബരി മസ്ജിദ് ഇടിച്ച് നിരത്തി ഹൈന്ദവ പാരമ്പര്യത്തിന്റെ അന്തസത്തയായ രാമജന്മസ്ഥലം വീണ്ടെടുക്കണം. ഇതായിരുന്നു അദ്വാനിയുടെയും സംഘപരിവാഹറിന്റെയും കരസേവകരുടെയും ആവശ്യം. പതിനൊന്ന് ലക്ഷം വര്‍ഷം മുമ്പ് ത്രേതായുഗത്തില്‍ അവതരിച്ചെന്ന് വിശ്വസിക്കപ്പെടുന്ന ശ്രീരാമന്‍ അയോദ്ധ്യയിലെ ഈ പ്രത്യേക സ്ഥലത്താണ് ജനിച്ചതെന്നുള്ളതിന് എന്ത് തെളിവാണ് ഉള്ളത്. അദ്ദേഹത്തിന്റെ ജന്മസ്ഥലത്തുള്ള ക്ഷേത്രം ഭേദിച്ചാണ് ബാബരി മസ്ജിദ് നിര്‍മ്മിച്ചത് എന്നുള്ളതിന് എന്ത് തെളിവാണ് ഉള്ളത്? അദ്വാനിയും സംഘപരിവാറും അങ്ങനെ പറയുന്നു. കരസേവകര്‍ അത് ഏറ്റു പറയുന്നു. അതുകൊണ്ട് അവര്‍ ബാബരി മസ്ജിദ് തകര്‍ക്കുവാന്‍ അവിടെ രാമക്ഷേത്രം പണിയുവാനും കോപ്പു കൂട്ടുന്നു. ഇതാണ് ഞങ്ങള്‍ ആ ദിവസങ്ങളില്‍ അയോദ്ധ്യയിലും ഫയിസാബാദിലും വീക്ഷിച്ചത്.
ഡിസംബര്‍ അഞ്ച് ആയപ്പോഴേക്കും ഫയിസാബാദും അയോദ്ധ്യയും കരസേവക സമുദ്രമായി. കലുഷിതമായി. സംഘര്‍ഘഭരിതമായി. പോലീസും പട്ടാളവും സമാന്തര പട്ടാളവും അയോദ്ധ്യയില്‍ സ്ഥാനം പിടിച്ചു. എന്ത് സംഭവിക്കും എന്നതായിരുന്നു എല്ലാവരുടേയും ചോദ്യം. ആകാംക്ഷയുടെയും ഉല്‍ക്കണ്ഠയുടെയും ഉദ്വേഗത്തിന്റെയും നിമിഷങ്ങള്‍. മസ്ജിദ് തകര്‍ക്കപ്പെടുമോ? അതോ പോലീസും പട്ടാളവും സമാന്തര പട്ടാളവും അത് തടയുമോ? അതോ ശിലാന്യാസത്തിനുശേഷം കരസേവകര്‍ പിരിഞ്ഞുപോകുമോ? തലേദിവസം ഈ ചോദ്യങ്ങളുമായി ഫയിസാബാദും അയോദ്ധ്യയും ആകെ ചുറ്റിക്കറങ്ങി. മസ്ജിദ് ഭേദനത്തിനുള്ള റിഹേഴ്‌സല്‍ അയോദ്ധ്യയില്‍ കണ്ടു. ഒരു മലയുടെ മണ്ടയില്‍ വടം കുരുക്കി അത് വലിച്ച് താഴെയിടുവാനുള്ള സംരഭം ആയിരുന്നു അതിലൊന്ന്. മസ്ജിദിന്റെ താഴികക്കുടങ്ങളില്‍ വടം കെട്ടി അവയെ വലിച്ച് താഴെയിടുവാനുള്ള അവയെ വലിച്ച് താഴെയിടുവാനുള്ള പദ്ധതിയായിരിക്കും ഇതെന്ന് കരുതി.

പിറ്റെദിവസം അതിരാവിലെതന്നെ അയോദ്ധ്യയില്‍ എത്തി. മാധ്യമപ്രവര്‍ത്തകര്‍ക്കായി ബാബരിമസ്ജിദിനെ അഭിമുഖീകരിക്കുന്ന ഒരു കെട്ടിടത്തിന്റെ ടെറസ് ഒരുക്കിയിരുന്നു. എല്ലാം സൂക്ഷ്മമായി കാണുവാന്‍. ഈ കെട്ടിടത്തിനും ബാബരി മസ്ജിദിനും ഇടയില്‍ ഒരു മൈതാനം ഉണ്ടായിരുന്നു. ആ മൈതാനം കരസേവകരെക്കൊണ്ട് നിറഞ്ഞിരുന്നു. അതിനപ്പുറം ബാബരി മസ്ജിദും അതിന്റെ മൂന്ന് താഴികക്കുടങ്ങളും.

അല്പം കഴിഞ്ഞപ്പോള്‍ അദ്വാനിയുടെ രഥയാത്ര സോമനാഥില്‍ നിന്നും എത്തി. പ്രസംഗങ്ങള്‍ തുടങ്ങി. അദ്വാനിയും അശോക് സിങ്കാളും(ഈയിടെ അന്തരിച്ചു) ഉമഭാരതിയും മറ്റും തീപ്പൊരിപാറുന്ന പ്രസംഗങ്ങള്‍ നടത്തി. ഇതിനിടെ കരസേവകര്‍ മസ്ജിദിലേക്ക് കുതിച്ചു. താഴികക്കുടങ്ങളില്‍ ചാടിക്കയറി. മദ്ധ്യഭാഗത്തുള്ള താഴികക്കുടം അടിച്ചുടക്കുവാന്‍ തുടങ്ങി. സമയം പതിനൊന്ന് കഴിഞ്ഞിരുന്നു. ഒരു നടുക്കത്തോടെ മാധ്യമപ്രവര്‍ത്തകര്‍ അത് വീക്ഷിച്ചു. മാധ്യമപ്രവര്‍ത്തകരില്‍ ദേശികളും വിദേശികളും ഉണ്ടായിരുന്നു. മാര്‍ക്ക് ടലിയാണ് ആദ്യം പുറത്തേയ്ക്ക് വാര്‍ത്തയുമായി പാഞ്ഞത്. അന്ന് മൊബൈല്‍ ഫോണ്‍ ഇല്ല. അദ്ദേഹം ഫയിസാബാദിലേക്ക് ശീഘ്രം വിട്ടു. അദ്ദേഹത്തിന്റെ വാര്‍ത്ത ബി.ബി.സി. പ്രക്ഷേപണം ചെയ്തത് ഏറെ വിവാദവും ആയി. 'ഹിന്ദുക്കള്‍ ഇന്‍ഡ്യയില്‍ ഒരു മുസ്ലീം ദേവാലയം തകര്‍ത്തു.'

മസ്ജിദിനു മുമ്പില്‍ കലാപം ആയി. കരസേവകര്‍ മാധ്യമ ഫോട്ടോഗ്രാഫര്‍മാരെ കയ്യേറി. അതിലൊരാള്‍ ആയിരുന്നു പാബ്ലോ ബര്‍ത്തലോമ. കരസേവകര്‍ മസ്ജിദ് കയ്യേറി. പിക്കാസിന്റെയും മഴുവിന്റെയും ശബ്ദം കൊണ്ട് അന്തരീക്ഷം മുഖരിതമായി. കരസേവകര്‍ മാധ്യമപ്രവര്‍ത്തകര്‍ സ്ഥാനമുറപ്പിച്ചിരുന്ന ടെറസിലേക്കും പ്രവേശിക്കുവാന്‍ ശ്രമിക്കുന്നതായി അറിവ് ലഭിച്ചു. രക്ഷപ്പെടണം. ഞങ്ങള്‍ തീരുമാനിച്ചു. എന്നോടൊപ്പം പ്രസന്നനും മുസ്തഫയും കൂടാതെ ദേശാഭിമാനിയുടെ ജോണ്‍ ബ്രിട്ടാസും മാതൃഭൂമിയുടെ എം.കെ. അജിത്കുമാറും ഹിന്ദുട്രൂപ്പിന്റെ വെങ്കിടേശ് രാമകൃഷ്ണനും ഉണ്ടായിരുന്നു. ഒട്ടേറെ വിദേശ മാധ്യമപ്രവര്‍ത്തകരും. താഴതെരുവ് യുദ്ധം ആയിരുന്നു നടക്കുന്നത്. മസ്ജിദ് അടിച്ച് തകര്‍ക്കുകയായിരുന്നു. ഞങ്ങള്‍ താഴെ ഒരു മുറിയില്‍ അഭയം തേടി. മുറിയുടെ ജനാലയിലൂടെ മസ്ജിദ് അടിച്ച് തകര്‍ക്കുന്നത് കാണാമായിരുന്നു. ഒരു നടുക്കത്തോടെ ഞങ്ങള്‍ അത് വീക്ഷിച്ചു.

ഇനി എന്ത്? രക്ഷപ്പെടണം. എങ്കില്‍ മാത്രമേ സ്റ്റോറി ഫയല്‍ ചെയ്യുവാന്‍ ആവുകയുള്ളൂ. എങ്കില്‍ മാത്രമെ ലോകത്തോട് ഇത് പറയുവാന്‍ ആവുകയുള്ളൂ. എങ്കില്‍ മാത്രമെ ലോകത്തോട് ഇത് പറയുവാന്‍ ആവുകയുള്ളൂ. പുറത്ത് അന്തരീക്ഷം കലാപം പൂര്‍ണ്ണം ആണ്. അവസാനം ഞങ്ങള്‍ തീരുമാനിച്ചു രണ്ടുപേര്‍ രണ്ടുപേരായി സ്ഥലം വിടുക. ഞാനും പ്രസന്നനും പുറത്തിറങ്ങി. ഞങ്ങള്‍ ആദ്യം ചെയ്തത് തൊട്ടടുത്ത കടയില്‍ നിന്നും ജയ്ശ്രീരാം എന്നെഴുതിയ ഒരു മഞ്ഞ കച്ച വാങ്ങുകയെന്നതായിരുന്നു. എല്ലാ കരസേവകരും അങ്ങനെയൊന്ന് പുതച്ചിരുന്നു. ഞങ്ങളും പുതച്ചു. കരസേവകരുടെ കയ്യില്‍ ഇഷ്ടികയും കണ്ടു. മസ്ജിദ് ഭേദനത്തിന്റെ അടയാളം. ഞങ്ങളും റോഡില്‍ നിന്നും ഓരോ ഇഷ്ടിക പെറുക്കിയെടുത്തു. എന്നിട്ട് ജയ്ശ്രീരാം വിളിച്ചുകൊണ്ട് 9 കിലോമീറ്റര്‍ നടന്ന് ഫയിസാബാദില്‍ എത്തി.

ആദ്യം തെരക്കിയത് ടെലിഗ്രാഫ് ഓഫീസാണ്. സ്റ്റോറി ഫയല്‍ ചെയ്യണം. ഫയിസാബാദിലെ ടെലിഗ്രാഫ് ഓഫീസ് ഒരു കുടുസ് മുറിയായിരുന്നു. അവിടെ ഫാക്‌സും ഉണ്ടായിരുന്നു. ഇടക്ക് ഹോട്ടല്‍ മുറിയില്‍ പോയി ടൈപ്പ് ചെയ്തുണ്ടാക്കിയ സ്റ്റോറി ഒരു പ്രകാരത്തില്‍ ഫാക്‌സ് ചെയ്ത് അയച്ചു.
അത് വല്ലാത്ത ഒരു അനുഭവം ആയിരുന്നു. ഇന്നു ഡിസംബര്‍ ആറ് വരുമ്പോള്‍ ഇത് ഓര്‍മ്മിച്ചു പോകും.

അയോദ്ധ്യ ഇപ്പോള്‍ ശാന്തമാണ്. പ്രക്ഷുബ്ദമായ ശാന്തത. എപ്പോള്‍ വേണമെങ്കിലും ആ ശാന്തത തകര്‍ക്കപ്പെട്ടേക്കാം. സരയു ഇപ്പോഴും ശാന്തമായി ഒഴുകുന്നു. അടിയൊഴുക്കുകളുടെ അസ്വസ്ഥതയോടെ.

അയോദ്ധ്യയും സരയൂ നദിക്കരയും യുദ്ധത്തിന്റെ ആയുധപ്പുരയായ ആ ദിവസങ്ങള്‍-ഒരു ദൃക്‌സാക്ഷിയുടെ ഓര്‍മ്മക്കുറിപ്പ്(ഡല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
benoy 2015-12-01 20:11:10
മുഗൾ ഭരണകാലങ്ങളിൽ ആയിരക്കണക്കിന് ക്ഷേത്രങ്ങളാണ് അന്നത്തെ ഭാരധികാരികൾ തകര്ർത്തു മോസ്കുകൾ പണിതത് . ഇന്ന് ഇന്ത്യയിലെ 85 ശതമാനത്തോളം വരുന്ന ഹിന്ദുക്കൾ പരമ്പരാഗതമായി വിശ്വസിച്ചു പോരുന്ന അവരുടെ ഒരു പുണ്യ സ്ഥലത്തൊരു ക്ഷേത്രം പണിയുന്നതിൽ എന്താണ് തെറ്റ് . മുഗൾ ഭരണാധികാരികളുടെ കൃരതയുടെ പ്രതീകമായ ആ ഒരു മസ്ജിദ് മാത്രമല്ലോ ഹിന്ദുക്കൾ കയ്യേറിയത് . അതും അവർ വിശ്വസിക്കുന്ന. അവരുടെ ദൈവമായ രാമന്റെ ജെന്മ സ്ഥലത്ത് .       
അടിക്കുറിപ്പ് :
ഞാൻ ഹിന്ദുവല്ല . ഒരു സിറോ മലബാര് കൃത്യനിയാണ് . സംശയം വേണ്ട .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക