Image

ഫിലാഡല്‍ഫിയ വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റും ശുദ്ധജല വിതരണവും(തുടര്‍ച്ച) - നീനാ പനയ്ക്കല്‍

നീനാ പനയ്ക്കല്‍ Published on 02 December, 2015
ഫിലാഡല്‍ഫിയ വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റും  ശുദ്ധജല വിതരണവും(തുടര്‍ച്ച) - നീനാ പനയ്ക്കല്‍
ചരിത്രത്തിലുടനീളം കോളറ, ടൈഫോയിഡ്, ഡിസെന്റ്രി തുടങ്ങിയ രോഗങ്ങള്‍ മൂലം കൂട്ടമരണങ്ങള്‍ നടന്നിരുന്നതായി കാണാം. നിരവധി ഫിലഡെല്‍ഫിയാക്കാരും മലിന ജലമുപയോഗിച്ച്, മേല്‍പ്പറഞ്ഞ രോഗങ്ങള്‍ ബാധിച്ച് മരിച്ചിരുന്നു. ജലം ശുദ്ധീകരിക്കുന്നതു വഴി ഈ രോഗങ്ങളെ അമര്‍ത്താനാവും എന്ന് ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചതോടെ 1903 ല്‍ ആദ്യത്തെ ജലശുദ്ധീകരണ ശാല സ്ഥാപിതമായി. മണല്‍ത്തട്ടുകളിലൂടെ ജലം ഫില്‍റ്റര്‍ ചെയ്ത്(അരിച്ചെടുത്ത്) ശുദ്ധീകരിക്കയായിരുന്നു ആദ്യകാലത്ത്. അക്കാലത്ത് ടൈഫോയിഡ് ബാധ നാലിലൊന്നായി കുറഞ്ഞു. 1913 ല്‍ വെള്ളത്തില്‍ ക്ലോറീന്‍ ചേര്‍ക്കാനാംഭിച്ചതോടെ കോളറയും, ടൈഫോയിഡും ഡീസെന്റ്രിയും നിര്‍മ്മാജനം ചെയ്യപ്പെട്ടു.
കുടിവെള്ളത്തില്‍ ഒരല്‍പം ക്ലോറിന്‍ ചുവ നമുക്കനുഭവപ്പെടാറുണ്ടല്ലോ. ഈ ക്ലോറീന്‍ റസിഡ്യൂ, പ്ലാന്റില്‍ നിന്നും റ്റാപ്പിലേയ്ക്ക് ഒഴുകുന്നതിനിടയില്‍ വെള്ളത്തില്‍ കടന്നു കയറാനിടയുള്ള ബാക്ടീരിയകളെയും, മറ്റു സൂക്ഷമജീവികളെയും നശിപ്പിക്കുന്നു.

ഫിലഡെല്‍ഫിയാ വാട്ടര്‍ സിസ്റ്റത്തിനു അമേരിക്കന്‍ വാട്ടര്‍ ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റങ്ങളില്‍ വെച്ച് ഒന്നാം സ്ഥാനമാണുള്ളത്. ഏകദേശം 130 സ്‌ക്വയര്‍ മൈല്‍ വിസ്തീര്‍ണ്ണമുള്ള ഫിലഡെല്‍ഫിയായിലെ 1.5 മില്യനിലധികം താമസക്കാര്‍ക്ക്, 33ൃൃ മൈലുകളിലധികം നീളം വരുന്ന വാട്ടര്‍ മെയ്ന്‍(പൈപ്പു)കളിലൂടെ ജലവിതരണം നടത്തിവരുന്നു.(ആറിഞ്ചു മുതല്‍ 93 ഇഞ്ച് ഡയമീറ്റര്‍ വരെ വിസ്താരമുള്ള വാട്ടര്‍ മെയിനുകളാണ് ഇവിടെയുള്ളത്. 76 വര്‍ഷത്തോളം പ്രവര്‍ത്തനക്ഷമമാണ് ഈ പൈപ്പുകളെന്ന് കരുതപ്പെടുന്നു. 16 ഇഞ്ചിനു മുകളില്‍ വിസ്തീര്‍ണ്ണമുള്ളവയ്ക്ക് ബലം കൂടും. 87% കുഴലുകളും വാര്‍പ്പിരിമ്പ്(കാസ്റ്റ് അയണ്‍) കൊണ്ടു നിര്‍മ്മിച്ചവയാണ്). പി.ഡ്ബ്ലിയൂ.ഡി.യ്ക്ക്, 27700 സ്റ്റാന്‍ഡാര്‍ഡ് സമ്മര്‍ദ്ദമുള്ള ഫയര്‍ ഹൈഡ്രന്റുകളും 83800 വാല്‍വുകളുമുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റിലെ ജലവിതരണ ജീവനക്കാരാണ് ഇവയുടെ അറ്റകുറ്റങ്ങള്‍ തീര്‍ക്കുന്നത്. ഹൈ സ്പീഡ് ഇന്റെലിജെന്‍സ് സിസ്റ്റം വഴി, നദിയില്‍ നിന്ന് ജലശുദ്ധീകരണശാലയിലേക്കുള്ള 17 പമ്പിങ്ങ് സ്റ്റേഷനുകളും, 18 റിസര്‍വോയറുകളും അഞ്ചു ജലസംഭരണ ടാങ്കുകളും ഈ ജീവനക്കാര്‍ നിയന്ത്രിക്കുന്നു. അഗ്നി ശമനത്തിനുപയോഗിക്കുന്ന ഫയര്‍ ഹൈഡ്രന്റുകളിലെ ജലസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതും ഇവരാണ്.

അഴുക്കുചാനലിലെ(സ്യൂവര്‍) വെള്ളവും, മഴവെള്ളവും ശേഖരിക്കുന്നവിധം
ഫിലഡെല്‍ഫിയയ്ക്ക് 2960 ലധികം മൈല്‍ നീളത്തിലുള്ള അഴുക്കുചാലാണുള്ളത്. ശരിക്ക് പറഞ്ഞാല്‍ ഈസ്റ്റ് കോസ്റ്റ് മുതല്‍ വെസ്റ്റ് കോസ്റ്റ് വരെ എത്തുന്ന ദൂരം.(സ്യൂവര്‍ കുഴലുകള്‍ വ്യത്യസ്ത അളവുകളിലുള്ളവയാണ്. റീയെന്‍ഫോഴ്‌സ്ഡ് കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് വലിയ കുഴലുകള്‍ നിര്‍മ്മിക്കുന്നത്. ചെറുതും ഇടത്തരവുമായവ പ്രീ ഫാബ്രിക്കേറ്റഡ് കോണ്‍ക്രീറ്റുപയോഗിച്ചും. ഏറ്റവും ചെറിയ കുഴലിനെ ലാറ്ററല്‍ എന്നു വിളക്കും വീടുകളില്‍ നിന്ന് സ്ട്രീറ്റ് സ്യൂവറുകളിലേക്ക് വെള്ളമൊഴുകുന്നത് ലാറ്ററുകളിലൂടെയാണ്. അവയുടെ വലിപ്പം അഞ്ചു മുതല്‍ ആറു ഡയമീറ്ററുകളാണ്. തെരുവുകളിലെ സാനിറ്ററി സ്യൂവറുകള്‍, 10 ഇഞ്ചില്‍ തുടങ്ങി 14 അടി വരെ ചുറ്റളവുള്ള ജയ്ന്റ് കളക്റ്റര്‍ ബോക്‌സുകള്‍വരെയുള്ളതാണ്. മഴവെള്ളം പോകുന്ന കുഴലുകള്‍ 18 അടി മുതല്‍ 20 അടി വരെ ചുറ്റളവുള്ള ടണലുകളാണ്.).

രണ്ടു തരത്തിലുള്ള(കംബയിന്‍ഡ്) സ്യൂവര്‍ സിസ്റ്റം ആണ് പി.ഡ്ബ്ലൂ.ഡി.യുടേത്. ഒന്ന് മഴവെള്ളവും സാനിറ്ററി വെയ്സ്റ്റും ഒരുമിച്ച് വാട്ടര്‍ പൊലൂഷന്‍ കണ്‍ട്രോള്‍ പ്ലാന്റില്‍ എത്തിക്കുന്ന സിസ്റ്റം, മറ്റേത് സാനിറ്ററി വെയിസ്റ്റ് സ്യൂവര്‍ വഴി പൊലൂഷന്‍ കണ്‍ട്രോള്‍ പ്ലാന്റിലും, മഴവെള്ളം സ്‌ട്രോം സ്യൂവര്‍ വഴി അടുത്തുള്ള ജലാശയങ്ങളിലും എത്തിക്കുന്ന സിസ്റ്റം.

വന്‍ മഴപെയ്യുമ്പോള്‍ മഴവെള്ളം സ്‌ട്രോം സ്യുവര്‍ കവിഞ്ഞൊഴുകും. ഇതിനെ 'സ്‌ട്രോം ഇവെന്റ്' എന്നു പേരു പറയും. ശരാശരി മഴ പെയ്താല്‍ ഫിലഡെല്‍ഫിയായില്‍ 66 സ്‌ട്രോം ഇവന്റ് വരെ സംഭവിക്ക പതിവാണെന്ന് കണക്കുകള്‍ പറയുന്നു. ഈ കവിഞ്ഞൊഴുക്കിനെ നിയന്ത്രണാധീനമാക്കാന്‍ 50 മില്യണ്‍ ഡോളറിന്റെ ഒരു പദ്ധതിക്ക് പി.ഡ്ബ്ലിയൂ.ഡി. തുടക്കമിട്ടിരിക്കുന്നു. അതിനനുസരണമായ ഒരു 'വാട്ടര്‍ ഷെഡ്' വികസിപ്പിച്ചെടുക്കാനും.
എന്താണു വാട്ടര്‍ ഷെഡ്? വലിയ സമുദ്രത്തിലേക്കോ തടാകത്തിലേക്കോ ഒഴുകിയിറങ്ങുന്ന ചെറുനദികളും, അരുവികളും തോടുകളുമുള്ള ഒരു ഭൂപ്രദേശത്തെ വാട്ടര്‍ ഷെഡ് എന്നു വിളിക്കും. ഫില്‍ഡെല്‍ഫിയ സ്ഥിതി ചെയ്യുന്നത് ന്യൂയോര്‍ക്കില്‍ നിന്നു തുടങ്ങി 300 മൈല്‍ സൗത്ത് ഡെലവെയര്‍ ബേ യുടെ മുഖം വരെയെത്തുന്ന വാട്ടര്‍ ഷെഡ്ഡിലാണ്.

വ്യാവസായിക മലിന ജലം(ഇന്‍ഡസ്ട്രിയല്‍ വെയിസ്റ്റ്)
ഗ്രേറ്റര്‍ ഫിലഡെല്‍ഫിയാ റീജനില്‍ വമ്പന്‍ കെമിക്കല്‍ ഫാക്ടറികള്‍ മുതല്‍ ഡ്രൈക്ലീനേഴ്‌സ് വരെയുള്ള വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. കെമിക്കല്‍ ഫാക്ടറികള്‍ അപകട സാദ്ധ്യത നിറഞ്ഞ മാലിന്യങ്ങള്‍ കലര്‍ന്ന ജലം ഉല്‍പ്പാദിപ്പിക്കുന്നു. വിഷം കലര്‍ന്ന മലിനജലം ഈ സ്ഥാപനങ്ങള്‍ നമ്മുടെ നദികളിലേക്കും അരുവികളിലേക്കും ഒഴുക്കി വിടുന്നതിനെ നിയന്ത്രിക്കാന്‍ പി.ഡബ്ലിയൂ.ഡി.പ്രത്യേക വെയിസ്റ്റ് വാട്ടര്‍ കണ്‍ട്രോള്‍ റഗുലേഷന്‍സ് വെച്ചിരിക്കുന്നു.

ഇന്‍ഡസ്ട്രിയല്‍ വെയിസ്റ്റിനെ രണ്ടായി തരം തിരിച്ചിരിക്കുന്നു; മലിനജല ശുദ്ധീകരണ ശാലയില്‍ ശുദ്ധീകരിക്കാന്‍ സാധിക്കുന്നവയും അല്ലാത്തവയും എന്നിങ്ങനെ. മലിന ജലത്തില്‍ അടങ്ങിയിരിക്കുന്ന ചില രാസവസ്തുക്കള്‍ വായു മലിനീകരണത്തിനു കാരണമാവുമെന്നതിനാല്‍ അത്തരം മലിനജലം ശുദ്ധീകരണശാലയിലേക്ക് ഒഴുക്കിവിടുന്നത് നിരോധിച്ചിരിക്കുന്നു. നിരോധിക്കപ്പെട്ട രാസവസ്തുക്കളുടെ ഒരു ലിസ്റ്റ് പി.ഡബ്ലിയൂ.ഡി. പുറത്തിറക്കിയിരിക്കിയിട്ടുണ്ട് എന്നു മാത്രമല്ല, അതു ശുദ്ധീകരിക്കാന്‍ ഫീസും വെച്ചിരിക്കുന്നു. അനുവാദം വാങ്ങിയ ശേഷമേ അത്തരം മലിനജലം പുറത്തു വിടാവൂ. ഇത്തരം മലിനജലം ശുദ്ധീകരിക്കാന്‍ ചില പ്രൈവറ്റ് ഏജന്‍സികള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നുമുണ്ട്. 

പി.ഡബ്ലിയൂ.ഡി. ഏര്‍പ്പെടുത്തിയ നിയമങ്ങള്‍ പാലിക്കുന്നു എന്നു ഉറപ്പു വരുത്തുവാന്‍ ഇന്‍സ്‌പെക്ടര്‍മാരെയും, അന്വേഷണ ഉദ്യോഗസ്ഥരെയും നിയമിച്ചിരിക്കുന്നു. അക്കാരണത്താല്‍ വമ്പന്‍ കമ്പനികള്‍ തങ്ങളുടേതായ പ്രീട്രീറ്റ്‌മെന്റ് പ്രോഗ്രാം വഴി, അഴുക്കുവെള്ളത്തിലെ മാലിന്യങ്ങളുടെയും, വിഷവസ്തുക്കളുടെയും കാഠിന്യം കുറച്ച ശേഷം മാത്രം പി.ഡബ്ലിയൂ.ഡി.യുടെ വെയിസ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് അയയ്ക്കുവാന്‍ ശ്രദ്ധിക്കുന്നു.
കാരീയം അഥവാ ലെഡ്.

വായു, ആഹാരം, വെള്ളം  എന്നിവയിലൂടെയും, പെയിന്റ്, പൈപ്പ് എന്നിവയിലൂടെയും ശരീരത്തിലേക്ക് കടന്നു കൂടുന്ന ഒരു വിഷമാണല്ലൊ കാരീയം അഥവാ ലെഡ്. പ്ലംബിങ്ങിനുപയോഗിക്കുന്ന സാമഗ്രികളിലും, ബ്രാസ്സ് ഫിക്‌ചേഴ്‌സുകളിലും വാല്‍വുകളിലും ഫോസെറ്റുകളിലും ലെഡ് അടങ്ങിയിരിക്കുന്നു. ഫിലഡെല്‍ഫിയായിലെ പല വീടുകളിലും ലെഡ് സോള്‍ഡര്‍ ഉപയോഗിച്ച് ചെമ്പ് പൈപ്പുകളെ വെല്‍ഡ് ചെയ്തിട്ടുണ്ട്. വീട്ടുടമസ്ഥര്‍ അതു പരിശോധിപ്പിച്ച് വേണ്ടതു ചെയ്യണമെന്ന് പി.ഡബ്ലിയൂ.ഡി. ആവശ്യപ്പെടുന്നു.
മൂന്നു വര്‍ഷത്തിലൊരിക്കല്‍ ലെഡ് കലര്‍ന്നിരിക്കാന്‍ ഇടയുണ്ടെന്ന് പി.ഡബ്ലിയൂ.ഡി. സംശയിക്കുന്ന അന്‍പത് വാട്ടര്‍ ടാപ്പുകളിലെ എങ്കിലും വെള്ളെ പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്, ഇ.പി.എ.യുടെ റിക്വയര്‍മെന്റ് ആണിത്. ജീവനക്കാര്‍ കമ്പ്യൂട്ടറൈസ്ഡ് സിസ്റ്റം ഉപയോഗിച്ച് വെള്ളത്തിന്റെ ഒഴുക്കും സമ്മര്‍ദ്ദവും അളക്കുന്നു; അതുവഴി വെള്ളത്തിലുള്ള ലെഡിന്റെ അളവും.
ഫാര്‍മസ്യൂട്ടിക്കല്‍സ്
നാം കഴിക്കുന്ന മരുന്നുകളുടെയെല്ലാം ഒരു ചെറിയ അംശം മാത്രമേ ശരീരത്തില്‍ ആഗീരണം ചെയയപ്പെടുന്നുള്ളൂ. ബാക്കി, വെയിസ്റ്റായി സ്യൂവര്‍ വഴി നദികളില്‍ എത്തപ്പെടുകയാണ്. ഫിലഡെല്‍ഫിയായിലെ വെള്ളത്തില്‍ വളരെ താണ തോതിലെ മരുന്നുകളുടെ അംശം കാണപ്പെടുന്നുള്ളൂ. ഉപയോഗിക്കാത്തതും, ഡേറ്റ് എക്‌സ്‌പോയര് ചെയ്തതുമായ മരുന്നുകള്‍ പുറത്തു കളയുന്ന വിധം സിറ്റിയില്‍ നിന്നും ലഭിക്കുന്നതാണ്.

നദീജലം ശുദ്ധീകരിക്കുന്ന വിധം
ആറു സ്റ്റെപ്പുകളാണ് ജലശുദ്ധീകരണത്തിന്. ഒന്നു മുതല്‍ മൂന്നു വരെയുള്ള പ്രാരംഭ ക്ലീനിങ്ങില്‍ നിരവധി ബാര്‍ റാക്കുകളിലൂടെയും സ്‌ക്രീനുകളിലൂടെയും വെള്ളം ഫില്റ്റര്‍ ചെയ്തു വിടുന്നു. വേര്‍തിരിക്കുന്ന അഴുക്കുകള്‍ അതിനായി മാറ്റിയിട്ടിരിക്കുന്ന സ്ഥലത്ത്(ലാന്‍ഡ് ഫില്‍)കൊണ്ടുപോയി കളയുന്നു.

അതിവേഗത്തില്‍ പ്രവര്‍ത്തിക്കുന്ന 'ഗ്രാവിറ്റി ഫ്‌ളോ' യിലൂടെ ഈ വെള്ളം കടത്തിവിടുമ്പോള്‍ വെള്ളത്തിലെ ഭാരമുള്ള പാര്‍ട്ടിക്കിള്‍സ്(ഇവയെ ഗ്രിറ്റ് എന്നു പറയും) വേര്‍തിരിക്കപ്പെടുന്നു. മഴവെള്ള സ്യൂവറിലൂടെ ക്ലീനിങ്ങ് പ്ലാന്റില്‍ എത്തിച്ചേരുന്ന മണലും ചരലും കൂടിച്ചേര്‍ന്ന ഈ ഗ്രിറ്റ്‌നെയും ലാന്‍ഡ് ഫില്ലില്‍ കളയും. വെള്ളത്തിലെ എണ്ണ, സ്‌കം, കൊഴുപ്പുകള്‍ ഇവ വേര്‍തിരിക്കുന്നത് നാലാമത്തെ പടിയാണ്.

മുന്‍പറഞ്ഞ നാലു സ്റ്റെപ്പുകളിലൂടെ കടന്നുപോയ വെള്ളം ബയോളോജിക്ക്‌ല# പ്രോസസ് വഴി ശുദ്ധീകരിക്കുന്നത് അഞ്ചും ആറും സ്‌റ്റെപ്പുകളിലാണ്. വെള്ളത്തിലെ ഓര്‍ഗാനിക് മെറ്റീരിയല്‍സിനെ ബാക്ടീരിയായും മറ്റു സൂക്ഷ്മാണുക്കളും ബ്രേക് ഡൗണ്‍ ചെയ്ത് ഭക്ഷിച്ച് ഇല്ലാതെയാക്കുന്നു.
മലിന ജലത്തില്‍ അടിഞ്ഞുകൂടിയ ഖരപദാര്‍ത്ഥങ്ങളുടെ 85% നീക്കം ചെയ്യണമെന്നാണ് ഇ.പി.എ. നിഷ്‌ക്കര്‍ഷിക്കുന്നത്. അതിലുമധികം ശുദ്ധിയാക്കിയ വെള്ളമാണ് നമ്മുടെ ടാപ്പുകളിലൂടെ ഒഴുകുന്നത്. വെള്ളത്തിലെ അഴുക്കുകള്‍ അരിച്ചെടുത്ത് കൃഷിയിടങ്ങളിലേക്ക് അയക്കുന്ന റീസൈക്കിള്‍ പരിപാടിയും നമ്മുടെ സിറ്റിയില്‍ നടക്കുന്നു.

ജലശുദ്ധീകരണ പ്ലാന്റുകളുടെ നിരന്തരമായ പ്രവര്‍ത്തനം മൂലം അഴുകി നാറിക്കിടന്ന, ആസിഡ് നിറഞ്ഞ രണ്ടു നദികളെയാണ് പി.ഡബ്ലിയൂ.ഡി. ക്ലീന്‍ ചെയ്‌തെടുത്തത്. രാഷ്ട്രീയ മല്‍സരങ്ങളില്ലാതെ നാടിന്റെ നന്മയെ മാത്രം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റിനെ രാഷ്ട്രീയ കുബുദ്ധികളല്ലാത്ത ഫിലഡല്‍ഫിയാക്കാര്‍(അമേരിക്കന്‍ ജനതയാകെയും)100% പിന്താങ്ങുന്നു. പ്രതിപക്ഷവും, ഭരണപക്ഷവും പരസ്പരം എങ്ങനെയും നശിപ്പിക്കണമെന്ന ദുശ്ചിന്തയോടെ പ്രവര്‍ത്തിക്കുന്ന മറ്റ് രാജ്യങ്ങള്‍, ഈ രാജ്യത്തിലെ ജനങ്ങളെ വിശേഷിച്ചും ഫിലഡെല്‍ഫിയാക്കാരെ കണ്ടുപഠിക്കേണ്ടതാണ്.
ക്ലീനിങ്ങിലൂടെ മല്‍സ്യങ്ങളെ മാത്രമല്ല നമുക്ക് തിരികെ കിട്ടിയത്. നമ്മുടെ തുറമുഖങ്ങളില്‍ ധാരാളം ബിസിനസ്സുകള്‍ വന്നു. വിനോദ, വാണിജ്യ മേഖലകളിലും, റെസിഡെന്‍ഷ്യല്‍ മേഖലയിലും വിപുലമായ വികസനമുണ്ടായി. റസ്റ്റോറണ്ടുകള്‍, റിവര്‍ പാര്‍ക്കുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, മറിനാകള്‍, ഹോട്ടലുകള്‍, റിവര്‍ബോട്ട് ഇല്ലാസയാത്രകള്‍ അക്വേറിയം ഇവയിലും വലിയ വികസനമുണ്ടായി. വലിയ കപ്പലുകള്‍ക്ക് നദിയിലൂടെ യാത്രചെയ്യാന്‍ ഇടവും സൗകര്യവും ലഭിച്ചു.
സിറ്റിയെ സഹായിക്കാനായി നമുക്ക് പലതും ചെയ്യാന്‍ സാധിക്കുമെന്ന്, (നമുക്കതിനു കടപ്പാണ്ടെന്നും), പി.ഡബ്ലിയൂ.ഡി. പ്രതീക്ഷിക്കുന്നു. മഴവെള്ളം നിശ്ശേഷം ഒഴുകിപ്പോകാതിരിക്കാതിരിക്കാന്‍ റെയിന്‍ ബാരലുകള്‍ നിര്‍മ്മിച്ച് വെള്ളം ശേഖരിച്ച് ചെടികളും, പുല്ലും നനയ്ക്കാനുപയോഗിക്കാം. വഴിയരികിലും, റോഡരികുകളിലും ചെടികള്‍ നട്ടുപടിപ്പിക്കാനും, ചെറു തോട്ടങ്ങള്‍ നിര്‍മ്മിക്കാനും, അങ്ങനെ വെള്ളം നദിയിലേക്ക് അധികമായി ഒഴുകിപ്പോകുന്നതിനെ തടയാനും പി.ഡബ്ലിയൂ.ഡി.ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. മരങ്ങളുടെയും ചെടികളുടെയും വേരുകള്‍ വെള്ളത്തെ ഫില്‍റ്റര്‍ ചെയ്ത് വിടുമെന്നത് ആശ്വാസപ്രദമാണ്.

ജലശുദ്ധീകരണത്തിന്റെ കടുത്ത ഡിമാന്‍ഡ് കുറയ്ക്കാന്‍ വീടുകളില്‍ വെള്ളം ദുരുപയോഗം ചെയ്യരുത്. മഴവെള്ളമൊഴുകുന്ന ഡ്രെയിനുകളില്‍ ട്രാഷ് കടന്നു കൂടാതെ സൂക്ഷിക്കണം. നദീതീരങ്ങളില്‍ പിക്‌നിക് നടത്തുമ്പോള്‍ ട്രാഷ് അതിന്റെ സ്ഥാനത്ത് നിക്ഷേപിക്കണം.

കാട്ടുപക്ഷികളെ(ഗീസ് തുടങ്ങിയവ)ആകര്‍ഷിക്കാതെയും അവയ്ക്ക് തീറ്റി കൊടുക്കാതെയുമിരുന്നാല്‍ ഓരോ വര്‍ഷവും ടണ്‍ കണക്കിനു കാഷ്ടം നദിയിലേക്കൊഴുകുന്നതു തടാനാവും. ഉപയോഗിക്കാത്തതും, ഉപയോഗശ്യൂന്യമായതുമായ മരുന്നുകള്‍(കോഫി ഗ്രൗണ്‍ ടു) കാപ്പിപ്പൊടിയുമായി കലര്‍ത്തി ട്രാഷില്‍ കളയാം. ഡോഗ് വെയ്‌സ്റ്റ് മഴപെയ്യുമ്പോള്‍ ഡ്രെയിനിലേക്കൊഴുക്കാന്‍ ഇടവരുത്തരുത്. ഹൗസ് പെയിന്റ്, മോട്ടര്‍ ഓയില്‍ തുടങ്ങിയവ ഡ്രെയിനില്‍ ഒഴിക്കാതെ ഹസാഡസ് വെയിസ്റ്റ് ഡ്രോപ്പ് ഓഫ് സെറ്റില്‍ എത്തിക്കണം.

കാര്‍ പുല്‍ത്തകിടിയിലിട്ട് കഴുകകയോ, ലോക്കല്‍ കാര്‍ വാഷില്‍ കഴുകുകയോ ചെയ്താല്‍ സോപ്പ് കലര്‍ന്ന ചെളിവെള്ളം ഡ്രെയിനില്‍ പോകാതിരിക്കും. വളങ്ങളും, ഇന്‍സെക്റ്റിസൈഡ് സ്‌പ്രെകളും മിതമായി ഉപയോഗിക്കണം.വലിയ മരങ്ങളുടെ വേരുകള്‍ വെള്ളത്തെ ഫില്‍റ്റര്‍ ചെയ്യുന്നതുകൊണ്ട് മരങ്ങള്‍ വെട്ടിക്കളയരുത്.
Part-1

ഫിലാഡല്‍ഫിയ വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റും  ശുദ്ധജല വിതരണവും(തുടര്‍ച്ച) - നീനാ പനയ്ക്കല്‍
Join WhatsApp News
joseph Nambimadam 2015-12-02 11:52:38
Very informative article. Thank you Neena Panackal 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക