Image

അച്ചന്‍കുഞ്ഞും തന്നാ­ലാ­യ­ത്. (കഥ:സാം നില­മ്പ­ള്ളില്‍)

Published on 14 March, 2016
അച്ചന്‍കുഞ്ഞും തന്നാ­ലാ­യ­ത്. (കഥ:സാം നില­മ്പ­ള്ളില്‍)
ജൂലി­യോട് തോന്നിയ പ്രേമം എങ്ങനെ പ്രക­ടി­പ്പിക്കണ­മെന്ന് അറിയാത്തതാണ് അച്ചന്‍കുഞ്ഞിന്റെ വിഷ­മത്തിന് കാരണം. അത് പ്രേമ­മാണോ എന്നു­തന്നെ അവ­ന­റി­യി­ല്ല; ഇഷ്ട­മാ­ണെന്ന് അറ­ിയാം. അവളെ കാണാന്‍വേണ്ടിയാണ് പല­പ്പോഴും ശ്രീകൃഷ്ണാ ബേക്ക­റി­യുടെ പടി­ക്കല്‍പോയി ­നില്‍കു­ന്ന­ത്. ധൃതി­പി­ടിച്ച് ജോലി­ചെ­യ്യു­ന്ന­തി­നി­ട­യില്‍ അവള്‍ അവ­നെ­നോക്കി ചിരി­ക്കും. "ഇവി­ടി­ങ്ങനെ എപ്പോ­ഴും­വന്ന് നോക്കി­നി­ക്കേണ്ട, ട്ടോ.' കേടായ ഒരു­ബണ്ണ് കൊ­ടു­ത്തു­കൊണ്ട് അവള്‍ പറ­യും. ഒരു ബണ്ണിനോ ബിസ്ക്ക­റ്റിനോ വേണ്ടിയാ­ണ് അവന്‍ അവിടെ വന്നു­നില്‍കു­ന്ന­തെ­ന്നാണ് ജൂലി­യുടെ വിചാ­രം. കല്ല്യാണം കഴി­ച്ചോ­ട്ടെ­യെന്ന് ചോദി­ക്കാ­നാ­ണെന്ന് അവള്‍ക്ക് അറ­ിയി­ല്ല. കുറെ­ദി­വ­സ­ങ്ങ­ളായി മ്‌ളാന­വ­ദനനായി കാണ­പ്പെട്ട അവനോട് അമ്മ ചോദി­ച്ചു, "എന്നതാടാ നിന്റെ ഹൃദ­യ­വേ­ദ­നക്ക് കാര­ണം?'

കാര­ണ­മെ­ന്താ­ണെന്ന് പറ­യാതെ അവന്‍ നാണിച്ച് നിന്ന­തേ­യു­ള്ളു. അമ്മ­യോട് എങ്ങനെ പറയും താന്‍ ജൂലിയെ പ്രേമി­ക്കു­ന്നെ­ന്ന്? മകന് വട്ടാ­ണെന്ന് അമ്മ വിചാ­രി­ക്ക­ത്തി­ല്ലേ? ഇത്ര­ത്തോളം വളര്‍ത്തി­വ­ലു­താ­ക്കിയത് ഇതി­നാ­യി­രു­ന്നോടാ എന്ന് അവര്‍ ചോദി­ക്കും. അതി­നെ­ന്താ­യാലും അവ­സരം കൊടു­ത്തു­കൂ­ടാ. അമ്മ­യുടെ മനസ്സ് വേദ­നി­ക്കുന്ന ഒരു­കാ­ര്യവും അച്ചന്‍കുഞ്ഞ് പറ­യു­കയോ പ്രവര്‍ത്തി­ക്കു­കയോ ഇല്ല. ജനി­പ്പി­ച്ചിട്ട് അപ്പന്‍ എവി­ടെയോ പോയ­തി­നു­ശേഷം പാറ­മ­ട­യില്‍ ജോലിചെയ്താണ് അമ്മ അവനെ വളര്‍ത്തി­യ­ത്, അവ­നെ­മാ­ത്ര­മല്ല രണ്ട് സഹോ­ദ­രി­മാ­രെ­യും.

മകന്‍ വലു­താ­യി­ക്ക­ഴി­ഞ്ഞാല്‍ തന്റെ കഷ്ട­പ്പാ­ടു­കള്‍ മാറു­മെന്ന് അവര്‍ വിചാ­രി­ച്ചു. ഇരു­പ­ത്തെട്ട് വയ­സുള്ളമക­നെ ­പോ­റ്റാന്‍ പാവംസ്ത്രീ ഇന്നും പാറപൊ­ട്ടി­ക്കു­ന്നു.

"എന്നെ കുഴീ­ലോട്ട് എടു­ക്കുന്ന അന്നേ എന്റെ കഷ്ട­പ്പാട് മാറൂ,' അമ്മ ഇട­ക്കിടെ പറ­യു­ന്ന­താ­ണ്.

എന്നാ അമ്മേ കുഴീ­ലോട്ട് എടു­ക്കു­ന്ന­തെന്ന് ചോദി­ച്ചാല്‍ അവര്‍ക്ക് ദേഷ്യ­മാ­ണ്. കയ്യില്‍ കിട്ട­ുന്ന­തെ­ന്താ­ണെ­ന്നു­വ­ച്ചാല്‍ അതെ­ടുത്ത് എറി­യും.

"പോടാ എര­ണം­കെ­ട്ട­വനെ എന്റെ മുമ്പീ­ന്ന്. എന്തി­നാടാ നീയെന്റെ വയ­റ്റില്‍ പിറ­ന്ന­ത്? ഞാന്‍ ചത്തു­ക­ഴി­ഞ്ഞാല്‍ നിന്റെ ഗതി­യെ­ന്താ­യി­രി­ക്കു­മെ­ടാ?' രാത്രി­മൊത്തം അവര്‍ വില­പി­ച്ചു­കൊ­ണ്ടി­രി­ക്കും.

അമ്മ ചാകു­ന്ന­തോര്‍ത്ത് അച്ചന്‍കുഞ്ഞും കര­യും. വികാ­ര­ങ്ങള്‍ അവ­നില്‍ ഉടലെ­ടുത്തിട്ട് അധി­ക­നാ­ളു­ക­ളാ­യി­ട്ടി­ല്ല. വര്‍ത്ത­മാനം പറ­യാനും ചിരി­ക്കാനും തു­ട­ങ്ങി­യത് പതിനൊ­ന്നാ­മത്തെ വയ­സിലാ­ണ്. അതു­വരെ ജീവ­നുള്ള ഒരു മാംസ­പി­ണ്ഢമാ­യി­രു­ന്നു. പന്ത്രണ്ടാ­മത്തെ വയ­സില്‍ നാലു­കാ­ലില്‍ ഇഴ­യാന്‍ തുട­ങ്ങി, പിന്നെ കുര­ങ്ങി­ന്റെ­കൂട്ട് ഓടാ­നും. ഏതാനും വര്‍ഷ­ങ്ങള്‍കൂടി കഴി­ഞ്ഞ­പ്പോള്‍ രണ്ടു­കാ­ലില്‍ നില്‍ക്കാന്‍ പഠി­ച്ചു. അതി­നു­ശേ­ഷ­മാണ് മാനു­ഷിക വികാ­ര­ങ്ങള്‍ രൂപം­കൊ­ള്ളു­ന്ന­ത്. അവന്‍ കണ്ണു­തു­റന്ന് ലോകത്തെനോക്കി. അവിടെ സ്ത്രീപു­രു­ഷ­ന്മാരെ കണ്ടു. കോഴി­യേയും, പശുക്കളേയും പട്ടി­ക­ളേയും കണ്ടു. പൂവന്‍കോഴി പിട­യു­ടെ­മു­ക­ളില്‍ ചാടി­ക്ക­യ­റു­ന്ന­തു­കണ്ട് അവന്‍ കൈകൊട്ടി­ച്ചി­രി­ച്ചു. അതെ­ന്തി­നാ­ണമ്മേ പൂവന്‍ പിടയുടെ പുറ­ത്തു­ക­യ­റി­യിരിക്കു­ന്ന­തെന്ന് ചോദി­ച്ച­പ്പോള്‍ അവര്‍ ദേഷ്യ­പ്പെ­ട്ടു, "ചെറു­ക്കന് അറി­യാന്‍ വേണ്ടാ­ത്ത­താ­യിട്ട് ഒന്നു­മി­ല്ല­ല്ലോ?'

അതു­കേട്ട് സഹോ­ദ­രി­മാര്‍ ചിരി­ച്ചു. രണ്ടു­കാ­ലില്‍ നട­ക്കാന്‍ തുട­ങ്ങി­യ­പ്പോള്‍ ലോകം­കാ­ണാന്‍വേണ്ടി അച്ചന്‍കുഞ്ഞ് വീടു­വിട്ട് വെളി­യ­ലി­റ­ങ്ങി; കട­കള്‍തോറും കയ­റി­യി­റ­ങ്ങി. കച്ച­വ­ട­മൊ­ന്നു­മി­ല്ലാതെ വഴി­യി­ലേക്ക് നോക്കി­യി­രി­ക്കു­ന്ന­വര്‍ അവ­നോട് കിന്നാരം പറ­ഞ്ഞു. റബ­റു­ക­ട­ക്കാ­രന്‍ ചാണ്ടി ചോദി­ച്ചു, "നിന­ക്കൊരു പെണ്ണു­കെ­ട്ട­ണ്ടേടാ അച്ചന്‍കുഞ്ഞേ?'

മറു­പടി പറ­യാതെ അവന്‍ നാണിച്ച് ചിരി­ച്ച­തേ­യു­ള്ളു.

"കണ്ടോ അതു­പ­റ­ഞ്ഞപ്പം അവ­ന്റെ­യൊരു നാണം,' ചാണ്ടി­യുടെ അഭി­പ്രാ­യം­കേട്ട് അവി­ടെ­നി­ന്ന­വരെല്ലാം ചിരി­ച്ചു.

"നിനക്ക് ഈ ജൂലിയെ ഇഷ്ട­മാ­ണോ­ടാ, അവളെ നിനക്ക് കെട്ടി­ച്ചു­ത­രാ­മെ­ടാ,' തൊട്ട­പ്പു­റത്തെ ബേക്ക­റി­യില്‍ ജോലി­നോ­ക്കുന്ന സെയില്‍സ്‌ഗേ­ളിനെ ചൂണ്ടി­ക്കാട്ടി ചാണ്ടി ചോദി­ച്ചു.

"ചാണ്ടിച്ചാ­യന്റെ പെങ്ങളെ അവന് കെട്ടി­ച്ചു­കൊ­ട്,' അവള്‍ മുഖംവീര്‍പ്പിച്ച് അക­ത്തേക്കുപോയി.

"അവള്‍ക്ക് നിന്നെ ഇഷ്ട­മാ­ണെ­ടാ, നിനക്ക് സമ്മ­ത­മാ­ണോന്ന് അറി­ഞ്ഞാല്‍മതി, കല്ല്യാണം നാളെ­ത്തന്നെ നട­ത്താം.'

"അതു­വേ­ണ്ട. അമ്മ­യോട് ചോദി­ച്ചിട്ട് നാളെ­പ്പ­റ­യാം,' അച്ചന്‍കുഞ്ഞ് അവി­ടുന്ന് ഇറ­ങ്ങി­യോ­ടു­മ്പോള്‍ പിന്നില്‍ കൂട്ട­ച്ചിരി മുഴ­ങ്ങു­ന്ന­തു­കേ­ട്ടു. കല്ല്യാ­ണം ­ക­ഴി­ച്ചു­കൊ­ടു­ക്കാ­മെന്ന് ചാണ്ടി­ച്ചാ­യന്‍ ഏറ്റി­രി­ക്ക­യാ­ണ്. ഇനി അമ്മ­യുടെ സമ്മതം വാങ്ങ­ണം; പക്ഷേ അവരോട് എങ്ങനെ പറ­യും? അമ്മയെ അവന് ഭയ­മാ­ണ്. ഇഷ്ട­മി­ല്ലാ­ത്തത് പറ­ഞ്ഞാല്‍ അവര്‍ ശാപ­വാ­ക്കു­കള്‍ ചൊരി­യും. "ചെകു­ത്താന്റെ സന്ത­തി­യെ, നിനക്ക് ഗുണം­പി­ടി­ക്ക­ത്തി­ല്ലെ­ടാ. എന്നെ കുരു­തി­കൊ­ടു­ക്കാന്‍വേണ്ടി ജനിച്ച വിഷ­വി­ത്താണോ­ടാ, നീ.'

അതൊന്നും കേള്‍ക്കാന്‍ ഇഷ്ട­മി­ല്ല­ത്ത­തു­കൊണ്ട് അമ്മയെ പ്രകോ­പി­ക്കാ­റി­ല്ല. രണ്ട് പെണ്‍മ­ക്ക­ളുടെ വിവാഹം അവര്‍ നട­ത്തി­യി­ല്ലേ? ഇനി­യു­ള്ളത് അച്ചന്‍കു­ഞ്ഞാ­ണ്. അവന്റെ വിവാ­ഹ­ക്കാര്യംമാത്രം മിണ്ടാ­ത്ത­തെ­ന്താ­ണ്? അവന് ഇരു­പത്തെട്ട് വയ­സാ­യെ­ന്നുള്ള വിചാരം അവര്‍ക്കി­ല്ല. ബുദ്ധി­മാന്ദ്യം ഉണ്ടെ­ങ്കിലും ശാരീ­രി­ക­വ­ളര്‍ച്ച­യില്‍ അച്ചന്‍കു­ഞ്ഞിന് കുഴ­പ്പ­മൊന്നുമി­ല്ല. അല­ഞ്ഞു­തി­രി­യ­ലാണ് പ്രധാ­ന­പ്പെ­ട്ട­ജോ­ലി. വീടു­കള്‍തോറും കട­കള്‍തോറും കയ­റി­യി­റ­ങ്ങും. ആരെ­ങ്കിലും എന്തെ­ങ്കിലും കൊടു­ത്താല്‍ വാങ്ങി­ക്ക­ഴി­ക്കും. വല്ല­പ്പോഴും ജൂലിയും കേടായ റൊട്ടിയോ ബണ്ണോ എറി­ഞ്ഞു­ക­ള­യേണ്ടതി­നു­പ­കരം അവന് കൊടു­ക്കും. അതു­കൊണ്ട് മാത്ര­മാണോ അവ­ളോട് പ്രത്യേക ഇഷ്ടംതോ­ന്നി­യ­ത്? അവള്‍ രാവിലെ ബസ്സി­റ­ങ്ങ­ന്ന­തും­നോക്കി അവന്‍ സ്റ്റാന്‍ഡില്‍ വന്നുനില്‍ക്കും.

"ആഹാ! അച്ചന്‍കുഞ്ഞ് എന്നെക്കാത്ത് നില്‍ക്ക­യാ­യി­രു­ന്നോ?' അവള്‍ വിശേഷം ചോദി­ക്കും.

അതെ­യെന്ന അര്‍ഥ­ത്തില്‍ അവന്‍ ചിരി­ക്കും. രാത്രി എട്ടു­മ­ണീടെ ബസ്സില്‍ അവള്‍ കയ­റു­ന്നത് കണ്ടിട്ടേ അവന്‍ വീട്ടില്‍പോ­കാ­റു­ള്ളു.

"തെണ്ടി­ത്തി­രി­യുന്ന സമ­യം­കൊണ്ട് നിനക്ക് എന്റെ­കൂടെവന്ന് പാറ­മ­ട­യില്‍വന്ന് ജോലി­ചെ­യ്തു­കൂ­ടേ­? അച്ചന്‍കു­ഞ്ഞേ?'

"അമ്മ ജോലി­ചെ­യ്യു­ന്നു­ണ്ട­ല്ലോ, പിന്നെ ഞാനെ­ന്തിനാ വെറു­തെ….?' അതാണ് അവന്റെ ന്യായം.

"ഞാന്‍ ചത്തു­ക­ഴി­ഞ്ഞാല്‍ നീയെ­ങ്ങനെ ജീവി­ക്കു­മെടാ?' അവര്‍ വില­പി­ക്കും.

അതി­നെ­പ്പറ്റി അവന്‍ ചിന്തി­ക്കാ­റി­ല്ല. ജൂലിയെ കല്ല്യാ­ണം­ ക­ഴി­ക്കു­ന്ന­തി­നെ­പ്പ­റ്റി­യാണ് ഇപ്പോ­ഴത്തെ ചിന്ത. അവളെ യാത്ര­യാ­ക്കാന്‍ ഒരു­സ­ന്ധ്യക്ക് സ്റ്റാന്‍ഡില്‍ നില്‍കു­മ്പോ­ളാണ് ജീവിതം തല­കീ­ഴായി മറ­ിയുന്ന കാര്യ­ങ്ങള്‍ സംഭ­വി­ച്ച­ത്. ഒരുകാറ് ജൂലി­യുടെ സമീ­പം­വന്ന് നിറ­ുത്തി­യത് എന്തി­നാ­ണെന്ന് മന­സി­ലാ­യി­ല്ല. രണ്ടു­പേര്‍ കാറില്‍നി­ന്നി­റങ്ങി അവളെ കട­ന്നു­പി­ടിച്ചു. അവള്‍ കുത­റി­മാ­റാന്‍ശ്ര­മി­ച്ചു. അവര്‍ അവളെ കാറില്‍കയ­റ്റാ­നുള്ള ശ്രമ­മാ­ണ്. ഒന്നും മന­സി­ലാ­കാതെ അച്ചന്‍കുഞ്ഞ് പരി­ഭ്ര­മിച്ച് നില്‍കു­മ്പോള്‍, ഭഎന്നെ രക്ഷി­ക്കെ­ടാ, അച്ചന്‍കു­ഞ്ഞേ'­യെന്ന് അവള്‍ വിളി­ച്ചു­പ­റ­ഞ്ഞു. അവന്‍ ഓടി­ച്ചെന്ന് അവ­ന്മാരെ തട­ഞ്ഞു; സര്‍വ്വ­ശ­ക്തിയും സംഭ­രിച്ച് ഇടി­ച്ചു. ഇടി­കൊണ്ട ഒരു­വന്‍ മറിഞ്ഞ് നില­ത്തു­വീ­ണു. അവന്‍ എഴു­ന്നേ­റ്റു­വന്ന് കത്തി­യെ­ടുത്ത് അച്ചന്‍കു­ഞ്ഞിനെ കുത്തി. കുത്തു­കൊ­ണ്ടത് അവന്‍ അറ­ിഞ്ഞതേയില്ല. കത്തി­പി­ടി­ച്ചു­വാങ്ങി അവന്‍ തിരികെകു­ത്തി. കത്തി അവന്റെ കഴു­ത്തില്‍ തറ­ച്ചു­ക­യ­റി. കൂട്ടു­കാ­രന്റെ ജഡവു­മായി മറ്റ­വന്‍ പാഞ്ഞു­പോ­യി.

അച്ചന്‍കു­ഞ്ഞിനെ പോലീസ് അറ­സ്റ്റു­ചെ­യ്‌തെ­ങ്കിലും പിന്നീട് വിട്ട­യ­ച്ചു. അവ­നി­പ്പോള്‍ നാട്ടില്‍ ഹീറോ­യാ­ണ്. അവ­ന്കി­ട്ടിയകുത്ത് സാര­മു­ള്ളത് അല്ലാ­യി­രു­ന്നു; നാട്ടു­കാ­രാണ് ചികി­ത്സി­പ്പിച്ച് സുഖ­പ്പെ­ടു­ത്തി­യ­ത്. ജൂലി പിന്നീട് ബേക്ക­റി­യില്‍ ജോലിക്ക് വന്നി­ട്ടി­ല്ല. അവ­ളുടെ വീട് ദൂരെ­യെ­വി­ടെയോ ആയ­തു­കൊണ്ട് കല്ല്യാണം കഴി­ക്കു­ന്ന­തി­നെ­പ്പറ്റി ചോദി­ക്കാനും സാധി­ച്ചി­ല്ല. കാല­ക്ര­മേണ അവന്‍ അവളെ മറ­ന്നു. അമ്മ മരി­ച്ചിട്ടും അച്ചന്‍കുഞ്ഞ് ബുദ്ധി­മു­ട്ടി­ല്ലാതെ കഴി­യു­ന്നു. ഏതു­വീ­ട്ടില്‍ ചെന്നാലും ഒരു­നേ­രത്തെ ആഹാരം ആരെ­ങ്കിലും കൊടു­ക്കും. കട­കള്‍തോറും വീടു­കള്‍തോറും കയ­റി­യി­റ­ങ്ങു­ക­യാണ് ഇന്നും അവന്റെ ജോലി. "ഒരു കല്ല്യാ­ണ­മൊക്കെ കഴി­ക്ക­ണ്ടേടാ, അച്ചന്‍കുഞ്ഞേ?' എന്ന് ആരെ­ങ്കിലും ചോദി­ച്ചാല്‍ അവന്‍ നാണിച്ച് നില്‍ക്ക­ത്തേ­യു­ള്ളു.

"കണ്ടോ അവ­ന്റെ­യൊരു നാണം,' അവര്‍ പറഞ്ഞ് ചിരിക്കും.

സാം നില­മ്പ­ള്ളില്‍.
sam3nilam@yahoo.com
അച്ചന്‍കുഞ്ഞും തന്നാ­ലാ­യ­ത്. (കഥ:സാം നില­മ്പ­ള്ളില്‍)
Join WhatsApp News
വികിടഗണേശൻ 2016-03-17 13:32:17
ഞങ്ങടെ നാട്ടിലും ഇതുപോലോരുത്തൻ ഉണ്ട്. അവൻ പറയുന്നത് അവനെ രാത്രിയിൽ അഞ്ച് യക്ഷിമാരാണ് അലെട്ടുന്നതെന്ന്.

കാമാക്ഷി 
മീനാക്ഷി 
കമലാക്ഷി 
വിശാലാക്ഷി 
പങ്കജാക്ഷി 

ആദ്യം ഇത് കേട്ട സമയത്ത് പാവം എന്റെ മീനാക്ഷിയെ ഞാൻ പൊതിരെ തല്ലി. ഞാൻ വിചാരിച്ചു അവള് രാത്രിയിൽ പോയി ഇവനെ ശല്യം ചെയ്യാറുണ്ടെന്നു. അവൾ എന്നോട് പറഞ്ഞതാ എടൊ മനുക്ഷ്യ വല്ലോരു ഭ്രാന്തു പറയുന്നത് കേട്ട് ഭാര്യെ തല്ലുന്നത് ശരിയല്ലെന്ന്.  പിന്നീട് ഇവൻ സ്ഥിരം പറയാൻ തുടങ്ങിയപ്പോൾ ഞാൻ രണ്ടുമൂന്നു രാത്രി എന്റ ഭാര്യയെ ശ്രദ്ധിച്ച്. അവളെങ്ങും പോയില്ലായിരുന്നു. പിറ്റേ ദിവസം ഞാൻ അവനെ ചന്തയിൽ കണ്ടപ്പോൾ അവന്റെ ചെള്ള നോക്കി രണ്ടു കൊടുത്ത്.  അവൻ ഒച്ചപ്പാടുണ്ടാക്കി ബഹളം വച്ച്. നാട്ടു കാര് എന്നെ എടുത്തിട്ടു പെരുമാറി.  അപ്പോൾ ഞാൻ ഒള്ള കാര്യം പറഞ്ഞു.  അപ്പോൾ അവര് പറഞ്ഞു അവനല്ല ഭ്രാന്തു എനിക്കാണെന്നു .  എന്ത് പറയാനാ ആകെ നാറിയെന്നു പറഞ്ഞാൽ മതിയല്ലോ. എന്റെ ഭാര്യെ എന്നെ വിട്ടിട്ടു ആരാണ്ടുടെ കൂടെ പോയി .  ഞാൻ രണ്ടാമത് വിവാഹം കഴിച്ചു അവളുടെ പേര് കള്ളിയങ്കാട്ടു നീലിയെന്നാണ് .  എന്റെ സുഹൃത്ത് പറയുന്നത് ഇവൾ മീനാക്ഷിയെക്കാൾ ഭാങ്കരിയാണെന്ന്.  അവളെ ഉപേക്ഷിക്കാൻ നോക്കിയപ്പോൾ അവള് പറയുന്നത് അവൾക്ക് എന്നെ ജീവനാണെന്ന്.  ഒരു ഭ്രാന്തൻ വരുത്തി വച്ച  വിനയെ 

സാം നിലംമ്പള്ളിയുടെ കഥ അവൾക്ക് ഇഷ്ട്പ്പെട്ടു കണ്ടു പരിചയപ്പെടണം എന്നാണു പറയുന്നത്. അഡ്രസ്സ് പറഞ്ഞാൽ കയറ്റി വിട്ടേക്കാം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക