Image

അമേരിക്ക(നോവല്‍-11) മണ്ണിക്കരോട്ട്

മണ്ണിക്കരോട്ട് Published on 16 May, 2016
അമേരിക്ക(നോവല്‍-11) മണ്ണിക്കരോട്ട്
ലില്ലിക്കുട്ടി ചെന്നായുടെ പിടിയില്‍ പെട്ട ആട്ടിന്‍കുട്ടിയെപ്പോലെ കറുമ്പന്റെ കരവലയത്തില്‍ പിടഞ്ഞു. അവള്‍ ചുറ്റും നോക്കി. കതകടച്ചരിക്കുന്നു. രക്ഷയ്ക്കുള്ള യാതൊരു പഴുതും കാണുന്നില്ല. അവളുടെ ഹൃദയം കത്തിയെരുഞ്ഞു. സകല ദൈവത്തെയും മനസ്സിലോര്‍ത്ത് വീണ്ടും ചുറ്റുപാടും നോക്കി. 

ബ്രേക്ക് ഫാസ്റ്റ് ട്രേ അടുത്ത് ബെഡ്ഡ് സൈഡ് ടേബിളില്‍ ഇരിക്കുന്നു. അതില്‍ ഒരു ആനയ്ക്ക് തിന്നാനുള്ളതുണ്ട്. അവള്‍ക്ക് പെട്ടെന്നൊരു ബുദ്ധിതോന്നി. കൈ നീട്ടി ആ ട്രേയില്‍ പിടിച്ച് ഒറ്റവലി. 

'പടുക്കോ...'

ഒരു വലിയ ശബ്ദത്തോടെ ട്രേ നിലത്തു വീണു. കറുമ്പന്‍ പെട്ടെന്ന് പിടിവിട്ടു. ലില്ലിക്കുട്ടി രക്ഷപ്പെട്ട് 
വെളിയില്‍ ചാടി. 

കരഞ്ഞുകൊണ്ടാണ് അവള്‍ പുറത്തുവന്നത്. ശരീരം വിറയ്ക്കുന്നു. അവള്‍ വിവരം സഹപ്രവര്‍ത്തകരോട് പറഞ്ഞു. ഒരാള്‍ സൂപ്പര്‍വൈസറെ അറിയിച്ചു. 

കുറച്ചു കഴിഞ്ഞപ്പോള്‍ സൂപ്പര്‍വൈസര്‍ സ്ഥലത്തെത്തി. വിന്‍ഡോ ഡേവിഡ്‌സണ്‍ -മധ്യവയസ്‌കനായ ഒരു മദാമ്മ. ഏതാണ്ട് ആറടി ഉയരം 240-250 പൗണ്ട് തൂക്കം. മുഖത്ത് അരയിഞ്ച് കനത്തില്‍ അലങ്കാര വസ്തുക്കളുടെ അരങ്ങേറ്റമുണ്ട്., മുറിച്ചിട്ട മുടി, കൃത്രിമ കണ്‍പീലികള്‍, കറുത്ത് കനത്ത കണ്ണെഴുത്ത്. ഒരു വെളുത്ത ഹിഡുംബിയെന്ന് പറയാം. 

അവര്‍ കുലുങ്ങി കുലുങ്ങി ലില്ലിക്കുട്ടിയുടെ അടുത്തെത്തി. ഒരു ഹിഡുംബി കടാക്ഷം. ലില്ലിക്കുട്ടി നടുങ്ങിപ്പോയി. ആ കഠിനമായ നോട്ടത്തിന്റെ അര്‍ത്ഥമെന്താണോ? ഓറിയന്റേഷന്‍ സമയത്തെ സൂപ്പര്‍വൈസറും ഇവരും തമ്മില്‍ രാപകല്‍. വ്യത്യാസം.

അവര്‍ ലില്ലിക്കുട്ടിയോട് ഒരക്ഷരം ചോദിച്ചില്ല. മറ്റ് നഴ്‌സുമാരോട് എന്തൊക്കെയോ സംസാരിച്ചിട്ട് വില്യംസിന്റെ മുറിയിലേയ്ക്ക് നീങ്ങി. 

അവിടെ വലിയ ലോഹ്യമായ സംസാരം കേള്‍ക്കാം. പൊട്ടിച്ചിരികള്‍ മുഴങ്ങുന്നു. ലില്ലിക്കുട്ടി അതിശയിച്ചു. 

ഒടുവില്‍ അവര്‍ പുറത്തുവന്നു. അപ്പോള്‍ അവരുടെ മുഖം ഒരു വെളുത്ത ഭദ്രകാളിയെപ്പോലെ തിളങ്ങിയിരുന്നു. ലില്ലിക്കുട്ടിയുടെ നേര്‍ക്ക് വീണ്ടുമൊരു ഹിഡുംബീകടാക്ഷം എറിഞ്ഞിട്ടു. 

'ലിലി കുത്തി കം ഹിയര്‍...'

ആജ്ഞ കൊടുത്തുകൊണ്ട് അടുത്തുള്ള ഓഫീസ് മുറിയിലേയ്ക്ക് അവര്‍ ആഞ്ഞു നടന്നു. ലില്ലിക്കുട്ടി 
പുറകെ ചെന്നു. മുറിയടഞ്ഞു.

നിനക്ക് ഇംഗ്ലീഷ് മനസ്സിലാകുന്നില്ല. അല്ലേ?

അവര്‍ മറ്റൊന്നും ചോദിക്കാതെ-പറയാതെ വിധി കല്‍പിക്കാന്‍ തുടങ്ങി.

എന്ത് പറയണമെന്നറിയാതെ ലില്ലിക്കുട്ടി അവരെ നോക്കി. അവളുടെ ഹൃദയമിടിപ്പുകൂടി. കണ്ണുകള്‍ നിറഞ്ഞു.

നിനക്ക് രോഗികള്‍ പറയുന്ത് മനസിലാകുന്നില്ല, അല്ലേ?

അവര്‍ എടുത്തു ചോദിച്ചു. മുഖത്ത് ദയയുടെ ലേശം പോലും കണ്ടില്ല.

അങ്ങനെയല്ല മിസ്സ്. ഡേവിഡ്‌സന്‍...?

ലില്ലിക്കുട്ടി അറിയാവുന്ന ഭാഷയില്‍ സത്യം പറഞ്ഞുകൊടുക്കാന്‍ ശ്രമിച്ചു. 

വേണ്ടാ, നീ ഒന്നും പറയേണ്ട കാര്യമില്ല. റിച്ചാഡ് എന്നോടു എല്ലാം പറഞ്ഞു. അയാളുടെ ബ്രേക്ക് ഫാസ്റ്റ് ട്രേ നിലത്തുവീണതിനു പകരം മറ്റൊന്ന് ഓര്‍ഡര്‍ ചെയ്യാന്‍ പറഞ്ഞത് മനസ്സിലാകാതെ നീ മുറിവിട്ടു. നിനക്ക് രോഗികളോട് പെരുമാറാന്‍ അറിയില്ല. എന്നിട്ട് അയാള്‍ പരാതിപ്പെടുമെന്ന് പറഞ്ഞതിനുപകരം നീ പരാതിപ്പെട്ടിരിക്കുന്നു.  വിചിത്രം. ഇതാവര്‍ത്തിച്ചാല്‍ പിന്നെ സസ്‌പെന്‍ഡ് ചെയ്യും. ഇപ്പോള്‍ വാണിംഗ് മനസ്സിലായല്ലോ?

അവര്‍ വിധി കല്‍പിച്ചു. 

അയാളെന്നെ പിടിച്ചു....

ലില്ലിക്കുട്ടി വീണ്ടും പറയാന്‍ നോക്കി.

മതി. നിനക്കറിയാമോ, ഈ സ്ഥാപനം അയാളെപ്പോലുള്ള രോഗികളെക്കൊണ്ടാണ് നിലനില്‍ക്കുന്നത്. അവര്‍ക്ക് വേണ്ടതു ചെയ്യാന്‍ കഴിവില്ലാത്തവരെ ഇവിടെ ആവശ്യമില്ല. മനസ്സിലായല്ലോ. ഓ.കെ.ഹാവ് ഏ നൈസ് ഡേ.

ഹിഡുംബി മദാമ്മ പിന്നീടവിടെ നിന്നില്ല. നിന്റെ ഒടുക്കത്തെ നൈസ് ഡേ. ലില്ലിക്കുട്ടിക്ക് സങ്കടം സഹിച്ചില്ല. അവള്‍ പൊട്ടിക്കരഞ്ഞുപോയി.

വളരെ സങ്കടത്തോടെയാണ് അന്ന് ലില്ലിക്കുട്ടി അപ്പാര്‍ട്ടുമെന്റില്‍ ചെന്നത്. ശരീരവും മനസ്സും തളര്‍ന്നിരുന്നു. എത്ര ശ്രമിച്ചിട്ടും ഒന്നും മറക്കാന്‍ കഴിയുന്നില്ല. 

കറുമ്പന്‍ അടിമ സന്തതിയെങ്കിലും അവന്‍ അമേരിക്കനാണ്. ഇംഗ്ലീഷ് അറിയാം. അതുകൊണ്ട് അവന്‍ പറയുന്നതെല്ലാം ശരി. നേരെ മറിച്ച് തന്റെ സ്ഥാനത്ത് ഒരു മദാമ്മയാണെങ്കില്‍ അവള്‍ പറയുന്നതാകും ശരി. 

അമ്മിണിയേയും റോസിയേയും കണ്ടപ്പോള്‍ അവള്‍ വീണ്ടും പൊട്ടിക്കരഞ്ഞു. എന്തോ പന്തികേടുണ്ടെന്ന് അവര്‍ക്ക് മനസ്സിലായി.

ക്രമേണ ലില്ലിക്കുട്ടി  എല്ലാം പറഞ്ഞു. അവര്‍ക്കും വളരെ സങ്കടമായി ലില്ലിക്കുട്ടിയെ സമാധാനിപ്പിച്ച് 
ധൈര്യം കൊടുത്തു. പ്രത്യേകിച്ചൊന്നും സംഭവിച്ചില്ലല്ലോ എന്നോര്‍ത്ത് എല്ലാവരും ആശ്വസിച്ചു.

അവര്‍ ഒരുമിച്ച് കാപ്പി കുടിച്ചു. വിശ്രമിച്ചു. മൂന്നുപേരും കൂടി ഷോപ്പിംഗിന് പോകാമെന്ന് അമ്മിണി അഭിപ്രായപ്പെട്ടു. ലില്ലിക്കുട്ടിക്ക് കഴിഞ്ഞതൊക്കെ മറക്കാന്‍ അതു സഹായിച്ചേക്കും. 

റോസി പോയില്ല.തലവേദനയെന്ന് പറഞ്ഞ് ഒഴിഞ്ഞു. അവരുടെ മുമ്പില്‍ വെച്ച് ഏതോ രണ്ട് ഗുളിക കഴുക്കുകയും ചെയ്തു. 

അമ്മിണിയും ലില്ലിക്കുട്ടിയും പുറത്തുപോയി.

പിന്നെ താമസിച്ചില്ല. റോസി ഫോണെടുത്തു. മേരിയുടെ നമ്പര്‍ കറക്കി. മേരി കാബ്രിനി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. അവര്‍ കുശലങ്ങള്‍ പറഞ്ഞു.

എടീ മേരി നിന്നോടൊരു കാര്യം പറയാനാ ഞാന്‍ വിളിച്ചത്. റോസിക്ക് വിഷയത്തിലേയ്ക്കു കടക്കാന്‍ ധൃതിയായി...

'എന്താടീ ഒന്നെളുപ്പം പറയെടീ' മേരിക്ക് ആകാംക്ഷ.

നിനക്കറിയാമോ ഞങ്ങടെ കൂടെ താമസിക്കുന്ന ലില്ലിക്കുട്ടിയെങ്കിലും കാര്യത്തിനൊട്ടും മോശമല്ല. 

ഡല്‍ഹീ കെടന്ന് കൊറെ കളിച്ചവളാ അവള്. ചുമ്മാതാണോ പത്തുമുപ്പത് വയസ്സായിട്ടും കല്യാണം പോലും കഴിക്കാതെങ്ങനെ നില്‍ക്കുന്നത്... എന്നിട്ടെന്തായെടീ റോസീ. എളുപ്പമൊന്ന് പറേടീ.

നീ ആരോടും പറേല്ലെ. പരമരഹസ്യമായിരിക്കണം.

പോടീ. എനിക്കങ്ങനത്തെ സ്വഭാവം ഒണ്ടോ. ഞാനാരോടു പറയാനാ? ഏതായാലും നീ കാര്യം പറഞ്ഞു തൊലയ്ക്ക്.

അവളെ ഇന്ന് കറുമ്പന്‍ പിടിച്ചു.

എന്റെ ദൈവമേ! ഞാനെന്തുവാന്നോ ഈ കേക്കുന്നേ...എടീ ഇത് സത്യമാണോടീ റോസി.

പിന്നെന്തുവാ ഞാന്‍ നിന്നോട് പറഞ്ഞത്?

എന്നാലിന്നവളെ...-എന്റെ ദൈവമേ! എനിക്കോര്‍ക്കാന്‍ കൂടി വയ്യായേ ങാ പിന്നെ ഞാനൊരു കാര്യം പറഞ്ഞേക്കാം. നീ അവളോടൊരു ഡോക്ടറെ കാണാന്‍  പറഞ്ഞേര്. ഇനി എന്തെങ്കിലും ആയിപ്പോയാല്‍ ദൈവമേ! എനിക്ക് ചിന്തിക്കാന്‍ കൂടി കഴിയുന്നില്ലേ. കറുമ്പന്റെ..

പിന്നെ പരസ്പരം കുറച്ചശ്ലീലം കൈമാറി. മറ്റാരോടും പറയരുതെന്ന് മേരിക്കു വീണ്ടും താക്കീതു കൊടുത്ത് റോസി ഫോണ്‍ വെച്ചു. മേരി വച്ചില്ല. അതിനൊന്നും സമയമില്ല. വലത് കൈവിരല്‍ കൊണ്ട് ലൈന്‍ കട്ട് ചെയ്തു. ഉടനെ അടുത്ത നമ്പര്‍ കറക്കി. പിന്നെ പലതായി നാലു ദിക്കിലേക്കുമായി.

ന്യൂസ് പകരുന്നതനുസരിച്ച് വീര്യം കൂടിക്കൊണ്ടിരുന്നു. റോസിയും അടങ്ങിയിരുന്നില്ല. ആരോടും പറയാത്ത അഞ്ചാറു പരിചയക്കാരോടുകൂടി പറഞ്ഞുകളയാം. 

പന്തം പടര്‍ന്നു കത്തി. ഒരു മണിക്കൂര്‍ വേണ്ടിവന്നില്ല. വിവരം അതിശയങ്ങളും അലങ്കാരങ്ങളും ചേര്‍ന്ന് കാട്ടുതീപോലെ പടര്‍ന്നു.

സംഗതി ഇത്രം വഷളായത് അടുത്ത ദിവസമാണ് അമ്മിണിയും ലില്ലിക്കുട്ടിയും അിറയുന്നത്. ലില്ലിക്കുട്ടിക്ക് അരിശം സഹിക്കുന്നില്ല. അവളും ഫോണെടുത്തു. അറിയാവുന്ന നമ്പരൊക്കെ കറക്കി. റോസിയെപ്പറ്റിയും അപവാദങ്ങള്‍ കൊളുത്തി.

അമ്മിണിയും ലില്ലിക്കുട്ടിക്കുവേണ്ടി വാദിച്ചു. സത്യം പറഞ്ഞു നോക്കി. രക്ഷയില്ല. മറ്റുള്ളവര്‍ അമ്മിണിയേയും ചേര്‍ത്ത് അപവാദങ്ങള്‍ അഴിച്ചുവിടാന്‍ തുടങ്ങി.

ടെലിഫോണിന് മലയാളി പെണ്ണുങ്ങളുടെ ഇടയില്‍ ഒരു ടെലിഫോമ് യുദ്ധം തന്നെയായി. അതിന്റെ കാഹളധ്വനിയില്‍ ഓരോരുത്തരുടേയും ഭൂതകാലത്തിന്റെ പുതപ്പുകള്‍ ഉരിഞ്ഞു. കാതുകളില്‍ വെടിപടഹങ്ങള്‍, അമിട്ടുകള്‍ പൊട്ടി. അതിന്റെയെല്ലാം ദുര്‍ഗന്ധത്തില്‍ ടെലിഫോണ്‍പോലും നാറിപ്പോയി.

ഇതിന്റെയെല്ലാം കാരണം റോസിയാണെന്ന് തീര്‍ച്ചയായി. ലില്ലിക്കുട്ടിയുടെ അരിശം അവളോടായി.
എന്നാലും കൂടെ താമസിച്ചോണ്ട്. ഇത്രയും വേണ്ടാരുന്നെടീ.

പിന്നെ കാര്യമൊക്കെ കാര്യം. എന്റടുത്ത് വേണ്ടാത്തതൊന്നും പറഞ്ഞൊണ്ടുവന്നേക്കരുത്. ഞാന്‍ പറഞ്ഞില്ലെന്നുവേണ്ടാ.

റോസി വിട്ടുകൊടുക്കാനോ.

നീ ഒരുത്തിയാ ഇതിനെല്ലാം കാരണം.

ലില്ലിക്കുട്ടി തീര്‍ത്തു പറഞ്ഞു.

കാര്യമെന്തായാലും അങ്ങനെ മുഖത്ത് നോക്കി പറയുന്നത് ആര്‍ക്കാണിഷ്ടപ്പെടന്നത്. റോസിയും വെച്ച് കാച്ചിക്കൊടുത്തു.

പിന്നെ എന്റെ പേരെടുത്ത് അനാവശ്യം പറഞ്ഞാലൊണ്ടല്ലോ. ഞാന്‍ വെറുതെ 
അടങ്ങിയിരിക്കുമെന്നൊന്നും കരുതിപ്പോകരുത്. വല്ല കറുമ്പനും ഇട്ട്.......   .......   .......   .......    ........'

ഇപ്പോള്‍ നാക്കുകൊണ്ടു നേരിട്ടുള്ള യുദ്ധമായിരുന്നു. അതിനൊത്ത് വിരലുകളും ശരീരവും വീയുവിലുലഞ്ഞു. അപ്പാര്‍ട്ട്‌മെന്റ് അസഭ്യങ്ങളുടെയും പൂരപ്പാട്ടിന്റെയും കളരിയായി. അതിന്റെ മാറ്റൊലിയില്‍ ഭിത്തികള്‍ പോലും നാറി. 

പറഞ്ഞുപറഞ്ഞ് അവര്‍ തമ്മിലടുത്തു. അത് പിടിവലിയായി. ഉന്തും തള്ളുമായി. അവര്‍ നിലത്തുവീണുരുണ്ടു.

അമ്മിണി ഒരു വിധത്തില്‍ അവരെ പിടിച്ചു മാറ്റി. 

ഒരു വിധത്തില്‍ അമ്മിണി ലില്ലിക്കുട്ടിയെ അകത്തു കൊണ്ടുപോയി. 

താനിവിടെ ഒറ്റപ്പെട്ടെന്ന് റോസിക്കു തോന്നി. അടുത്ത ദിവസം അവള്‍ പുതിയ അപ്പാര്‍ട്ടുമെന്റ് തേടിയിറങ്ങി.

**************************


അമേരിക്ക(നോവല്‍-11) മണ്ണിക്കരോട്ട്
Join WhatsApp News
വിദ്യാധരൻ 2016-05-16 11:08:50
അമേരിക്കൻ ജീവിതത്തിൽ മലയാള ഭാഷയെ വളർത്താൻ ശ്രമിക്കുന്നവർ, ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയം ചെയ്യാനും  പഠിച്ചിരിക്കണം .  ഇവിടെ ലില്ലി എന്ന കഥാപാത്രത്തിന്കറമ്പന്റെ പീഡനം മാത്രമല്ല സൂപ്രവൈസറുടെ ശകാരവും കേൾക്കേണ്ടിവരുന്നു.  ഭാഷയുടെ ഉച്ഛാരണം ഇതെല്ലാം പഠിപ്പിക്കാൻ പറ്റിയ കമ്മ്യൂണിറ്റി കോളേജുകൾ ധാരാളം ഉണ്ടായിട്ടും കേരളത്തിൽ നിന്ന് കുടിയേറിയ പല മലയാളികളും അത് പ്രയോചനപ്പെടുത്താതെ അമേരിക്കക്കാരെ കുറ്റം പറഞ്ഞു കൊണ്ടിരിക്കും.  ഭർത്താവിനും ഭാര്യക്കും പോയി പഠിക്കാം.  ആത്മവിശ്വാസവും കാര്യങ്ങളെ വേണ്ട വിധത്തിൽ പറഞ്ഞു  പ്രതിഫലിപ്പിക്കാനുള്ള കഴിവും ഉണ്ടാകും.  വളരെ രസകരമായി എഴുത്തുകാരൻ ഈ ഭാഗത്തിലൂടെ അതിനെ ഇവിടെ ചിത്രീകരിച്ചിരിക്കുന്നു . മറ്റുള്ളവരെക്കുറിച്ച് പരദൂഷണം പറഞ്ഞു നടക്കുന്നവർ അപകടകാരികളാണ് സ്ത്രീയാലും പുരുഷനായാലും .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക