മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് വിനീത്. യുവജനോത്സവ വേദിയില്‍ നിന്നുമായിരുന്നു അദ്ദേഹം സിനിമയിലേക്ക് എത്തിയത്. കുട്ടിക്കാലം മുതലേ നൃത്തം അഭ്യസിച്ചിരുന്നു അദ്ദേഹം. അഭിനേതാവായി മുന്നേറുന്നതിനിടയിലും നൃത്തത്തേയും കൂടെക്കൂട്ടിയിരുന്നു. അടുത്തിടെയായിരുന്നു സ്വന്തമായി നൃത്തവിദ്യാലയം തുടങ്ങിയത്. ആ സന്തോഷം പങ്കുവെച്ചും താരമെത്തിയിരുന്നു. വ്യത്യസ്തമായ വേഷങ്ങളിലൂടെയാണ് ഈ താരം എത്താറുള്ളത്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം വിനീത് തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. പഴയകാല നായികമാരിലൊരാളായ കാര്‍ത്തികയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അദ്ദേഹം.
ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. വിഷ്ണുവിനും പൂജയ്ക്കും ആശംസകള്‍ നേരുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. സൗന്ദര്യത്തിലൂടെയും പെരുമാറ്റത്തിലൂടെയും വിസ്മയിപ്പിച്ച നായികമാരിലൊരാള്‍ കൂടിയാണ് കാര്‍ത്തിക. വിനീതും കാര്‍ത്തികയും അടുത്ത സുഹൃത്തുക്കളാണ്. അതിനാല്‍ത്തന്നെ സുഹൃത്തിന്റെ കുടുംബത്തിലെ സന്തോഷത്തില്‍ പങ്കുചേരാനും അദ്ദേഹമുണ്ടായിരുന്നു. നാളുകള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്.
സുരേഷ് ഗോപിക്കും ഭാര്യ രാധിക സുരേഷിനും കാവാലം ശ്രീകുമാറിനുമൊപ്പവും നില്ക്കുന്ന ഫോട്ടോയും വിനീത് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് വിനീത്. ലൂസിഫറില്‍ ബോബിയെന്ന വില്ലന്‍ ശബ്ദം നല്‍കിയത് വിനീതായിരുന്നു. അഭിനയം മാത്രമല്ല ഡബ്ബിംഗിലും കഴിവുണ്ടെന്ന് താരം തെളിയിച്ചിരുന്നു. കഴിഞ്ഞ ദിവസം തിയേറ്ററുകളിലേക്കെത്തിയ ബിഗ് ബ്രദറില്‍ അര്‍ബാസ് ഖാന് ശബ്ദം നല്കിയതും വിനീതായിരുന്നു.