Image

പൗരത്വ അനുകൂല പരിപാടിക്കിടെ യുവതിയോട് അതിക്രമം; 29 ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

Published on 24 January, 2020
പൗരത്വ അനുകൂല പരിപാടിക്കിടെ യുവതിയോട് അതിക്രമം; 29 ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
കൊച്ചി: സിഎഎ അനുകൂല പരിപാടിക്കിടെ വിമര്‍ശനവുമായി എത്തിയ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 29 ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരേ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തു. തിരുവനന്തപുരം പേയാട് സ്വദേശി ആതിരയുടെ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തിരിക്കുന്നത്.

സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഭീഷണിപ്പെടുത്തല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തില്‍ എട്ടോളം വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പ്രാഥമിക അന്വേഷണങ്ങള്‍ക്ക് ശേഷം നടപടി സ്വീകരിക്കുമെന്ന് നോര്‍ത്ത് പോലീസ് സ്‌റ്റേഷന്‍ എസ്.ഐ. ബി.വി. അനസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

അതേസമയം, സി.എ.എ. അനുകൂലപരിപാടിക്കിടെ വിമര്‍ശനവുമായി എത്തിയ യുവതിക്കെതിരേ നേരത്തെ ബി.ജെ.പി. വ്യാവസായിക സെല്‍ കണ്‍വീനറും ജനജാഗ്രത സമിതി പ്രോഗ്രാം കോര്‍ഡിനേറ്ററുമായ സജിനി നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസിലും അന്വേഷണം നടന്നുവരികയാണ്.

21ാം തീയതി കലൂര്‍ പാവക്കുളം അമ്പലത്തില്‍ നടന്ന സി.എ.എ. അനുകൂല പരിപാടിക്കിടെയാണ് തിരുവനന്തപുരം സ്വദേശിനി ആതിര പ്രതിഷേധവുമായെത്തുന്നത്. പരിപാടിക്കിടെ അവിടേക്ക് എത്തുന്ന യുവതി എന്തോ പറയുന്നതും തുടര്‍ന്ന് ഇവര്‍ക്കെതിരേ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ ആക്രോശിച്ച്  പുറത്താക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക