Image

ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ ലൈഫ് സെന്ററിന്റേയും ഇംഗ്ലൂഷ് ചാപ്പലിന്റേയും കൂദാശ ഫെബ്രുവരി 7,8 ദിവസങ്ങളില്‍

ജോര്‍ജ് കറുത്തേടത്ത് Published on 05 February, 2020
ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ ലൈഫ് സെന്ററിന്റേയും ഇംഗ്ലൂഷ് ചാപ്പലിന്റേയും കൂദാശ  ഫെബ്രുവരി 7,8 ദിവസങ്ങളില്‍
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍, ലൈഫ് സെന്ററിന്റേയും ഇംഗ്ലീഷ് ചാപ്പലിന്റേയും കൂദാശ കര്‍മ്മം 2020 ഫെബ്രുവരി മാസം 7, 8(വെള്ളി, ശനി) ദിവസങ്ങളില്‍, ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തപ്പെടുന്നു.
നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുട ആരാധനാ സൗകര്യത്തിനായി ഡാളസിന്റെ ഹൃദയ ഭാഗത്ത് തുടക്കം കുറിച്ച സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍', അതിന്റെ വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി താണ്ടി, ഇന്ന് ഡാളസിലെ പ്രധാന ദേവാലയങ്ങളിലൊന്നായി നിലകൊള്ളുന്നു.

കത്തീഡ്രലിന്റെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി, വരും തലമുറക്ക് വി.ആരാധനയില്‍ കൂടുതല്‍ പങ്കാളിത്വം ഉറപ്പുവരുത്തുന്നതിനും, ഇംഗ്ലീഷില്‍ വി.ആരാധന നടത്തുന്നതിനുമുള്ള പ്രത്യേക ഇംഗ്ലീഷ് ചാപ്പല്‍, മുതിര്‍ന്ന പൗരന്മാര്‍ക്കായി, അവരുടെ വിശ്രമ വേളകള്‍ കൂടുതല്‍ സന്തോഷപ്രദവും, ഉല്ലാസ പ്രദവുമാക്കുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങള്‍, സണ്ടേ സ്‌ക്കൂള്‍ കുട്ടികള്‍ക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ്സ് മുറികള്‍, തുടങ്ങിയ വിവിധ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കെട്ടിട സമുചയമാണ് കത്തീഡ്രലിനോട് സമീപമായി പണി പൂര്‍ത്തീകരിച്ച് കൂദാശക്കായി ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ 3 വര്‍ഷങ്ങള്‍ക്ക് മുമ്പ്, അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍ തന്നെ, ഇംഗ്ലീഷ് ആരാധനയ്ക്ക് മാത്രമായി ഒരു ചാപ്പലിന് തുടക്കം കുറിക്കുകയും തുടര്‍ന്ന് 'സെന്റ് ഇഗ്നേഷ്യസ് ഇംഗ്ലീഷ് ചാപ്പല്‍' എന്ന പേരില്‍ സ്വന്തമായി ചാപ്പല്‍ ആരംഭിക്കുകയും ചെയ്യുന്ന പ്രഥമ ദേവാലയമാണ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ എന്നത് ഏറെ ശ്രദ്ധേയമാണ്.

ആറായിരത്തോളം സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള അതിമനോഹരമായ കെട്ടിടം ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ, പണി പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചത് ദൈവത്തിന്റെ അളവറ്റ കൃപയും, അംഗങ്ങളുടെ അശ്രാന്ത പരിശ്രമവും, ആത്മാര്‍ത്ഥമായ സഹായസഹകരണങ്ങളും ഒന്നുകൊണ്ട് മാത്രമാണെന്ന് ബില്‍ഡിങ്ങ് കമ്മറ്റി കണ്‍വീനര്‍ ശ്രീ.അലക്‌സ് ജോര്‍ജ് അഭിപ്രായപ്പെട്ടു.

ഫെബ്രുവരി 7(വെള്ളി) വൈകീട്ട് 6.15 ന് കത്തീഡ്രലിലെ ധൂപ പ്രാര്‍ത്ഥനക്കുശേഷം, അഭിവന്ദ്യ മെത്രാപോലീത്തായെ സ്വീകരിച്ച് ചാപ്പലിലേക്ക് ആനയിക്കും. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനക്കുശേഷം വി.മൂറോന്‍ അഭിക്ഷേക ശുശ്രൂഷ നടത്തപ്പെടും. വന്ദ്യ വൈദീകരും, നൂറുകണക്കിന് വിശ്വാസികളും ഈ അനുഗ്രഹീത ചടങ്ങില്‍ പങ്കുചേരും.
8-ാം തീയതി(ശനി) രാവിലെ 8.30ന് പ്രഭാത പ്രാര്‍ത്ഥനയും, 9 മണിക്ക് അഭിവന്ദ്യ മെത്രാപോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി.ബലി അര്‍പ്പണവും നടക്കും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ അഭിവന്ദ്യ മെത്രാപോലീത്താ അദ്ധ്യക്ഷത വഹിക്കും.

സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന്റെ ചരിത്രത്തിന്റെ ഏടുകളില്‍ ഒരു നാഴിക കല്ലായി, എന്നെന്നും സ്മരിക്കപ്പെടുന്ന ഈ ധന്യ മുഹൂര്‍ത്തം വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ വികാരി റവ.ഫാ.യല്‍ദൊ പൈലി, അസിസ്റ്റന്റ് വികാരി റവ.ഡോ.ഫാ.രന്‍ജന്‍ മാത്യു, വൈസ് പ്രസിഡന്റ് ശ്രീ.സോണി ജേക്കബ്ബ്, സെക്രട്ടറി ശ്രീ.ബാബു സി. മാത്യു, ട്രഷറര്‍ ശ്രീ.ജോസഫ് ജോര്‍ജ്, കണ്‍വീനര്‍ ശ്രീ.അലക്‌സ് ജോര്‍ജ്, ജോ.കണ്‍വീനര്‍ അച്ചു ഫിലിപ്പോസ് എന്നിവരുടെ നേതൃത്വത്തില്‍ പള്ളി മാനേജിങ്ങ് കമ്മറ്റിയും, ചാപ്പല്‍ കോര്‍ഡിനേഷന്‍ അംഗങ്ങളും, ലൈഫ് സെന്റര്‍ നിര്‍മ്മാണ കമ്മറ്റിയും ഒത്തൊരുമിച്ച് ഒരുക്കങ്ങള്‍ നടത്തിവരുന്നു. സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ പി.ആര്‍.ഓ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ ലൈഫ് സെന്ററിന്റേയും ഇംഗ്ലൂഷ് ചാപ്പലിന്റേയും കൂദാശ  ഫെബ്രുവരി 7,8 ദിവസങ്ങളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക