Image

24-ന് ട്രംപ് ഇന്ത്യയില്‍ എത്തും, ചെലവ് മിനിറ്റിന് 55 ലക്ഷം രൂപ

Published on 15 February, 2020
24-ന് ട്രംപ് ഇന്ത്യയില്‍ എത്തും, ചെലവ് മിനിറ്റിന് 55 ലക്ഷം രൂപ
അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യക്കും വരവേല്‍പ്പ് ഗംഭീരമാക്കാന്‍ ഗുജറാത്ത് ഒരുങ്ങുമ്പോള്‍ ചെലവാകുന്നത് മിനിറ്റില്‍ 55 ലക്ഷം രൂപയോളം. നൂറുകോടിയോളം രൂപ വിവിധ വകുപ്പുകള്‍ ചെലവാക്കുമ്പോള്‍ ട്രംപ് നഗരത്തില്‍ തങ്ങുക മൂന്നരമണിക്കൂര്‍മാത്രം.

സര്‍ക്കാര്‍ വകുപ്പുകളും കോര്‍പ്പറേഷനും അര്‍ബന്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുമാണ് ചെലവിന്റെ മുഖ്യഭാഗവും വഹിക്കുന്നത്. റോഡുകളുടെ നിര്‍മാണത്തിനും നവീകരണത്തിനുമാണ് 80 കോടിയോളം മുടക്കുക. സുരക്ഷയ്ക്ക് 12 കോടി, സ്‌റ്റേഡിയത്തിലെത്തുന്ന ഒരു ലക്ഷത്തിലധികം പേരുടെ ചെലവിനായി ഏഴുകോടി, സൗന്ദര്യവത്കരണത്തിന് ആറുകോടി, സാംസ്കാരിക പരിപാടികള്‍ക്ക് നാലുകോടി എന്നിങ്ങനെയാണ് ഏകദേശതുക. റോഡുകളുടെ നിര്‍മാണം നഗരസഭാ ബജറ്റിലുള്ളതിനാല്‍ നഷ്ടമല്ലെന്നാണ് കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നത്.

24ന് നട്ടുച്ചയ്ക്കാണ് ട്രംപ് എത്തുക. മൂന്നരയോടെ ഡല്‍ഹിക്കുമടങ്ങും. ഇതിനിടെ റോഡ്‌ഷോ, സാബര്‍മതി ആശ്രമസന്ദര്‍ശനം, മൊട്ടേര ക്രിക്കറ്റ് സ്‌റ്റേഡിയം ഉദ്ഘാടനം എന്നിവയാണ് പരിപാടികള്‍. മോദിക്കൊപ്പം നടത്തുന്ന 22 കിലോമീറ്റര്‍ റോഡ് ഷോ ലോകേെറക്കാഡായിരിക്കുമെന്ന് മേയര്‍ ബിജല്‍ പട്ടേല്‍ അവകാശപ്പെട്ടു.

അമ്പതിനായിരം ആളുകള്‍ ഇവരെ സ്വീകരിക്കാന്‍ വഴിയോരങ്ങളില്‍ ഉണ്ടാകും. 1,20,000 പേര്‍ സ്‌റ്റേഡിയത്തില്‍ ഉണ്ടാകുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. ഇവരിലേറെയും ബി.ജെ.പി. പ്രവര്‍ത്തകരായിരിക്കും. എല്ലാവരുടെയും പേരുവിവരം പോലീസ് ശേഖരിക്കുന്നുണ്ട്. പതിനായിരത്തോളം പോലീസുകാരാണ് സുരക്ഷയ്ക്കായി ഉണ്ടാവുക. യു.എസ്. സീക്രട്ട് സര്‍വീസ്, എന്‍.എസ്.ജി., എസ്.പി.ജി. എന്നിവര്‍ക്കു പുറമേയാണിത്. പ്രധാനസ്ഥലങ്ങളില്‍ ആന്റിസ്‌നൈപ്പര്‍ ടീമും ഉണ്ടാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക