Image

ലൈഫ് മിഷന്‍: പിണറായി സര്‍ക്കാറിന്‍റേത് പൊള്ളയായ അവകാശ വാദമെന്ന് രമേശ് ചെന്നിത്തല

Published on 29 February, 2020
ലൈഫ് മിഷന്‍: പിണറായി സര്‍ക്കാറിന്‍റേത് പൊള്ളയായ അവകാശ വാദമെന്ന് രമേശ് ചെന്നിത്തല

കോട്ടയം: സംസ്ഥാന സര്‍ക്കാറിന്‍റെ സമ്ബൂര്‍ണ്ണ പാര്‍പ്പിട സുരക്ഷ പദ്ധതിയായ ലൈഫ് മിഷനില്‍ രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്‍റെ പ്രഖ്യാപനം നടക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷന്‍ പദ്ധതിയല്‍ പെട്ട വീടുകളുടെ നിര്‍മ്മാണം സര്‍ക്കാരിന്‍റെ മിടുക്കല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കെ നാല് ലക്ഷം വീടുകളാണ് നിര്‍മ്മിച്ചു നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയെന്ന സംസ്ഥാന സര്‍ക്കാറിന്‍റെ അവകാശവാദം തന്നെ വലിയ കളവാണ്. വീടുകളുടെ നിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ വിഹിതം കേവലം ഒരു ലക്ഷം രൂപ മാത്രമാണ്. ഇന്ദിരാ ആവാസ് യോജന ഫണ്ടും തദ്ദേശ സ്ഥാപനങ്ങളിലെ ഫണ്ടും എല്ലാം ചെലവഴിച്ചാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. സര്‍ക്കാര്‍ വിഹിതമായ ഒരു ലക്ഷം രൂപ ഇതുവരെ കിട്ടാത്ത നിരവധി പഞ്ചായത്തുകള്‍ സംസ്ഥാനത്ത് ഉണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

അതേസമയം, ലൈഫ് മിഷനില്‍ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്‍റെ പ്രഖ്യാപനം ഇന്ന് വൈകീട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ഇന്ത്യയില്‍ സര്‍ക്കാരുകള്‍ ഏറ്റെടുത്ത് നടത്തുന്ന ഭവനനിര്‍മ്മാണ പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ കുറഞ്ഞ സമയത്ത് പൂര്‍ത്തീകരിക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.


2,14,000 ത്തിലേറെ വീടുകളാണ് ഇതുവരെ പൂര്‍ത്തീകരിച്ചത്. ചടങ്ങിനോടനുബന്ധിച്ച്‌ നടക്കുന്ന തിരുവനന്തപുരം ജില്ലാതല കുടുംബസംഗമത്തില്‍ 35,000ത്തിലധികം പേര്‍ പങ്കെടുക്കുന്നുണ്ട്. പൊള്ളയായ അവകാശവാദങ്ങള്‍ നടത്തുന്ന സര്‍ക്കാറിനോടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി കുടുംബസംഗമം ബഹിഷ്കരിക്കുമെന്ന് യുഡിഎഫ് നേരത്തെ അറിയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക