Image

തൃക്കൊടിത്താനം അഗതിമന്ദിരത്തിലെ മരണങ്ങള്‍; ആരോഗ്യവകുപ്പ് ഇടപെട്ടിട്ടുണ്ടെന്ന് മന്ത്രി

Published on 29 February, 2020
തൃക്കൊടിത്താനം അഗതിമന്ദിരത്തിലെ മരണങ്ങള്‍; ആരോഗ്യവകുപ്പ് ഇടപെട്ടിട്ടുണ്ടെന്ന് മന്ത്രി
തിരുവനന്തപുരം:  തൃക്കൊടിത്താനം അഗതിമന്ദിരത്തിലെ അന്തേവാസികളായ മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി കെ.കെ. ശൈലജ. ആദ്യത്തെ മരണത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ ആരോഗ്യവകുപ്പ് ശക്തമായ ഇടപെടല്‍ നടത്തിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

മരിച്ച മൂന്നൂപേരില്‍ ഒരാളെ പുഷ്പഗിരി ആശുപത്രിയിലും മറ്റു രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരുന്നത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചവരെ ഉടന്‍തന്നെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു.

ആദ്യത്തെയാള്‍ മരിച്ചപ്പോള്‍ തന്നെ പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നു. കൊറോണയുടെ കാലമായതിനാല്‍ അത്തരത്തിലുള്ള ആശങ്കകളുണ്ടായിരുന്നു. എന്നാല്‍ കൊറോണയുമായി ബന്ധപ്പെട്ട് യാതൊന്നും കണ്ടെത്തിയില്ല. തുടര്‍ന്ന് രണ്ടാമത്തെയാളുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും വീട്ടുകാര്‍ തയ്യാറായില്ല.

എന്നാല്‍ മൂന്നാമത്തെ മരണം നടന്നപ്പോള്‍ പോസ്റ്റ് മോര്‍ട്ടം നിര്‍ബന്ധമായും നടത്തണമെന്ന് നിര്‍ദേശിച്ചു. ഇതിന്റെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളേജിലെ വിവിധ വകുപ്പുമേധാവികള്‍ അടങ്ങിയ ഒരു സംഘത്തെ രൂപവത്കരിക്കാനും അന്വേഷണം നടത്താനും ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ഇത്തരത്തില്‍ രൂപവത്കരിച്ച സംഘം അന്വേഷണം ആരംഭിക്കുകയും ചെയ്തു.

കൊറോണ കാലമായിരുന്നതിനാല്‍ ഇവരുടെ സ്രവങ്ങളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. എന്നാല്‍ പരിശോധനഫലം നെഗറ്റീവ് ആയിരന്നു. മറ്റ് പകര്‍ച്ചരോഗങ്ങളുടെ ലക്ഷണങ്ങളും കണ്ടെത്തിയിരുന്നില്ല. എന്താണ് മരണകാരണം എന്നറിയാന്‍ സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയുടെ അവസ്ഥ വളരെ ഗുരുതരമായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ രക്ഷിക്കാനായില്ല. മൂന്നുപേര്‍ ഇങ്ങനെ മരിക്കുമ്പോള്‍, എന്തെങ്കിലും അസ്വാഭാവികതയുണ്ടാകാന്‍ സാധ്യതയുണ്ട്. കൃത്യമായ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക