Image

ചരിത്രമുറങ്ങുന്ന നേപ്പാള്‍-13- ബുദ്ധനീലകണ്ഠന്‍ (മിനി വിശ്വനാഥന്‍)

മിനി വിശ്വനാഥന്‍ Published on 02 May, 2020
 ചരിത്രമുറങ്ങുന്ന നേപ്പാള്‍-13- ബുദ്ധനീലകണ്ഠന്‍ (മിനി വിശ്വനാഥന്‍)
ജയ്പൂരിലെ ഗ്രാമീണ ഭവനങ്ങളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ചുവന്ന മണ്‍ചായങ്ങളാല്‍ അലംകൃതമായ ക്ഷേത്രത്തിന്റെ പുറം ചുവരുകള്‍.

അന്നൊരു വിശേഷ ദിവസമായിരുന്നതിനാലാവണം ക്ഷേത്രമതിലിനോട് ചേര്‍ന്ന് കെട്ടിയുണ്ടാക്കിയ താത്കാലിക പന്തലില്‍ ഹോമങ്ങളും പൂജകളും നടക്കുന്നുണ്ടായിരുന്നു. വേഷഭൂഷാദികളാല്‍ സമ്പത്തിന്റെ പ്രൗഢി വിളിച്ചു പറയുന്ന ഒരു പ്രഭുകുടുംബം നടത്തുന്ന വിശേഷാല്‍ പൂജയായിരുന്നു അവിടെ നടന്നു കൊണ്ടിരുന്നത്. ചൊല്ലുന്ന ശ്ലോകങ്ങളില്‍ പൂര്‍ണ്ണ ശ്രദ്ധാലുക്കളായിരുന്നു പൂജാരിമാരും,പൂജയില്‍ പങ്കെടുക്കുന്ന വൃദ്ധ ദമ്പതികളും. അവര്‍ക്ക് ചുറ്റും കൂടിയിരുന്നവരും ഹോമകുണ്ഡത്തില്‍ അരിയും പൂവുമൊക്കെ അര്‍ച്ചിച്ചു കൊണ്ടിരുന്നു. സാധാരണ എല്ലായിടങ്ങളിലുമെന്ന പോലെ കുട്ടിക്കൂട്ടം ഇതൊന്നും ശ്രദ്ധിക്കാതെ തങ്ങളുടെതായ കളികളിലും ബഹളത്തിലുമായിരുന്നു.

അല്പനേരം ആ ചടങ്ങുകള്‍ നോക്കിക്കണ്ടതിനു ശേഷം ഞങ്ങള്‍ പടിയിറങ്ങി താഴെയെത്തി.ബുദ്ധനീലകണ്ഠന്‍ യഥാര്‍ത്ഥത്തില്‍ അനന്തശായിയായ മഹാവിഷ്ണു തന്നെയാണ്. അതുകൊണ്ട് തന്നെ നാരായനന്തന്‍ എന്ന ഒരു പേരു കൂടിയുണ്ടിതിന്. ലാവയില്‍ നിന്ന് രൂപം കൊണ്ട കൃഷ്ണശിലയില്‍ കൊത്തിയെടുത്ത ഇവിടത്തെ ഒറ്റക്കല്‍ വിഗ്രഹം ജലശായിയാണ്. ശംഖചക്രഗദാപത്മധാരിയായ മഹാവിഷ്ണു നീണ്ടുനിവര്‍ന്ന് അനന്തന്റെ നാഗബന്ധത്തിന് മുകളില്‍ ശയിക്കുന്ന രൂപത്തിലാണ് ഈ പ്രതിഷ്ഠ. അഞ്ച് മീറ്ററോളം ഉയരമുള്ള ഇത് ജലത്തില്‍ പൊങ്ങിക്കിടക്കുകയാണെന്നും ചിലര്‍ വിശ്വസിക്കുന്നു. ഇതിന് ശാസ്ത്രീയ അടിസ്ഥാനമൊന്നുമില്ലെങ്കിലും
ഈ ശില്പത്തിന് നേരെ മറുഭാഗത്ത് ശിവഭഗവാന്റെ പ്രതിബിംബം ഉണ്ടെന്നും അതിനാലാണ് നീലകണ്ഠന്‍ എന്ന പേര് ഈ വിഷ്ണു വിഗ്രഹത്തിന് വന്നതെന്നും ശൈവവിശ്വാസികള്‍ അവകാശപ്പെടുന്നുമുണ്ട്.

ഏഴാം നൂറ്റാണ്ടില്‍ ലിച്ചാവി രാജവംശത്തിലെ രാജാവ് ഭീമാര്‍ജ്ജുന ദേവിന്റെ നിര്‍ദ്ദേശപ്രകാരം വിഷ്ണുഗുപ്തന്‍ നിര്‍മ്മിച്ച ഈ ശില്പം കാലക്രമേണ ഭൂമിക്കടിയിലായിപ്പോയെന്നും
നിലമുഴുതു കൊണ്ടിരിക്കുന്ന ഒരു കര്‍ഷകന്റെ കലപ്പയാല്‍ തട്ടിയപ്പോള്‍ അതില്‍ നിന്ന് രക്തം ഒഴുകിയെന്നും അവിടെ കൂടുതല്‍ ആഴത്തില്‍ കുഴിച്ച് നോക്കിയപ്പോള്‍ ഈ വിഗ്രഹം വീണ്ടെടുത്തു എന്നുമാണ് കഥ. മല്ല രാജവംശകാലത്താണത്രെ ഈ വിഗ്രഹം വീണ്ടെടുത്തത്.
ഈ ശില്പം ശയിക്കുന്ന തീര്‍ത്ഥക്കുളത്തിന് പിന്നിലുമുണ്ടൊരു ചരിത്രം. ശിവഭഗവാന്‍ തന്റെ ത്രിശൂലം ഭൂമിയിലാഴ്തിയപ്പോള്‍ ഉണ്ടായ ഗോസായി കുണ്ഡില്‍ നിന്നാണത്രെ ഈ കുളത്തില്‍ വെള്ളം നിറയുന്നത്.

ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ ധാരാളം ഗ്രാമീണര്‍ ഉണ്ടായിരുന്നു തീര്‍ത്ഥത്തിനു ചുറ്റും. ഭക്ത ജനങ്ങള്‍ക്ക് വിഗ്രഹത്തിന് സമീപം പ്രവേശനമില്ലാത്ത വിധം കമ്പി വേലികള്‍ സ്ഥാപിച്ചിട്ടുണ്ട്. ശില്പത്തിന്റെ ഫോട്ടോ എടുക്കരുതെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു, താഴേക്കിറങ്ങുമ്പോള്‍.

വിഗ്രഹത്തിന്റെ ശില്പചാരുത എടുത്തു പറയേണ്ട ഒന്നാണ്. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ചതാണിതെന്ന ചരിത്രകഥനം ഓര്‍ക്കുമ്പോള്‍ പ്രത്യേകിച്ചും. വെള്ളിക്കിരീടം വെച്ച് പൂക്കളാല്‍ അലങ്കരിച്ച വിഷ്ണു ഭഗവാന്റെ മുഖം മൃദുമന്ദസ്മിതത്താല്‍ പ്രസന്നമായതായിരുന്നു. ഇഴ ചേര്‍ന്ന സര്‍പ്പശില്പം എണ്ണക്കറുപ്പില്‍ തിളങ്ങി നിന്നു.

ഞങ്ങള്‍ എത്തുമ്പോള്‍ അവിടെ പൂജകള്‍ നടക്കുന്നുണ്ടായിരുന്നു. തീര്‍ത്ഥക്കുളത്തിലേക്ക് പൂക്കളും ഇലകളും മന്ത്രജപത്തോടെ അലക്ഷ്യമായി എറിയുന്നതായിരുന്നു പൂജ. തീര്‍ത്തും വൃത്തിഹീനമായാണ് ആ അപൂര്‍വ്വശില്പ പരിസരത്തെ അവര്‍ സൂക്ഷിച്ചിരിക്കുന്നത് എന്നത് ദു:ഖകരമായ വാസ്തവമാണ്. വിഗ്രഹത്തിന് മേലാപ്പായി കെട്ടിയുയര്‍ത്തിയ തുണി പോലും നിറം മങ്ങി ഭംഗി പോയ ഒന്നായിരുന്നു.

തൊട്ടു ചുറ്റും ദേവിയുടെയും മറ്റും ചെറിയ പ്രതിഷ്ഠകള്‍ കുങ്കുമത്തിലാറാടി നിന്നിരുന്നു. ചുറ്റുപാടും വളര്‍ന്ന് നിന്ന  രുദ്രാക്ഷമരങ്ങളില്‍ നിന്നുള്ള കാറ്റ് പരിസരത്തെ നിര്‍മ്മലമാക്കുന്നുവെന്ന് അവിടെ വെച്ച് കണ്ടുമുട്ടിയ വൃദ്ധഗ്രാമീണന്‍ അഭിമാനത്തോടെ അവകാശപ്പെട്ടു. അയാള്‍ ഹിന്ദി കലര്‍ന്ന നേപ്പാളി ഭാഷയില്‍ ഒരു രഹസ്യം പറഞ്ഞു. ബുദ്ധനീലകണ്ഠ ദര്‍ശനം നടത്തുന്ന നേപ്പാളി രാജാവ് മരിച്ചു പോവുമെന്ന് രാജാ പ്രതാപ് മല്ലക്ക് ദര്‍ശനം ഉണ്ടായെന്നും അദ്ദേഹത്തിന്റെ പിന്‍ഗാമികളായ രാജാക്കന്‍മാര്‍ ആരും ഇവിടെ സന്ദര്‍ശിക്കാറില്ലെന്നുമായിരുന്നു അത്.

ഈ ക്ഷേത്രത്തിനു ചുറ്റും ഇഷ്ടികയാല്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ബുദ്ധസന്യാസിമാരുടെ താമസ സ്ഥലവും പ്രാര്‍ത്ഥനാകേന്ദ്രവുമായിരുന്നു. പാരമ്പര്യ സന്യാസ വസ്ത്രം ധരിച്ച കുട്ടികള്‍ ആ കെട്ടിടമുറ്റത്ത് ഓടിക്കളിച്ചു.

ഞങ്ങളും ആ ഗ്രാമീണന്റെ നിര്‍ദ്ദേശപ്രകാരം രുദ്രാക്ഷ ഗന്ധമുള്ള കാറ്റ് ആസ്വദിച്ച് ആ പടികളിലിരുന്നു. മനസ്സും ആത്മാവും നിറഞ്ഞ് കൊണ്ടായിരുന്നു ഞങ്ങളുടെ മടക്കയാത്ര ....

തിരിച്ച് പോവാനായി വണ്ടിയില്‍ കയറിയിരുന്നപ്പോള്‍ പലവിധ രുദ്രാക്ഷങ്ങളുമായി ഒരു കൂട്ടം സ്ത്രീകള്‍ ഞങ്ങള്‍ക്ക് ചുറ്റും കൂടി. ഏറെയൊന്നും പോളീഷ് ചെയ്ത് മിനുക്കാത്ത അവയ്ക് വലിയ വിലയും ഉണ്ടായിരുന്നില്ല. സാധാരണ വഴിവാണിഭക്കാരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ പ്രോത്സാഹിപ്പിക്കാത്ത നരേഷ് ഉദാരനായി. ഈ സ്ത്രീകളുടെ ജീവിതോപാധിയാണ് ഇതെന്നും, ഒറിജിനല്‍ രുദ്രാക്ഷങ്ങളാണ് ഇവയെന്നും സാക്ഷ്യം പറഞ്ഞു.

ഞങ്ങള്‍ പലമുഖ രുദ്രാക്ഷങ്ങള്‍ അഭിമാനത്തോടെ സ്വന്തമാക്കി...
അവരുടെയും ഞങ്ങളുടെയും മനസ്സ് നിറഞ്ഞു.
തെളിഞ്ഞ കാലാവസ്ഥയില്‍ തിരിച്ചൊരു ഡ്രൈവ് ...
അടുത്ത ലക്കത്തില്‍ കൂടുതല്‍ കാഴ്ചകളുമായി വീണ്ടും കാണാം....

 ചരിത്രമുറങ്ങുന്ന നേപ്പാള്‍-13- ബുദ്ധനീലകണ്ഠന്‍ (മിനി വിശ്വനാഥന്‍)
 ചരിത്രമുറങ്ങുന്ന നേപ്പാള്‍-13- ബുദ്ധനീലകണ്ഠന്‍ (മിനി വിശ്വനാഥന്‍)
 ചരിത്രമുറങ്ങുന്ന നേപ്പാള്‍-13- ബുദ്ധനീലകണ്ഠന്‍ (മിനി വിശ്വനാഥന്‍)
 ചരിത്രമുറങ്ങുന്ന നേപ്പാള്‍-13- ബുദ്ധനീലകണ്ഠന്‍ (മിനി വിശ്വനാഥന്‍)
 ചരിത്രമുറങ്ങുന്ന നേപ്പാള്‍-13- ബുദ്ധനീലകണ്ഠന്‍ (മിനി വിശ്വനാഥന്‍)
 ചരിത്രമുറങ്ങുന്ന നേപ്പാള്‍-13- ബുദ്ധനീലകണ്ഠന്‍ (മിനി വിശ്വനാഥന്‍)
 ചരിത്രമുറങ്ങുന്ന നേപ്പാള്‍-13- ബുദ്ധനീലകണ്ഠന്‍ (മിനി വിശ്വനാഥന്‍)
 ചരിത്രമുറങ്ങുന്ന നേപ്പാള്‍-13- ബുദ്ധനീലകണ്ഠന്‍ (മിനി വിശ്വനാഥന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക