Image

പാടുന്നു പാഴ്‌മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകൾ- 85: ജയൻ വർഗീസ്)

Published on 10 May, 2020
പാടുന്നു പാഴ്‌മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകൾ- 85: ജയൻ വർഗീസ്)
ഞങ്ങളുടെ പ്രിയപ്പെട്ട കൊച്ചമ്മ മരണമടഞ്ഞതായി അനുജൻ നാട്ടിൽ നിന്ന് വിളിച്ചറിയിച്ചു. വലിയ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാതിരുന്ന കൊച്ചമ്മ ബാത്ത് റൂമിൽ തല കറങ്ങി വീണ് മരണമടയുകയായിരുന്നു. പ്രിയപ്പെട്ടവർ ഓരോരുത്തരായി വിട പറയുകയാണ്. മേരിക്കുട്ടിയുടെ അമ്മയു, അപ്പനും ആറ് മാസം ഇടവിട്ട് മരിച്ചു പോയിട്ട് അധികം കാലം ആയിട്ടില്ല.

മനുഷ്യ ജീവിതം എത്ര നിരർത്ഥകമാണ് എന്ന് ചിന്തിച്ചു പോയ നിമിഷങ്ങൾ. മുഖപ്പട്ട കെട്ടിയ കുതിരയെപ്പോലെ മുന്നോട്ടു പായുന്ന  മനുഷ്യ ജന്മങ്ങൾ പരാജയങ്ങളുടെ, തോൽവികളുടെ, നഷ്ടങ്ങളുടെ ബാക്കിപത്രങ്ങൾ കൈക്കലാക്കാൻ മാത്രമായിട്ടാണ് പാടുപെട്ട് ഈ പ്രയാണം തുടരുന്നതെന്ന് ആരും ചിന്തിക്കുന്നേയില്ല.

ജീവിതായോധനത്തിന്റെ  നിലയില്ലാക്കടലിൽ ഒരുമിച്ചു തോണി തുഴഞ്ഞു മുന്നേറുന്നതിനിടയിൽ അപ്രതീക്ഷിതമായി ഇണകളിലൊന്ന് വേർപിരിയുന്നു. സ്നേഹത്തിന്റെയും, വാത്സല്യത്തിന്റെയും ചക്കരയുമ്മകളിൽ പൊതിഞ്ഞു വച്ച് നമ്മൾ വളർത്തിയ മക്കളും, പേരക്കുട്ടികളും നമ്മുടെ മധുരാലിംഗനത്തിന്റെ പിടി വിടുവിച്ചു കൊണ്ട് എങ്ങോട്ടോ  പറന്നകലുന്നു. എത്ര വിളിച്ചാലും, എത്ര കരഞ്ഞാലും തിരിച്ചു വരാത്ത ഒരിടത്തേക്ക് മറഞ്ഞു പോകുന്നു. തന്റെ പാദ പതനത്തിന്റെ സൂക്ഷ്മ സ്പന്ദനങ്ങൾക്ക് കാതോർത്തു കാത്തിരുന്ന ഒരാൾ ഇനിയുണ്ടാവില്ല എന്ന തിരിച്ചറിവിലാണ് യഥാർത്ഥമായ ഏകാന്തതാ പർവതത്തിന്റെ ദുരന്ത നിമിഷങ്ങൾ ഇറുന്നു വീഴുന്നതെന്ന് ഓരോ വ്യക്തിയെയും ബോധ്യപ്പെടുത്തിക്കൊണ്ട് മഹാകാല മാന്ത്രികൻ തൻറെ യുഗാന്തര യാത്രകൾ തുടർന്ന് കൊണ്ടേയിരിക്കും.

അനുഭവങ്ങളുടെ അഴിക്കൂടുകളിൽ ആത്മ വേദനകളുടെ മനയോല കൊറിച്ച് പതം വന്ന നാക്കുമായി " എനിക്ക് ജീവിതം മതി " എന്ന് ഏതു രാജാവിനെക്കൊണ്ടും, യാചകനെക്കൊണ്ടും പറയിപ്പിച്ചെടുക്കുന്ന കാല ശില്പിയുടെ മാന്ത്രിക ദിവസത്തിനുള്ള കാത്തിരിപ്പാകുന്നു പിന്നീടുള്ള
 മനുഷ്യന്റെ  ജീവിതം.

പള്ളിയും, പട്ടക്കാരുമൊക്കെ ആയി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരു കുടുംബമായിരുന്നു കൊച്ചപ്പന്റെത്. പള്ളിക്കാര്യങ്ങൾക്കായി തന്റെ സമയത്തിന്റെ വലിയൊരു ഭാഗം കൊച്ചപ്പൻ ചെലവഴിച്ചിരുന്നു. അത് കൊണ്ട് തന്നെ കൊച്ചമ്മയുടെ ശവമടക്ക് ഒരു മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ ആയിരിക്കട്ടെ  എന്ന് ഞങ്ങൾ ആഗ്രഹിച്ചു.  ഞങ്ങൾ ഉൾക്കൊള്ളുന്ന ഭദ്രാസനത്തിന്റെ സഹായ മെത്രാനായി പ്രവർത്തിക്കുന്ന ഒരു മാന്യ ദേഹത്തെ അരമനയിലെത്തി അനുജൻ ആവശ്യം അറിയിച്ചു. സെക്രട്ടറിയച്ചൻ ഡയറി തുറന്ന് തിരുമേനിയുടെ ചാർട്ടേർഡ് പ്രോഗ്രാമുകൾ പരിശോധിച്ച് ഇന്ന് വരാൻ പറ്റില്ല എന്നറിയിച്ചു. അദ്ദേഹത്തിന് വേറെ പരിപാടിയുണ്ട്. എങ്കിലും  ഇതേ ഭദ്രാസനത്തിലെ ഒരു വികാരിയച്ചന്റെ ഫാദർ ഇൻ ലോ ആണ് വിളിക്കുന്നത് എന്നറിഞ്ഞപ്പോൾ അര മനസ്സ് വച്ചു. പെട്ടെന്ന് വന്ന് ഒന്ന് പ്രാർത്ഥിച്ചിട്ടു പോരാം എന്ന് തീരുമാനമായി. തിരുമേനിയും, സെക്രട്ടറി അച്ചനും. ഡ്രൈവറും, അനുജനും കൂടി തിരുമേനിയുടെ ആഡംബര കാറിൽ സ്ഥലത്തെത്തി.

അഞ്ചു മിനിട്ടു നേരത്തെ പ്രാർത്ഥന. ആളുകൾ ആമ്മേൻ പറയുന്നതിനിടക്ക് സെക്രട്ടറി അച്ഛൻ അനുജനെ രഹസ്യമായി വിളിച്ച് മൂവായിരം രൂപയാണ് തിരുമേനിയുടെ ' പടി ' എന്ന് ചെവിയിൽ പറഞ്ഞു. ( അത് അന്ന്. ഇന്നത് ഒരു ലക്ഷം വരെയാകും.) പ്രാർത്ഥന അവസാനിക്കുന്നതിന് തൊട്ടു മുൻപ് ഡ്രൈവർ അനുജന്റെ ചെവി കടിച്ചു കൊണ്ട് പറഞ്ഞു : " സെക്രട്ടറിയച്ചന് പടിയുണ്ട്, ഇരുന്നൂറ്റന്പത്. എനിക്ക് പെട്രോൾക്കാശ് ഇരുന്നൂറ്റന്പത്. "

മൂവായിരത്തി അഞ്ഞൂറും വാങ്ങി അടുത്ത സ്വീകരണ സ്ഥലത്തേക്ക് അവർ സ്ഥലം വിട്ടു. അത്യത്ഭുതത്തോടെ അനുജൻ എന്നെ വിളിച്ചു വിവരം പറഞ്ഞു. സാധാരണയായി എന്തെങ്കിലും ഒരു തുക ഇവർക്കൊക്കെ കൊടുക്കാറുണ്ട്. ഇങ്ങനെ കണക്ക് പറഞ്ഞു വാങ്ങുമെന്ന് കരുതിയില്ലത്രേ.  ( ' പി. ടി. എ. 'ക്കാലത്ത് ഇവരുടെ അരമനയിൽ ഞങ്ങൾ ഒരു പിരിവിനു പോയതും, നാല് ആഴ്ചക്കാലം ' പിന്നെ വാ ' എന്ന് പറഞ്ഞ് നടത്തിച്ചതും, അവസാനത്തെ ആഴ്ച ഒന്നുംപറയാതെ ഗൾഫിനു പറന്നു കളഞ്ഞതും മുൻപ് എഴുതിയിരുന്നുവല്ലോ ? )

വിവരം കേട്ടറിഞ്ഞ് ഒരു ഡസനോളം അച്ചന്മാരും വീട്ടിലെത്തി പ്രാർത്ഥനയിൽ പങ്കെടുത്തിരുന്നു. ബേബിയുടെ കൈയിലാണ് പണസഞ്ചി എന്നറിഞ്ഞത് കൊണ്ടാവണം, ഇവർ ഓരോരുത്തരായി ബേബിയെ സമീപിച്ച് ( ഒരച്ചനൊഴികെ ) തങ്ങളുടെ പടിയും കൈപ്പറ്റി വിട്ടു പോയത്രേ. കുഴി വക്കിലേക്ക് കുപ്പായവുമായി ധൃതിപ്പെട്ട്  ഓടിയെത്തിയ ഒരച്ചൻ ബേബിയെ പിന്തുടർന്ന് അതിനുള്ള പടി കൈപ്പറ്റിയ കാര്യം അടക്കിച്ചിരിച്ചു കൊണ്ടാണ് അപ്പൻ എന്നോട് പറഞ്ഞത്. " പള്ളി പട്ടക്കാരുടെ കൊയ്‌ത്തു പാടമാണ് " എന്ന് പണ്ട് മുതലേ അപ്പൻ ഞങ്ങളോട് പറയാറുണ്ടായിരുന്നത് ശരിയായിരുന്നുവെന്ന് എനിക്ക് ശരിക്കും ബോധ്യപ്പെട്ട അവസരങ്ങളിൽ ഒന്നായിരുന്നു അത്. ( തന്റെ ശവമടക്കിന് യാതൊരു വിധ ആർഭാടങ്ങളും ഉണ്ടാക്കിയേക്കരുത് എന്നും മുൻകൂറായി അപ്പൻ ഞങ്ങളോട് പറഞ്ഞിരുന്നു. )

പിന്നീടുള്ള കാലത്ത് ദിവസം രണ്ടു നേരമെങ്കിലും അപ്പനും, കൊച്ചപ്പനും പരസ്‌പരം കൂടിക്കാണുമായിരുന്നു. വാർദ്ധക്യത്തിന്റെ അവശതകളിലും രക്ത ബന്ധത്തിന്റെ ചൂരും, ചൂടും അവരെ പരസ്പരം ആശ്വസിപ്പിച്ചിരിക്കണം എന്ന് കരുതുന്നു. ജീവിതത്തിലെ സുദീർഘമായ ഒരു കാലഘട്ടം പള്ളിക്കാര്യങ്ങൾക്കും, പള്ളി ഭരണത്തിനുമായി ചെലവഴിച്ച കൊച്ചപ്പന് പോലും ഇത്തരം അനുഭവങ്ങളാണ് ഉണ്ടായത് എന്നുള്ളത് എല്ലാ ഭക്തന്മാർക്കും ഒരു പാഠമാവേണ്ടതാണ് എന്ന് എനിക്ക് തോന്നി.

ഇങ്ങനെ ഒരു വിധം ശാന്തമായി കാര്യങ്ങൾ നീങ്ങുന്നതിനിടയിൽ ഒരു ദിവസം 'അമ്മ വീണു. ഇതിനു ഏതാനും ദിവസം മുൻപ് അമ്മയുടെ മൂന്നര പവൻ വരുന്ന സ്വർണ്ണമാല മോഡേൺ ബൈക്കിലെത്തിയ രണ്ടു യുവാക്കൾ കവർന്നിരുന്നു. ഏതോ പച്ചമരുന്ന് തേടി റോഡിലൂടെ നടന്നു പോവുകയായിരുന്ന അമ്മയോട് ഈ യുവാക്കളിൽ ഒരാൾ വഴി ചോദിക്കുകയും, ഈ തക്കത്തിന് മറ്റെയാൾ മാല പൊട്ടിച്ചു കൊണ്ട് ബൈക്കിൽ രക്ഷപെടുകയുമായിരുന്നു. ഈ പ്രായത്തിൽ ഇത് പോലെ സ്വർണ്ണം അണിഞ്ഞു നടക്കരുത് എന്ന് പല തവണയും ഞാൻ അമ്മയോട് പറഞ്ഞിരുന്നെങ്കിലും, 'അമ്മ അതൊന്നും ചെവിക്കൊണ്ടിരുന്നില്ല.

മോഷ്ടാക്കൾ സഞ്ചരിച്ച മോട്ടോർ ബൈക്ക് ഞങ്ങളുടെ ബന്ധുവായ ഒരു സ്‌കൂൾ കുട്ടിയുടെ സ്വപ്ന വാഹനമായിരുന്നു എന്നതിനാൽ ഒരു രസത്തിന് അവൻ കുറിച്ചു വച്ച വാഹന നന്പർ കിട്ടിയതോടെ ബേബിയുടെ മൂത്ത മകൻ സുനിൽ ഏതാനും കൂട്ടുകാരോടൊത്ത് കള്ളനെ കയ്യോടെ പിടി കൂടി പോലീസിൽ ഏൽപ്പിച്ചു. തോടുപുഴക്കടുത്തുള്ള ഒരുയർന്ന മുസ്ലിം കുടുംബത്തിലെ ഉമ്മ അദ്ധ്യാപികയും, ബാപ്പ എൻജിനീയറുമായിട്ടുള്ള ദന്പതികളുടെ ഏക പുത്രനായിരുന്നു ഈ പയ്യൻ.

തക്കതായ നഷ്ട പരിഹാരം സ്വീകരിച്ചു കൊണ്ട് മകനെ കേസിൽ നിന്ന് ഒഴിവാക്കി തരണം എന്ന അപേക്ഷയുമായി  മാതാ പിതാക്കൾ വീട്ടിൽ വന്നു. ടീനേജ് കഴിയാത്ത ഒരു പയ്യന്റെ ഭാവിയെ ഓർത്ത് കൊണ്ട് ഞങ്ങൾ സമ്മതിച്ചുവെങ്കിലും, നല്ലൊരു ഇരയെ കടിച്ചു കീറാൻ കിട്ടിയ അവസരം ഉപേക്ഷിക്കുവാൻ പോലീസുകാർ തയാറാവാതിരുന്നത് കൊണ്ട് യുവാക്കൾ ജയിലിലായി.

ഇതോടെ മാനസികമായും, ശാരീരികമായും തകർന്നു പോയ 'അമ്മ അധികം വൈകാതെ ഒരു വശം തളർന്നു വീണു പോയി. ഞാനും, ഭാര്യയും, റോയിയും നാട്ടിലെത്തി അമ്മയെ കണ്ടു. ഏതൊരു ഉഗ്ര മൂർഖനെയും ഒറ്റയടിക്ക്  കാല പുരിക്ക് അയച്ചിരുന്ന ആ ധീര വനിത, അനിതരസാധാരണമായ ആകാര ഭംഗി കൊണ്ട് ആരെയും ആകർഷിച്ചിരുന്ന ആ തന്റേടക്കാരി, ചക്രവർത്തിമാർ താണിറങ്ങുകയും, സൗന്ദര്യ ധാമങ്ങൾ ചമയങ്ങൾ അഴിച്ചു വയ്‌ക്കുകയും ചെയ്ത മഹാ കാല വഴിയിലൂടെ യാത്രക്കൊരുങ്ങി വളഞ്ഞു കോടി വായിൽ നിന്ന് ഞോള ഇറ്റിച്ച് കട്ടിൽ കോലിൽ തളർന്നു കിടക്കുന്നു!

നമ്മളാം യാത്രികർ കാല ഘട്ടത്തിന്റെ
നെഞ്ചിൽ ചവിട്ടി, ക്കുതിക്കുന്നു പിന്നെയും,
എങ്ങോ മരണമാം നാഴികക്കല്ലിനെ -
യൊന്നു പുണർന്നുറങ്ങാൻ മാത്രമീ ശ്രമം!
എന്ന് തേങ്ങിയ എന്റെ ഹൃദയക്കിളിയെ ' ക്ഷമിക്കൂ, നാളെ ഞാനും വരാം ' എന്ന് ആശ്വസിപ്പിച്ചു കൊണ്ട് ഞാൻ അമ്മയുടെ അരികിൽ ഇരുന്നു.

അലോപ്പതിക്ക്‌ ഇതിൽ കൂടുതൽ ഒന്നും ചെയ്‌യാനില്ലെന്നും, ചില കേസുകളിൽ ആയുർവേദം ഫലപ്രദമായി കണ്ടിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞതിനെ തുടർന്ന് അമ്മയെ ഞങ്ങൾ മൂവാറ്റുപുഴയിലെ സർക്കാർ ആയുർവേദ ആശുപത്രിയിലേക്ക് മാറ്റി. പാരന്പര്യ അറിവുകൾ കൂടി സ്വായത്തമാക്കിയിട്ടുള്ള ഡോക്ടർ ഒരു മാസത്തെ ചികിത്സ നിശ്ചയിക്കുകയും, കഷായവും, ധാരയും, ഉഴിച്ചിലും, പിഴിച്ചിലും ഒക്കെയായി ദിവസങ്ങൾ ഇഴഞ്ഞു നീങ്ങുകയും ചെയ്തു. മാതാ പിതാക്കളെ അവരുടെ അവസാന കാലത്ത് ശുസ്രൂഷിക്കുവാൻ അവസരം ലഭിച്ചേക്കില്ല എന്ന് ആശങ്കപ്പെട്ടിരുന്ന എനിക്ക് അതിനുള്ള അവസരം തന്നു കൊണ്ട് ദൈവം എന്നെ അനുഗ്രഹിക്കുകയായിരുന്നു.

ഒരു മാസം സമയമുണ്ടല്ലോ? ഈ കാലത്ത് ഞങ്ങൾക്കും ഒരു ചികിത്സയാവാം എന്നൊരു നിർദ്ദേശം വന്നു. ഡോക്ടറോട് ചോദിച്ചപ്പോൾ അദ്ദേഹവും അനുകൂലമായി സംസാരിച്ചു. അങ്ങിനെ ഞങ്ങൾ മൂന്നു പേർ അവിടെ  അഡ്‌മിറ്റായി. ഞാനും, ഭാര്യയും, അനുജൻ ബേബിയും. ഓരോരുത്തരുടെയും ശരീര സ്ഥിതിക്കനുസരിച്ചു ഞങ്ങൾക്ക് ലഭിച്ച ചികിത്സകൾ ഫലം കണ്ടുവെങ്കിലും, ഒരു മാസമായിട്ടും യാതൊരു മാറ്റവും കാണാതെ അമ്മയെയും കൊണ്ട് ഞങ്ങൾ വീട്ടിലേക്കു തിരിച്ചു പൊന്നു.

അമ്മയെ നോക്കാൻ ചില ഹോം നഴ്‌സുമാർ വന്നെങ്കിലും, അവർ ലക്‌ഷ്യം വയ്‌ക്കുന്നത്‌ പണം മാത്രമാണെന്ന് തോന്നിയതിനാൽ അവരെ പറഞ്ഞയച്ചു. അവസാനം 'അമ്മ നേരത്തേ അറിയുന്നവളും, അമ്മക്ക് ഏറെ ഇഷ്ടമുള്ളവളുമായ ഷീബ എന്ന യുവതിയെ  അമ്മയെ ഏൽപ്പിച്ചു കൊടുത്തു. വർഷങ്ങളായി ഞങ്ങളുടെ വീട്ടിലെ ടാപ്പിംഗ് ഉൾപ്പടെയുള്ള സഹായങ്ങൾക്കായി  വന്നു കൊണ്ടിരിക്കുന്നയാളും, അപ്പന്റെയും, ഞങ്ങളുടെയും സുഹൃത്തുമായ ഷൈജുവിന്റെ ഭാര്യയായിരുന്നു ഷീബ.

ഒരു പക്ഷേ ഞങ്ങൾ മക്കൾക്ക് നോക്കാൻ കഴിയുന്നതിനേക്കാൾ നന്നായി ഷീബ അമ്മയെ നോക്കി. പത്തൊൻപതു വയസ്സുള്ള മകനും  പതിമ്മൂന്നു വയസുള്ള മകളും ഉൾക്കൊള്ളുന്ന ഷീബയുടെ കുടുംബം ഒരു തരി മണ്ണ് സ്വന്തമായിട്ടില്ലാതെ വാടക വീട്ടിലാണ് താമസിക്കുന്നത് എന്നറിഞ്ഞപ്പോൾ അവർക്കൊരു കിടപ്പാടം ഉണ്ടാക്കുന്നതിന് ഞങ്ങൾ ഓരോരുത്തരും ചെറിയ നിലയിൽ സഹായിച്ചതിന്റെ ഫലമായി അവർക്കും സ്വന്തം വീടിന്റെ മേൽക്കൂരക്കടിയിൽ താമസിക്കുന്നതിനുള്ള അവസരം ലഭിച്ചു. ( ഫിനിഷിംഗ് വർക്കിനായി  അവരുടെ പള്ളിയിൽ നിന്ന്   അവർക്ക് ലഭിച്ചിട്ടുള്ള സഹായവും ഇവിടെ ചെറുതായി കാണുന്നില്ല. )

ജീവിത വേദനകളുടെ കണ്ണീർ ചഷകങ്ങൾ ആവോളം മൊത്തിക്കുടിക്കാൻ വിധിക്കപ്പെട്ട ഒരു കുടുംബമാണ് ഞങ്ങൾക്ക് ഇപ്പോൾ നാട്ടിലുള്ളത്. യുവ സുന്ദരനായ അനീഷിന്റെ മാലയിട്ട ചിത്രം ഭിത്തിയിൽ തൂക്കി അതിൽ നോക്കി നെടുവീർപ്പിട്ടു കണ്ണീരൊഴുക്കി കാലം കഴിക്കുന്ന ജോർജ് - മേരി ദന്പതികൾ, അകാലത്തിൽ, അപകടത്തിൽ പൊലിഞ്ഞു പോയ കുടുംബ വിളക്കായിരുന്ന കുഞ്ഞമ്മയുടെ ഓർമ്മകളിൽ പുത്തൻ വീടിന് ' കുഞ്ഞമ്മ ഭവൻ ' എന്ന് പേരിട്ടു ജീവിതം തള്ളി നീക്കുന്ന ബേബികുടുംബം, കട്ടിൽ കോലിൽ ഒരു വശം തളർന്ന് വളഞ്ഞു കൂടി ജീവിതത്തിന്റെയും, മരണത്തിന്റെയും ഇടയിലുള്ള നൂൽപ്പാലത്തിൽ രാത്രികൾ പകലുകളാക്കി വേദന തിന്നുന്ന 'അമ്മ, ദുഖങ്ങളുടെ മുൾക്കിരീടം പേറി, കഠിനമായ കാൽമുട്ട് വേദന മൂലം വീട്ടിൽ നിന്ന് പുറത്തിറങ്ങാനാവാതെ വാർദ്ധക്യത്തിന്റെ അവസാന ചവിട്ടു പടികൾ ഇറങ്ങുന്ന അപ്പൻ, ഇതിനെല്ലാം മൂക സാക്ഷിയാകാൻ പോലും ഭാഗ്യമില്ലാതെ ഈ നക്ഷത്രപ്പാറയുടെ ഇങ്ങേ വശത്ത് എല്ലാം ഉള്ളിലൊതുക്കി ജീവിച്ചു പോകുന്ന ഞങ്ങൾ - ഞാനും, റോയിയും.

നന്നായി മദ്യപാനം നടത്തിയിരുന്ന അപ്പൻ അതെല്ലാം നിർത്തി തികഞ്ഞ മദ്യ വിരോധി ആയാണ് ജീവിച്ചു കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ കുടുംബപ്പേരുള്ള ആളുകളിൽ തൊണ്ണൂറ്റി അഞ്ചു ശതമാനം പേരും മദ്യപാനികളാണ്. കഠിനാദ്ധ്വാനികളായ ഈ മനുഷ്യരുടെ ജീവിത പുരോഗതിയെ പിന്നോട്ടടിച്ചതിൽ ഈ ദുശീലത്തിന് വലിയ പങ്കുണ്ട്. നൂറ്റാണ്ടുകൾക്ക് മുൻപ് കുടുംബത്തിന് കിട്ടിയ ശാപം കൊണ്ടാണ് ആബാല വൃദ്ധം കുടുംബാംഗങ്ങളും മദ്യത്തിന്റെ അടിമകളായി തീർന്നത് എന്നാണ് പഴമക്കാർ പറഞ്ഞു കേട്ടിട്ടുള്ളത്.

കഥയിതാണ് : കുറവിലങ്ങാട്ട് പള്ളി പണിയുന്ന കാലത്താണ് സംഭവം നടക്കുന്നത്. ഒറ്റത്തടിയായി വളർന്നു നിൽക്കുന്ന ഘന മരങ്ങൾ വെട്ടി വീഴിച്ച്  മഴു ഉപയോഗിച്ച് ചെത്തി മിനുക്കി ചതുരത്തിൽ ആക്കിയിട്ടാണ് വലിയ കെട്ടിടങ്ങൾക്കുള്ള ഉത്തരങ്ങൾ നിർമ്മിച്ചിരുന്നത്. ഈ ഉത്തരങ്ങൾ പൊക്കിയെടുത്ത് യഥാ സ്ഥാനത്ത് ഉറപ്പിക്കാൻ നല്ല ആരോഗ്യമുള്ള മല്ലന്മാർ തന്നെ വേണം. ' ആവലും തടത്തിൽ പിള്ളേര് ' എന്ന് നാട്ടുകാർ വിളിച്ചിരുന്ന ഞങ്ങളുടെ വല്യ വല്യാപ്പന്മാർക്ക് ഇതായിരുന്നുവത്രെ ജോലി. ഇതിന് കൂലി ഉണ്ടായിരുന്നുവോ എന്ന് നിശ്ചയമില്ലങ്കിലും വയറു നിറച്ചു കഞ്ഞി കിട്ടിയിരുന്നു. കുറവിലങ്ങാട് പള്ളിയുടെ ഉത്തരം വയ്‌ക്കാനെത്തിയ വല്യാപ്പന്മാർ ഒരു വശത്തെ ഉത്തരം വച്ച് കഴിഞ്ഞിട്ട് പത്തു മണിക്ക് കഞ്ഞി കുടിക്കാനിരുന്നു.

നിലത്തു കുഴി കുത്തി അതിൽ വാട്ടിയ വാഴയില വച്ച് അതിലൊഴിച്ചിട്ടാണ് കഞ്ഞി കുടി.  ഘനമര ഉത്തരങ്ങൾ പൊക്കി വയ്‌ക്കുന്ന ഈ തടിയൻ മല്ലന്മാർക്ക് കഞ്ഞി കുറച്ചൊന്നും മതിയാവില്ലായിരിക്കാം. ഏതായാലും ഇവരുടെ വയറു നിറയാനുള്ളത്ര കഞ്ഞി കൊടുക്കാൻ പള്ളിക്കാർക്കു കഴിഞ്ഞില്ല. പകുതി പട്ടിണിയുമായി അടുത്ത ഉത്തരം പിടിച്ചു വയ്‌ക്കുന്പോൾ ഇവർ പക വീട്ടുകയും, ആ ഉത്തരം ചരിച്ചു വയ്‌ക്കുകയും ചെയ്തുവത്രേ! ( കഞ്ഞി ) കുടിയോടുള്ള ആർത്തി മൂത്ത് പള്ളിയുടെ ഉത്തരം ചരിച്ചു വച്ച ഇവരും ഇവരുടെ സന്തതി പരന്പരകളും അവിടം മുതൽ ആർത്തി പൂണ്ട കുടിയന്മാരായി തീർന്നുവത്രെ! തൃശൂർ ജില്ലയിലെ ഒരിടത്ത് പോസ്റ്റ് മാസ്റ്ററായി ജോലി ചെയ്‌യുന്പോൾ അവിടെയുള്ള ഞങ്ങളുടെ കുടുംബത്തിലെ ഒരു മുത്തശ്ശിയാണ് ബേബിയോട് ഇക്കഥ പറഞ്ഞത്. കുറവിലങ്ങാട് പള്ളിയിൽ പോയി ഒരു പരിഹാരം ചെയ്‌താൽ കുടിയിൽ നിന്ന് രക്ഷ നേടാമെന്നും മുത്തശ്ശി പറഞ്ഞിരുന്നു.

അനീഷ് മരിക്കുന്നതിനും മുൻപുള്ള ഒരു വെക്കേഷന് നാട്ടിലെത്തിയ എന്നോട് ബേബി ഇക്കാര്യം പറയുകയും, അന്ന് മുഴുക്കുടിയുമായി നടന്നിരുന്ന അപ്പന് വേണ്ടി കുറവിലങ്ങാട്ട് പള്ളിയിൽ പോയി ഒരു പരിഹാരം ചെയ്യണമെന്ന് നിർദ്ദേശിക്കുകയും ചെയ്‌തതിനാലാണ്, അപ്പനെയും കൂട്ടി ഞങ്ങൾ അവിടെ എത്തിയത്. ഞങ്ങൾ മക്കൾ വീതം വച്ചെടുത്ത ചെറുതല്ലാത്ത ഒരു തുക കൊണ്ട് പള്ളിയിൽ നിന്ന് നിർദ്ദേശിക്കുന്ന ഒരു പരിഹാരം ചെയ്യണമെന്നായിരുന്നു ഞങ്ങളുടെ പ്ലാൻ. അന്ന് ഞങ്ങൾക്ക് ഉണ്ടായിരുന്നതും, അനീഷ് ഓടിച്ചിരുന്നതുമായ ' മാരുതി സെൻ ' കാറിൽ ഞങ്ങൾ കുറവിലങ്ങാട്ട് എത്തുന്പോൾ അവിടെ ഒരു ശവമടക്കിനുള്ള തയ്യാറെടുപ്പുകൾ നടക്കുകയായിരുന്നു. വളരെ പ്രമുഖനായ ഒരു വ്യക്തിയാണ് മരണമടഞ്ഞിട്ടുള്ളത് എന്നതിനാൽ നൂറു കണക്കിന് യാചകർ എത്തി പള്ളിപ്പരിസ്സരം നേരത്തേ കൈയടക്കിയിരുന്നു.

അന്നത്തെ വികാരിയായിരുന്ന അച്ചനോട് ഈ കഥകളൊക്കെ പറഞ്ഞെങ്കിലും, അങ്ങിനെ ഒരു കാര്യം അച്ചൻ  കേട്ടിട്ടില്ലെന്നും, അതിനുള്ള പരിഹാര ക്രിയകളൊന്നും നിലവിൽ ഇല്ലെന്നുമാണ് അച്ചന്റെ നിലപാട്. എങ്കിലും ഞങ്ങളുടെ ആവശ്യം മുൻ നിർത്തി ഒരു പരിഹാര ക്രിയ എന്ന നിലയിൽ സാധു യുവതികളുടെ വിവാഹ സഹായ ഫണ്ടിലേക്ക് അച്ഛൻ നിർദ്ദേശിച്ച ഒരു തുക അടച്ചിട്ടു പൊയ്‌ക്കൊള്ളാൻ പറഞ്ഞു.  ആ തുക അടച്ചെങ്കിലും, അത് ഞങ്ങൾ കൊണ്ട് പോയ തുകയുടെ പകുതി പോലും ഇല്ലായിരുന്നു. ബാക്കി തുക പത്തു രൂപാ നോട്ടുകളായി മാറിയെടുത്ത് യാചകർക്കു കൊടുക്കാം എന്ന് തീരുമാനിച്ചു. എവിടെയെങ്കിലും ഒരു ഉത്തരം ചരിഞ്ഞിരിക്കുന്നുണ്ടോ എന്ന അന്വേഷണവുമായി ഞങ്ങൾ പള്ളിക്കെട്ടിടങ്ങൾ അരിച്ചു പെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഞങ്ങളുടെ ആവശ്യം അറിഞ്ഞ ഒരു വൃദ്ധനിൽ നിന്ന് : ' പല തവണ പൊളിച്ചു പണിത പള്ളികളാണ് ഇപ്പോഴുള്ളത് ' എന്നറിഞ്ഞതോടെ ചരിഞ്ഞ ഉത്തരം ഉപേക്ഷിച്ച് ഞങ്ങൾ മടങ്ങി.

കൈകൾ നിറയെ പത്തു രൂപാ നോട്ടുകളുമായി യാചകർക്കിടയിലേക്കു ചെന്ന ജോർജിനെ യാചകർ വളഞ്ഞു. ' വലിയ വീട്ടിലച്ചായൻ ഞങ്ങളുടെ ദൈവമാണ് ' എന്ന് പറഞ്ഞു കൂവി കാറുകയാണ് യാചകർ. ഇന്ന് ശവമടക്കപ്പെടാൻ പോകുന്നയാളുടെ ബന്ധുവാണ് പണം വിതരണം ചെയ്യുന്നത് എന്നാണു അവരുടെ ധാരണ. ഒരാൾക്ക് ഒരു തവണ എന്നതൊക്കെ യാചകർ കാറ്റിൽ പറത്തി. ഒരു തവണ വാങ്ങിയവർ ഒന്ന് ചുറ്റി വന്ന് വീണ്ടും വാങ്ങുന്നു. ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞ് ചിലർ മരിച്ച അച്ചായനെ തെറി വിളിക്കുന്നു. പണം തീർന്നതോടെ വിതരണം ചെയ്ത ജോർജിന് നേരെയായി ആക്രോശം. ഇരയെ ഉറുന്പിൻ കൂട്ടം പൊക്കിക്കൊണ്ട് പോകുന്നത് പോലെ ചിലർ കൂടി ജോർജിനെ വലിച്ചു കൊണ്ട് പോകാനായി ശ്രമം. സംഗതി മോശമാണെന്ന്  കണ്ടതോടെ ഞങ്ങൾ മൂന്നു പേർ ഇറങ്ങിച്ചെന്ന് ആൾക്കൂട്ടത്തിൽ നിന്ന് ജോർജിനെ രക്ഷ പെടുത്തിക്കൊണ്ട് പോരുന്പോളും മരിച്ചു പോയ അച്ചായനെ തെറി വിളിച്ചു കൊണ്ട് കുറേപ്പേർ ആക്രോശവുമായി കാറിനു പിൻപേ ഓടി വരുന്നുണ്ടായിരുന്നു.

അങ്ങിനെ ആ പരിഹാര ക്രിയ പൂർത്തിയായി. പരിഹാര ക്രിയയുടെ ശക്തി കൊണ്ടോ, ഇതൊക്കെ കണ്ടു മനം മടുത്തിട്ടോ എന്നറിയില്ലാ, അന്ന് മുതൽ അപ്പൻ പൂർണ്ണമായും മദ്യപാനം നിർത്തി എന്ന് മാത്രമല്ലാ, പഴയ കുടികൂട്ടുകാരോട് കുടിക്കരുത് എന്ന് ഉപദേശിക്കാനും തുടങ്ങി.

നമ്മൾ പറഞ്ഞു വരുന്ന 'അമ്മ വീണ കാലം വരെ അപ്പൻ മദ്യം തൊട്ടിരുന്നില്ല. ഇതിനിടയിൽ ഉണ്ടായ ദുരന്തങ്ങളിലൊന്നും ഒന്ന് ഫിറ്റായി വേദന മറക്കാം എന്ന് അപ്പൻ ചിന്തിച്ചില്ല. ഇപ്പോൾ വേണ്ട വിധം നടക്കാൻ കൂടി കഴിയാത്ത ഈ അവസ്ഥയിൽ ഒരൽപ്പം മദ്യം എല്ലാം മറക്കാൻ ആ മനസിനെ സഹായിക്കുമെങ്കിൽ അതായിക്കോട്ടെ എന്ന് ഞങ്ങൾ തീരുമാനിച്ചു. ഞങ്ങൾ തന്നെ അപ്പന് മദ്യം വാങ്ങിക്കൊടുക്കുകയും, തുടർന്ന് വാങ്ങിക്കൊടുക്കാൻ ഷൈജുവിനെ ഏർപ്പാടാക്കുകയും ചെയ്തു. ഈ നടപടിയിലൂടെ അപ്പന്റെ വൃദ്ധ മനസ്സിന് ആശ്വാസം കിട്ടിയാലും, ഇല്ലെങ്കിലും ഷൈജുവുമായിട്ടുണ്ടായ കുടിക്കൂട്ട് മെച്ചപ്പെട്ട ഒരു സുരക്ഷിതത്വ ബോധം സൃഷ്ടിച്ചെടുക്കുവാൻ അപ്പനെ സഹായിച്ചിട്ടുണ്ടാവും എന്നാണ് എന്റെ എളിയ വിലയിരുത്തൽ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക