Image

ആരാണ് യഥാര്‍ത്ഥ വംശ വെറിയന്മാര്‍? വെള്ളക്കാരോ, ഇന്ത്യാക്കാരോ?(ജെയിംസ് കുരീക്കാട്ടില്‍)

ജെയിംസ് കുരീക്കാട്ടില്‍ Published on 29 May, 2020
 ആരാണ് യഥാര്‍ത്ഥ വംശ വെറിയന്മാര്‍? വെള്ളക്കാരോ, ഇന്ത്യാക്കാരോ?(ജെയിംസ് കുരീക്കാട്ടില്‍)
നിങ്ങള്‍ ഈ ചിത്രത്തില്‍ കാണുന്ന വാര്‍ത്ത അറിഞ്ഞില്ലേ? അമേരിക്കയിലെ വെള്ളക്കാരന്‍ പോലീസ് കറുത്ത വംശജന്റെ കഴുത്തിന് കാല്‍മുട്ട് അമര്‍ത്തി ഞെക്കി കൊല്ലുന്നതാണ്. അമേരിക്കയിലെ  ലിബര്‍ട്ടിയെ കുറിച്ചും അമേരിക്കന്‍ പോലീസിന്റെ മര്യാദകളെ കുറിച്ചുമൊക്കെ ഇപ്പോള്‍ ഒന്നും പറയാനില്ലേ?  ഇന്ന് ഒരാള്‍ inbox ല്‍ വന്ന് ചോദിച്ച ചോദ്യമാണ്. ആളുടെ പ്രൊഫൈലില്‍ ഒന്ന് കേറി നോക്കി. നല്ല ഒന്നാന്തരം സങ്കി. സങ്കി അമേരിക്കയില്‍ എത്തിയത് കൊണ്ട് സങ്കി സ്വഭാവം ഇല്ലാതാവില്ലല്ലോ. എങ്കിലും ഒരു ചോദ്യം ചോദിച്ച ആള്‍ക്ക് മറുപടി കൊടുക്കാതിരിക്കുന്നത് മോശമല്ലേ എന്ന് കരുതി മറുപടി കൊടുത്തു. ഒപ്പം ഉദയകുമാറിനെ അടക്കം നമ്മുടെ കേരളത്തില്‍ തന്നെ പോലീസ് ഉരുട്ടിക്കൊന്നിട്ടുള്ള custodial കൊലപാതകങ്ങളുടെ ലിസ്റ്റും, ഗുജറാത്തിലെ കൂട്ടക്കൊലകളുടെ ചിത്രങ്ങളും കൂടി വെയ്ക്കാന്‍ മറന്നില്ല. അമേരിക്കയില്‍ പോലീസ് ഒരാളെ കൊന്നതിനുള്ള മറുപടിയോ ന്യായീകരണമോ അല്ല, ഇന്ത്യയില്‍ പോലീസ് നിരപരാധികളെ കൊന്നിട്ടുള്ള വാര്‍ത്തകളോ, ഹിന്ദുക്കള്‍ മുസ്ലിംങ്ങളെ കൊല്ലുന്ന കാര്യങ്ങളോ പറഞ്ഞു തിരിച്ചടിക്കുന്നതെന്നറിയാം. എങ്കിലും അമേരിക്കയിലെ വെള്ളക്കാരന്റെ വംശ വെറിയെ പറ്റി അവസരം കിട്ടിയാല്‍ ഘോരം ഘോരം പ്രസംഗിക്കുന്ന മലയാളി  നമ്മള്‍ ഇന്ത്യക്കാരുടെ ഉള്ളിലെ റേസിസത്തെ കുറിച്ച് എന്താണ് ഒന്നും മിണ്ടാത്തത്. വെള്ളക്കാരന്‍ കറുത്ത വംശരെ മറ്റ് രാജ്യങ്ങളില്‍ പോയി വിലകൊടുത്ത് വാങ്ങി കൊണ്ട് വന്ന് കുറേകാലം അടിമയായി പണിയെടുപ്പിച്ചിട്ടുണ്ട്. പക്ഷെ പിന്നീട് അവരെ സ്വാതന്ത്രരാക്കുക മാത്രമല്ല, അവരെ ആഫ്രിക്കന്‍ അമേരിക്കന്‍ എന്നല്ലാതെ, ബ്ലാക്ക് എന്നോ നീഗ്രോ എന്നോ വിളിക്കുന്നത് പോലും ഈ രാജ്യത്ത് നിയമ വിരുദ്ധമാക്കുകയും ചെയ്തു. എന്നാല്‍, നൂറ്റാണ്ടുകളോളം ഒരു ജനതയെ ചാതുര്‍ വര്‍ണ്യമെന്ന  പേരില്‍ ജാതികളായി തിരിച്ച് അടിമകളാക്കി വെച്ചത് നമ്മുടെ ഇന്ത്യയില്‍ അല്ലെ.  ഇന്നും ഉത്തരേന്ത്യയുടെ അവസ്ഥ എന്താണ് ?  ഒരു മനുഷ്യന്റെ ജാതിയും മതവും മാത്രമല്ല, അവന്‍ കഴിക്കുന്ന ഭക്ഷണം പോലും മറ്റൊരുവന് പ്രശ്നം ആകുന്നത് ഇന്ത്യയില്‍ അല്ലാതെ വേറെ എവിടെയാണ്. എങ്കിലും വെള്ളക്കാരന്റെ വംശ വെറിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ രക്തം തിളക്കും. 
അമേരിക്കയില്‍ വംശ വെറിയുള്ള ധാരാളം പേര് ഇന്നുമുണ്ട്. ഇവിടുത്തെ പോലീസ് കാരിലും ഉണ്ടാവും. ബ്രിട്ടനടക്കമുള്ള പല യൂറോപ്യന്‍ രാജ്യങ്ങളിലും വലത് പക്ഷ തീവ്ര വാദം ശക്തിയാര്‍ജ്ജിക്കുന്നതും നമ്മള്‍ കാണുന്നുണ്ട്. പക്ഷെ ഇതൊന്നും ഇന്ത്യാക്കാരന്റെ ഉള്ളിലെ ജാതി മത വംശ വെറിയുടെ ഏഴയല്‍പക്കത്തെത്തില്ല. കാരണം ഇന്ത്യാക്കാരന് ജാതിയും മതവും നിറവും മാത്രമല്ല, ഭാഷയും ഭക്ഷണവും പോലും സഹജീവിയെ വെറുക്കാന്‍ ഇടയാക്കുന്ന സംഗതികളാണ്.
എഴുപത്തി രണ്ട് ശതമാനം വെള്ളക്കാരുള്ള നാട്ടിലാണ്, വെറും 12% മാത്രമുള്ള  ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരുടെ ഇടയില്‍ നിന്ന്  ഇവര്‍ ഒരാളെ  ഈ രാജ്യത്തിന്റെ  പ്രസിഡന്റ് ആയി തിരഞ്ഞെടുത്തത്.  ഒരു തവണയല്ല. രണ്ട് തവണ. അതെ. ഇവര്‍ തികഞ്ഞ  വംശ വെറിയന്മാര്‍ തന്നെയാണ്. 
ഒരു അമേരിക്കന്‍ മലയാളിയുടെ  മകള്‍ ഒരു കറുത്ത വംശജനെ പ്രണയിച്ചപ്പോള്‍ ആ  അമ്മ പ്രകടിപ്പിച്ച ദുഃഖം എഴുത്തുകാരിയായ ഒരു സുഹൃത്ത് പറഞ്ഞത് ഓര്‍ക്കുന്നു. ( അവര്‍ ആ സംഭവത്തെ ആസ്പദമാക്കി ഒരു കഥയും എഴുതിയിട്ടുണ്ട്). ഇന്‍ഡ്യാക്കാരനല്ലെങ്കില്‍ ഒരു വെള്ളക്കാരനെങ്കിലും ആയിരുന്നെങ്കില്‍ സഹിക്കാമായിരുന്നു എന്നാണ് ആ അമ്മ പറഞ്ഞത്. കറുത്ത വര്‍ഗ്ഗക്കാരനെ കെട്ടിയാല്‍ മകള്‍ക്കുണ്ടാകാന്‍ പോകുന്ന കറുത്ത കുഞ്ഞുങ്ങളെ എങ്ങനെ മറ്റ് മലയാളികളുടെ മുമ്പില്‍ എടുത്ത് കൊണ്ട് നടക്കും എന്നുള്ളതായിരുന്നു, ആ അമ്മയുടെ ഏറ്റവും വലിയ ദുഃഖം. 
അമേരിക്കയില്‍ നടക്കുന്നതിലും എത്രയോ അധികം police brutality ഇന്ത്യയില്‍ നടക്കുന്നു. ദളിതരും പിന്നോക്ക വിഭാഗങ്ങളുമൊക്കെ മറ്റ് ജാതി വിഭാഗങ്ങളില്‍ നിന്ന് അനുഭവിക്കുന്ന പീഡനം വേറെ. എത്രയോ പേരെ  അല്ലാതെയും നമ്മള്‍ തല്ലി കൊല്ലുന്നു. മലയാളി തല്ലി കൊന്ന മധുവിന്റെ മുഖം ഒക്കെ മറന്നോ നമ്മള്‍. വീട്ടിലെ ഫ്രിഡ്ജില്‍ ബീഫ് ഉണ്ടെന്നും പറഞ്ഞു വീട്ടില്‍  കയറി തല്ലി കൊന്ന അഖിലാഖിനെ നമ്മള്‍ മറന്നോ. പക്ഷെ അതൊന്നും നമുക്ക് അത്ര വലിയ സംഭവമല്ല. നിത്യവും സംഭവിക്കുന്ന കാര്യങ്ങളാണല്ലോ. പക്ഷെ അമേരിക്കയില്‍ അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ നമ്മുടെ സിരകളില്‍ ചോര തിളക്കും. കാരണം നമ്മള്‍ മലയാളികളാണ്. 
കൊല്ലപ്പെട്ട മനുഷ്യന്‍  കള്ളനോട്ട് കൈവശം വച്ചതിനാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. പോലീസിനെ resist ചെയ്തപ്പോള്‍ ആണ് പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നത്. എന്നാലും  ബലപ്രയോഗത്തില്‍ ആ മനുഷ്യന്‍ മരണ പെട്ടത് ദൗര്‍ഭാഗ്യകരമാണ്. പ്രതികളായ നാല് പോലീസ് കാരേയും (അവരില്‍ ഏഷ്യന്‍ വംശജനായ താവോ എന്ന പോലീസ് കാരനും ഉള്‍പ്പെടും) സസ്പെന്‍ഡ് ചെയ്യുകയല്ല, 24 മണിക്കൂറിനുള്ളില്‍ തന്നെ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയാണ് ചെയ്തത്. ഇവിടുത്തെ മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തു കഴിഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആ മനുഷ്യന് നീതികൊടുക്കാന്‍ ഇടപെട്ടു കഴിഞ്ഞു. പ്രസിഡന്റ് ആവശ്യപെട്ടതനുസരിച്ച് FBI യും Department of Justice ഉം അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. രാജ്യം അമേരിക്കയായത് കൊണ്ട് ആ നാല് പോലീസുകാരും ജയിലില്‍ പോകേണ്ടി വരുമെന്നും ഏറെക്കുറെ ഉറപ്പാണ്. എങ്കിലും ഒരു ചോദ്യം ഉയരുന്നുണ്ട്. എന്ത് കൊണ്ടാണ് ഇവിടെ പോലീസ്  ഒരു പ്രതിയെ കീഴ്‌പ്പെടുത്താന്‍ ബലം പ്രയോഗിക്കുമ്പോള്‍ ഇത്രയും നിര്‍ദ്ധയമായി പെരുമാറുന്നത്. അതറിയണമെങ്കില്‍ ഈ രാജ്യത്ത് ഓരോ വര്‍ഷവും Line Of Duty യില്‍ വെടിയേറ്റ് കൊല്ലപ്പെടുന്ന പോലീസ് ഓഫീസര്‍സ്‌ന്റെ എണ്ണം അറിയണം. 2016 ല്‍ 171 പോലീസ്‌കാരാണ് കൊല്ലപ്പെട്ടത്. 2017 ല്‍ അത് 152  ഉം  2018 ല്‍ 150 ഉം പോലീസ്‌കാരാണ് കുറ്റവാളികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അതൊക്കെ പക്ഷെ  ആര്‍ക്കറിയണം. 

 നിങ്ങള്‍ക്ക് ഒരിക്കലെങ്കിലും ഒരു traffic violation ticket കിട്ടിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഓര്‍മ്മിക്കുന്നുണ്ടാവും. ആ പോലീസ് ഓഫീസര്‍ നിങ്ങളുടെ വാഹനത്തിന് പിന്നില്‍ ലൈറ്റ് ഇട്ടതിന് ശേഷം നിങ്ങളുടെ അടുത്തേക്ക് നടന്ന് വന്നത്. നിങ്ങളുടെ വാഹനത്തോട് ചേര്‍ന്ന് ഒരു വശം ചേരിഞ്  നിങ്ങളുടെ അടുത്തേക്ക് വരുമ്പോള്‍ അയാളുടെ ഒരു കൈയ് അരയിലെ തോക്കിലാക്കിലായിരിക്കും. അത് നിങ്ങളെ കണ്ടാലുടനെ വെടിവെയ്ക്കാനല്ലെന്ന് നിങ്ങള്‍ക്കറിയാം. നിങ്ങളുടെ കയ്യില്‍ ഒരു തോക്കുണ്ടാവാം എന്നും ആക്രമിക്കപെടാം എന്നും ഉള്ള ഒരു മുന്‍കരുതലാണത്. എങ്കിലും അയാള്‍ നിങ്ങളെ സര്‍ എന്നാവും അഭിസംബോധന ചെയ്യുക. പിന്നെ നിങ്ങള്‍ ചെയ്ത തെറ്റ് എന്താണെന്ന് വിശദീകരിക്കും. കോടതിയില്‍ ആ ഓഫീസറുടെ തീരുമാനത്തെ challenge ചെയ്യാനുള്ള അവകാശത്തെ കുറിച്ച്  ഓര്‍മ്മപെടുത്തും. അവസാനം നിങ്ങള്‍ പോകുമ്പോള്‍ Have a good day എന്ന് ആശംസിക്കും. അതിലൊക്കെ എന്ത് കാര്യം അല്ലെ?   
ഇവിടെ ഒരു കറുത്ത വംശജനാണ് നിഷ്ടൂരമായി കൊല്ലപ്പെട്ടിരിക്കുന്നത്. മനുഷ്യത്വ ഹീനമായ ആ പ്രവര്‍ത്തിക്കെതിരെയാണ് നമ്മള്‍ പ്രതികരിക്കേണ്ടത്. അതാണ് മാനവികത. അടിച്ചമര്‍ത്തപ്പെടുന്ന കീഴാളരോടൊപ്പമായിരിക്കണം നാം എന്നും. സാമൂഹ്യ നീതിക്ക് വേണ്ടിയാവണം നമ്മള്‍ നിലകൊള്ളേണ്ടത്. അതിലൊന്നും തര്‍ക്കമില്ല.
കറുത്ത വംശജന് നീതിനേടിയെടുക്കാന്‍ ദാഹിക്കുന്ന മലയാളിയോട് ഒരു സംശയം കൂടി ചോദിച്ചോട്ടെ. ഒരു കുസൃതി ചോദ്യമായി കണ്ടാല്‍ മതി. നമ്മള്‍ മലയാളികള്‍ അമ്പത് വര്‍ഷം ഈ രാജ്യത്ത് ജീവിച്ചാലും നമ്മളില്‍ എത്രപേര്‍ ഈ നാട്ടിലെ കറുത്ത വര്‍ഗ്ഗക്കാരുടെ സൗഹ്രദം നേടാന്‍ താത്പര്യപെടാറുണ്ട്. നമ്മുടെ മക്കള്‍ കറുത്ത വര്‍ഗ്ഗക്കാരെ പ്രണയിച്ചാല്‍, ആ വിവാഹം നടത്തിക്കൊടുക്കാന്‍ മനസ്സ് കൊണ്ട് അംഗീകരിക്കാറുണ്ട്. നമ്മളില്‍ എത്ര പേര്‍ അവരെ മനുഷ്യരായി കാണാറുണ്ട്?

 ആരാണ് യഥാര്‍ത്ഥ വംശ വെറിയന്മാര്‍? വെള്ളക്കാരോ, ഇന്ത്യാക്കാരോ?(ജെയിംസ് കുരീക്കാട്ടില്‍)
Join WhatsApp News
Maathyuu thOmas 2020-05-29 08:42:01
ജെയിംസേ, വംശ വെറി പോലെ മ്ലേച്ഛമാണ്‌ കമ്യൂണിസ്സവും മതവിദ്വേഷവും. ഇതു രണ്ടും ഇല്ലാ താങ്കളിലെന്ന് പറയാമോ?
Fanning the flame 2020-05-29 09:11:55
Trump tweets threat that 'looting' will lead to 'shooting.' Twitter put a warning label on it CNN Digital Expansion 2018, BRIAN STELTERDonie O'Sullivan By Brian Stelter and Donie O'Sullivan, CNN
James 2020-05-29 11:16:19
മാത്യു തോമസേ, സങ്കികളുടെ വർഗീയതയെ കുറിച്ച് എഴുതിയാൽ കോൺഗ്രസ് ആക്കും. കോൺഗ്രസിന്റെ അഴിമതിയെ കുറിച്ച് എഴുതിയാൽ കമ്മ്യൂണിസ്റ്റ് ആക്കും. കമ്മ്യൂണിസ്റ്റ് കാരുടെ അക്രമത്തെ കുറിച്ചെഴുതിയാൽ അരാഷ്ട്രീയ വാദിയാക്കും. എന്തെങ്കിലും ഒരു കള്ളിയിൽ പെടുത്തിയെ അടങ്ങൂ അല്ലെ? പിന്നെ മതങ്ങളോടും ദൈവങ്ങളോടും ഒന്നും ഒരു വിദ്വെഷവും ഇല്ല. പക്ഷെ മതത്തിന്റെയും ദൈവങ്ങളുടെയും പേരിൽ മനുഷ്യൻ തമ്മിൽ തമ്മിൽ കൊല്ലുന്നതിനെതിരെ എഴുതാറുണ്ട്. ഒരു വിഭാഗത്തിന്റെ ആരാധനാലയം പൊളിച്ചു മറ്റൊരു കൂട്ടർ അവരുടെ ദൈവത്തിന് ആരാധനാലയം പണിയുന്നതിനെതിരെ എഴുതാറുണ്ട്. മതത്തിന്റെ പേരിൽ ഗുജറാത്തിൽ നടന്നത് പോലുള്ള കൂട്ടക്കൊലകൾക്ക് എതിരെ എഴുതാറുണ്ട്. മതത്തിന്റെ പേരിൽ ഒരു രാജ്യം തന്നെ വിഭജിക്കപ്പെടുന്നതിനെതിരെ എഴുതാറുണ്ട്. അത് മത വിദ്വെഷമാണോ സാർ. എങ്കിൽ ആ വിദ്വെഷം എനിക്കുണ്ട്.
പൗലോസ്‌ സാമുവേൽ 2020-05-29 15:15:32
മതം ഈശ്വരൻ കോൺഗ്രസ്സ്‌ എന്നുീ സംജ്ഞകൾ പകരുന്ന നന്മകൾക്കു നേരെ ഉറക്കം നടിക്കുകയും ജെയിംസ്‌ പറയുന്നതെല്ലാം മാത്രമാണ്‌ ശരി എന്ന് താൻപോരിമ പുലർത്തുകയും ചെയ്യുന്നതായാണല്ലോ ജെയിംസിനെ കേൾക്കുമ്പോളും വായിക്കുമ്പോഴും എന്ന യാഥർത്ഥ്യമാകുന്ന അസഹിഷ്ണുതയ്ക്കുള്ള മുഖം മൂടിയല്ലേ ജെയിംസിന്റെ ഈ വായ്ത്താരി?
James 2020-05-29 16:24:23
പൗലോസ് സാമുവലേ, ഞാൻ പറയുന്നതെല്ലാം ശരിയാണെന്നുള്ള അവകാശ വാദങ്ങളൊന്നും ഞാനൊരിടത്തും ഉന്നയിച്ചിട്ടില്ലല്ലോ. എനിക്ക് ശരിയെന്ന് തോന്നുന്നത് പറയുന്നു. അത്രമാത്രം. എന്റെ നിരീക്ഷണങ്ങളിൽ തെറ്റുകൾ ഉണ്ടെങ്കിൽ അത് കൃത്യമായി ചൂണ്ടിക്കാട്ടിയാൽ തിരുത്താനും തയ്യാറാണ്. പക്ഷെ അത് ചെയ്യുന്നതിന് പകരം, വായ്ത്താരി എന്നും എന്റെ അസഹിഷ്ണുത എന്നുമൊക്കെ പറഞ്ഞു അധിക്ഷേപിക്കുന്നത് എന്തിന്? പിന്നെ മതവും ഈശ്വരനും കഴിഞ്ഞാൽ നിങ്ങൾ കാണുന്ന നന്മ കോൺഗ്രസ് ആണെന്ന ഫലിതം ഇഷ്ടമായി. പക്ഷെ ഈ മതവും ഈശ്വരനും കോൺഗ്രെസ്സുമൊന്നും ഞാൻ എന്റെ ലേഖനത്തിൽ ചെറുതായ് ഒന്ന് പരാമർശിച്ചിട്ട് പോലുമില്ലല്ലോ? നമ്മൾ ചർച്ച ചെയ്യുന്ന വിഷയം വംശ വേറിയല്ലേ ?
George 2020-05-29 21:11:13
പിടഞ്ഞു മരിക്കുന്ന ആ മനുഷ്യന്റെ മുഖം ആരുടേയും കണ്ണ് നനയിക്കുന്നതാണ്. ഇതുപോലുള്ള സംഭവങ്ങൾ, അതാവർത്തിക്കാതിരിക്കട്ടെ എന്ന് വിചാരിക്കുന്നു. ശ്രി ജയിംസിന്റെ ലേഖനം നന്നായിട്ടുണ്ട്. ശ്രി മാത്യു തോമസ്, പൗലോസ് സാമുവേൽ എന്നിവരുടെ അഭിപ്രായങ്ങൾ ‘ജെയിംസ് വിദ്വേഷം’ ആയിട്ടാണ് തോന്നുന്നത്. ലേഖനത്തിലെ കാര്യങ്ങളുമായി ബന്ധമില്ലാത്ത പ്രതികരണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക