Image

ജോര്‍ജ് ഫ്ലോയ്ഡിന്‍റെ ഔദ്യോഗിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു

Published on 02 June, 2020
ജോര്‍ജ് ഫ്ലോയ്ഡിന്‍റെ ഔദ്യോഗിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു

അമേരിക്കയില്‍ പൊലീസുകാരന്‍റെ ക്രൂരതയില്‍ കൊല്ലപ്പെട്ട ആഫ്രിക്കൻ വംശജ ജോര്‍ജ് ഫ്ലോയ്ഡിന്‍റെ ഔദ്യോഗിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു. ജോര്‍ജ് ഫ്ലോയ്ഡിന്‍റേത് ‘നരഹത്യ’യാണെന്നും കഴുത്ത് ഞെരുങ്ങിയാണ് അയാള്‍ മരിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എട്ട് മിനിട്ടും 46 സെക്കന്‍റും പൊലീസ് ഓഫീസറുടെ കാല്‍മുട്ടുകള്‍ ഫ്ലോയ്ഡിന്‍റെ കഴുത്തില്‍ ഞെരുക്കിയിരുന്നുവെന്നും വ്യക്തമാക്കുന്നു.

നാല്‍പ്പത്തിയാറുകാരനായ ജോര്‍ജിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ പ്രതിഷേധം ശക്തമാവുകയാണ്. ‘എനിക്ക് ശ്വാസം മുട്ടുന്നു’വെന്നതായിരുന്നു ജോര്‍ജിന്‍റെ അവസാന വാക്കുകള്‍. ഇതാണ് പ്രതിഷേധക്കാരുടെ മുദ്രാവാക്യവും.

അതേസമയം പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ രാജ്യത്താകെ സൈന്യത്തെ സജ്ജമാക്കി. ആഭ്യന്തര പ്രശ്നങ്ങളില്‍ സൈന്യത്തെ ഉപയോഗിക്കുന്നത് അമേരിക്കയില്‍ അപൂര്‍വ നടപടിയാണ്. വര്‍ണവെറിക്കെതിരായ ജനങ്ങളുടെ പ്രതിഷേധം ആളിക്കത്തുകയാണ് അമേരിക്കയില്‍. പ്രതിഷേധക്കാര്‍ക്ക് നേരെ പലയിടങ്ങളിലും പൊലീസ് ഗ്രനേഡുകളും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. കര്‍ഫ്യൂ മറികടന്ന് തുടര്‍ച്ചയായ ഏഴാം ദിവസവും ലക്ഷങ്ങള്‍ തെരുവിലിറങ്ങിയെങ്കിലും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ട്രംപ് ഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ല.

ഫ്ലോയ്ഡിനെ കാൽമുട്ടു കൊണ്ട് ശ്വാസം മുട്ടിച്ചുകൊന്ന മിനസോട്ട പോലീസുദ്യോഗസ്ഥൻ ഡെറിക് ചൗവിനെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുന്നതോടെ പ്രതിഷേധങ്ങള്‍ക്ക് അയവുണ്ടാവാന്‍ സാദ്ധ്യതയുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക