Image

പത്തനംതിട്ട കലക്‌ടര്‍ നൂഹിന്റെ അഭിമുഖം നടത്തി ബോളിവുഡ്‌ യുവതാരം കാര്‍ത്തിക്‌ ആര്യന്‍; സമൂഹമാധ്യമങ്ങളില്‍ അഭിമുഖം വൈറലാകുന്നു

Published on 05 June, 2020
   പത്തനംതിട്ട കലക്‌ടര്‍ നൂഹിന്റെ അഭിമുഖം നടത്തി ബോളിവുഡ്‌ യുവതാരം കാര്‍ത്തിക്‌ ആര്യന്‍; സമൂഹമാധ്യമങ്ങളില്‍ അഭിമുഖം വൈറലാകുന്നു

പത്തനംതിട്ട ജില്ലാ കലക്‌ടര്‍ പി.ബി നൂഹുമായി ബോളിവുഡ്‌ യുവതാരം താരം കാര്‍ത്തിക്‌ ആര്യന്‍ നടത്തിയ ഓണ്‍ലൈന്‍ അഭിമുഖം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. 

കോവിഡ്‌ പ്രതിരോധത്തിനായി സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞ കാര്‍ത്തിക്‌ തന്റെ യൂ ട്യൂബ്‌ ചാനല്‍ അഭിമുഖത്തിന്‌ കലക്‌ടറെ ക്ഷമിക്കുകയായിരുന്നു. ``ഈ അഭിമുഖം കണ്ടു കഴിഞ്ഞാല്‍ അക്ഷയ കുമാര്‍ തീര്‍ച്ചയായും നിങ്ങളെ കുറിച്ച്‌ സിനിമയെടുക്കും '' എന്നായിരുന്നു കലക്‌ടറുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ ചോദിച്ചറിഞ്ഞ കാര്‍ത്തിക്‌ ആര്യന്റെ പ്രതികരണം. 

കോകി പുഛേഗാ എന്ന പരിപാടിയിലാണ്‌ കാര്‍ത്തിക്‌ ആര്യന്‍ കലക്‌ടറുമായി സംവദിച്ചത്‌. ദുരന്തങ്ങളെ നേരിടുന്നതില്‍ കേരളം കൈവരിച്ച കാര്യക്ഷമതയെ കുറിച്ചും കലക്‌ടറുടെ പ്രവര്‍ത്തനരീതിയെ കുറിച്ചും കാര്‍ത്തിക്‌ സരസമായി ചോദിച്ചറിഞ്ഞു. ഇടയ്‌ക്ക്‌ ചില കുസൃതി ചോദ്യങ്ങള്‍ ചോദിക്കാനും കാര്‍ത്തിക്‌ മറന്നില്ല. 

``കലക്‌ടര്‍ നിങ്ങളാണെന്റെ ഹീറോ എന്ന്‌ എങ്ങനെ മലയാളത്തില്‍ പറയും.? ഒട്ടും താമസിക്കാതെ കലക്‌ടറുടെ മറുപടിയെത്തി. ``കാര്‍ത്തിക്‌ ആര്യനാണ്‌ എന്റെ പ്രിയപ്പെട്ട നടന്‍.'' മലയാളം വശമില്ലെങ്കിലും കലക്‌ടറുടെ മൊഴിമാറ്റത്തില്‍ എന്തോ കുസൃതിയുണ്ടെന്ന്‌ തിരിച്ചറിഞ്ഞ താരം ചിരിച്ചു കൊണ്ട്‌ വീണ്ടു അടുത്ത ചോദ്യങ്ങളിലേക്ക്‌ കടന്നു.

അഭിമുഖത്തില്‍ പലപ്പോഴും കാര്‍ത്തിക്‌ കലക്‌ടറെ ഹീറോ എന്നാണ്‌ അഭിസംബോധന ചെയ്‌തത്‌. `` കലക്‌ടര്‍ എപ്പോഴാണ്‌ ഒരു ഹീറോയാണെന്ന്‌ സ്വയം തിരിച്ചറിഞ്ഞതെന്നായിരുന്നു ആര്യന്റെ ഒരു ചോദ്യം. 

``ഞാന്‍ ഹീറോയല്ല, ഒരു ഓഫീസര്‍ മാത്രം. എന്നായിരുന്നു കലക്‌ടര്‍ നൂഹിന്റെ മാസ്‌ മറുപടി. ഈ അഭിമുഖം കണ്ടു കഴിഞ്ഞാല്‍ അക്ഷയ കുമാര്‍ തീര്‍ച്ചയായും കലക്‌ടറെ കുറിച്ച്‌ സിനിമയെടുക്കുമെന്ന്‌ ആര്യന്‍ പറഞ്ഞു. അങ്ങനെ വന്നാല്‍ അതിന്റെ പകര്‍പ്പവകാശം കാര്‍ത്തിക്‌ ആര്യനായിരിക്കും എന്ന്‌ അക്ഷയകുമാറിനോട്‌ പറയണമെന്ന്‌ ഓര്‍മ്മിപ്പിക്കാനും ആര്യന്‍ മറന്നില്ല. 


കോവിഡുമായി ബന്ധപ്പെട്ട്‌ പ്രചരിക്കുന്ന നുണകളും അതിന്റെ പിന്നിലെ യഥാര്‍ത്ഥ വസ്‌തുതകളും കലക്‌ടര്‍ കാര്‍ത്തിക്കിനോട്‌ വിവരിച്ചു. ഇരുവരും തമ്മിലുളള രസകരമായ അഭിമുഖം സമൂഹമാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു. 

ഉത്തരവാദിത്വപ്പെട്ട ഒരു സ്ഥാനത്തിരുന്നു കൊണ്ട്‌ സരസമായും പക്വതയോടെയും സംസാരിച്ച നൂഹ്‌ കേരളത്തിന്റെ അഭിമാനമാണെന്നായിരുന്നു ചില ആരാധകരുടെ കമന്റ്‌. കലക്‌ടറെ ദേശീയതലത്തില്‍ പരിചയപ്പെടുത്തിയ കാര്‍ത്തിക്‌ ആര്യനെയും ആരാധകര്‍ അഭിനന്ദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക