Image

ചെല്ലാനം ഹാർബർ അടച്ചു; എറണാകുളം ജില്ലാ ആശുപത്രിയിലെ 72 ജീവനക്കാർ ക്വാറന്റൈനിൽ

Published on 03 July, 2020
ചെല്ലാനം ഹാർബർ അടച്ചു; എറണാകുളം ജില്ലാ ആശുപത്രിയിലെ 72 ജീവനക്കാർ ക്വാറന്റൈനിൽ
കൊച്ചി :  മത്സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനതുടർന്ന് ചെല്ലാനം ഹാർബർ അടച്ചു. ചെല്ലാനത്ത് രണ്ടാമത്തെ കോവിഡ് കേസാണ്. ഇന്നലെ പോസിറ്റീവായ 64 വയസുള്ള സ്ത്രീയുടെ ഭർത്താവും മകനും മത്സ്യത്തൊഴിലാളികളാണ്. ജനറൽ ആശുപത്രിയിൽ കിടത്തി ചികിത്സയിലായിരുന്ന ഇവരുടെ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് മന്ത്രി വി എസ് സുനിൽകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇവർ ആദ്യം ചികിത്സക്കെത്തിയ കോർട്ടീസ് ആശുപത്രിയും അടച്ചു. 15-ാം വാർഡും ഹാർബർ ഉൾപ്പെടുന്ന 16-ാം വാർഡിലെ ഹാർബർ സ്ഥിതി ചെയ്യുന്ന പ്രദേശവും കണ്ടെയ്ൻമെൻറ് സോൺ ആക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടുന്ന 72 ജീവനക്കാർ സമ്പർക്ക വിലക്കിൽ കഴിയാൻ നിർദ്ദേശം നൽകി. സെക്കന്റ് ലെയർ ജീവനക്കാരെ ഉൾപ്പെടുത്തി ആശുപത്രിയുടെ പ്രവർത്തനം തടസമില്ലാതെ നടത്തുമെന്ന് മന്ത്രി അറിയിച്ചു. 72 ജീവനക്കാരിലും ആന്റി ജൻ ടെസ്റ്റ് നടത്തി. ഇതിൽ 25 പേരുടെ ഫലം നെഗറ്റീവാണ്. സ്ത്രീ കഴിഞ്ഞിരുന്ന വാർഡിലെ മറ്റ് രോഗികളും കൂടെ നിന്നവരും ക്വാറന്റീനിൽ കഴിയാൻ നിർദ്ദേശം നൽകി.

സ്ത്രീക്ക് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. ആലപ്പുഴ അതിർത്തിയിലുള്ള മത്സ്യത്തൊഴിലാളിയുടെ ഭാര്യക്ക് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവ് ആയിരുന്നു. മത്സ്യത്തൊഴിലാളികളായ ഭർത്താക്കന്മാർ ഒരുമിച്ചാണോ ജോലി ചെയ്തതെന്നും പരിശോധിക്കുകയാണ്. വ്യക്തത വരുന്നതുവരെ മത്സ്യബന്ധനം നടത്താൻ പാടില്ല. ജനങ്ങൾക്ക് അവശ്യസാധനങ്ങൾ നൽകാൻ തദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക