Image

ഉടമ മരിച്ചതിനെ തുടര്‍ന്നു കെട്ടിടത്തിന്‍റെ നാലാം നിലയില്‍ നിന്നും ചാടി ജീവനവസാനിപ്പിച്ച്‌ വളര്‍ത്തുനായ

Published on 03 July, 2020
ഉടമ മരിച്ചതിനെ തുടര്‍ന്നു കെട്ടിടത്തിന്‍റെ നാലാം നിലയില്‍ നിന്നും ചാടി ജീവനവസാനിപ്പിച്ച്‌ വളര്‍ത്തുനായ

കാണ്‍പൂര്‍: ഉടമ മരിച്ചതിനെ തുടര്‍ന്നു കെട്ടിടത്തിന്‍റെ നാലാം നിലയില്‍ നിന്നും ചാടി ചത്ത നായയുടെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലെ ബാര പ്രദേശത്തായിരുന്നു സംഭവം.


നായയുടെ ഉടമയും ഡോക്ടറുമായ അനിതാ രാജ വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച മരിച്ചിരുന്നു.  കുറെ മാസങ്ങളായി ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.


മൃതദേഹം ഇവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിച്ചതിനു തൊട്ടു പിന്നാലെയാണ്  വളര്‍ത്തുനായ കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേയ്ക്കു ചാടിയതെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.


അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ നായ ദുഖിതയായിരുന്നെന്നും ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചിരുന്നതായും മൃതദേഹം  വീട്ടിലെത്തിച്ചതിന് പിന്നാലെ നായ വീട്ടിലെ മുകള്‍ നിലയില്‍ നിന്ന് കുരച്ച്‌ നിലവിളിച്ച ശേഷം താഴോട്ട് ചാടുകയായിരുന്നെന്നും ഡോക്ടറുടെ മകന്‍ തേജസ്  പറഞ്ഞു.


നായയെ ഉടന്‍ തന്നെ സമീപത്തെ മൃഗാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നായയുടെ നട്ടെല്ല് തകര്‍ന്നിരുന്നതായും തേജസ് പറയുന്നു. വീട്ടുടമയുടെ സംസ്‌കാരത്തിന് പിന്നാലെ വീടീന് സമീപത്ത് നായയുടെ സംസ്‌കാരവും നടത്തി. 


12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെരുവില്‍ നിന്നുമാണ് അനിത നായയെ വീട്ടിലെത്തിക്കുന്നത്.പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ നായ്കുട്ടിയെ ഡോക്ടര്‍ ഏറ്റെടുക്കുകയും ഏറെ ശ്രമപ്പെട്ട് ചികിത്സയും പരിചരണങ്ങളും നല്‍കി ജീവിതത്തിലേയ്ക്ക് തിരികെയെത്തിക്കുകയും ചെയ്തു.


ജയ എന്നു പേരും ഇട്ടതും ഡോക്ടര്‍ തന്നെ . സ്വന്തം കുഞ്ഞിനെപ്പോലെയായിരുന്നു ഡോക്ടര്‍ അതിനെ വളര്‍ത്തിയതെന്ന് മകന്‍ തേജസ് പറയുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക