Image

മുഖ്യമന്ത്രി ശിവശങ്കറിനെ ഭയപ്പെടുന്നുവെന്ന് ചെന്നിത്തല; ഡി.ജി.പിയുടെ വിദേശയാത്രകളും പരിശോധിക്കണമെന്ന് പി.ടി തോമസ്

Published on 09 July, 2020
മുഖ്യമന്ത്രി ശിവശങ്കറിനെ ഭയപ്പെടുന്നുവെന്ന് ചെന്നിത്തല; ഡി.ജി.പിയുടെ വിദേശയാത്രകളും പരിശോധിക്കണമെന്ന് പി.ടി തോമസ്

തിരുവനന്തപുരം: കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഐ.ടി വകുപ്പില്‍ നൂറുകണക്കിന് അനധികൃത നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍വീസ് റൂള്‍ അനുസരിച്ച് ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിക്കണ്ട രീതിയിലാണോ ശിവശങ്കര്‍ പ്രവര്‍ത്തിച്ചത്. സര്‍വീസ് റൂള്‍ അനുസരിച്ചാണെങ്കില്‍, ശിവശങ്കറിന്റെ പേരില്‍ കേസ് എടുത്ത് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്ത് അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. നിഷ്പക്ഷമായ അന്വേഷണം നടക്കുകയാണെങ്കില്‍ കാര്യങ്ങള്‍ അങ്ങോട്ടേക്ക് എത്തുമെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി ശിവശങ്കറിനെ ഭയപ്പെടുന്നു. അതുകൊണ്ടാണ് ശിവശങ്കര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ശിവശങ്കറിനു വേണ്ടി മുഖ്യമന്ത്രി മുന്‍കൂര്‍ ജാമ്യമെടുക്കുന്നു. അന്താരാഷ്ട്ര കള്ളക്കടത്ത് ഏജന്‍സികളെ സഹായിക്കുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ വാനോളം 
പുകഴ്ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹതയില്ല. മുഖ്യമന്ത്രിയും സര്‍ക്കാരും രാജിവെച്ച് ജനവിധി തേടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

അതിനിടെ, കൂടുതല്‍ ഗുരുതരമായ ആരോപണങ്ങളുമായി പി.ടി തോമസ് എം.എല്‍.എ രംഗത്തെത്തി. സ്വപ്‌ന സുരേഷ് ക്ലിഫ് ഹൗസില്‍ എത്തിയിരുന്നുവെന്നും ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു. പിണറായി വിജയന്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്നതില്‍ നിന്നും ബിസിനസുകാരിയുടെ അച്ഛന്‍ എന്ന നിലയിലേക്ക് മാറി. ഡി.ജി.പി അടക്കമുള്ളവര്‍ കൊവിഡ് കാലത്ത് നടത്തിയ വിദേശയാത്രകള്‍ പരിശോധിക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക