Image

പാമ്പും കോണിയും (നോവൽ - 6- നിർമ്മല)

Published on 08 August, 2020
പാമ്പും കോണിയും (നോവൽ - 6- നിർമ്മല)
അന്നു രാത്രി അമ്മാളമ്മച്ചിയുടെ കൂടെ കെട്ടിപ്പിടിച്ചു കിടക്കണമെന്നു സാലിക്കു തോന്നി. പക്ഷേ, ചോദിക്കാൻ അവൾക്കു മടിയായിരുന്നു.
- ഞാൻ പോയാ അമ്മാളമ്മച്ചി ഈ വീട്ടിൽ തന്നെ ആയിപ്പോകത്തില്ലിയോ .
- ഓ എനിക്കു പ്രായമായില്ല്യോ. എനിക്കെന്നേലും പറ്റിയാ നീ ഇവിടെ നിൽക്കുന്നതു ശരിയാകത്തില്ല സാലീ .
അങ്ങനെയൊക്കെ സംഭവിക്കുന്നതിനെപ്പറ്റി സാലി ആലോചിച്ചിരുന്നില്ല. അവൾക്ക് ഭാവിയെപ്പറ്റി കരുതാനും സ്വരുക്കൂട്ടാനും അറിയില്ലായിരുന്നു. അന്നു രാത്രി മുഴുവൻ സാലി വെറുതെ കരഞ്ഞു...
കാനഡ മരത്തിൽ ഡോളർ പറിക്കാൻ വന്നവരുടെ കഥ പാമ്പും കോണിയുംകളി തുടരുന്നു.

സാലി ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് മാമൻ മരിച്ചത്.ഒരു ദിവസം രാവിലെ മാമൻ ഉണർന്നില്ല. അമ്മാമ്മച്ചി നെഞ്ചത്തടിച്ചില്ല, ബഹളം വെച്ചില്ല, കരഞ്ഞില്ല. നിശ്ശബ്ദയായി ശവത്തിനരികിലിരുന്ന് കണ്ണീരൊഴുക്കി .സാലി അൽഭുതംപോലെ അത് നോക്കി നിന്നു. അപ്പോൾ സാലിക്കും കരച്ചിൽ വന്നു. സാലിയുടെ അപ്പൻ അന്ന് ഇടയ്ക്കിടെ ഉച്ചത്തിൽ പാട്ടു പാടുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. അവൾ അഭിമാനത്തോടെ അപ്പനു കുടിക്കാൻ കട്ടനെടുത്തു കൊടുത്തു.
ഒന്നും മിണ്ടാത്ത മാമൻ മരിച്ചു കഴിഞ്ഞപ്പോഴും ആ വീടിന് വ്യത്യാസമൊന്നും തോന്നിച്ചില്ല. വരാന്തയിൽ നിന്നും ഒരു നിഴൽ മാറിപ്പോയതുപോലെ. സാലിക്കു കഴുകാനുള്ള തുണികളുടെയും പാത്രങ്ങളുടെയും എണ്ണം കുറഞ്ഞു. അമ്മാളമ്മച്ചി മാമനെപ്പറ്റി ഒന്നും പറഞ്ഞതേയില്ല.
പത്താം ക്ളാസ്സിലെ പരീക്ഷ കഴിഞ്ഞപ്പോൾ സാലിക്കു സങ്കടവും സന്തോഷവും ഒന്നിച്ചാണു വന്നത്. പഠിത്തവും പരീക്ഷയും തീർന്നു കിട്ടിയതിന്റെ സന്തോഷം. ഇനി എന്നും പുറത്തേക്കു പോവാൻ പറ്റില്ലല്ലോ എന്ന സങ്കടം. പരീക്ഷയുടെ റിസൾട്ടോർത്ത് അവൾ അധികമൊന്നും പരിഭ്രമിച്ചില്ല. എന്തായാലും ഒന്നുപോലെ. എന്നിട്ടും ജയിച്ചു എന്നറിഞ്ഞപ്പോൾ അവൾക്ക് അഭിമാനം തോന്നി. അവൾ പശുക്കുട്ടിയെയും ആടിനെയും സന്തോഷവാർത്ത അറിയിച്ചു. മറിയാമ്മയും സതിയും തോറ്റതിൽ അവൾക്കു കുറ്റബോധം തോന്നി.
ആ അവധിക്കാണ് അമ്മാളമ്മച്ചിയുടെ വീടിന്റെ പടിക്കൽ ഒരു കാറുവന്നു നിന്നത്.സാധാരണ റോഡിലൂടെ പോകുന്ന കാറുകൾ ആ വീടിനെ അവഗണിച്ച് പൊടിപറത്തി പൊയ്ക്കളയും.
അന്ന് കാറിൽ വന്നവർ സാലിയെ കാണാൻ വന്നവരായിരുന്നു. ആദ്യം അപ്പൻ പുറത്തിറങ്ങി.അപ്പനു പിന്നാലെ യോഹന്നാച്ചായനും എൽസിക്കൊച്ചമ്മയും. അവരുടെ സായിപ്പൻ മദാമ്മ മക്കളും.
സാലി അങ്ങനെയൊരു അമ്മാച്ചനെപ്പറ്റി കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. അമ്മയുടെ അർദ്ധ സഹോദരൻ.വെളുത്ത് നല്ല മണമുള്ള ആളുകൾ അവരുടെ കാലുകളിലേക്ക് സാലി അൽഭുതത്തോടെ നോക്കി നിന്നു. ചുവന്ന്, ചെളിയുടെ ഒരു പൊട്ടു പോലുമില്ലാത്ത അത്രയും ഭംഗിയുള്ള കാലുകൾ അവൾ ജീവിതത്തിൽ ആദ്യമായി കാണുകയാണ്.അപ്പോൾ ജനിച്ച കുട്ടികളുടെ പോലെ ചുവന്നു മൃദുവായ തൊലി ഒന്നു തൊട്ടു നോക്കണമെന്ന് അവൾക്കു തോന്നി. അവരുടെ പുതുപുത്തൻ നിറത്തിലുള്ള തുണികൾ സാലി ഓർക്കുന്നുണ്ട്.
- ഇരിക്കൂയോന്നാച്ചാ
അമ്മാളമ്മച്ചി ഭവൃതയോടെ കസേര തുടച്ചിട്ടുകൊടുത്തു.
- അമ്മാളമ്മാമ്മോ എന്നാ ഒണ്ടു വിശേഷം?
- ഓ എന്നാ വിശേഷമാ കുഞ്ഞേ ! ഈ കൊച്ചിനൊരു തണല്.അല്ലാതെന്നാ ഇനിക്കു ജീവിതം.
അവർ സാലിക്കു പാവാടയ്ക്കും ബ്ളൗസ്സിനും തുണി കൊടുത്തു. പെൻസിലും റബ്ബറും കൊടുത്തു. അമ്മാളമ്മച്ചിക്ക് അവർ ലോകത്തിൽ വെച്ചു കണ്ടിട്ടുള്ളതിലേക്കും ഭംഗിയുള്ള ബ്രോച്ചു കൊടുത്തു. ഒരു സ്വർണ റോസപ്പൂവ്.
അമ്മാളമ്മച്ചിക്കു ചട്ടത്തുണി. സാലി സ്വപ്നം കണ്ടിട്ടുതന്നെയില്ലാത്തത്ര ഭംഗിയുള്ള സാധനങ്ങൾ.
അവളുടെ വിശ്വാസത്തെ പൂർണമായും അട്ടിമറിച്ചത് അമ്മാളമ്മച്ചിയാണ്.
എൽസമ്മേ, ഈ കൊച്ചിനെ നിങ്ങളു വിചാരിച്ചാ നഴ്സിങ്ങിനു പഠിപ്പിക്കാനൊക്കത്തില്ലിയോ? ഇവിടങ്ങളിലെല്ലാരും നേഴ്സിങ്ങു പഠിച്ചേച്ചു ഫോറിനി പോകുവാ .
- അതിനിവിടെ നേഴ്സിങ് കോളജുണ്ടോ?
എൽസിക്കൊച്ചമ്മ ചോദിച്ചു.
_ ആ എനിക്കറിയാമ്മേല. എവിടാ പോകണ്ട്യേ എന്നതാ ചെയ്യണ്ടേന്നൊന്നും. ഇവളു പഠിക്കാൻ മിടുമിടുക്കിയാ. ഇവിടങ്ങളിലൊള്ള പിള്ളാരൊക്കെ ദൂരെപ്പോയി പഠിക്കുന്നൊണ്ട്.
കാപ്പി കുടിച്ചിട്ടു വെറുതെ വർത്തമാനം പറഞ്ഞിരുന്ന യോഹന്നാനോട് അമ്മാളമ്മച്ചി നേരിട്ടു കാര്യങ്ങൾ പറഞ്ഞു. എൽ സിയോടു പറഞ്ഞിട്ടു പ്രയോജനമില്ലെന്നു മനസ്സിലാക്കിയ അവരുടെ ബുദ്ധിയെപ്പറ്റി വർഷങ്ങൾ കഴിഞ്ഞാണ് സാലി അറിഞ്ഞത്. അമ്മാളമ്മച്ചി പറഞ്ഞതൊക്കെ സാലി സങ്കൽപ്പിക്കാത്ത കാര്യങ്ങളായിരുന്നു.
നാട്ടുമ്പുറത്ത് സാലിയുടെ ജീവിതം മുരടിച്ചു പോകും. അതു കൊണ്ട് അവളെ പുറത്തെവിടെയെങ്കിലും വിട്ട് നേഴ്സിങ്ങു പഠിപ്പിക്കണം. മരിച്ചു പോയ അവളുടെ അമ്മയ്ക്കു വേണ്ടി ആങ്ങള ചെയ്യേണ്ടതാണത്. അമ്മാളമ്മച്ചിക്കോ സാലിയുടെ അപ്പനോ അതിനുള്ള കഴിവില്ല .ഒരു വക്കീലിനെപ്പോലെ സാലിക്കു വേണ്ടി, അവളുടെ ഭാവിക്കു വേണ്ടി അമ്മാളമ്മച്ചി വാദിച്ചു.
നാട്ടിലുള്ള പല പെൺകുട്ടികളും ഡൽഹിക്കു പോകുന്നുണ്ടായിരുന്നു. ട്രെയിനിൽ കയറി ഡൽഹി വരെ പോവുക! സാലിക്കു ചിരിയും പേടിയുമുണ്ടായി. സാലി പഠിക്കാൻ മിടുക്കിയാണെന്ന് അമ്മാളമ്മച്ചി പറയുന്നതു കേട്ടിട്ട് അവൾക്ക് അൽഭുതം തോന്നി. ആദ്യത്തെ പ്രാവശ്യം പത്താം ക്ളാസ്സു ജയിച്ച മിടുമിടുക്കി!
ആ നാട്ടിൽ നിന്നും ആദ്യം നേഴ്സിങ് പഠിക്കാൻ പോയത് പള്ളിക്കടുത്തുളള വീട്ടിലെ രണ്ടു പെൺകുട്ടികളാണ്. അവർക്ക് ഡൽഹിയിൽ ബന്ധുക്കളുണ്ടായിരുന്നു.പിന്നത്തെ വർഷം അവരുടെ കൂടെ കുന്നിൻ മുകളിലെ ദീനാമ്മ പോയി.അതിനടുത്ത വർഷം മൂന്നു പേർ.പിന്നെ അഞ്ചു പേർ. അപ്പോഴേക്കും ആദ്യം പോയവർ പഠിത്തം കഴിഞ്ഞ് ജോലിക്കാരായി അവധിക്കു വരാൻ തുടങ്ങിയിരുന്നു. അതിനിടയിൽ ചില ഭാഗ്യവതികൾ ജർമ്മനിക്കും പേർഷ്യയ്ക്കും പോയി. പിന്നെ അമേരിക്ക, ഇംഗ്ളണ്ട് എന്നൊക്കെയുള്ള പേരുകളും ഗ്രാമത്തിൽ കേൾക്കാൻ തുടങ്ങി. പക്ഷേ, അതെല്ലാം കേട്ടൽ മനസ്സിലാവാത്ത പൊന്നുരുക്കുന്ന കാര്യങ്ങളായി സാലി അവഗണിച്ചിരുന്നു.
അവരെപ്പോലെ സാലിയും നേഴ്സിങ് പഠിക്കാൻ പോകുന്നു! പത്താം ക്ളാസ്സുവരെ പഠിച്ച ഹിന്ദിയും ഇംഗ്ളീഷുമായി.ഇംഗ്ളീഷ് അവളെ വല്ലാതെ ഭയപ്പെടുത്തി.ഹൗസും ഹോമും തമ്മിലുള്ള വ്യത്യാസം ചോദിച്ച് ഗംഗാധരൻസാർ ഹരിഹസിച്ച ഇംഗ്ളീഷ് ക്ളാസ്സ് ഓർത്തപ്പോൾ അവൾക്ക് പേടി കൂടുതലായി .ഡൽഹിക്കു പോകുമ്പോൾ അമ്മാളമ്മച്ചി അവൾക്കു വേണ്ടി ഉപ്പേരി വറുത്തു.മാങ്ങ അച്ചാറുണ്ടാക്കി. സാലിക്കു കരച്ചിൽ വന്ന് അന്നു രാത്രി അമ്മാളമ്മച്ചിയുടെ കൂടെ കെട്ടിപ്പിടിച്ചു കിടക്കണമെന്നു സാലിക്കു തോന്നി. പക്ഷേ, ചോദിക്കാൻ അവൾക്കു മടിയായിരുന്നു.
- ഞാൻ പോയാ അമ്മാളമ്മച്ചി ഈ വീട്ടിൽ തന്നെ ആയിപ്പോകത്തില്ലിയോ .
- ഓ എനിക്കു പ്രായമായില്ല്യോ. എനിക്കെന്നേലും പറ്റിയാ നീ ഇവിടെ നിൽക്കുന്നതു ശരിയാകത്തില്ല സാലീ .
അങ്ങനെയൊക്കെ സംഭവിക്കുന്നതിനെപ്പറ്റി സാലി ആലോചിച്ചിരുന്നില്ല. അവൾക്ക് ഭാവിയെപ്പറ്റി കരുതാനും സ്വരുക്കൂട്ടാനും അറിയില്ലായിരുന്നു. അന്നു രാത്രി മുഴുവൻ സാലി വെറുതെ കരഞ്ഞു.
അമ്മാളമ്മച്ചിയുടെ വീട്ടിലെ കറപിടിച്ച പാത്രങ്ങൾ. വല്ലാതെ ചളുങ്ങിപ്പോയ അലുമിനിയക്കലങ്ങൾ. വക്കു പൊട്ടിയ മൺചട്ടികൾ, എത്രതേച്ചാലും തിളങ്ങാത്ത ചരുവങ്ങൾ.ചില നേരത്ത് സാലിയുടെ ഓർമ്മയിൽ പഴകിപ്പൊളിഞ്ഞ പാത്രങ്ങൾ തട്ടുമുട്ടുമായി പൊരുതും. അമ്മാളമ്മച്ചിയെ കാനഡയിൽ കൊണ്ടു വന്നിരുന്നെങ്കിൽ എന്നവൾ ഓർത്തുനോക്കും.
ഈ പ്ളേറ്റുകളും കപ്പുകളുമൊക്കെ കാണുമ്പോൾ എന്തായിരിക്കും അമ്മാളമ്മച്ചി പറയാൻ പോകുന്നത്. അമ്മാളമ്മച്ചിയെ സ്നേഹിക്കാൻ പറ്റാഞ്ഞതോർത്ത് അവൾ കരയും. അതു കൊണ്ടായിരിക്കും ആരും തനിക്ക് സ്നേഹം തരാത്തതെന്ന് അവൾ വിശ്വസിച്ചു.
                                                                    തുടരും ... 
പാമ്പും കോണിയും (നോവൽ - 6- നിർമ്മല)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക