Image

ഓര്‍ത്തഡോക്സ് സഭയുമായുള്ള എല്ലാ കൂദാശബന്ധങ്ങളും യാക്കോബായ സുറിയാനി സഭ അവസാനിപ്പിച്ചു

Published on 29 October, 2020
ഓര്‍ത്തഡോക്സ് സഭയുമായുള്ള എല്ലാ കൂദാശബന്ധങ്ങളും യാക്കോബായ സുറിയാനി സഭ അവസാനിപ്പിച്ചു
കോട്ടയം: ഓര്‍ത്തഡോക്സ് സഭയുമായുള്ള എല്ലാ കൂദാശബന്ധങ്ങളും യാക്കോബായ സുറിയാനി സഭ അവസാനിപ്പിച്ചു. ഇതുസംബന്ധിച്ച സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെ തീരുമാനത്തിന് മോര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ അനുമതി നല്‍കി.

സുന്നഹദോസ് തീരുമാനം നടപ്പാക്കാനാവശ്യപ്പെട്ട് ശ്രേഷ്ഠ കാതോലിക്കാ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ യാക്കോബായ സഭയിലെ എല്ലാ ഭദ്രാസന മെത്രാപ്പോലീത്തമാര്‍ക്കും കല്‍പ്പന അയച്ചു.

യാക്കോബായ വിശ്വാസികളുടെ ചടങ്ങുകളില്‍ ഓര്‍ത്തഡോക്സ് വൈദികരെ ഇനിമുതല്‍ പങ്കെടുപ്പിക്കില്ല. യാക്കോബായ സഭയിലെ പുരോഹിതര്‍ ഓര്‍ത്തഡോക്സ് വൈദികര്‍ക്കൊപ്പം ചടങ്ങുകളില്‍ പങ്കെടുക്കുന്നതും ശ്രേഷ്ഠ കാതോലിക്കാ ബാവ വിലക്കി.

മാമോദീസ യാക്കോബായ പള്ളികളില്‍ത്തന്നെ നടത്തണം. ഏതെങ്കിലും സാഹചര്യത്തില്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ നടത്തിയാല്‍ കുട്ടിയെ യാക്കോബായ പള്ളിയില്‍ മൂറോന്‍ അഭിഷേകം നടത്തിയതിനുശേഷം കുര്‍ബാന നല്‍കി രജിസ്റ്ററില്‍ ചേര്‍ക്കണം. കുട്ടിയുടെ 'തലതൊടുന്ന'യാള്‍ നിര്‍ബന്ധമായും യാക്കോബായ സഭാംഗമായിരിക്കണം.

വിവാഹചടങ്ങുകള്‍ക്ക് ഓര്‍ത്തഡോക്സ് പള്ളികളില്‍നിന്നുള്ള 'ദേശകുറി' സ്വീകരിക്കുകയോ യാക്കോബായ പള്ളികളില്‍നിന്ന് ഓര്‍ത്തഡോക്സ് പള്ളിയിലേക്ക് അത് നല്‍കുകയോ ചെയ്യില്ല. ഓര്‍ത്തഡോക്സ് വിഭാഗത്തില്‍നിന്നുള്ളവര്‍ ഇങ്ങോട്ട് വിവാഹത്തിനു വന്നാല്‍ അതിനുമുമ്പായി യാക്കോബായ പള്ളിയില്‍ വധുവിന് അല്ലെങ്കില്‍ വരന് മൂറോന്‍ അഭിഷേകം നടത്തി കുമ്പസാരിപ്പിച്ച് കുര്‍ബാന സ്വീകരിച്ച് യാക്കോബായ സഭയിലേക്ക് ചേര്‍ക്കണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക