Image

വീ ആർ സ്റ്റാൻഡിംഗ്: സ്ത്രീ പീഡനത്തിനെതിരെ ഡൊമസ്റ്റിക് ഹാർമണി ഫൗണ്ടേഷൻ; വിർച്വൽ ധനസമാഹരണം 13 -നു

Published on 05 December, 2020
വീ ആർ  സ്റ്റാൻഡിംഗ്: സ്ത്രീ പീഡനത്തിനെതിരെ ഡൊമസ്റ്റിക് ഹാർമണി ഫൗണ്ടേഷൻ; വിർച്വൽ ധനസമാഹരണം 13 -നു
ഡൊമസ്റ്റിക് ഹാർമണി ഫൗണ്ടേഷൻ (ഡി എച്ച് എഫ്) ആദ്യമായി വിർച്വൽ പ്ലാറ്റ്ഫോമിലൂടെ ധനസമാഹരണം നടത്തുന്നു . വി ആർ സ്റ്റിൽ സ്റ്റാന്റിംഗ്, എന്ന പരിപാടി ഡിസംബർ 13, ഞായറാഴ്‌ച നടത്താനാണ് തീരുമാനം. ഓൺലൈനായി തത്സമയം പ്രസ്തുത പരിപാടി ഡി എച്ച് എഫ് വെബ്‌സൈറ്റിലും, ഫേസ്ബുക് പേജിലും , MydreamTvUSA, Muslims of Long Island, Emalayalee.com എന്നീ സൈറ്റുകളിലും സംപ്രേഷണം ചെയ്യും. 

പ്രായം, സാമ്പത്തികം, വംശം, മതം, ദേശീയത, വിദ്യാഭ്യാസം എന്നിവയ്ക്കതീതമായി ഗാർഹീക പീഡനം ഏത്  വ്യക്തിയെയും ബാധിക്കുന്ന പൊതു വിപത്താണ്. നാല് സ്ത്രീകളിൽ ഒരാൾക്ക് വീതവും ഒൻപത് പുരുഷന്മാർക്കിടയിൽ ഒരാൾക്കും സ്വജീവിതത്തിൽ  ഇത്തരം അനുഭവം അഭിമുഖീകരിക്കേണ്ടി വരുന്നു എന്നാണ് കണക്കുകൾ പറയുന്നത്. ഓരോ വർഷവും 1.3 ദശലക്ഷം സ്ത്രീകൾക്ക് പങ്കാളിയുടെ ശാരീരിക ആക്രമണത്തിനിരയാകേണ്ടി വരുന്നു.  ഓരോ ദിവസവും ഭർത്താക്കന്മാരുടെ കൈകൊണ്ട് കൊല്ലപ്പെടുന്ന ഭാര്യമാരുടെ എണ്ണം മൂന്നോ അതിൽ കൂടുതലോ വരും. ഈ സ്ഥിതിവിവരക്കണക്കുകൾ ലോകത്തിന്റെ ഏതോ കോണിൽ പ്രാചീന സംസ്കാരത്തെ പിൻപറ്റി ജീവിക്കുന്നവരുടേതല്ല. ഇവിടെ, അമേരിക്കൻ ഐക്യനാടുകളിലെ സ്ഥിതിയാണ്.  

ഗാർഹീക പീഡനം കാണുമ്പോൾ അത് വിളിച്ചു പറയാൻ നമുക്ക് കഴിയണം.  നിശബ്ദത പീഡനങ്ങൾ ശക്തിപ്പെടുത്തും. ചില ന്യൂനപക്ഷ സമുദായങ്ങളിൽ ആക്രമണങ്ങൾക്ക് പലപ്പോഴും സാംസ്കാരിക ഒഴിവുകഴിവുകൾ നൽകപ്പെടുന്നുണ്ട്.

ഏത് ഭാഷ സംസാരിക്കുന്നവർക്കും, വർണ വർഗ്ഗ വ്യത്യാസമില്ലാതെ  ഗാർഹീക പീഡനങ്ങളുടെ അനുഭവസാക്ഷ്യം പങ്കുവയ്ക്കാനുണ്ടാകും.

1992 ൽ ഡി എച്ച് എഫിന് തുടക്കം കുറിച്ചത് ഇസ്ലാമിക്  സെന്റർ ഫോർ ലോങ്ങ് ഐലൻഡിലെ ഒരു കൂട്ടം സ്ത്രീകളാണ്. ഗാർഹീക പീഡനത്തെ അതിജീവിച്ചതോടെ  സാംസ്കാരികവും മതപരവുമായി നിലനിന്ന വേലിക്കെട്ടുകൾക്കിടയിൽ നിശബ്ദരായി ഒതുങ്ങരുതെന്ന് തിരിച്ചറിഞ്ഞ് തങ്ങളുടെ മൗനം ദുരുപയോഗപ്പെടുത്തിയതിലെ കുറ്റബോധവും ലജ്ജയും കലർന്നാണ് ഇവർ ഒരു കമ്മിറ്റി രൂപീകരിച്ചത്.  
സമൂഹത്തിലെ കുടുംബ അതിക്രമങ്ങൾ കൈകാര്യം ചെയ്യുകയായിരുന്നു ഉദ്ദേശ്യം. എല്ലായിടത്തും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുണ്ടെങ്കിലും കുടിയേറ്റക്കാരുടെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാണ്. ഭാഷകൊണ്ടുള്ള  തടസ്സങ്ങൾ, സാമൂഹിക ഒറ്റപ്പെടൽ, സാമ്പത്തികമായ പിന്നോക്കാവസ്ഥ, നിയമ- സാമൂഹിക സേവനങ്ങൾ എങ്ങനെ ലഭിക്കുമെന്ന അജ്ഞത തുടങ്ങി ഒരുപാട് വിലങ്ങുതടികൾ മാറ്റിവേണം യാത്ര ചെയ്യാൻ. 2009 ൽ ഈ കമ്മിറ്റിയാണ് ഡി എച്ച് എഫ് ആയി പരിണമിച്ചത്.  സൗത്ത്-ഏഷ്യൻ , മിഡിൽ ഈസ്റ്റേൺ കമ്മ്യൂണിറ്റികളിലെ സ്ത്രീകളിലേക്കും സേവനം വ്യാപിപ്പിച്ചു. 

വ്യക്തിഗത കൗൺസലിംഗും സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ പിന്തുണയും നൽകുന്നുണ്ട്.  വിദ്യാഭ്യാസത്തിലൂടെ ഗാർഹിക പീഡനം തടയാനുള്ള ശ്രമവും നടക്കുന്നു. ഇതിനായി മറ്റ് മത-നാഗരിക-സാമൂഹിക സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നുമുണ്ട്. ഇവരുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമായ ചലനങ്ങൾ സൃഷ്ടിച്ചതിന്റെ തെളിവാണ് 2014 ൽ നാസൊ കൗണ്ടി ബാർ അസോസിയേഷൻ നൽകിയ ലിബർട്ടി ബെൽ അവാർഡ്. കുടുംബങ്ങളിൽ സമാധാനവും സുരക്ഷയും ഐക്യവും പ്രോത്സാഹിപ്പിക്കുന്ന സ്തുത്യർഹ സേവനത്തിനായിരുന്നു അംഗീകാരം. 2018 ൽ നാസോ കൗണ്ടി പോലീസ് വകുപ്പിന് കൾച്ചറൽ സെന്സിറ്റിവിറ്റി ട്രെയിനിങ് നടത്താനുള്ള അവസരവും ഡി എച്ച് എഫിന് അനുവദിച്ചു. ഡി എച്ച് എഫ് ക്ലയന്റുകളുമായി ഇടപഴകുമ്പോൾ ഉദ്യോഗസ്ഥരിൽ സംവേദനക്ഷമത  വളർത്തിയെടുക്കുന്നതിനും കുടിയേറ്റ സ്ത്രീകളെക്കുറിച്ച് പുലർത്തുന്ന മാനദണ്ഡങ്ങളും തെറ്റിദ്ധാരണകളും ദുരീകരിക്കുന്നതിനും  വേണ്ടിയായിരുന്നു പരിശീലനം നൽകിയത്.

വി ആർ സ്റ്റാന്റിംഗ് എന്ന ധനസമാഹരണത്തിന്റെ ശീർഷകം പോലും ഡി എച്ച് എഫിന്റെ ദൃഢനിശ്ചയത്തെയും സ്ഥിരോത്സാഹത്തെയും പ്രതിനിധാനം ചെയ്യുന്നുണ്ട്. തുടർച്ചയായ രണ്ട് തവണ ഡി എച്ച് എഫിന്റെ വാർഷിക ധനശേഖരണം റദ്ദ് ചെയ്യേണ്ടി വന്നിരുന്നു. 2019 ൽ പ്രവർത്തനങ്ങൾ നടന്നിരുന്ന വാടകക്കെട്ടിടത്തിന് തീപിടിച്ചതായിരുന്നു കാരണമെങ്കിൽ 2020 ൽ കോവിഡ് മഹാമാരിയും വില്ലനായി. താരതമ്യേന ചെറിയൊരു സംഘടനയ്ക്ക് ഇത് കടുത്ത പ്രഹരമാണ്. സംഭാവനകളും സാമൂഹിക പിന്തുണയും മുന്പോട്ടുള്ള പ്രയാണത്തിന് അത്യാവശ്യമാണ്.

വെർച്വൽ ഫണ്ട് റെയ്‌സറിന്റെ ഭാഗമായി പ്രത്യേക സംഗീത പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. "ദി -ഡി എച്ച് എഫ്- സ്റ്റോറി" എന്ന 15 മിനിറ്റ് ദൈർഘ്യമുള്ള  ഹ്രസ്വ ചിത്രമാണ് പ്രധാന ആകർഷണം. സംഘടനയെപ്പറ്റിയും അതിന്റെ പ്രവർത്തനത്തെക്കുറിച്ചും ധീരമായി പീഡനങ്ങളെ അതിജീവിച്ചവരിൽ നിന്ന് അനുഭവങ്ങൾ നേരിൽ കേട്ടും സാമൂഹികാവബോധം സൃഷ്ടിക്കുകയാണ് ലക്‌ഷ്യം. തിരഞ്ഞെടുക്കപ്പെട്ട പ്രമുഖരായ പ്രതിനിധികളുടെയും  കമ്മ്യൂണിറ്റി അംഗങ്ങളുടെയും ശബ്ദസാന്നിധ്യവും ഡി എച്ച് എഫിന് പിന്തുണയായി ഉണ്ടാകും. ക്ലയന്റുകളുടെ അനുഭവ കഥകൾ കാണികളുടെ ഹൃദയത്തിൽ തൊടുമെന്ന് ഡി എച്ച് എഫിന് ഉറപ്പുണ്ട്.  

അതുകൊണ്ടുതന്നെ ഉദാരമായ സംഭാവനയും സംഘടനയുടെ നടത്തിപ്പിനായുള്ള പിന്തുണയും പ്രതീക്ഷിക്കുന്നു. ചെറിയ സംഘടനയായതുകൊണ്ടു തന്നെ കമ്മ്യൂണിറ്റി അംഗങ്ങളിൽ നിന്നുള്ള സഹായമാണ് ഡി എച്ച് എഫിന്റെ ഏക ആശ്രയം. ബന്ധങ്ങളുടെ വേലിക്കെട്ടിൽ കുരുങ്ങിക്കിടക്കുന്ന സ്ത്രീകളെയും കുട്ടികളെയും രക്ഷിക്കാൻ നമുക്ക് കൈകോർക്കാം.  
വീ ആർ  സ്റ്റാൻഡിംഗ്: സ്ത്രീ പീഡനത്തിനെതിരെ ഡൊമസ്റ്റിക് ഹാർമണി ഫൗണ്ടേഷൻ; വിർച്വൽ ധനസമാഹരണം 13 -നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക