സാമൂഹ്യ-രാഷ്ട്രീയ -സാംസ്കാരിക സമരമുഖങ്ങളില്‍ അമേരിക്കന്‍ മലയാളികളുടെ കണ്ണാടിയായ ഫോമയുടെ, വനിതകളുടെ സാര്‍വത്രിക നവോത്ഥാനം ലക്ഷ്യമാക്കി രൂപം കൊണ്ട വനിതാ ദേശീയ സമിതിയുടെ പുതിയ കമ്മറ്റിയുടെ 2021 ജനുവരി -9 നു ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് സമയം രാവിലെ 11 നു നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പ്രമുഖ ചലച്ചിത്രതാരവും, ലോക് സഭാംഗവുമായ ശ്രീമതി സുമലത പങ്കെടുക്കും.
1980-ല്‍ ജയന് നായകനായ മൂര്‍ഖന്‍ എന്ന സിനിമയില്‍ നായികയായി മലയാള ചലച്ചിത്ര രംഗത്ത് തുടക്കം കുറിച്ച ശ്രീമതി സുമലത ന്യൂ ഡെല്‍ഹി, താഴ്വാരം , ഇസബെല്ല, ഈ തണുത്ത വെളുപ്പാന്‍ കാലത്ത് തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിലെ അത്യുജ്ജല അഭിനയത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ്. 2019 ലെ ലോകസഭ തെരെഞ്ഞെടുപ്പില്‍ മാണ്ടിയ മണ്ഡഡലത്തില്‍ നിന്നും സ്വതന്ത്രയായി മത്സരിച്ചാണ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തൂവാനത്തുമ്പികളിലെ ക്ലാര എന്ന മികച്ച കഥാപാത്രത്തെ അനശ്വരമാക്കിയ അഭിനയത്തിനുള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ അര്‍ഹയായിട്ടുണ്ട്.അഭിനയ രംഗത്ത് നിന്ന് ജനസേവനത്തിന്റെ പാതയിലേക്ക് വന്ന ശ്രീമതി സുമലതയുടെ സാന്നിദ്ധ്യം കൊണ്ടു ഫോമാ വനിതാ ദേശീയ സമിതിയുടെ ഉദ്ഘാടന ചടങ്ങ് ശ്രദ്ധേയമാകും.
1850 കാലഘട്ടത്തിലെ ജാതി വ്യവസ്ഥകള്‍ക്കെതിരായ 'മാറുമറക്കല്‍' സമരം മുതല്‍ ഈ പുതിയ നൂറ്റാണ്ടിലെ 'മീടു' സമര പോരാട്ടങ്ങള്‍ വരെ ഐതിഹാസ സമരങ്ങള്‍ നടത്തിയ സ്ത്രീ സമൂഹത്തിന്റെ പ്രതിനിധികളെന്ന നിലയില്‍ സമൂഹത്തില്‍ വ്യവസ്ഥാപിതമായ അരികുവല്ക്കരിക്കപ്പെടലുകള്ക്കെതിരായ അവബോധം സൃഷ്ടിക്കുന്ന സാംസ്കാരിക പ്രവര്‍ത്തനങ്ങളും, സ്ത്രീകളില്‍ അന്തര്‍ലീനമായിരിക്കുന്ന സര്‍ഗാത്മകതയെയും, കഴിവുകളെയും പരി പോഷിപ്പിക്കുകയും ചെയ്യുക, സ്ത്രീ രത്നങ്ങളെ ആത്മവിശ്വാസത്തോടെ എല്ലാമേഖലകളിലും പ്രവര്‍ത്തിക്കുവാന്‍ സജ്ജമാക്കുക, വിവിധ മേഖകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കാവശ്യമായ സഹായങ്ങളും ഉപദേശങ്ങളും നല്‍കുക, തുടങ്ങി നിരവധി ലക്ഷ്യങ്ങളോടെയാണ് പുതിയ കമ്മറ്റി പ്രവര്‍ത്തനം ആരംഭിക്കുന്നത്. മാത്രമല്ല, ഉദ്ഘാടന ചടങ്ങില്‍ പുതിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന 'സ്പോണ്സര് എ സ്റ്റുഡന്റ് ' പദ്ധതിയുടെ പ്രാരംഭനടപടികള്‍ക്കും തുടക്കം കുറിക്കും.അതോടൊപ്പം തന്നെ നടന-താള-ലയ-വിന്യാസങ്ങളുടെ വൈവിധ്യമാര്‍ന്ന സാംസ്കാരിക പകര്‍ന്നാട്ടങ്ങളുടെ, നിരവധി സ്ത്രീ പ്രതിഭകള്‍ അണിനിരക്കുന്ന കലാവിരുന്നിനും ഈ വര്‍ഷം സാക്ഷ്യം വഹിക്കും. സാമൂഹ്യമാറ്റത്തിനും സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കുമായി തുടക്കം കുറിക്കുന്ന പുതിയ കമ്മറ്റിയുടെ ഉദ്ഘാടന സൂം മീറ്റിംഗ് ലിങ്കായ : 963 0120 7650 ല്‍ ചേര്‍ന്ന് എല്ലാ മലയാളികളും, അഭ്യുദയ കാംഷികളും പങ്കെടുത്തു വിജയിപ്പിക്കണമെന്നു വനിതാ ഫോറം നാഷണല്‍ കമ്മറ്റി ചെയര്‍ പേഴ്സണ്‍ ലാലി കളപ്പുരക്കല്‍, വൈസ് ചെയര്‍പേഴ്സണ്‍ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കര്‍, ട്രഷറര്‍ ജാസ്മിന് പരോള്‍, വിവിധ മേഖലകളെ പ്രതിനിധീകരിച്ചു ശ്രീവിദ്യ രാമചന്ദ്രന് ( ന്യൂ ഇംഗ്ലണ്ട് മേഖല) മിനോസ് എബ്രഹാം (ന്യൂയോര്‍ക്ക് മെട്രോ), ദീപ്തി നായര്‍ (മിഡ് അറ്റലാന്റിക്), ബീന പ്രദീപ് (സൗത്ത് ഈസ്റ്റ്), സ്മിതാ നോബിള്‍ (സണ്‍ഷൈന്‍), ദീപ്തി നായര്‍ (ഗ്രേറ്റ് ലേക്സ്), റോസ് വടകര ( സെന്‍ട്രല്‍ മേഖല ), ഷിബി റോയ് (സതേണ്‍ മേഖല), ഡോ: രശ്മി സജി ( വെസ്റ്റേണ്‍ മേഖല), ഷാനി ചാലിശ്ശേരി (അറ്റ്-ലാര്‍ജ് മേഖല) എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.