Image

അന്തർലീനം (കവിത: വേണുനമ്പ്യാർ)

Published on 31 January, 2021
അന്തർലീനം  (കവിത:  വേണുനമ്പ്യാർ)
ശിരസ്സില്ലാത്ത ശിരോവസ്ത്രം  -
രൂപത്തിന്റെ മുൾക്കിരീടം  വേണ്ട
നിഴലാകാം
 
ചുണ്ടിന്റെ പാപഭാരം ചുമക്കേണ്ട
മാറ്റൊലിയാകാം
 
വെളിച്ചത്തിന്റെ കുത്തല്‍  സഹിക്കേണ്ട  
അന്ധകാരമാകാം  

രക്തക്കറ  പുരണ്ട കൈക്കോടാലിയാകേണ്ട  
മരച്ചുറ്റികയുടെ നിലവിളികൾക്കിടയിലെ
സാന്ദ്രമൗനമാകാം

സ്വപ്നമാകാം
രാവിൽ ആരും കാണാതെ മതിൽ ചാടി മറിഞ്ഞു
ഒരു  മെത്ത പങ്കിടാം

വിലക്കപ്പെട്ട കന്യകയുടെ  പൂന്തോപ്പിൽ  
വസന്തം  വിരിയിക്കാം  
വിജൃംഭിത  പഞ്ചഭൂതപ്പൂവാകാം

പാതയാകാം
യാത്രാക്ലേശം ഒഴിവാക്കാം

മരീചികയാകാം
ഒരു  മരുഭൂമിയിലേക്ക് നിന്നെ വശീകരിക്കാം
മൂന്ന് തെറ്റിൽനിന്നും ഒരു ശരി കണ്ടെത്താം  

കമിഴ്ന്ന പഴക്കൊട്ടയാകാം  
പിളർത്തപ്പെട്ട മാതളക്കനിയുടെ ശേഷിച്ച
തേനറകൾ     പൂഴ്ത്തിവെക്കാം
 
പൗർണ്ണമിയാകാം
വെള്ളിപ്പരലുകൾക്കൊപ്പം ആറ്റിൽ  പാപമുക്തരായ്    
തത്തിക്കളിക്കാം  
 
ഇലകളില്ലാത്ത കൊമ്പത്തെ പൂക്കുടന്നയാകാം
ഇളംകാറ്റിന്റെ കുസൃതിച്ചുംബനത്തിൽ പരിക്കേറ്റ്
വേരിന്റെ അടിവഴിയിലമരാം

മരിച്ചാലും കോലായിൽ ശ്വാസം വിടാതെ കിടന്നോളാം  
മറവിയാൽ ആരെങ്കിലും  വന്ന്   മൂടുവോളം!
Join WhatsApp News
രാജു തോമസ് 2021-01-31 14:42:29
ഇല്ല മാഷേ, ശരിയായില്ല. വേണ്ടായിരുന്നു എന്നുപോലും തോന്നി. കാര്യം പിടികിട്ടി , പക്ഷേ, സരസ്വതീകടാക്ഷമില്ലാതിരുന്ന ഏതോ യശഃപ്രാർത്ഥമുഹൂർത്തത്തിൽ ചമച്ചത് എന്നു തോന്നി--വ്യാകരണം തെറ്റി, ഭാവംപോലും പീഡിതം -- മൊത്തത്തിൽ എന്നെ പീഡിപ്പിച്ചു. ആരംഭത്തിൽത്തന്നേ എന്തൊക്കെയോ ആംഗലേയാനുരണനങ്ങൾ ശ്രാവ്യമാകെയാൽ വീണ്ടും നോക്കിയതിനാലാവാം. ക്ഷമിക്കുമല്ലൊ. I am thinking of more than what Matthew Arnold said about the ideal disinterested artist/critic...of what the great philosopher-king Janaka told Vedavysa's son when the latter trekked all the way to Midhulapuri for knowledge beyond all that he had imbibed from his blessed dad.
Sudhir Panikkaveetil 2021-02-02 13:51:27
ഒരു കുറ്റവാളിയുടെ മാനസിക വ്യാപാരങ്ങൾ ആയി ഇതിനെ വ്യാഖാനിക്കാം. അയാളുടെ ആഗ്രഹങ്ങൾ പ്രകടിപ്പിക്കുകയും അതേസമയം അയാൾ പിടിക്കപ്പെടാതിരിക്കാനുള്ള വഴികൾ തേടുകയും ചെയ്യുന്നു. അയാൾക്ക് നിഴലായും, മാറ്റൊലിയായും, മൗനമായും , മരീചികയായും ഒളിച്ച് നിൽക്കാനുള്ള പ്രവണതയുണ്ട്. പഞ്ചഭൂതങ്ങൾ പ്രപഞ്ചസൃഷ്ടിയുടെ ആധാരമാണ്. അയാൾക്കും ഒരു സൃഷ്ടിനടത്താനുള്ള മോഹമുണ്ട്. പക്ഷെ അയാൾ എല്ലാം രഹസ്യമാക്കാൻ ആഗ്രഹിക്കുന്നു. സിസ്റ്റർ അഭയകേസിലെ പ്രതി ഒരു നിഴൽ പോലെ ചുറ്റിലുമുണ്ടെങ്കിലും അയാളെ പിടിക്കാൻ കഴിയുന്നില്ല. ഒരു പക്ഷെ കവിമാനസ്സിൽ അതായിരിക്കുമോ. പ്രതീകങ്ങൾ contextual ആണ്. അതുകൊണ്ട് അങ്ങനെ അനുമാനിക്കാം. കാവ്യസൃഷ്ടി നടത്തുമ്പോൾ കവിയിൽ മുൻ ധാരണകളും അഹങ്കാരവും ഉണ്ടായിരുന്നോ? അറിഞ്ഞുകൂടാ. ഒരു സംഭവത്തെ ഒരു എഴുത്തുകാരൻ എങ്ങനെ കാണുന്നുവെന്നതിന്റെ ഫലമായിരിക്കാം അദ്ദേഹത്തിന്റെ രചനകൾ. ശ്രീ വേണു നമ്പ്യാർക്ക് അഭിനന്ദനം.
വേണുനമ്പ്യാർ 2021-02-03 03:37:14
ഒരു കവിത പ്രസിദ്ധീകരിക്കുന്നതോടെ അതിനെ വ്യാഖ്യാനിക്കാനുള്ള അവകാശം വായനക്കാരന് കിട്ടുകയാണ്. ബഹുമാന്യനായ ശ്രീ രാജു തോമസ് ആ അവകാശം മാന്യമായി ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. 'കാര്യം പിടി കിട്ടി' എന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ടെങ്കിലും പിടി കിട്ടിയ ആ കാര്യത്തെക്കുറിച്ചുള്ള തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കുന്നില്ല. 'മൊത്തത്തിൽ പീഡിപ്പിച്ചു' എന്ന് കുറിച്ചുംകൊണ്ടു അടിസ്ഥാനമില്ലാത്ത ചില മുൻവിധികളാൽ അദ്ദേഹം കവിയെ താഡിക്കുകയായിരുന്നില്ലേ? ഇ മലയാളിയുടെ മാന്യവായനക്കാർ കാര്യം വിലയിരുത്തട്ടെ!
സ്തുതി 2021-02-03 13:52:50
സ്തുതി മാത്രം പ്രതീക്ഷിച്ച് കവിത എഴുതല്ലേ
കസർത്ത് 2021-02-03 14:55:49
വാചകക്കസർത്താവാം കവിതയിറങ്ങിപ്പോയതാവാം
Your Honour 2021-02-03 17:26:51
രാജു തോമസ് പറയുന്നു അദ്ദേഹത്തിനെ പീഡിപ്പിച്ചുവെന്ന്. പീഡനം അങ്ങനെ ഇ മലയാളിയുടെ കമന്റ് കോടതിയിൽ വന്നിരിക്കുന്നു. രാ ജു തോമസിനോട് ചോദിക്കാം. താങ്കളെ എപ്പോഴാണ് പീഡിപ്പിച്ചത്. ആ സമയം താങ്കൾ തനിയെ ആയിരുന്നോ? താങ്കളുടെ കണ്ണ് കവിതയുമായി എത്ര അകലം ഉണ്ടായിരുന്നു. കവിത സഭ്യതയോടെ ഒരുങ്ങിയാണോ വന്നത്. പീഡനം ഒളിച്ചുവക്കാതെ പ്രതികരിക്കാൻ താങ്കൾക്ക് എങ്ങനെ ധൈര്യമുണ്ടായി. താങ്കൾക്ക് എന്താണ് പിടി കിട്ടിയത്. കമന്റ് കോളത്തിലെ വക്കീലന്മാർ കൂടുതൽ ചോദ്യവുമായി വരിക.
രാജു തോമസ് 2021-02-03 21:46:41
ശ്രീ വേണുനമ്പ്യാർ ക്ഷമിക്കുക. വലിയ പ്രതീക്ഷയോടെയാണ് ഞാൻ ഒരു കവിത വായിക്കാറുള്ളത്. അങ്ങനെവന്നൊരു നിരാശയിലാണ് ആ അഭിപ്രായം കുറിച്ചത്. പക്ഷേ Your Honor, വേറെ വല്ല കെയ്‌സും പിടിച്ചാലും --ആവശ്യമുണ്ടാകുമ്പോൾ അങ്ങയെ hire ചെയ്യാം.
വേണുനമ്പ്യാർ 2021-02-04 03:40:55
I am grateful to Shri Sudhir Panikkaveettil for unearthing the inner meaning and also seeing the magic of the outer form of the poem. His insight gives a diamond-like value to a pebble-like poem and the poet is truly honoured. Regarding comments from other respected readers, I accept them with all the humility in my heart.
ഫ്രാങ്കോ 2021-02-04 11:59:42
ഞാൻ മതിൽ ചാടി മെത്ത പങ്കിട്ടെങ്കിൽ തനിക്കെന്തെടോ നമ്പിയാരെ പ്രശ്നം ?
കുഞ്ചൻ 2021-02-04 12:06:49
ഇതെന്തു കവിതയെന്നു ചോദിച്ചു നമ്പി കേട്ടത കോപിച്ചു നമ്പിയാരെ ക്ഷമിക്കണേ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക