Image

പിതാവിൽ നിന്ന് പുത്രനിലേക്കുള്ള മകൾദൂരം...! (കഥ: ചാമക്കാലായിൽ രതീഷ്)

Published on 04 February, 2021
പിതാവിൽ നിന്ന് പുത്രനിലേക്കുള്ള മകൾദൂരം...! (കഥ: ചാമക്കാലായിൽ രതീഷ്)
" അർബുദമാകാനാണ് സാധ്യത...
ടെസ്റ്റുകൾ നടത്തി സ്ഥിരീകരിക്കേണ്ടതുണ്ട്..."
ഭാസ്കരനെ വിശദമായ ശാരീരിക പരിശോധനകൾക്ക് വിധേയമാക്കിയ  ഡോക്ടർ മീനാക്ഷിയോട് പറഞ്ഞു .
ലക്ഷണങ്ങളെ അടിസ്ഥാനമാക്കി  
ഡോക്ടറെത്തിയ നിഗമനം തെറ്റിയില്ല .
ടെസ്റ്റിനുപോയ റിസൾട്ടുകളെല്ലാം  
ഭാസ്കരൻ അർബുദത്തിന്റെ പിടിയിലാണെന്ന് സ്ഥിരീകരിച്ചുകൊണ്ട് തിരിച്ചുവന്നു .  

ഡോക്ടറുടെ നിർദ്ദേശപ്രകാരം
തുടർചികിത്സയ്ക്കുവേണ്ടി  മംഗലാപുരത്തുള്ള കസ്തുർബ മെഡിക്കൽ കോളേജാണ് മീനാക്ഷി  തിരഞ്ഞെടുത്തത് .  
അവിടെ ഓങ്കോളജി വിഭാഗം തലവനായിരുന്ന ഡോക്ടർ കുര്യൻ ജോസഫിന്റെ പേഷ്യന്റായി സെവൻത്ബ്ലോക്കിൽ ഭാസ്കരനെ അഡ്മിറ്റ് ചെയ്തു .  

മരുന്നും ചികിത്സയുമായി ദിവസങ്ങൾ കടന്നുപോകുന്നതിനിടയിൽ
മീനാക്ഷിയും ഭാസ്കരനും  
ഡോക്ടർ കുര്യൻ ജോസഫിന്
വളരെ പ്രിയപ്പെട്ടവരായി മാറിയിരുന്നു .
അച്ഛനും മകൾക്കുമിടയിൽ അത്യപൂർവ്വമായൊരു സ്നേഹബന്ധം തീവ്രമായി മിടിക്കുന്നത് സ്റ്റെതസ്കോപ്പിന്റെ സഹായമില്ലാതെ തന്നെ ഡോക്ടറുടെ  ഹൃദയം പിടിച്ചെടുത്തതായിരുന്നു കാരണം .
മരുന്നുകളുടെ പ്രഹരമേറ്റ് മയങ്ങിക്കിടക്കുന്ന അച്ഛന്റെ കാൽക്കൽ സദാജാഗരൂകയായിരിക്കുന്ന മകളോട് അദ്ദേഹത്തിന് പ്രത്യേകവാത്സല്യവും തോന്നിയിരുന്നു .

ഭാസ്കരന്റെ ഉള്ളിലുണ്ടായിരുന്ന അർബുദം അകമെല്ലാം കാർന്ന് നശിപ്പിച്ചതിനുശേഷം മൂന്നാം സ്റ്റേജിലെത്തിയിട്ടാണ് വെളിപ്പെട്ടത് .
അതിനാൽത്തന്നെ  
രൗദ്രമായി നിൽക്കുന്ന രോഗത്തെ നേരിടുകയെന്നത് വെല്ലുവിളിയായിരുന്നു .  എങ്കിലും തന്നെ തുരത്താൻ സകലസന്നാഹങ്ങളുമായി പൊരുതുന്ന ഡോക്ടർ കുര്യൻ ജോസഫിനും സംഘത്തിനും മുന്നിൽ പതറിയ അർബുദം മൂന്ന് മാസത്തിന് ശേഷം പിൻവാങ്ങി .
ജയിച്ച് മാത്രം ശീലമുള്ള എതിരാളി   താൽക്കാലികമായി വിട്ടുപോയെങ്കിലും ഒരവസരത്തിന് തക്കംപാർത്ത് ഭാസ്കരനൊപ്പമുണ്ടാകുമെന്ന് ഡോക്ടർക്കറിയാമായിരുന്നു...!

ഭാസ്കരനെ ഡിസ്ചാർജ് ചെയ്യുന്നതിന്റെ തലേന്ന്..,  അഡ്മിറ്റാക്കിയ ദിവസം മുതൽ അച്ഛന്റെ നിഴലായിരുന്ന മകളെ ഡോക്ടർ കാബിനിലേക്ക് വിളിപ്പിച്ചു .  മകളോടെന്നതുപോലെയാണ് ഡോക്ടർ മീനാക്ഷിയോട് സംസാരിച്ചത് .

ചിരിയോടെയല്ലാതെ അച്ഛനോട് സംസാരിക്കരുത്... മനസ്സ് മടുപ്പിക്കുന്ന വിഷയങ്ങൾ പറയാതിരിക്കാൻ ശ്രദ്ധിക്കണം... രോഗിയാണെന്ന് തോന്നുന്ന വിധത്തിൽ പെരുമാറരുത്...  വാക്കുകളിലും പ്രവർത്തിയിലും പ്രത്യാശയും പ്രതീക്ഷയും നല്കിക്കൊണ്ടിരിക്കണം തുടങ്ങിയ
ഉപേദേശങ്ങൾ നൽകിയ ഡോക്ടർ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടവയും  വ്യക്തമായി പറഞ്ഞു കൊടുത്തു .
ഉപ്പും മസാലകളും... എണ്ണയിൽ വറുത്തുപൊരിച്ചവയും പൂർണ്ണമായും ഒഴിവാക്കി... ലഘുവായ.., ദ്രവരൂപത്തിലുള്ള ആഹാരങ്ങൾക്കൊപ്പം
കരിക്കും പഴവർഗ്ഗങ്ങളും പാലും നൽകണമെന്ന് നിർദ്ദേശിച്ച ഡോക്ടർ  എന്താവശ്യമുണ്ടെങ്കിലും വിളിക്കാൻ മടിക്കരുത് എന്നുകൂടെ ഓർമ്മിപ്പിച്ചാണ്  മീനാക്ഷിയെ യാത്രയാക്കിയത് .

മാതൃഭൂമിന്യൂസിലെ ശ്രീജാശ്യാമിനെപ്പോലെ സൗമ്യയായ വാർത്താവതാരകയായി മകളെ ടിവിയിൽ കാണണമെന്നതായിരുന്നു ഭാസ്കരന്റെ ആഗ്രഹം .
അച്ഛന്റെ ആഗ്രഹം തന്റേതുകൂടിയാക്കിയ
മീനാക്ഷി... ജേർണലിസവും മാസ്‌കമ്യൂണിക്കേഷനും പൂർത്തിയാക്കി  ജോലിക്ക് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ്  ഭാസ്കരന് രോഗലക്ഷണങ്ങൾ പ്രകടമാവുന്നതും ചികിത്സക്കായി  മംഗലാപുരത്തേക്ക് പോകേണ്ടിവരുന്നതും .

ആശുപത്രിവാസം കഴിഞ്ഞ് കരുതലും നിയന്ത്രണങ്ങളുമായി നാല്  മാസങ്ങൾ കടന്നുപോയി .
ആയിടയ്ക്കാണ് മീനാക്ഷി
ഒരു സ്വകാര്യചാനലിലേക്ക്  അപേക്ഷിച്ചിരുന്നതിന്റെ മറുപടിവന്നത് .  അത് ജോലിയിൽ പ്രവേശിക്കാനായുള്ള
അനുമതിയോടൊപ്പമായതിന്റെ  സന്തോഷത്തിലായിരുന്നു അച്ഛനും മകളും .
പ്രാരംഭത്തിൽ രണ്ടാഴ്ച കൊച്ചിയിൽ തങ്ങേണ്ടി വരുന്നതുകൊണ്ട്... അതിനുള്ള
സജ്ജീകരണങ്ങൾ പൂർത്തിയാക്കി  രണ്ടുദിവസത്തിനകം പോകാനായി തയാറെടുത്തിരിക്കുകയായിരുന്നു മീനാക്ഷി .

യാത്രയുടെ തലേന്നാളിൽ കുനിഞ്ഞിരുന്ന് തന്റെ കാൽവിരലുകളിലെ നഖം മുറിച്ച്  വൃത്തിയാക്കിത്തരികയായിരുന്ന മകളോട് പഴംപൊരി തിന്നാനുള്ള കൊതി
ഒരിക്കൽ കൂടിയാവർത്തിച്ചു ഭാസ്കരൻ .
രോഗത്തിന്റെ നാശസ്വഭാവം  അറിയാമായിരുന്ന ഭാസ്കരൻ ആഹാരരീതികളോട് പൊരുത്തപ്പെട്ടിരുന്നെങ്കിലും പഴംപൊരി വേണമെന്ന് ഇടയ്ക്കിടെ ആവശ്യപ്പെടാറുണ്ടായിരുന്നു .

ആമാശയനാളിയിലും ശ്വാസകോശഭിത്തിയിലുമായി നാൽപ്പതിലേറെത്തവണ റേഡിയേഷൻ  പ്രഹരമേൽക്കേണ്ടിവന്നതിന്റെ ശേഷിപ്പായി... ചോരവറ്റി മെലിഞ്ഞുണങ്ങി  
കറുത്ത് കരുവാളിച്ച അച്ഛന്റെ മുഖത്തേക്ക് നോക്കിയ മീനാക്ഷിക്ക്
സങ്കടം വന്നു തിക്കുമുട്ടി . അവൾ ഡോക്ടർ കുര്യൻ ജോസഫിനെയും
അദ്ദേഹത്തിന്റെ വാക്കുകളേയുമോർത്തു.
ഡോക്ടറുടെ നിർദ്ദേശപ്രകാരം അച്ഛന്റെ ആഹാരകാര്യത്തിൽ അതീവ ജാഗ്രത പുലർത്തിയിരുന്ന മീനാക്ഷി കർശന നിയന്ത്രണങ്ങളിൽ ഒരിളവും നൽകാൻ അമ്മയടക്കമാരേയും അനുവദിച്ചിരുന്നില്ല.
എന്നിരുന്നാലും അച്ഛന്റെ പഴംപൊരിയോടുള്ള കൊതി അവളേയും തളർത്തുന്നുണ്ടായിരുന്നു...!

ഒരു ചിരി വാരി മുഖത്തിട്ട മകൾ ടിവിയിൽ ആദ്യവാർത്ത വായിച്ചിട്ട് തിരികെ വരുമ്പോൾ പഴംപൊരി കൊണ്ടുവരാമെന്ന് അച്ഛന്  വാഗ്ദാനം നൽകി...!

മീനാക്ഷിപോയി രണ്ടാം ദിനം തുടങ്ങിയ വേദന... നാലിന്റന്ന്  അധികരിച്ച്  അസഹനീയമായതോടെ ഭാസ്കരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
മീനാക്ഷിയെ വിവരമറിയിച്ചാൽ അവൾ തന്നെ വിട്ടുപോകില്ലെന്നും അതുകൊണ്ട് ജോലിതന്നെ നഷ്ടമാകുമെന്നും ഭയപ്പെട്ട ഭാസ്കരൻ അവളെ വിവരങ്ങൾ ഒന്നും അറിയിക്കേണ്ടന്ന് ഭാര്യയോടും   ബന്ധുക്കളോടും കർശനമായിപ്പറഞ്ഞു .  

ഡ്രിപ്പും വേദനയ്ക്കുള്ള മരുന്നുമായി  ഒരാഴ്ച്ചകഴിഞ്ഞുപോയെങ്കിലും ഭാസ്കരന്റെ സ്ഥിതി കൂടുതൽ  വഷളായിക്കൊണ്ടിരുന്നു .
അവസാനം മകൾക്ക് അച്ഛനെ കാണാനുള്ള സമയമായെന്ന് ഉൾവിളി കിട്ടിയ അമ്മ... മകളെ വിവരങ്ങളറിയിച്ചു .

വേദനാസംഹാരികളും മയക്കുമരുന്നുമേശാതെയായതോടെ  
അസഹനീയമായ വേദനയാൽ പുളഞ്ഞ്  അലറിക്കരഞ്ഞിരുന്നു ഭാസ്കരൻ . അവിടെയും നിർത്താതെ വാശിയോടെ  കോശങ്ങളോരോന്നായി കാർന്ന് തിന്ന് പിടിമുറുക്കിയ അർബുദം ഒടുവിൽ
ഞെളിപിരികൊണ്ട് പിടഞ്ഞിരുന്ന   ഭാസ്കരന്റെ ജീവനെ
വെറും ഞരക്കങ്ങളിലേക്കൊതുക്കി .  

പ്രാണൻവിട്ടുപോകേണ്ട കർമ്മം മാത്രമവശേഷിക്കുന്ന ജന്മത്തോട് എന്താണ് പറയേണ്ടതെന്നറിയാതെ... അയാളുടെ വലംകയ്യെടുത്തുപിടിച്ച്...  
നിസ്സഹായനായി നിൽക്കുകയായിരുന്നു
ഡോക്ടർ...!
ആ മുഹൂർത്തത്തിലേക്കാണ് മീനാക്ഷി ഓടിക്കിതച്ചെത്തിയത് .
ഒപ്പമുള്ള നഴ്സിനോട്‌ ഡ്രിപ്പെടുത്ത് മാറ്റാൻ പറഞ്ഞ ഡോക്ടർ കൂടെ നിൽക്കുന്നവരോട് അയാൾക്കിഷ്ടമുള്ള
ആഹാരമെന്തെങ്കിലും വാങ്ങിക്കൊടുക്കാൻ നിർദ്ദേശിച്ച് നിരാശ്ശയോടെ പുറത്തേക്ക് പോയി .

" അയാൾക്ക് ഇഷ്ടമുള്ള ആഹാരമെന്തെങ്കിലും വാങ്ങി കൊടുക്കൂ..." എന്ന അശ്ശരീരി അപ്രതീക്ഷിതമായി കാതിൽപ്പതിച്ച മീനാക്ഷി... മനസ്സിലാകാത്തതുപോലെ ഡോക്ടർ പോകുന്നത് നോക്കി നിന്നു .  
അച്ഛനൊന്നും സംഭവിക്കില്ലന്ന സ്നേഹവിശ്വാസം കൊണ്ട്
സത്യത്തെ പ്രതിരോധിച്ചിരുന്ന മകൾക്ക് നിമിഷങ്ങൾക്കകം അതിന്റെ ആന്തരികാർത്ഥമെന്തെന്ന്
മനസ്സിലായി .
തകർന്ന് വേച്ചുപോയ മകൾ  കുഞ്ഞുമീനൂട്ടിയായി അച്ഛനിലേക്ക് വീണു .

ഓർമ്മകളുടെയറ്റത്ത്.., വിരൽത്തുമ്പിൽ തൂങ്ങി.., "ച്ചാ..ച്ചാ"ന്ന് പിച്ചനടന്ന മകൾ... അച്ഛന്റെ മടിയിൽ കയറി നെഞ്ചോട് പറ്റി..!
ഇറങ്ങിപ്പോയത് എവിടേക്കാണെങ്കിലും മോളേ മീനൂന്ന് വിളിച്ചു മാത്രം
തിരിച്ചു വരാറുള്ള സ്നേഹമസൃണമായ ശബ്ദത്തിന് കാതോർത്ത് കുറുമ്പിയായി  കുസൃതിയോടെ ഒളിച്ചു നിന്നു...!
ഓർമ്മകളിൽ നിന്ന് തെന്നിമാറിയ ചിന്ത വരാന്തയിലിട്ട ചാരുകസേരയിലെ  അച്ഛനില്ലാത്ത ശൂന്യതയിൽ  നിശ്ചലമായതോടെ...
മകൾ ആർത്തലച്ചു കരഞ്ഞു...!

ശ്വാസമെടുക്കാൻപോലും കഴിയാതെ നെഞ്ച് വിങ്ങുന്നതിനിടയിലും ഒരു കടം ബാക്കിനിൽക്കുന്നത് മീനാക്ഷിയിലേക്ക് തികട്ടിയെത്തി . കണ്ണീർച്ചാലുകൾ തുടച്ച് പുറത്തേക്ക് പോയ മീനാക്ഷി കാന്റീനിൽ നിന്ന് പഴംപൊരി വാങ്ങി തിരിച്ചു വന്നു .
എണ്ണയിറ്റുന്ന പഴംപൊരി ചെറുതായി മുറിച്ചുപിടിച്ച്
ഞരങ്ങി എങ്ങിക്കൊണ്ടിരുന്നതുപോലും
നിശ്ചലമായി... ദിവ്യത്വമേറിയ അച്ഛന്റെ വെളുത്ത ശ്മശ്രുക്കൾ നിറഞ്ഞ മുഖത്ത് കയ്യമർത്തി പതുക്കെ വിളിച്ചു..,
" അഛേ...യ് " !

ബന്ധങ്ങളറ്റ് മുക്തമാവാനായി
ദേഹം വിടുന്ന നിമിഷം കാത്തുകിടക്കുകയായിരുന്ന ദേഹിയിലേക്ക്...
അനാദി കോടി സൗരയൂഥങ്ങൾക്കപ്പുറത്ത് നിന്നെന്നപോലെ ആ ശബ്ദമൊഴുകിയെത്തി.
മകളുടെ സ്വരം...!
അച്ഛന് കേൾക്കാതിരിക്കാനാകുമായിരുന്നില്ല..,
പതിയെ കണ്ണു തുറന്നു...!

മകൾ നീട്ടിയ പഴംപൊരിയ്ക്കായി
തുറന്ന അച്ഛന്റെ വായിലേക്ക്  തന്റെ മകന് കൊടുക്കുന്ന വാത്സല്യത്തോടെ മകൾ ശകലം വച്ചു കൊടുത്തു...!

കനത്ത നിശ്ശബ്ദതയിൽ മകളുടേയും  അച്ഛന്റേതുമൊഴികെ കൂടിനിൽക്കുന്ന എല്ലാവരുടെയും കണ്ണുകൾ ചോർന്നൊലിച്ചു .
ഇതുപോലെയുള്ള എത്രയോ മുഹൂർത്തങ്ങൾക്ക് സാക്ഷിനിന്ന നഴ്സ്  ധൃതിയിൽ മുറിവിട്ടുപോയി... അവരുടെ  മിഴികളും നനഞ്ഞുതുളുമ്പാറയിരുന്നു...!!
Join WhatsApp News
രാജു തോമസ് 2021-02-04 19:12:31
നല്ലൊരു ചെറുകഥ! അനുകരണീയമാംവിധം ഭാവാനുസാരിയായ ഭാഷയുടെ ചാരുതയും രചനയിലെ ചാതുരിയും അസൂയാർഹമാകുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക